Parliament News

സാമ്പത്തിക പ്രതിസന്ധി ഘടനാപരമാണെന്ന് എളമരം കരീം എംപി

സാമ്പത്തിക പ്രതിസന്ധി ഘടനാപരമാണെന്ന് എളമരം കരീം എംപി
X

ന്യൂഡല്‍ഹി: രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ചാക്രികമല്ലെന്നും ഘടനാപരമാണെന്നും സിപിഎം രാജ്യസഭാ ഉപനേതാവ് എളമരം കരീം എംപി. മുതലാളിത്ത സംവിധാനം സൃഷ്ടിക്കുന്ന പ്രതിസന്ധിയാണിത്. ജിഡിപി നിരക്ക് കുത്തനെ ഇടിഞ്ഞു. കാര്‍ഷികോല്‍പ്പാദനവും വ്യാവസായികോല്‍പ്പാദനവും ഇടിഞ്ഞു. നിര്‍മാണ മേഖല പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മ അഞ്ചുദശക കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നാലുകോടി പേര്‍ തൊഴിലെടുക്കുകയും നിര്‍മാണ മേഖലയുടെ 49 ശതമാനവും ജിഡിപിയുടെ ഏഴര ശതമാനവും വരുന്ന വാഹനനിര്‍മാണ മേഖല പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ മാത്രം 10 ലക്ഷം തൊഴിലാളികളെ പിരിച്ചുവിട്ടു. കേരളത്തില്‍ യൂനിറ്റുകളുള്ള എംആര്‍എഫും അപ്പോളോയും പ്രതിസന്ധിയിലാണ്. വാഹനഘടക നിര്‍മാണ മേഖല തകര്‍ച്ചയിലാണ്. ആഭ്യന്തര വാങ്ങല്‍ശേഷി ഇടിഞ്ഞിരിക്കയാണ്. വാങ്ങല്‍ശേഷി വര്‍ധിച്ചെങ്കില്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാനാവൂ. പശ്ചാത്തല സൗകര്യ മേഖലയില്‍ വലിയ നിക്ഷേപം ഇതിനാവശ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ ഈ ദിശയിലല്ല നീങ്ങുന്നത്. കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയാണ്. കയറ്റുമതി പ്രോല്‍സാഹിപ്പിക്കാനെന്ന പേരില്‍ 75000 കോടി അനുവദിച്ചു. കോര്‍പറേറ്റുകള്‍ക്കും വിദേശനിക്ഷേപകര്‍ക്കുമായി 1.45 ലക്ഷം കോടിയുടെ ആനുകൂല്യം നല്‍കി.

ഉദാരീകരണത്തിന് ശേഷം തൊഴിലാളികളുടെ ഘടന ദുര്‍ബലമായി. സ്ഥിരം ജോലി കുറയുകയും കരാര്‍ തൊഴില്‍ കൂടുകയും ചെയ്തു. ട്രേഡ്‌യൂനിയനുകള്‍ ദുര്‍ബലപ്പെട്ടു. കൂട്ടായ വിലപേശല്‍ ശേഷി ഇല്ലാതായി. എല്ലാ മേഖലയിലും മാന്ദ്യം പ്രകടമാണ്. ജനങ്ങള്‍ക്ക് സഹായകരമാവും വിധം നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.




Next Story

RELATED STORIES

Share it