സാക്കിര്‍ നായികിനെ നാടുകടത്തില്ലെന്ന് മലേസ്യന്‍ പ്രധാനമന്ത്രി


ക്വാലാലംപൂര്‍: ഇസ്‌ലാമിക പ്രബോധകന്‍ സാക്കിര്‍ നായികിനെ ഇന്ത്യയിലേക്ക് നാടുകടത്തില്ലെന്ന് മലേസ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. സാക്കിര്‍ നായികിനെ വിട്ടുകിട്ടാന്‍ മലേസ്യയോട് ആവശ്യപ്പെട്ടതായി ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സാക്കിര്‍ നായികിന് മലേസ്യന്‍ പൗരത്വം ഉള്ളയാളാണ്. അതുകൊണ്ടു തന്നെ ഇവിടെ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാത്തിടത്തോളം ഞങ്ങള്‍ അദ്ദേഹത്തെ നാടുകടത്തില്ല- പുത്രജയയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് കൊണ്ട് മഹാതീര്‍ മുഹമ്മദ് പറഞ്ഞു.

ഭീകരവാദ കേസില്‍ കുടുക്കിയതിനെ തുടര്‍ന്ന് 2016ലാണ് സാക്കിര്‍ നായിക് ഇന്ത്യ വിട്ട് മലേസ്യയില്‍ അഭയം തേടിയത്. സാക്കിര്‍ നായികിനെ വിട്ടുകിട്ടണമെന്ന ജനുവരിയില്‍ ഇന്ത്യ നടത്തിയ ആവശ്യം മലേസ്യന്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് ഇന്നലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നു എന്നാണ് സാക്കിറിനെതിരായ പ്രധാന ആരോപണം. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യയില്‍ നീതിപൂര്‍വകമായ വിചാരണ ലഭിക്കുമെന്ന് ഉറപ്പില്ലാത്തിടത്തോളം താന്‍ മടങ്ങിവരില്ലെന്ന് കഴിഞ്ഞ ദിവസം സാക്കിര്‍ നായിക് വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top