കനയ്യകുമാര്‍ 12ന് തലസ്ഥാനത്ത്; സുരക്ഷാ ഭീഷണിയെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍ 12ന് തിരുവനന്തപുരത്തെത്തും. പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന യുവജന- വിദ്യാര്‍ഥി കൂട്ടായ്മയിലാണ് കനയ്യകുമാര്‍ പങ്കെടുക്കുക. വൈകീട്ട് 4 മണിക്കു നടക്കുന്ന ചടങ്ങിലേക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുറന്ന വാഹനത്തിലാണ് കനയ്യകുമാറിനെ സ്വീകരിക്കുകയെന്ന് സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എഐഎസ്എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിശ്വജിത്ത് കുമാര്‍, ജെഎന്‍യു എഐഎസ്എഫ് യൂനിറ്റ് പ്രസിഡന്റ് അപരാജിത രാജ, യൂനിറ്റ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് മുഹ്‌സിന്‍, പ്രമുഖ ചരിത്രകാരനും ജെഎന്‍യു മുന്‍ അധ്യാപകനുമായ കെ എന്‍ പണിക്കര്‍ തുടങ്ങിയവരും കനയ്യ—ക്കൊപ്പം വിദ്യാര്‍ഥി റാലിയില്‍ പങ്കെടുക്കും. പരിപാടിയില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം ഉണ്ടാവില്ലെന്നതും ശ്രദ്ധേയമാണ്. വിദ്യാര്‍ഥികളുടെ കൂട്ടായ്മയായി മാത്രം പരിപാടിയെ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിവാക്കാനാണ് സിപിഐ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. വിവാദങ്ങളുണ്ടായാല്‍ ബിജെപി അതിനെ രാഷ്ട്രീയമായി മുതലെടുക്കുമെന്ന ആശങ്ക ഇടതുനേതൃത്വത്തിനുണ്ട്.
ആദ്യമായി കേരളത്തിലെത്തുന്ന കനയ്യകുമാര്‍ 12നു രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. അവിടെനിന്ന് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയ ശേഷമാവും വൈകീട്ട് പുത്തരിക്കണ്ടത്തെ പരിപാടിയില്‍ പങ്കെടുക്കുക. തുടര്‍ന്ന് 13നു രാവിലെ ആറരയ്ക്ക് വിമാനമാര്‍ഗം കൊച്ചിയിലെത്തുന്ന കനയ്യകുമാര്‍ അവിടെ നിന്ന് പട്ടാമ്പിയിലേക്കു പോവും. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവുകൂടിയായ പട്ടാമ്പിയിലെ സിപിഐ സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ പങ്കെടുത്ത ശേഷമാവും കനയ്യ തിരിച്ചുപോവുക.
അതേസമയം, കനയ്യകുമാറിന് സുരക്ഷാ ഭീഷണി ഉണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ സംസ്ഥാന പോലിസിന് നിര്‍ദേശം നല്‍കി. പരിപാടിയില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമം ഉണ്ടാവുമെന്ന സുരക്ഷാ ഏജന്‍സികളുടെ റിപോര്‍ട്ടിനെത്തുടര്‍ന്ന് കൂടുതല്‍ പോലിസിനെ നഗരത്തില്‍ വിന്യസിക്കും.
Next Story

RELATED STORIES

Share it