World

വീട്ടില്‍നിന്നു പിണങ്ങിയ വിദ്യാര്‍ഥികള്‍ വിമാനം മോഷ്ടിച്ച് പറന്നു…!

അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ യൂറ്റാ വെര്‍ണാല്‍ റീജ്യനല്‍ എയര്‍പോര്‍ട്ടിനടുത്താണ് സിനിമാ സ്‌റ്റൈല്‍ മോഷണവും സാഹസിക വിമാനയാത്രയും അരങ്ങേറിയത്.

വീട്ടില്‍നിന്നു പിണങ്ങിയ വിദ്യാര്‍ഥികള്‍ വിമാനം മോഷ്ടിച്ച് പറന്നു…!
X

വാഷിങ്ടണ്‍: നാടെങ്ങും കുട്ടിക്കള്ളന്‍മാരുടെ കാലമാണല്ലോ. അമേരിക്കയിലും പിടിയിലായി രണ്ടു കുട്ടിക്കള്ളന്‍മാര്‍. നമ്മുടെ നാട്ടിലേതു പോലെ സൈക്കിളോ സ്‌കൂട്ടറോ മോഷ്ടിച്ചതിനല്ല, വിമാനമാണ് അവര്‍ മോഷ്ടിച്ചത്. മാത്രമല്ല, കുറച്ചകലെ പറന്നുപോവുകയും ശേഷം ഒരു വിമാനത്താവളത്തില്‍ പോയി ലാന്‍ഡ് ചെയ്യുകയും ചെയ്തു. അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ യൂറ്റാ വെര്‍ണാല്‍ റീജ്യനല്‍ എയര്‍പോര്‍ട്ടിനടുത്താണ് സിനിമാ സ്‌റ്റൈല്‍ മോഷണവും സാഹസിക വിമാനയാത്രയും അരങ്ങേറിയത്. പതിനാലും പതിനഞ്ചും വയസ്സായ രണ്ട് സ്‌കൂള്‍ കുട്ടികളാണ് സംഭവത്തില്‍ പിടിയിലായത്. വീട്ടില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഇറങ്ങി കൂട്ടുകാര്‍ക്കൊപ്പം താമസിക്കുന്ന രണ്ട് വിരുതന്മാരാണ് കേസില്‍ പിടിയിലായത്. ജെന്‍സണിലെ ഒരു വ്യക്തിയുടെ സ്വകാര്യ വിമാനമാണ് മോഷ്ടിച്ചത്. ഒരു ട്രാക്ടര്‍ ഓടിച്ചാണ് ഇരുവരും ജെന്‍സണില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനം നിര്‍ത്തിയിട്ടിരുന്ന താല്‍ക്കാലിക സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് സിംഗിള്‍ എന്‍ജിന്‍ ലൈറ്റ് സ്‌പോര്‍ട്ട് വിമാനത്തില്‍ കയറി ഓടിക്കാന്‍ തുടങ്ങി. പതിവില്‍ നിന്നു താഴ്ന്നുപറക്കുന്ന വിമാനം പലരും ശ്രദ്ധിച്ചിരുന്നു. അന്വേഷിച്ചെത്തിയ അധികൃതര്‍ ഒടുവില്‍ വെര്‍ണാലില്‍ വച്ചാണ് കുട്ടിവൈമാനികരെ പിടികൂടിയത്. ചെറുവിമാനമാണെങ്കിലും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഇരുവരെയും ചോദ്യം ചെയ്യാനുമാണ് പോലിസിന്റെ നീക്കം. അമേരക്കയിലെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് യൂറ്റാ. 1896 ജനുവരി നാലിന് യൂനിയന്റെ ഭാഗമായ യൂറ്റാ 45ാമത്തെ സംസ്ഥാനമാണ്. 'മലമ്പ്രദേശക്കാര്‍' എന്നര്‍ഥം വരുന്ന യൂറ്റാ എന്ന വാക്ക് ഇന്ത്യന്‍ ഭാഷയില്‍ നിന്നാണ് ഉദ്ഭവിച്ചത്. 2008ലെ യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ ഏറ്റവും വേഗതയില്‍ വളരുന്ന സംസ്ഥാനമാണിത്. അമേരിക്കയിലെ ഒരു പ്രധാന ഗതാഗത, വിവരസാങ്കേതിക, സര്‍ക്കാര്‍ സേവന, ഖനന കേന്ദ്രം കൂടിയാണ് യൂറ്റാ.


Next Story

RELATED STORIES

Share it