- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ കെടാവിളക്ക്
ജീവിച്ചിരിക്കുന്ന തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ സോഷ്യലിസ്റ്റ് പാതയില്‍ ഉറച്ചുനില്‍ക്കുന്ന സമുന്നത വ്യക്തിത്വമാണ് കെ.പി ഉണ്ണികൃഷ്ണന്‍. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടി തയ്യാറാക്കിയ ലേഖനം
എന്‍.പി. ചെക്കുട്ടി
ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോഴിക്കോട്ട് പന്നിയങ്കരയിലെ പദ്മാലയത്തിലേക്കു വീണ്ടും കയറിച്ചെല്ലുന്നത്. 1991ലെ തിരഞ്ഞെടുപ്പുകാലത്ത് ആദ്യമായി അവിടെ ചെല്ലുമ്പോള്‍ ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഴിക്കോട് ലേഖകനായിരുന്നു. അന്ന് കെ.പി ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തിന്റെ ആറാമത്തെ തിരഞ്ഞെടുപ്പു പോരാട്ടത്തിലാണ് വടകരയില്‍. പക്ഷേ, അതൊരു ചരിത്ര മുഹൂര്‍ത്തമായിരുന്നു, ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തിലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും. കാരണം, കോലീബി എന്നപേരില്‍ പില്‍ക്കാലത്തു കുപ്രസിദ്ധമായിത്തീര്‍ന്ന രാഷ്ട്രീയ കൂട്ടുകെട്ടിനെതിരേയാണ് അന്ന് അദ്ദേഹം മാറ്റുരച്ചത്.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ അതിനു മുമ്പോ ശേഷമോ പരസ്യമായി കണ്ടിട്ടില്ലാത്ത ഒരു പരീക്ഷണമായിരുന്നു അന്ന് വടകരയില്‍ നടന്നത്. ബദ്ധവൈരികളായ കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും ബി.ജെ.പിയും ഒന്നിച്ചൊരു പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി, മൂന്നു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒറ്റയ്ക്കും കൂട്ടായും അദ്ദേഹത്തിന്റെ വിജയത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ കാഴ്ച അദ്ഭുതകരവും അവിശ്വസനീയവുമായിരുന്നു. അന്ന് ഇടതുപിന്തുണയോടെ കോണ്‍ഗ്രസ് (എസ്) സ്ഥാനാര്‍ഥിയായി നിന്ന ഉണ്ണികൃഷ്ണനെ തോല്‍പ്പിക്കാന്‍ അവര്‍ കണ്ടെത്തിയത് കോഴിക്കോട് നഗരത്തിലെ പേരുകേട്ട അഭിഭാഷകനും ദേശീയപ്രസ്ഥാനകാലത്തു കോണ്‍ഗ്രസ് മുഖപത്രമായി നിലകൊണ്ട 'മാതൃഭൂമി'യുടെ ഡയറക്ടര്‍മാരില്‍ ഒരാളുടെ അമ്മായിയപ്പനുമായ എം. രത്‌നസിങിനെയാണ്. നഗരത്തിലെ പേരുകേട്ട വ്യവസായി കുടുംബമായ കെ.ടി.സിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന ഈ മരുമകനാണ് നല്ലപേരും നല്ല കേസും പിടിപ്പതു ഫീസുമുള്ള വക്കീലിനെ വടകരയിലെ മല്‍സരത്തിനു വേണ്ടി കളത്തിലിറക്കുന്നതില്‍ (കുളത്തിലിറക്കുന്നതില്‍ എന്ന് ചിലര്‍) പ്രധാന പങ്കുവഹിച്ചത് എന്നത് അക്കാലത്തെ ഒരു അണിയറ രഹസ്യം. മരുമകന്‍ സ്ഥലത്തെ പ്രധാന മുതലാളി മാത്രമല്ല, കെ.പി.സി.സി അംഗവുമായിരുന്നു. നല്ല മുതലാളിമാര്‍ അങ്ങനെയാണല്ലോ. എല്ലാ പാര്‍ട്ടിക്കാരും അവര്‍ക്കു വേണ്ടപ്പെട്ടവര്‍; എല്ലാ പാര്‍ട്ടിക്കാര്‍ക്കും അവര്‍ അതിലേറെ വേണ്ടപ്പെട്ടവര്‍. അതിനാല്‍, അമ്മായിയപ്പന്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഒരേപോലെ സ്വീകാര്യനായി. വടകരയില്‍ സര്‍വസമ്മതനായ സ്ഥാനാര്‍ഥിയായി.
ഉണ്ണികൃഷ്ണന്റെ കാര്യം പോക്കായി എന്നാണ് കാര്യവിവരമുള്ള മാധ്യമവിശാരദന്മാര്‍ പറഞ്ഞത്. അവരുടെ നിഗമനങ്ങളില്‍ കാര്യമില്ലാതില്ല. കാരണം, മുന്‍തിരഞ്ഞെടുപ്പിലെ കണക്കു നോക്കിയാല്‍ കോണ്‍ഗ്രസ്-ലീഗ് കൂട്ടുകെട്ടും ബി.ജെ.പിയും നേടിയ വോട്ടുകള്‍ കൂട്ടിയാല്‍ ഉണ്ണികൃഷ്ണന്റെ ഭൂരിപക്ഷത്തിനും എത്രയോ അപ്പുറമാണ്. വടകരയാവട്ടെ, തികഞ്ഞ രാഷ്ട്രീയ മണ്ഡലവും. അവിടെ പാര്‍ട്ടികളാണ് പ്രധാനം; നേതാക്കള്‍ പറഞ്ഞാല്‍ അതിനപ്പുറം ഒരു കാക്കയും പറക്കില്ല. കോണ്‍ഗ്രസ്സിനു വേണ്ടി ലീഡര്‍ കെ. കരുണാകരനും ലീഗിനു വേണ്ടി അഭിവന്ദ്യനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ബി.ജെ.പിക്കു വേണ്ടി കെ.ജി മാരാരും ഒരേപോലെ രത്‌നസിങിനു വേണ്ടി രംഗത്തിറങ്ങിയാല്‍ കൊലകൊമ്പനായ കെ.പി ഉണ്ണികൃഷ്ണനും പമ്പകടക്കുമെന്നാണ് നിരീക്ഷകര്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടത്.
പക്ഷേ, ഉണ്ണികൃഷ്ണന്‍ മാത്രം അതില്‍ അത്രയൊന്നും അസ്വസ്ഥനായി കാണപ്പെട്ടില്ല. കാരണം, അങ്ങേരു പതിവുപോലെ വൈകിയുറങ്ങി വൈകിയെണീറ്റു പത്രപാരായണവും ചായകുടിയും കൊച്ചുവര്‍ത്തമാനവും ഡസന്‍കണക്കിനു ഫോണ്‍വിളിയുമൊക്കെ കഴിഞ്ഞു പദ്മാലയത്തില്‍നിന്നു വടകരയ്ക്കു പുറപ്പെടുമ്പോഴേക്കും നേരം 10 മണി കഴിഞ്ഞിരിക്കും. ഒന്നൊന്നര മണിക്കൂര്‍ യാത്ര കഴിഞ്ഞു വടകരയില്‍ നിശ്ചയിച്ച യോഗങ്ങളില്‍ എത്തുമ്പോള്‍ ചുരുങ്ങിയത് രണ്ടുമണിക്കൂര്‍ വൈകിയിരിക്കും. പക്ഷേ, ആളുകള്‍ അദ്ദേഹം വരുന്നതും കാത്തു മണിക്കൂറുകള്‍ വഴിയോരങ്ങളില്‍ ചെലവഴിച്ചു. ഉണ്ണികൃഷ്ണന്‍ പറയാനുള്ളതു നേരെചൊവ്വേ പറഞ്ഞു, അടുത്ത യോഗസ്ഥലത്തേക്കു നീങ്ങി. അതിനകം എതിര്‍സ്ഥാനാര്‍ഥി ഒരു ഡസന്‍ യോഗങ്ങളില്‍ സംസാരിച്ചു കഴിഞ്ഞിരിക്കും.
ഞാന്‍ ഇത്തരം പല യോഗങ്ങള്‍ കണ്ടതാണ്. ഉണ്ണികൃഷ്ണന്‍ തന്റെ നേരെ എതിരാളികള്‍ പ്രയോഗിക്കുന്ന ബ്രഹ്മാസ്ത്രങ്ങളിലൊന്നും കുലുങ്ങിയതായി കണ്ടില്ല. കോലീബി സഖ്യം ഒരു പദ്മവ്യൂഹമായി അദ്ദേഹത്തിനു തോന്നിയതായി പെരുമാറ്റത്തില്‍ ഒട്ടും പ്രതിഫലിച്ചുമില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞു വോട്ട് എണ്ണിനോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം സത്യമാണെന്നു കണ്ടു. തന്റെ കോലീബി എതിരാളിയെ അരലക്ഷത്തിലധികം വോട്ടിനാണ് അന്ന് ഉണ്ണികൃഷ്ണന്‍ തോല്‍പ്പിച്ചത്.
ആ തിരഞ്ഞെടുപ്പ് എനിക്ക് ഒരു വലിയ രാഷ്ട്രീയ പാഠമാണ് നല്‍കിയത്. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും കൂട്ടിയാല്‍ ചിലപ്പോള്‍ നാലാവില്ല ഉത്തരം എന്നാണ് അതു ചൂണ്ടിക്കാട്ടിയത്. ജനങ്ങള്‍ അങ്ങനെയാണ്. അവര്‍ക്ക് അവരുടേതായ കണക്കുകൂട്ടലുകള്‍ കാണും. അതു പക്ഷേ, രാഷ്ട്രീയ നേതാക്കള്‍ക്കോ മാധ്യമങ്ങള്‍ക്കോ മനസ്സിലായിക്കൊള്ളണമെന്നില്ല. വടകരയില്‍ അന്ന് അതാണ് സംഭവിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ പാമ്പും കീരിയുമായി നില്‍ക്കുന്നവര്‍ വടകരയില്‍ ഒന്നിച്ചതിന്റെ രഹസ്യം അവസരവാദം എന്നാണ് ഇടതുപക്ഷം പറഞ്ഞത്. ജനങ്ങള്‍ക്കും അതുതന്നെയാണ് തോന്നിയത്. അന്ന് കോണ്‍ഗ്രസ്സിലും ലീഗിലും ബി.ജെ.പിയിലും ഒരേപോലെ വോട്ട് ചോര്‍ന്നു. അങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ ജയിച്ചുകയറിയത്. അങ്ങനെ ആറാം തവണയും വടകര ജയിച്ച ഉണ്ണികൃഷ്ണന്‍ പക്ഷേ, അടുത്ത തവണ, 1996ല്‍, അവിടെ തോല്‍ക്കുകയും ചെയ്തു. കാരണം, അപ്പോഴേക്കും അദ്ദേഹം തന്റെതന്നെ മുന്‍കാല നിലപാടുകളെ തിരസ്‌കരിച്ചു കോണ്‍ഗ്രസ് കൂടാരത്തിലേക്ക് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം പദ്മാലയത്തിന്റെ ഗേറ്റ് കടന്നു വീണ്ടും പഴയ ഉണ്ണിയേട്ടനെ കാണാനായി എത്തിയപ്പോള്‍ ഇതൊക്കെയായിരുന്നു മനസ്സില്‍ നിറഞ്ഞത്. പദ്മാലയം കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രതാപത്തിന്റെ കഥ പറയുന്ന കെട്ടിടമാണ്. കൂറ്റന്‍ മാവുകള്‍ തണല്‍ വിരിച്ചുനില്‍ക്കുന്ന ഈ ഭവനത്തിന്റെ കോലായയിലാണ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ പല സംഭവങ്ങളും അരങ്ങേറിയത്. 1923ല്‍ കോഴിക്കോട്ടുനിന്നു 'മാതൃഭൂമി' ആരംഭിക്കാനുള്ള തീരുമാനം എടുത്തത് ഈ കോലായയില്‍ നേതാക്കള്‍ ഒരുമിച്ചിരുന്നാണെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. അന്ന് കോണ്‍ഗ്രസ്സിന്റെ മലബാറിലെ സമുന്നത നേതാക്കളായ കെ.പി കേശവമേനോനും കെ. മാധവന്‍ നായരും കെ.പി രാമുണ്ണിമേനോനുമൊക്കെയാണ് ആ യോഗത്തില്‍ പങ്കെടുത്തത്. രാമുണ്ണിമേനോന്‍ അന്ന് കെ.പി.സി.സി സെക്രട്ടറിയായിരുന്നു. ഉണ്ണികൃഷ്ണന്റെ വല്യമ്മാവനും. ഉണ്ണികൃഷ്ണന്റെ അമ്മയുടെ മൂത്ത ചേച്ചിയുടെ ഭര്‍ത്താവായിരുന്നു രാമുണ്ണിമേനോന്‍. ആ വര്‍ഷം ഒറ്റപ്പാലത്ത് കെ.പി.സി.സിയുടെ സമ്മേളനം നടന്നപ്പോള്‍ ജനങ്ങളെ ആകെ പ്രകോപിതരാക്കിയ സംഭവമാണ് യുവാവായ രാമുണ്ണിമേനോനു നേരെ ബ്രിട്ടിഷ് പോലിസ് നടത്തിയ കടന്നാക്രമണം. സമ്മേളനവേദിക്ക് പുറത്തു മര്‍ദനമേറ്റു തളര്‍ന്നുവീണ രാമുണ്ണിമേനോന്‍ രക്തം ഛര്‍ദിച്ചതു കണ്ട നാട്ടുകാര്‍ കുപിതരായി. അക്കാലത്തു മലബാറില്‍ ഖിലാഫത്ത് പ്രക്ഷോഭം അലയടിക്കുന്ന കാലമാണ്. നാട്ടിന്റെ നാനാഭാഗങ്ങളില്‍നിന്നു ധാരാളം കൃഷിക്കാരും മറ്റു സാധാരണ ജനങ്ങളും സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നിരുന്നു. മാപ്പിളമാര്‍ പലരും ലുങ്കിയുടുത്തു തങ്ങളുടെ കലപ്പ പോലുള്ള പണിയായുധങ്ങളും പേറിയാണ് സമ്മേളനസ്ഥലത്തു വന്നതെന്ന് അതിനു ദൃക്‌സാക്ഷിയായ കെ.പി കേശവമേനോന്‍ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ കുപിതരായി പോലിസിനെ നേരിടാന്‍ തയ്യാറായപ്പോള്‍ അതില്‍നിന്ന് അവരെ പിന്തിരിപ്പിച്ച് ഒരു പ്രതിഷേധജാഥ നടത്താന്‍ നേതൃത്വം നല്‍കിയതില്‍ അന്ന് ആദ്യമായി ദേശീയ പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ അലിഗഡില്‍നിന്നു മലബാറിലെത്തിയ യുവാവായ മുഹമ്മദ് അബ്ദുര്‍റഹ്മാനും ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അക്കാലത്താണ് ഗാന്ധിജി ഖാദി പ്രചാരണത്തിനും നൂല്‍നൂല്‍പ്പിനും വലിയ പ്രാധാന്യം നല്‍കിയത്. വല്യച്ഛന്‍ പെരുമ്പിലാവില്‍ തെയ്യുണ്ണിമേനോന്‍ അതിനു വേണ്ടി പദ്മാലയത്തിന്റെ വരാന്തയില്‍ ഏര്‍പ്പാടുകള്‍ ചെയ്തു. ഖാദി നെയ്ത്തു പരിശീലിപ്പിക്കാന്‍ കുഞ്ഞാണ്ടി എന്നൊരാളെയാണ് ഏര്‍പ്പാട് ചെയ്തിരുന്നത്. വലിയ ആഘോഷമായിട്ടാണ് നൂല്‍നൂല്‍പ്പ് തുടങ്ങിയത്; മലബാറിലെ ആദ്യത്തെ ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രം.
പന്നിയങ്കരയിലെ പേരുകേട്ട ദേവീക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് പദ്മാലയം. അതിന് അടുത്തുതന്നെയാണ് വി.കെ കൃഷ്ണമേനോന്റെ കുടുംബവീടായ വെങ്ങാലില്‍ തറവാടും. കൃഷ്ണമേനോനും ഉണ്ണികൃഷ്ണന്റെ അച്ഛന്‍ ഇ. കുഞ്ഞിക്കണ്ണന്‍ നായരും സതീര്‍ഥ്യരായിരുന്നു. അന്ന് മലബാറില്‍ കാര്യമായ ഉന്നത വിദ്യാകേന്ദ്രങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ കുട്ടികളെ പുറത്ത് അയച്ചു പഠിപ്പിക്കാന്‍ പാങ്ങുള്ളവര്‍ മദിരാശിയിലേക്കാണ് അവരെ അയച്ചിരുന്നത്. അതിനാല്‍, മദിരാശി പ്രസിഡന്‍സി കോളജിലാണ് അവരൊക്കെ പഠനത്തിനായി എത്തിച്ചേര്‍ന്നത്. കൃഷ്ണമേനോനും ഉണ്ണികൃഷ്ണന്റെ കുടുംബവും ബന്ധുക്കളുമായിരുന്നു. കൃഷ്ണമേനോന്റെ ഒരു സഹോദരിയെ വിവാഹം ചെയ്തത് ഉണ്ണികൃഷ്ണന്റെ ഒരു അമ്മാവന്‍ പി.യു മേനോനാണ്. മദിരാശിയില്‍ കമ്പിത്തപാല്‍ വകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
പന്നിയങ്കര പഴയകാല കോഴിക്കോടിന്റെ പ്രതാപം മുറ്റുന്ന പ്രദേശമായിരുന്നു. അവിടെയുള്ള പ്രാചീനമായ ദേവീക്ഷേത്രം സാമൂതിരിയുടെ കാലത്തിനും മുമ്പ്, 10ാം നൂറ്റാണ്ടില്‍ തന്നെ സ്ഥാപിക്കപ്പെട്ടതായാണ് ചരിത്രകാരന്മാര്‍ പറയുന്നത്. 1969ല്‍ ക്ഷേത്ര നവീകരണത്തിനു മുറ്റം കിളച്ചപ്പോള്‍ കണ്ടുകിട്ടിയ ഒരു പുരാലിഖിതം ചേരരാജാവായ കോത രവിയുടെ (ക്രി.ശേ 1021-1036 ആണ് ഭരണകാലം) കാലത്തേതാണെന്നു വട്ടെഴുത്തു ലിപിയിലുള്ള ഈ ലിഖിതം വായിച്ചു വ്യാഖ്യാനിച്ച എം.ജി.എസ് നാരായണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂതിരിഭരണം വരുന്നത് 12ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്. ഏറനാട് രാജ്യത്തെ നെടിയിരിപ്പില്‍ നിന്നാണ് സാമൂതിരിമാര്‍ വന്നത്. കൂടെവന്ന നായര്‍ സാമന്തന്മാരും ഊരാണ്മക്കാരുമൊക്കെ കുടിയിരുന്നത് പന്നിയങ്കരയിലും പരിസരത്തുമായിരുന്നു. അവര്‍ക്കു ക്ഷേത്രകാര്യങ്ങളില്‍ പല അവകാശങ്ങളും ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്റെ പൂര്‍വികരും അങ്ങനെ എത്തിയവരാണ്; അവര്‍ വന്നത് തെക്കു കുറ്റിപ്പുറം പള്ളിപ്പുറം ഭാഗത്തുനിന്നാണെന്നു കുടുംബ പുരാവൃത്തം.
ഉണ്ണിയേട്ടന് ഇപ്പോള്‍ വയസ്സ് 83 ആയിരിക്കുന്നു. ഒരുപക്ഷേ, അതുകൊണ്ടാവണം പതിറ്റാണ്ടുകള്‍ ഡല്‍ഹിയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ വര്‍ഷം ഒരു ട്രക്ക് നിറയെ പുസ്തകങ്ങളുമായി പദ്മാലയത്തിലേക്ക് എത്തിയത്. കൂട്ടിന് ഹിന്ദിക്കാരനായ സഹായി പുരുഷോത്തം. കുടുംബം ഡല്‍ഹിയില്‍ തുടരുന്നതിനാല്‍ പാതിസമയം ഇപ്പോഴും ഡല്‍ഹിയില്‍ തന്നെ. മെഡിക്കല്‍ രേഖകളും സ്ഥിരം ഡോക്ടര്‍മാരുമൊക്കെ ഡല്‍ഹിയിലാണ്. അതിനാല്‍, ഡല്‍ഹിയുമായുള്ള ബന്ധം അങ്ങനെ പൂര്‍ണമായി ഒഴിവാക്കാനാവില്ല.
കഴിഞ്ഞ ദിവസം പദ്മാലയത്തിലെ പുരാതനമായ ചൂരല്‍ക്കസേരയില്‍ ഇരുന്നു ദീര്‍ഘനേരം അദ്ദേഹം സംസാരിച്ചു. ഇടയ്‌ക്കൊക്കെ ചുമ വലിയ അസ്വസ്ഥതയുണ്ടാക്കി. പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ മൗലിക പ്രതിഭയുടെ ചിന്തകളും നിരീക്ഷണങ്ങളും ഇപ്പോഴും കൃത്യവും സൂക്ഷ്മവുമാണ്; അദ്ദേഹത്തിന്റെ നര്‍മബോധം തുളച്ചുകയറുന്നതും. ആറു പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതം; രാജ്യത്തിന്റെ ഒരുപാടു നിര്‍ണായക ചരിത്രസന്ദര്‍ഭങ്ങളില്‍ അതിന്റെയൊക്കെ നടുവിലാണ് അദ്ദേഹം നിലയുറപ്പിച്ചത്. ചരിത്രത്തിന്റെ ഒരു ദൃക്‌സാക്ഷിയും അതിലെ സജീവ പങ്കാളിയുമായി. ദേശീയ ജീവിതത്തിലെ ഒരുപാടു മഹാരഥന്മാരുമായി നേര്‍ക്കുനേര്‍ ബന്ധം, ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാജീവ്ഗാന്ധി വരെയുള്ള നെഹ്‌റു കുടുംബത്തിലെ മൂന്നു തലമുറകളുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ടുപോയ പൊതുജീവിതം. വി.പി സിങിന്റെ മന്ത്രിസഭയില്‍ അംഗത്വം. അന്നു സദ്ദാം ഹുസയ്ന്‍ കുവൈത്ത് ആക്രമിച്ചപ്പോള്‍ അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രി വി.പി സിങ് ചുമതലപ്പെടുത്തിയത് ഉണ്ണികൃഷ്ണനെയായിരുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിരുന്ന നാളുകളില്‍ രാജീവ്ഗാന്ധിയടക്കമുള്ള ഭരണാധികാരികള്‍ക്കു വലിയ തലവേദന സൃഷ്ടിച്ചു കുശാഗ്രബുദ്ധിയായ ഈ വാഗ്മി. സ്‌നാം പ്രൊഗേറ്റിയും ബോഫോഴ്‌സും അടക്കം അന്ന് രാജ്യത്തെ ഇളക്കിമറിച്ച അഴിമതിക്കഥകള്‍ പലതും പാര്‍ലമെന്റിന്റെ വേദിയില്‍ ചര്‍ച്ചയാക്കിയത് ഉണ്ണികൃഷ്ണനായിരുന്നു. അഴിമതിക്കഥകള്‍ ഇങ്ങനെ പുറത്തു കൊണ്ടുവരുന്നതില്‍ സി.പി.എമ്മിന്റെ ജ്യോതിര്‍മയി ബസുവും ഉണ്ണികൃഷ്ണനും തമ്മിലായിരുന്നു അക്കാലത്തു മല്‍സരം. അതിന് ഒരുപക്ഷേ, ഉണ്ണികൃഷ്ണനെ പ്രാപ്തനാക്കിയത് ബോംബെയിലെ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതമായിരുന്നുവെന്നു വരാം.
അതേക്കുറിച്ചാണ് ഉണ്ണികൃഷ്ണന്‍ ഓര്‍ത്തെടുത്തത്. മദിരാശിയില്‍ ക്രിസ്ത്യന്‍ കോളജിലും പ്രസിഡന്‍സി കോളജിലും പഠിക്കുന്ന കാലത്തുതന്നെ തികഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു ഉണ്ണികൃഷ്ണന്‍. അന്ന് അദ്ദേഹം സോഷ്യലിസ്റ്റാണ്. റാം മനോഹര്‍ ലോഹ്യയാണ് നേതാവ്. ലോഹ്യയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗത്തിലാണ് പ്രവര്‍ത്തനം. യങ് സോഷ്യലിസ്റ്റ് ലീഗ് എന്നാണ് അതിന്റെ പേര്. പിന്നീട് അതു സമാജ്‌വാദി യുവക് സഭ എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ജോര്‍ജ് ഫെര്‍ണാണ്ടസും മധു ലിമായെയുമൊക്കെ അന്നത്തെ സോഷ്യലിസ്റ്റ് യുവസഭയുടെ നേതാക്കളാണ്. ലോഹ്യയുമായി അന്നുതന്നെ വലിയ ചങ്ങാത്തം.
അങ്ങനെ സോഷ്യലിസവും തലയിലേറ്റിയാണ് പഠനം കഴിഞ്ഞു ബോംബെയില്‍ എത്തുന്നത്. അത് അമ്പതുകളുടെ മധ്യത്തിലായിരുന്നു. അവിടെ പേരുകേട്ട 'ബ്ലിറ്റ്‌സ്' വാരികയില്‍ ലേഖകനായി ജോലിനേടി. 'ബ്ലിറ്റ്‌സ്' അക്കാലത്തെ ഏറ്റവും പ്രമാദമായ വാര്‍ത്താ വാരികയായിരുന്നു. ആര്‍.കെ കരഞ്ജിയയാണ് പത്രാധിപര്‍. കെ.എ അബ്ബാസിനെപ്പോലുള്ള പ്രമാണിമാരാണ് സ്ഥിരം കോളമിസ്റ്റുകള്‍. അന്വേഷണാത്മക പത്രപ്രര്‍ത്തനത്തിന്റെ ആദ്യകാല മാതൃകയായിരുന്നു ഇന്ത്യയില്‍ 'ബ്ലിറ്റ്‌സ്'. അതിലാണ് ഉണ്ണികൃഷ്ണന്റെ ആദ്യകാല റിപോര്‍ട്ടുകള്‍ പുറത്തുവന്നത്. പക്ഷേ, പത്രപ്രവര്‍ത്തനം മാത്രമായിരുന്നില്ല അന്നും ഉണ്ണികൃഷ്ണന്റെ തട്ടകം. അദ്ദേഹം ബോംബെ രാഷ്ട്രീയത്തിലും ഒരുകൈ പയറ്റി. പക്ഷേ, അതിനകം സോഷ്യലിസവും ലോഹ്യ ഭക്തിയും വിട്ട് അദ്ദേഹം കോണ്‍ഗ്രസ്സിലെ യുവതുര്‍ക്കികളില്‍ ഒരാളായി മാറിക്കഴിഞ്ഞിരുന്നു. അമ്പതുകളുടെ അവസാനമായപ്പോള്‍ ബോംബെയില്‍ നിന്നുള്ള എ.ഐ.സി.സി അംഗങ്ങളില്‍ ഒരാളായി കെ.പി ഉണ്ണികൃഷ്ണന്‍. ി
എന്തുകൊണ്ട് കോണ്‍ഗ്രസ്സിലേക്ക് കളം മാറി?
എഎന്തുകൊണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും അടുത്ത സുഹൃത്തായ റാം മനോഹര്‍ ലോഹ്യയെയും വിട്ടു കോണ്‍ഗ്രസ്സിലേക്കു കളം മാറി എന്നതിന് അദ്ദേഹത്തിനു കൃത്യമായ വിശദീകരണമുണ്ട്. അതൊരു കാലുമാറ്റമോ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്രയോ ഒന്നുമായിരുന്നില്ല. നെഹ്‌റുവിനോടുള്ള ബഹുമാനമാണ് അതില്‍ പ്രധാനമായത്. നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രി മാത്രമല്ല, രാജ്യത്തെ ഒരു ആധുനിക ജനാധിപത്യ രാഷ്ട്രമാക്കി ആഗോളതലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ മുഖ്യപങ്കു വഹിച്ച രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തോടുള്ള ലോഹ്യയുടെ കടുത്ത വ്യക്തിപരമായ വിമര്‍ശനം അംഗീകരിക്കാവുന്നതായിരുന്നില്ല. നെഹ്‌റുതന്നെയാണ് ലോഹ്യയും ജയപ്രകാശും അടക്കമുള്ള സോഷ്യലിസ്റ്റുകളെ എ.ഐ.സി.സി നേതൃത്വത്തിലേക്ക് ഒരുകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്നത്. ജയപ്രകാശ് നാരായണ്‍ എ.ഐ.സി.സിയുടെ തൊഴിലാളി വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു നെഹ്‌റു അധ്യക്ഷനായ കാലത്ത്. ലോഹ്യയാവട്ടെ അതിന്റെ അന്താരാഷ്ട്ര വകുപ്പിന്റെ ചുമതലക്കാരനും. എന്നാല്‍, സ്വതന്ത്ര ഭാരതത്തില്‍ നെഹ്‌റുനയങ്ങളെ മാത്രമല്ല നെഹ്‌റുവിനെ വ്യക്തിപരമായിത്തന്നെ പിച്ചിച്ചീന്തുക എന്ന നയമാണ് ലോഹ്യയും സഹപ്രവര്‍ത്തകരും കൈക്കൊണ്ടത്. ആദ്യമൊക്കെ അതൊരു തമാശയായാണ് ഞാന്‍ എണ്ണിയത്; പിന്നീടാണ് അതിനു പിന്നില്‍ കൂടുതല്‍ ഗുരുതരമായ വ്യക്തിപരമായ ഘടകങ്ങള്‍ ഉള്ളതായി എനിക്കു ബോധ്യമായത്. അതോടെ, ആ ബന്ധം വിട്ടു, നെഹ്‌റുവും ഇന്ദിരയും നയിക്കുന്ന കോണ്‍ഗ്രസ്സിലെത്തി. 1959ല്‍ ഇന്ദിര ആദ്യമായി എ.ഐ.സി.സി അധ്യക്ഷയായ കാലം മുതല്‍ അവരുമായി അടുപ്പം പുലര്‍ത്തി.
അക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തരില്‍ ഒരാളായി യുവാവായ ഉണ്ണികൃഷ്ണന്‍. പല സുപ്രധാന ചുമതലകളും അന്ന് ഉണ്ണികൃഷ്ണനെയാണ് കോണ്‍ഗ്രസ് അധ്യക്ഷ ഏല്‍പ്പിച്ചത്. അതിലൊന്ന് 1962ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബോംബെ നോര്‍ത്ത് മണ്ഡലത്തില്‍ മല്‍സരിച്ച വി.കെ കൃഷ്ണമേനോന്റെ തിരഞ്ഞെടുപ്പ് ചുമതലയായിരുന്നു. വളരെ പ്രമാദമായ മല്‍സരമാണ് അന്ന് നെഹ്‌റു മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന കൃഷ്ണമേനോനും എതിരാളി ആചാര്യ ജെ.ബി കൃപലാനിയും തമ്മില്‍ നടന്നത്. കൃഷ്ണമേനോന്‍ നെഹ്‌റുവിന്റെ വലംകൈയും മന്ത്രിസഭയിലെ രണ്ടാമനും ആയിരുന്നു. പ്രതിപക്ഷത്ത് മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വത്തിലും പലരുടെയും കണ്ണിലെ കരട്. കൃഷ്ണമേനോന്‍ തോറ്റാല്‍ അതു നെഹ്‌റുവിന്റെ കൂടി പരാജയമായി എണ്ണപ്പെടുമെന്ന് എല്ലാവര്‍ക്കും ബോധ്യമായിരുന്നു, നെഹ്‌റുവിനും അക്കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അതിനാല്‍, നെഹ്‌റു ബോംബെയിലെത്തി മേനോന് വേണ്ടി പ്രചാരണം നടത്തി. മേനോന്റെ വിമര്‍ശകര്‍ക്കെതിരേ ആഞ്ഞടിച്ചു.
മേനോന്റെ എതിരാളി ആള്‍ ചില്ലറക്കാരനായിരുന്നില്ല. കൃപലാനി അഖിലേന്ത്യാ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു ഒരുകാലത്ത്. സ്വാതന്ത്ര്യ സമരത്തില്‍ മുന്‍നിര പോരാളി. വലിയ ത്യാഗങ്ങളുടെ ഉടമ. തീവ്രമായ ദേശാഭിമാനം തുളുമ്പിനിന്ന വാഗ്ചാതുരി. സര്‍വോപരി ഗാന്ധിജിയുടെ വല്‍സല ശിഷ്യന്‍. സിന്ധിയായ അദ്ദേഹം ബിഹാറിലെ സീതാമാരി മണ്ഡലത്തില്‍ നിന്നാണ് പാര്‍ലമെന്റില്‍ വന്നത്. അതിനു മുമ്പ് മധ്യപ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ലോക്‌സഭയില്‍ എത്തിയ ദേശീയ നേതാവ്. ഇത്തവണ മേനോനെ വീഴ്ത്താനായി ബോംബെയിലേക്കു വന്നതാണ്.
അക്കാലത്തു ചൈനയുടെ കടന്നാക്രമണം പലപ്പോഴും ഹിമാലയന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
പലയിടത്തും അവര്‍ സൈനിക മുന്നേറ്റം നടത്തുകയും ചെയ്തു. പാര്‍ലമെന്റില്‍ കൃപലാനി ഒരിക്കല്‍ പറഞ്ഞത് 12,000 ചതുരശ്ര മൈല്‍ വരുന്ന ഇന്ത്യന്‍ മണ്ണ് ഒറ്റ വെടിയുണ്ട പോലും ചെലവാക്കാതെ ചൈനയ്ക്കു കൈമാറിയ പ്രതിരോധ മന്ത്രിയാണ് മേനോന്‍ എന്നാണ്. അതുതന്നെയാണ് അന്ന് തെരുവുകളിലും മുഴങ്ങിക്കേട്ടത്. കൃപലാനിയുടെ ജാഥകളില്‍ കേട്ട ഒരു ഈരടി ഇങ്ങനെയായിരുന്നു:
'ചീനി ഹംലാ ഹോത്തെ ഹൈന്‍,
മേനോന്‍ സാബ് സോത്തേ ഹൈന്‍,
സോനാ ഹൈ തോ സോനെ ദോ,
കൃപലാനിജി തോ ആനേ ദോ...!'
(അതിര്‍ത്തിയില്‍ ചൈന മുന്നേറുകയാണ്, മേനോന്‍ സാബ് ഉറങ്ങുകയും. ഉറങ്ങുന്നവര്‍ ഉറങ്ങട്ടെ, നാടിന്റെ രക്ഷയ്ക്ക് കൃപലാനിജിയെ വിളിക്കൂ...!)
കൃപലാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണം പൊടിപാറിയെങ്കിലും അവസാനം കൃഷ്ണമേനോന്‍ തന്നെയാണ് വിജയിച്ചത്. അരലക്ഷം വോട്ടിനാണ് മലയാളിയായ മേനോന്‍ ബോംബെയിലെ മല്‍സരത്തില്‍ വിജയിച്ചത്. പറഞ്ഞിട്ടെന്തു ഫലം? ആറു മാസം കഴിയും മുമ്പേ ചൈന വീണ്ടും കടന്നുകയറി. മേനോന് രാജിവയ്‌ക്കേണ്ടിയും വന്നു.
അങ്ങനെ ബോംബെയില്‍ പത്രപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒന്നിച്ചു മുന്നോട്ടു പോവുന്ന അവസരത്തിലാണ് 'മാതൃഭൂമി'യില്‍ നിന്നു വി.എം നായര്‍ വിളിക്കുന്നത്. അദ്ദേഹം അന്ന് പത്രത്തിന്റെ എം.ഡിയാണ്. ഡല്‍ഹിയില്‍ 'മാതൃഭൂമി'യുടെ ചീഫ് പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ആയി അങ്ങോട്ടു കളം മാറ്റാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഡല്‍ഹിയിലേക്കുള്ള മാറ്റം തരക്കേടില്ലാത്ത പരിപാടിയായി തോന്നിയതിനാല്‍ അതു സ്വീകരിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തി. അതാണ് പിന്നീട് കേരളത്തിലേക്കുള്ള തിരിച്ചുവരവിനു പശ്ചാത്തലമായത്.
1971ലെ തിരഞ്ഞെടുപ്പിലാണ് ഉണ്ണികൃഷ്ണന്‍ അപ്രതീക്ഷിതമായി കേരളത്തില്‍ അറ്റുവീഴുന്നത്. അന്ന് വടകരയില്‍ പാര്‍ലമെന്റ് മല്‍സരരംഗത്ത് ഇറങ്ങിക്കഴിഞ്ഞിരുന്ന ലീലാ ദാമോദര മേനോന് ഓര്‍ക്കാപ്പുറത്ത് ഇരുട്ടടിയായാണ് ഹൈക്കമാന്‍ഡ് നോമിനിയായി ഉണ്ണികൃഷ്ണന്‍ അവസാന നിമിഷം രംഗത്തെത്തുന്നത്. എതിര്‍ സ്ഥാനാര്‍ഥി സംഘടനാ കോണ്‍ഗ്രസ്സിലെ എ.വി രാഘവനെ മലര്‍ത്തിയടിച്ച ഉണ്ണികൃഷ്ണന്‍ പിന്നീടുള്ള ആറു തിരഞ്ഞെടുപ്പുകളിലും വടകരയില്‍ വിജയിയായി. അരങ്ങില്‍ ശ്രീധരന്‍ മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പല പ്രമുഖരെയും തോല്‍പ്പിച്ചു. 91ലെ ആ ഗംഭീര വിജയം കഴിഞ്ഞ് അധികകാലം കഴിഞ്ഞില്ല, ഉണ്ണികൃഷ്ണന്‍ വീണ്ടും കളം മാറി സോണിയ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തി. അതോടെ, ഇടതുപക്ഷം കൈവിട്ടു. അടുത്ത തിരഞ്ഞെടുപ്പില്‍, 1996ല്‍, സി.പി.എം നേതാവ് ഒ. ഭരതനോട് തോറ്റു മണ്ഡലം വിട്ടു. പിന്നീട് അദ്ദേഹം മല്‍സരരംഗത്തു വന്നിട്ടില്ല.
1980 മുതല്‍ ഒന്നരപ്പതിറ്റാണ്ടോളം നീണ്ടുനിന്ന ഈ ഇടതുബാന്ധവത്തെക്കുറിച്ച് ഇപ്പോഴും ഉണ്ണികൃഷ്ണനു നല്ല ഓര്‍മകള്‍ മാത്രമേ പങ്കുവയ്ക്കാനുള്ളൂ. ''അവര്‍ ഒരിക്കലും എന്റെ മേല്‍ ഒരു അധികാരപ്രയോഗവും നടത്തിയില്ല. മണ്ഡലത്തില്‍ അവരുടെ പ്രവര്‍ത്തകരുടെ പൂര്‍ണപിന്തുണ ഉണ്ടായിരുന്നു. പിന്നെ സി.പി.എം നേതാക്കളില്‍ ചിലരെങ്കിലും വിചാരിച്ചത് ഞാന്‍ വൈകാതെ അവരുടെ കൂടെ കൂടുമെന്നാണ്. സോവിയറ്റ് യൂനിയനൊക്കെ തകരുന്നതിനു മുമ്പുള്ള കാലമാണ് അത്. ഇ.എം.എസ് തീര്‍ച്ചയായും കരുതിയത് ഞാന്‍ അങ്ങോട്ടു പോവുമെന്നാണ്. പലരും അന്ന് അങ്ങോട്ടു പോയിട്ടുമുണ്ട്. അതായിരുന്നു അക്കാലം.''
മൊറാര്‍ജി ദേശായിയുടെ സംശയങ്ങള്‍
ആദ്യ മല്‍സരം 71ലാണെങ്കിലും ഉണ്ണികൃഷ്ണന്‍ അതിനു മുമ്പേ തിരഞ്ഞെടുപ്പു രംഗത്തുണ്ടായിരുന്നു. 1967ല്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കാമെന്നു കാമരാജ് പറഞ്ഞതാണ്. പക്ഷേ, കേരളത്തില്‍ നില്‍ക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. ആകെ തകര്‍ന്നു പരവശമായ അവസ്ഥയിലായിരുന്നു അന്ന് കേരളത്തില്‍ കോണ്‍ഗ്രസ്. അതിനാല്‍, വേറെ വല്ലേടത്തും പോര് എന്നാണ് കാമരാജ് പറഞ്ഞത്. മധ്യപ്രദേശില്‍ സീറ്റ് തരപ്പെടുത്താമെന്നു ഡി.പി മിശ്ര പറഞ്ഞു. പക്ഷേ, ഉണ്ണികൃഷ്ണന്റെ പേര് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ വന്നപ്പോള്‍ മൊറാര്‍ജി ദേശായി എതിര്‍ത്തു. ആരോ കാര്‍ന്നോരോട് ചില വര്‍ത്തമാനങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്ന് ഈ യുവനേതാവ് ആളത്ര ശരിയല്ല എന്നതാണ്. രണ്ടാണ് കുറ്റങ്ങള്‍. ഒന്ന്, ആള്‍ അല്‍പ്പം മദ്യസേവ ഉള്ളയാളാണ്. അമിതമല്ല, എന്നാലും സൂക്ഷിക്കണം. രണ്ടാമത്തെ ചാര്‍ജ് അതിലും കടുപ്പമാണ്. പുള്ളിക്കാരന്‍ നേരത്തേ സോഷ്യലിസ്റ്റ് ആയിരുന്നു. പക്ഷേ, കമ്മ്യൂണിസ്റ്റ് ആണെന്നു സംശയിക്കണം. കാരണം, ഇയാള്‍ വരുന്നത് കേരളത്തില്‍ നിന്നാണ്. 57ല്‍ കമ്മ്യൂണിസ്റ്റുകളെ അധികാരത്തിലേറ്റിയ കൂട്ടരാണ് മലയാളികള്‍. കമ്മ്യൂണിസ്റ്റുകള്‍ സി.ഐ.ഡികളെപ്പോലെ പല വേഷത്തില്‍ വരും. അതിനാല്‍, ഒരു കരുതല്‍ നല്ലതാണ്.
മദ്യസേവയുടെ കാര്യത്തില്‍ മൊറാര്‍ജി ഭയന്ന തരത്തില്‍ അത്രയൊന്നുമില്ലെങ്കിലും വൈകുന്നേരമായാല്‍ ഒന്നോ രണ്ടോ പെഗ് അകത്താക്കുന്ന പതിവ് തനിക്കുണ്ടായിരുന്നതായി ഉണ്ണികൃഷ്ണന്‍ സമ്മതിക്കുന്നു. അതു പത്രക്കാരനായ കാലം മുതല്‍ ഉള്ളതാണ്. പിന്നീട് ഒരവസരത്തില്‍ മൊറാര്‍ജി തന്നെ ഉണ്ണികൃഷ്ണനോട് ഇക്കാര്യം ചോദിച്ചു; 'ഉണ്ണി, യു സ്റ്റില്‍ ഡ്രിങ്ക്?' ഇടയ്‌ക്കൊക്കെ എന്ന് ഉണ്ണിയുടെ മറുപടി. 'എന്താ അതില്‍നിന്നു കിട്ടുന്ന ഗുണം' എന്ന് മൂത്രസേവയില്‍ അഭിരമിക്കുന്ന മൊറാര്‍ജി. 'അല്‍പ്പം വിശ്രമം, വിനോദം' എന്ന് ഉണ്ണി. 'എന്നാല്‍, നിങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട്, പെഗ്ഗടിച്ചാല്‍ റിലാക്‌സേഷനോ' എന്ന് മൊറാര്‍ജി. അക്കാലത്തു മൊറാര്‍ജി പ്രധാനമന്ത്രിയാണ്. ഉണ്ണികൃഷ്ണനെക്കുറിച്ച് അന്ന് കാബിനറ്റിലുണ്ടായിരുന്ന രവീന്ദ്രവര്‍മയോട് മൊറാര്‍ജി പറഞ്ഞത് പക്ഷേ, ഇങ്ങനെയാണത്രേ: ''ആ പയ്യന്‍ സത്യം പറഞ്ഞു. പലരും അതു പറയാന്‍ മടിക്കുന്ന കൂട്ടരാണ്. സത്യം പറഞ്ഞല്ലോ, മിടുക്കന്‍.'' ഇതു രവീന്ദ്രവര്‍മ തന്നെയാണ് തന്നോട് പറഞ്ഞതെന്ന് ഉണ്ണികൃഷ്ണന്‍.
പക്ഷേ, രണ്ടാമത്തെ ആരോപണമാണ് പാര്‍ലമെന്ററി ബോര്‍ഡില്‍ പ്രശ്‌നമായത്. ഉണ്ണി ഇടതുപക്ഷ നിലപാടുള്ള ആളാണെന്നു നേതാക്കള്‍ക്കറിയാം. ലോകമെങ്ങും കമ്മ്യൂണിസ്റ്റ് വേട്ട നടക്കുന്ന കാലം. അമേരിക്കയില്‍ മക്കാര്‍ത്തിയുടെ കമ്മ്യൂണിസ്റ്റ് വേട്ടയില്‍ മനംനൊന്തു ചാര്‍ലി ചാപഌന്‍ പോലും നാടുവിട്ട നാളുകള്‍. മൊറാര്‍ജി എതിര്‍ത്തതോടെ ഉണ്ണിക്കു വേണ്ടി വാദിക്കാന്‍ ആളില്ലാതായി. സീറ്റ് കിട്ടിയതുമില്ല. യോഗം കഴിഞ്ഞു പുറത്തുവന്ന ഡി.പി മിശ്ര ഉണ്ണികൃഷ്ണനോട് പറഞ്ഞു: ''ക്യാ, സുനാ ഹൈ തും ബഡാ കമ്മ്യൂണിസ്റ്റ് ഹൈ...?''
അതോടെ, മല്‍സരമോഹം കെട്ടിപ്പൂട്ടിവച്ചു. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും രാഷ്ട്രീയരംഗം ആകെ മാറിയിരുന്നു. മൊറാര്‍ജിയും അദ്ദേഹത്തിന്റെ സിന്‍ഡിക്കേറ്റ് സംഘവും കോണ്‍ഗ്രസ്സിനു പുറത്തായി.
പിളര്‍പ്പിനു ശേഷം
1969ലാണ് പാര്‍ട്ടിയില്‍ പിളര്‍പ്പ് വന്നത്. ഒരു ഭാഗത്ത് ഇന്ദിര; മറുഭാഗത്ത് മൊറാര്‍ജിയും നിജലിംഗപ്പയും കാമരാജുമടക്കം വന്‍തോക്കുകള്‍. ബലപരീക്ഷണം നടന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പേരിലാണ്. അന്ന് പ്രധാനമന്ത്രി ഇന്ദിര പിന്തുണച്ചത് വി.വി ഗിരിയെ. മറുപക്ഷം നീലം സഞ്ജീവ റെഡ്ഡിയെയും. ഇടതുപക്ഷവും കോണ്‍ഗ്രസ് യുവതുര്‍ക്കികളും ഇന്ദിരയെ പിന്തുണയ്ച്ചു. വാശിയേറിയ മല്‍സരത്തില്‍ വി.വി ഗിരി വിജയിച്ചു. അതോടെ, മറുപക്ഷം സംഘടനാ കോണ്‍ഗ്രസ് എന്നപേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങി. ഇന്ദിരയുടെ സംഘത്തില്‍ അധികവും യുവജനങ്ങള്‍. ബാബു ജഗ്ജീവന്‍ റാം പാര്‍ട്ടി അധ്യക്ഷന്‍. ചന്ദ്രശേഖറും കൃഷ്ണകാന്തും മോഹന്‍ ധരിയയും ഉണ്ണികൃഷ്ണനുമെല്ലാം അടങ്ങിയ യുവതുര്‍ക്കികള്‍ ഇന്ദിരയുടെ കാലാള്‍പ്പട.
വൈകാതെ തിരഞ്ഞെടുപ്പ് വീണ്ടുമെത്തി, 71ല്‍. ഇത്തവണ സീറ്റ് ചോദിച്ചുചെന്നത് ഇന്ദിരയുടെ അടുത്ത്. അവര്‍ക്ക് വിരോധമില്ല. ''പക്ഷേ, ബാബുജിയോട് പറയുന്നത് നല്ലതാണ്. അങ്ങേര് പ്രശ്‌നം ഉണ്ടാക്കിയാല്‍ കാര്യം കുഴപ്പത്തിലാവും.'' ഇന്ദിരയുടെ ഉപദേശം കേട്ടു നേരെ ജഗ്ജീവന്‍ റാമിനെ ചെന്നു കണ്ടു. അദ്ദേഹം തലയാട്ടി, ഒന്നും മിണ്ടിയില്ല. പക്ഷേ, സീറ്റ് കിട്ടി. അതിനു കാരണക്കാര്‍ സിദ്ധാര്‍ഥ് ശങ്കര്‍ റായ്, ചന്ദ്രശേഖര്‍, പി.എന്‍ ഹക്‌സര്‍ തുടങ്ങിയ ഇന്ദിരയുടെ മുഖ്യ ഉപദേശകര്‍.
ഇന്ദിരയുമായുള്ള ബന്ധത്തെപ്പറ്റി ഉണ്ണികൃഷ്ണന് പറയാന്‍ ഒരുപാടുണ്ട്. 59ല്‍ അവര്‍ എ.ഐ.സി.സി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട കാലം മുതലെയുള്ള ബന്ധമാണ്. അന്ന് ബോംബെയില്‍ നിന്ന് എസ്.കെ പാട്ടീലും മൊറാര്‍ജിയും അടക്കമുളള കൊമ്പന്മാരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ എ.ഐ.സി.സി അംഗമാണ് മലയാളിയായ ഉണ്ണി. അതിനാല്‍, ഇന്ദിരയോട് സവിശേഷമായ ഒരു ആത്മബന്ധം വളര്‍ന്നുവന്നു. പിന്നീട് അടിയന്തരാവസ്ഥ വന്നു, ഇന്ദിരാ വിമര്‍ശകനായി. രാഷ്ട്രീയമായി എതിര്‍ചേരിയിലായി. പക്ഷേ, താന്‍ ഒരിക്കലും ഇന്ദിരയുമായി വ്യക്തിതലത്തില്‍ അങ്ങനെ പിരിഞ്ഞില്ലെന്ന് ഉണ്ണികൃഷ്ണന്‍.
അവസരം നോക്കി നിലപാട് മാറ്റിയ ആന്റണി
വേറെ പലരും അവസരം നോക്കി നിലപാടു മാറ്റി. അതിലൊരാള്‍ ആദര്‍ശധീരനായ ആന്റണിയാണെന്നു തുറന്നുപറയാന്‍ ഉണ്ണികൃഷ്ണനു മടിയില്ല. അദ്ദേഹം അടിയന്തരാവസ്ഥ അവസാനിച്ച ശേഷം നടന്ന ഒരു പാര്‍ട്ടി യോഗത്തിലെ അനുഭവം ഓര്‍മിക്കുന്നു. ഇന്ദിരയും സഞ്ജയനും തോറ്റതോടെ പാര്‍ട്ടിയില്‍ വലിയ വിമര്‍ശനമായി. പലരും പരസ്യമായി ഇന്ദിരയ്‌ക്കെതിരേ തിരിഞ്ഞു. പാര്‍ട്ടി ഒരിക്കല്‍ക്കൂടി പിളര്‍ന്നു. ആ സമയത്താണ് ചിക്മഗലൂര്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. ഇന്ദിര സ്ഥാനാര്‍ഥി. സ്വരണ്‍സിങ് അധ്യക്ഷത വഹിച്ച ഒരു യോഗത്തില്‍ വിഷയം ചര്‍ച്ചയായി. ഇന്ദിരയെ പിന്തുണയ്ക്കാന്‍ ആ യോഗമാണ് തീരുമാനിച്ചത്. യോഗത്തില്‍ ആന്റണിയും ഉണ്ടായിരുന്നു. എതിര്‍ത്ത് ഒരക്ഷരം അവിടെ പറഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞു തിരുവനന്തപുരത്തു ചെന്നാണ് ആന്റണി വെടി പൊട്ടിച്ചത്. തീരുമാനം ശരിയല്ല, പാര്‍ട്ടി നിലപാട് തെറ്റ്, അങ്ങനെ, ഇങ്ങനെ എന്നൊക്കെ പറഞ്ഞ് അദ്ദേഹം കത്തിക്കയറി. പാര്‍ട്ടിയില്‍ നിന്നു രാജിയും പ്രഖ്യാപിച്ചു. നേരെ ചെന്നുകയറിയത് കേരളത്തിലെ ഇടതു മുന്നണിയില്‍. നായനാര്‍ മന്ത്രിസഭയില്‍ അംഗത്വം. അപ്പോഴേക്കും ദേശീയതലത്തില്‍ കാറ്റ് മാറിവീശി. ഇന്ദിര വീണ്ടും അധികാരത്തിലെത്തി. ഇടതു മുന്നണിയില്‍ ആന്റണിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. പല കാരണം പറഞ്ഞു നായനാര്‍ മന്ത്രിസഭയില്‍ നിന്നു പുറത്തു ചാടി. എറണാകുളത്തു ലയനസമ്മേളനം.
ഇന്ദിരാഗാന്ധിയോടൊത്തുള്ള നാളുകള്‍
ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന കാലം ഇന്ദിരയുടെ അടുത്ത അനുയായിയായും പിന്നെ വിമര്‍ശകനായുമാണ് കഴിഞ്ഞുപോയത്. അവര്‍ 75 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനു വേണ്ട ഔദ്യോഗിക രേഖ തയ്യാറാക്കിയത് ഉണ്�
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT