Parliament News

ഭാഷകളെ മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

വരാണസിയിലെ സമ്പൂര്‍ണാനന്ദാ യൂനിവേഴ്‌സിറ്റി പോലും പല സങ്കീര്‍ണതയിലും ചെന്നു പെട്ടിട്ടും കേരളത്തിലെ സംസ്‌കൃത യൂനിവേഴ്‌സിറ്റി നന്നായി നടക്കുന്നു. മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി വന്ന് സന്ദര്‍ശിക്കണം.

ഭാഷകളെ മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി
X

ന്യൂഡല്‍ഹി: ഭാഷകളെ മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നു ഇ ടി മുഹമ്മദ് ബഷീര്‍ എംപി. സംസ്‌കൃതത്തെ ഹിന്ദുവിന്റേതെന്നും അറബിയെ മുസ്‌ലിമിന്റേതെന്നും വ്യാഖാനിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പാര്‍ലിമെന്റില്‍ പറഞ്ഞു. സംസ്‌കൃതത്തെ തന്നെ വേദങ്ങള്‍, ഉപനിഷത്തുകള്‍, യോഗ, ആയുര്‍വേദ എന്നീ മേഖലയില്‍ ഒതുക്കിനിര്‍ത്താതെ വിജ്ഞാനത്തിന്റെ ചക്രവാളങ്ങള്‍ എത്തിപ്പിടിക്കുംവിധം വളര്‍ത്തിക്കൊണ്ടുവരണം. സര്‍ക്കാരിന്റെ സമീപനങ്ങള്‍ വിശാലമാക്കണം. മാനസികാവസ്ഥയില്‍ മാറ്റമുണ്ടാവണം. കേരളം ഇന്ത്യയ്ക്കു മാതൃക കാണിച്ച സംസ്ഥാനമാണ്. മുസ്‌ലിം ലീഗ് പ്രതിനിധി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി കേരളത്തില്‍ സ്ഥാപിച്ചത്.

മുസ്‌ലിം ലീഗുകാരനായ മന്ത്രി എന്തിന് സംസ്‌കൃത യനിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന് താല്‍പര്യം കാണിക്കുന്നത് എന്ന ചോദ്യം അന്നുണ്ടായിരുന്നു. വിശ്വ സംസ്‌കാരങ്ങളും ഭാഷകളും തമ്മിലുള്ള താരതമ്യ പഠനത്തിന് വഴിയൊരുക്കിക്കൊണ്ടാണ് സംസ്‌കൃത യൂനിവേഴ്‌സിറ്റി കേരളത്തില്‍ സ്ഥാപിച്ചത്. വരാണസിയിലെ സമ്പൂര്‍ണാനന്ദാ യൂനിവേഴ്‌സിറ്റി പോലും പല സങ്കീര്‍ണതയിലും ചെന്നു പെട്ടിട്ടും കേരളത്തിലെ സംസ്‌കൃത യൂനിവേഴ്‌സിറ്റി നന്നായി നടക്കുന്നു. മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി വന്ന് സന്ദര്‍ശിക്കണം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ സംസ്‌കൃതാധ്യാപകനായി നിയമനം ലഭിച്ച മുസ്‌ലിം അധ്യാപകനുണ്ടായ തിക്താനുഭവങ്ങളെ പറ്റി ചില മെംബര്‍മാര്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് താരതമ്യപഠനം കൂടി നടത്തുകയായിരുന്നു അദ്ദേഹം. പാനല്‍ ചെയര്‍മാന്‍ ബര്‍തുഹരി മെഹ്താബ് ബഷീറിന്റെ പ്രസംഗത്തെ പ്രത്യേകം അഭിനന്ദിച്ചു.



Next Story

RELATED STORIES

Share it