Flash News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ചെല്‍സി 4- വാറ്റ്‌ഫോര്‍ഡ് 3



ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ഉറപ്പാക്കിയ ചെല്‍സിയുടെ വിജയപ്പടയോട്ടം തുടരുന്നു. ഗോള്‍മഴ പെയ്ത മല്‍സരത്തില്‍ വാറ്റ് ഫോര്‍ഡിനെ മൂന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്.  സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സ്‌റ്റേഡിയത്തെ നീലക്കടലാക്കി മാറ്റിയ ചെല്‍സി ആരാധകര്‍ക്ക് മുന്നില്‍ ചെല്‍സി ജയിച്ചുകയറിയെങ്കിലും വാറ്റ്‌ഫോര്‍ഡിന്റെ പ്രകടനത്തിനെ കയ്യടിക്കാതെ വയ്യ.ലീഗില്‍ രാജാക്കന്‍മാരായ ചെല്‍സി വിചാരിച്ചതിലും അപ്പുറമായിരുന്നു 16ാം സ്ഥാനത്തുള്ള വാറ്റ്‌ഫോര്‍ഡിന്റെ പ്രകടനം. നഷ്ടപ്പെടാനൊന്നുമില്ലാതെ ഇറങ്ങിയ വാറ്റ്‌ഫോര്‍ഡ് നിര ചെല്‍സി ഗോള്‍മുഖത്തേക്ക് ഇരമ്പിയടിച്ചപ്പോള്‍ ആരെ മാര്‍ക്ക് ചെയ്യണമെന്നറിയാതെ ചെല്‍സി താരങ്ങള്‍ വിയര്‍ത്തു. ഇഞ്ചോടിഞ്ച് പോരാട്ടം നിറഞ്ഞ് നിന്ന മല്‍സരത്തില്‍ ചെല്‍സി നായകന്‍ ജോണ്‍ ടെറിയാണ് ചെല്‍സിക്കായി അക്കൗണ്ട് തുറന്നത്. കുര്‍ട് സൗമയുടെ അസിസ്റ്റിനെ തന്റെ മാന്ത്രികതകൊണ്ട് വലയിലെത്തിച്ച ടെറി 22ാം മിനിറ്റില്‍ ചെല്‍സിയെ മുന്നിലെത്തിച്ചു. ചെല്‍സി ക്യാംപിലെ ഗോളാരവം തീരുംമുമ്പേ തന്നെ വാറ്റ്‌ഫോര്‍ഡ് ഗോള്‍മടക്കി കരുത്തുകാട്ടി. 24ാം മിനിറ്റില്‍ എറ്റിനി കേപുവേയാണ് വാറ്റ്‌ഫോര്‍ഡിനായി സമനില ഗോള്‍ നേടിയത്. മല്‍സരം 1-1 എന്ന നിലയില്‍.3-4-2-1 ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയ ചെല്‍സിയെ വീഴ്ത്താന്‍ 3-5-1-1 ഫോര്‍മാറ്റിലാണ് വാറ്റ്‌ഫോര്‍ഡ് കളത്തിലിറങ്ങിയത്. ചെല്‍സി നിരയുടെ പല മുന്നേറ്റങ്ങളും മികച്ച പ്രതിരോധത്തിലൂടെ വാറ്റ്‌ഫോര്‍ഡ് തടുത്തിട്ടു. 36ാം മിനിറ്റില്‍ സീസര്‍ അസ്പിലിക്യൂറ്റ ചെല്‍സിയുടെ ലീഡുയര്‍ത്തി. ചെല്‍സി 2-1 ന് മുന്നില്‍. പിന്നീടുള്ള സമയങ്ങളില്‍ ചെല്‍സി ഗോള്‍മുഖത്ത് വാറ്റ്‌ഫോര്‍ഡിന് പന്തെത്തിക്കാനാവാതെ വന്നതോടെ ആദ്യ പകുതി 2-1 ന് ചെല്‍സിക്കൊപ്പം നിന്നു.രണ്ടാം പകുതിയുടെ തുടക്കം തന്നെ ചെല്‍സി വീണ്ടും കരുത്തുകാട്ടി. 49ാം മിനിറ്റില്‍ നദാന്‍ അക്കെയുടെ പാസിനെ മിച്ചി ബാറ്റ്ഷുവായ് കൃത്യമായി വലയിലെത്തിച്ചു. ചെല്‍സി 3-1 ന് മുന്നില്‍. രണ്ട് മിനിറ്റ് കൂടിച്ചേരും മുമ്പേ വാറ്റ്്‌ഫോര്‍ഡ് വീണ്ടും വലകുലുക്കി. ഡാരില്‍ ജന്‍മത്തിന്റെ ഷോട്ട് ചെല്‍സി ഗോളി ബെജോവിക്കിനെ കാഴ്്ചക്കാരനാക്കി വലയിലെത്തുകയായിരുന്നു. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച്് മുന്നേറിയ വാറ്റ്‌ഫോര്‍ഡ് ചെല്‍സിയെ ഞെട്ടിച്ച് സമനില ഗോള്‍ നേടി. 71ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ സ്റ്റീഫനോ ഒക്കാക്കയാണ് വാറ്റ്‌ഫോര്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചത്. മല്‍സരം 3-3 എന്ന നിലയില്‍.മല്‍സരം തുല്യനിലയിലേക്കെത്തിയതോടെ ചാംപ്യന്‍ ചെല്‍സിയുടെ കരുത്തുയര്‍ന്നു. വാറ്റ്‌ഫോര്‍ഡ് ഗോള്‍പോസ്റ്റിലേക്ക് അതിവേഗം പന്തെത്തിച്ച് മുന്നേറിയ ചെല്‍സിയുടെ തന്ത്രം 88ാം മിനിറ്റില്‍ ഫലം കണ്ടു. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ വില്യന്‍ നല്‍കിയ തകര്‍പ്പന്‍ പാസിനെ സെസ്‌ക് ഫാബ്രിഗസ് വലയിലാക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമില്‍ ഗോള്‍മടക്കാനുള്ള വാറ്റ്‌ഫോര്‍ഡിന്റെ അപകടകരമായ മുന്നേറ്റത്തില്‍ വാറ്റ്‌ഫോര്‍ഡ് താരം സെബാസ്റ്റിയന്‍ പ്രോഡി റെഡ് കാര്‍ഡ് കണ്ട് പുറത്തായി. അവസാന രണ്ട് മിനിറ്റിനുള്ളില്‍  മൂന്ന് മഞ്ഞക്കാര്‍ഡാണ് വാറ്റ്‌ഫോര്‍ഡ് താരങ്ങള്‍ക്ക് ലഭിച്ചത്. കയ്യാങ്കളികള്‍ക്കൊടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 4-3 ന്റെ ആവേശ ജയം ചെല്‍സിക്കൊപ്പം നിന്നു. കൂടുതല്‍ സമയം പന്ത് കൈവശം വയ്ച്ച് കളിച്ച വാറ്റ്‌ഫോര്‍ഡിന്റെ പ്രതിരോധ തന്ത്രം ചെല്‍സിക്ക് മുന്നില്‍ പാളിപ്പോയി. 47 ശതമാനം മാത്രം പന്ത് കയ്യടക്കിവയ്ച്ച ചെല്‍സി 24 തവണയാണ് വാറ്റ്‌ഫോര്‍ഡ് ഗോള്‍മുഖത്ത് പന്തെത്തിച്ചത്. ഒമ്പത് തവണ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ നാലു തവണ ലക്ഷ്യം കണ്ടു.  53 ശതമാനം പന്ത് കൈവശം വയ്ച്ച വാറ്റ്‌ഫോര്‍ഡ് മൂന്ന് തവണ ചെല്‍സി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ മൂന്ന് തവണയും ലക്ഷ്യം കണ്ടു.
Next Story

RELATED STORIES

Share it