Editorial

നീതിപീഠങ്ങളുടെ സമീപകാല ഇടപെടലുകള്‍ പ്രതീക്ഷയേകുന്നു

നീതിപീഠങ്ങളുടെ സമീപകാല ഇടപെടലുകള്‍ പ്രതീക്ഷയേകുന്നു
X

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണനയ്‌ക്കെടുത്ത വേളയില്‍ ആഗസ്ത് അഞ്ചാം തിയ്യതി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ ചൂണ്ടിക്കാട്ടിയ ചിലകാര്യങ്ങളുണ്ട്. സര്‍ക്കാരുകള്‍ക്കു മാത്രമേ വ്യാജ സോഫ്റ്റ് വെയര്‍ വില്‍ക്കുന്നുള്ളുവെന്ന് ഇസ്രായേല്‍ കമ്പനിയുടെ അറിയിപ്പ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നുള്ളതായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. രണ്ടാമത്തേത് ഫോണ്‍ ചോര്‍ത്തല്‍ റിപോര്‍ട്ടുകള്‍ ശരിയെങ്കില്‍ വിഷയം ഗൗരവമേറിയതാണെന്നുള്ളതാണ്. മറ്റൊന്ന് പട്ടികയില്‍ ആരൊക്കെയുണ്ടെന്നുള്ളത് തങ്ങള്‍ക്ക് അറിയില്ല, പക്ഷേ, സത്യം പുറത്തു കൊണ്ടുവരണമെന്നുള്ളതായിരുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം ഹരജികളിലാവശ്യപ്പെട്ടതുപോലൊരു അന്വേഷണം സാധ്യമല്ലെന്നു പറഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരുടെ വ്യക്തിത്വത്തെയും ഉദ്ദേശ്യശുദ്ധിയെയും അങ്ങേയറ്റം മാനിച്ചു. വിഷയത്തില്‍ മാധ്യമ റിപോര്‍ട്ടുകള്‍ക്കപ്പുറം പരിശോധിച്ച് ഉറപ്പിക്കാന്‍ കഴിയുന്ന തെളിവുകള്‍ വേണം. അത്തരം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിവുള്ളവരും രാജ്യാന്തര ബന്ധമുള്ളവരുമാണ് ഹരജിക്കാരെല്ലാം. കോടതിക്കു മുന്നില്‍ ശക്തമായ തെളിവുകള്‍ കൊണ്ടുവരാന്‍, വാദം നിരത്താന്‍ ഹരജിക്കാര്‍ കഠിനാധ്വാനം ചെയ്യണം എന്നായിരുന്നു കോടതി ആത്മവിശ്വാസം പകര്‍ന്നത്. ഏതെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തിന്റെയോ മൗലികാവകാശങ്ങളുടെയോ പക്ഷത്തുനിന്നുള്ള വിധികളേക്കാളും നിലപാടുകളേക്കാളും ഒരു രാജ്യത്തെ സാധാരണ പൗരനെ കോടതികള്‍ പ്രചോദിപ്പിക്കുന്നത് ഭരണകൂടരാഷ്ട്രീയം പ്രതിക്കൂട്ടിലാവാന്‍ സാധ്യതയുള്ളപ്പോഴും അത് ജനപക്ഷത്തു നില്‍ക്കുമ്പോഴുമാണ്. മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ജനാധിപത്യ സ്ഥാപനങ്ങളെല്ലാം ഭരണകൂടത്തിന്റെ തൂണുകളായി കാലുമാറുകയാണോ എന്ന അരക്ഷിതാവസ്ഥയുടെ ചോദ്യമുയര്‍ന്ന ചില വര്‍ഷങ്ങളാണ് നമുക്കു മുന്നിലൂടെ കടന്നുപോയത്. ബാബരി മസ്ജിദ് ഭൂമിക്കേസില്‍ രാജ്യത്തെ സാമാന്യ ബോധമുള്ളവരെല്ലാം പ്രതീക്ഷിച്ചത് കേന്ദ്ര ഭരണകൂട രാഷ്ട്രീയത്തെ ചോദ്യംചെയ്യും വിധമുള്ള ഒരു സ്വതന്ത്ര വിധിയായിരുന്നു. എന്നാല്‍ മതേതര ഇന്ത്യയെ നിരാശയുടെ പടുകുഴിയിലേക്കെടുത്തറിഞ്ഞ വിധിക്കു ശേഷം വിധികര്‍ത്താവ് താനിരുന്ന പദവിയുടെ ഔന്നത്യംപോലും മറന്ന് ഒരു ലജ്ജയുമില്ലാതെ ഭരണകൂടരാഷ്ട്രീയത്തിന്റെ പന്തിയില്‍ പോയി ഇരിപ്പുറപ്പിക്കുകയും ചെയ്തു. പൗരത്വം പോലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനത ആശയറ്റവരെപ്പോലെ മുഖത്തുനോക്കുമ്പോള്‍ ജനാധിപത്യബോധം തലകുനിച്ചു പിടിച്ചായിരുന്നു അന്നുമുതല്‍ ഇന്ത്യയില്‍ ജീവിച്ചുപോന്നത്. ജുഡീഷ്യറിയില്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സുപ്രിം കോടതി ജഡ്ജിമാര്‍ക്കു തന്നെ വാര്‍ത്താസമ്മേളനം നടത്തേണ്ടിവന്നപ്പോഴും അന്ധാളിച്ചുപോയത് നീതിപീഠത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ച സാമാന്യജനതയാണ്.

പൗരത്വ സമരവും കര്‍ഷകസമരവും പോലുള്ള ജനകീയപ്രക്ഷോഭങ്ങള്‍ക്കിടയിലും വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം ചാര്‍ത്തിക്കൊടുക്കുന്ന ഭരണകൂട നിലപാടുകള്‍ക്കിടയിലും ദേഹത്ത് മണ്ണുതൊടാത്ത ട്വിറ്റര്‍ വിമര്‍ശനം മാത്രമാണ് പ്രതിപക്ഷത്തിന്റെ ആയുധം. മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ കുഴലൂത്തുകാരും കൂലിയെഴുത്തുകാരുമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. സാമാന്യ ജനതയ്ക്ക് കോടതികളിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടിത്തുടങ്ങിയ ഘട്ടത്തിലാണ്, പെഗസസ് വിഷയത്തില്‍ മുകളില്‍ ചൂണ്ടിക്കാണിച്ചതുപോലുള്ള പരമോന്നത കോടതിയുടെ ചില ഇടപെടലുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നത്. 124 എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ സുപ്രിംകോടതി പരിഗണിച്ചതും കേന്ദ്രത്തിന്റെ അഭിപ്രായം തേടിയതും വര്‍ത്തമാനകാല രാഷ്ട്രീയാന്തരീക്ഷത്തില്‍ ചെറിയകാര്യമല്ല. ഹരജി പരിഗണിക്കുന്നതിനിടയില്‍ ഗാന്ധിജിയെ പോലുള്ള മഹാന്മാരായ നേതാക്കള്‍ക്കെതിരേ പോലും ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച ഈ വ്യവസ്ഥ ഇനിയും നമ്മള്‍ തുടരേണ്ടതുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് രമണ ചോദിച്ചത്. ഒരു വ്യക്തിയുടെ അന്തസ്സിനെയും വ്യക്തിസ്വാതന്ത്ര്യത്തെയും എത്രമാത്രം ഗൗരവത്തോടെ കോടതികാണുന്നുവെന്ന അഭിപ്രായം ഉയര്‍ത്തിയ ചോദ്യമായിരുന്നു അത്. ഭരണകൂട രാഷ്ട്രീയത്തോട് വിധേയത്വം പുലര്‍ത്താതെ ജനപക്ഷ കോടതിയെന്ന പൊതുവികാരമുണര്‍ത്തിയ ഇടപെടലാണ് കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിലെ ജനവിരുദ്ധതയെ ചോദ്യം ചെയ്ത ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേത്. 18 വയസിനുമുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമെന്നു പ്രധാനമന്ത്രിക്കു പറയേണ്ടിവന്നത് വാക്‌സിന്‍ നയത്തിലെ ഗുരുതരവീഴ്ചകള്‍ ചൂണ്ടിക്കാട്ടി അതു തിരുത്തണമെന്ന് കോടതി പറഞ്ഞപ്പോഴാണ്. കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര സര്‍ക്കാര്‍ നീക്കിവച്ച 35,000 കോടിയുടെ കണക്ക് ബോധിപ്പിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. വാക്‌സിനുകള്‍ വാങ്ങിയതിന്റെ കണക്ക് ഉള്‍പ്പെടെ കുത്തിവയ്പുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ഹാജരാക്കണമെന്ന നിര്‍ദേശവും കോടതി പുറപ്പെടുവിച്ചു. 45 വയസ്സിനു താഴെയുള്ളവര്‍ക്കു സൗജന്യ വാക്‌സിന്‍ നല്‍കില്ലെന്ന കേന്ദ്ര നയം പ്രഥമദൃഷ്ട്യാ ഏകപക്ഷീയവും യുക്തിരഹിതവുമല്ലേയെന്നു കോടതി മുഖത്തടിച്ചപോലെ ചോദിച്ചു. സര്‍ക്കാര്‍ നയം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാകുമ്പോള്‍ കോടതിക്കു മിണ്ടാതിരിക്കാനാകില്ലെന്നും ഓര്‍മിപ്പിച്ച് കേന്ദ്ര നയത്തെ പ്രതിക്കൂട്ടിലാക്കി. ഇതോടെ വാക്‌സിന്‍ നയം മാറ്റുകയല്ലാതെ മോദി സര്‍ക്കാരിന് മറ്റു മാര്‍ഗമില്ലായിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലുമൊക്കെ വാക്‌സിന്‍ സൗജന്യമായി അനുവദിച്ച പ്രധാനമന്ത്രിക്കു നന്ദി എന്നെഴുതിയ ബാനറുകളുയര്‍ത്താന്‍ വകുപ്പു തലവന്‍മാരെക്കൊണ്ട് ഉത്തരവുകള്‍ വരെ ഇറക്കിച്ച ഭരണകൂടത്തിനപ്പുറം സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങള്‍ ആത്മാര്‍ഥമായി നന്ദി അറിയിച്ചത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനായിരുന്നു എന്നുമാത്രം.

2022 നവംബര്‍ മുതല്‍ 2024 വരെ, ചീഫ് ജസ്റ്റിസ് ആവേണ്ടത് ഡി വൈ ചന്ദ്രചൂഡാണ്. സംഘപരിവാര ഭരണകൂടം ലൗജിഹാദ് ആരോപിച്ച് ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയാ കേസിലും ശബരിമല യുവതീ പ്രവേശന കേസിലുമെല്ലാം നിര്‍ണായക വിധികള്‍ നടത്തിയ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി വരാനിരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വലിയ വില ലഭിക്കുന്നൊരു കാലമാവുമെന്നു കരുതുന്നതില്‍ വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ അപാകതയില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തി ആളുകളെ ജയിലിലാക്കുന്ന ഭരണകൂട പ്രവണത വര്‍ധിച്ചതോടെ നിയമത്തിന് പരിധി നിര്‍വചിക്കേണ്ടി വരുമെന്ന് വിലയിരുത്തിയതും ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരുന്നു. രണ്ടു ചാനലുകള്‍ക്കെതിരേ ആന്ധ്രപ്രദേശില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി തടഞ്ഞു കൊണ്ടായിരുന്നു ആ വിലയിരുത്തല്‍. പ്രഥമദൃഷ്ട്യാ തന്നെ ആന്ധ്രാ പോലിസിന്റെ നടപടി മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള ശ്രമമാണെന്നും ബെഞ്ച് വിലയിരുത്തി. വിമര്‍ശനങ്ങളോടുള്ള ഭരണകൂട അസഹിഷ്ണുതയെ നിശിതമായി പരിഹസിക്കാനും കോടതി മറന്നില്ല. യുപിയില്‍ കൊവിഡ് ബാധിതന്റെ മൃതദേഹം നദിയിലേക്കു വലിച്ചെറിയുന്ന ദൃശ്യം കാണിച്ച ടിവി ചാനലിനെതിരേ ആവുമോ അടുത്ത രാജ്യദ്രോഹക്കുറ്റം ചുമത്തല്‍ എന്നായിരുന്നു കോടതിയുടെ പരിഹാസം. സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന വിമര്‍ശനങ്ങളുടെയും പ്രതികരണങ്ങളുടെയും പേരില്‍ ജയില്‍ ശിക്ഷ നല്‍കുന്ന ഐടി നിയമത്തിലെ 66ാം വകുപ്പ് പ്രയോഗിക്കുന്നത് ഇനിയും തുടരാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത് ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയാണ്. 2015ല്‍ ഈനിയമം ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച് കോടതി റദ്ദാക്കിയിട്ടും അതിപ്പോഴും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം പലരും മറന്നുപോയപ്പോഴാണ് കോടതി ശബ്ദമുയര്‍ത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കു കീഴില്‍ പുതിയ സഹകരണമന്ത്രാലയം തുടങ്ങി മോദിസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കൈകടത്തി സഹകരണസ്ഥാപനങ്ങളെ തകര്‍ക്കുമെന്ന ആശങ്ക ഉയര്‍ന്ന ഘട്ടത്തിലാണ് ജൂലൈ 20ലെ വിധിയില്‍ ഭരണഘടനയുടെ 97ാം ഭേദഗതി സുപ്രിം കോടതി ഭാഗികമായി റദ്ദാക്കിത്. ഇതോടെ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മാണം കേന്ദ്ര സര്‍ക്കാരിന് ഒറ്റയ്ക്കു സാധ്യമല്ലെന്ന അവസ്ഥ വന്നു. കേരളത്തിലെ കുപ്രസിദ്ധമായ നിയമസഭാ കൈയാങ്കളിക്കേസില്‍ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ആറുപ്രതികളും വിചാരണ നേരിടണമെന്ന് അസന്ദിഗ്ധമായി ഉത്തരവിട്ട സുപ്രിം കോടതി ക്രിമിനല്‍ പ്രവൃത്തികള്‍ എംഎല്‍എ മാരുടെ സ്വാതന്ത്ര്യത്തില്‍ വരില്ലെന്നും, എംഎല്‍എമാരുടെ അവകാശം തുല്യതയ്ക്കു മുകളിലല്ലെന്നും വിധിച്ചു. മാത്രമല്ല പൊതുമുതല്‍ നശിപ്പിക്കല്‍ സഭയിലെ അവകാശത്തിന്റെ ഭാഗമല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. ഇങ്ങനെ കോടതികള്‍ ഭരണഘടനയും നിലവിലുള്ള ശിക്ഷാ നിയമങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന വിധികളും നിരീക്ഷണങ്ങളും നടത്തുമ്പോള്‍ ഒരു ജനതയ്ക്ക് ആ രാജ്യത്തെ ജുഡീഷ്യറിയിലുള്ള പ്രതീക്ഷയും വിശ്വാസവും വര്‍ധിക്കുക സ്വാഭാവികമാണ്. ഭരണകൂടത്തേക്കാള്‍ വലിയൊരു ശത്രുവിനെ തനിക്ക് നേരിടാനില്ലെന്ന് അനുഭവങ്ങള്‍കൊണ്ടു പഠിച്ച ഒരു ജനതയ്ക്ക് പ്രത്യേകിച്ചും നീതിപീഠങ്ങളുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഇടപെടലുകള്‍ നല്‍കുന്ന ആശ്വാസവും ആത്മവിശ്വാസവും ഒട്ടും ചെറുതല്ല.

The recent intervention of the judiciary is hopeful

Next Story

RELATED STORIES

Share it