Editorial

ദുരന്തമാകുന്ന ഇന്ത്യന്‍ ജനാധിപത്യം

ദുരന്തമാകുന്ന ഇന്ത്യന്‍ ജനാധിപത്യം
X

സ്റ്റാന്‍സ്വാമിയുടെ മരണം ഇന്ത്യന്‍ രാഷ്ട്രീയസംവിധാനത്തിന്റെ ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജാര്‍ഖണ്ഡിലെ ഖനന മാഫിയകളുടെയും അദാനിയെപ്പോലുള്ള കഴുത്തറപ്പന്‍ കോര്‍പറേറ്റുകളുടെയും ചൂഷണത്തിനെതിരേ ഒരു ജീവിതകാലം മുഴുവന്‍ പോരാടിയ ആത്മീയപ്രവര്‍ത്തകനായിരുന്നു സ്റ്റാന്‍ സ്വാമി. അദ്ദേഹത്തിന് ആത്മീയതയും പൊതുപ്രവര്‍ത്തനവും വ്യത്യസ്തമായിരുന്നില്ല. പോരാട്ടത്തിന്റെ വഴിയല്ലാതെ മറ്റൊന്നുമല്ല, ക്രിസ്തുവിന്റെ വഴിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അത് ഉറക്കെപ്പറയാനും മടികാണിച്ചില്ല.

ആദിവാസി യുവാക്കളെ മാവോവാദികളെന്ന് മുദ്രകുത്തിയപ്പോള്‍ ഭരണകൂടത്തിന്റെ കള്ളക്കളികളെ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം ജയിലുകള്‍ കയറിയിറങ്ങി. നിരപരാധികളുടെ പേരുവിവരങ്ങള്‍ പൊതുസമൂഹത്തിനും ജയിലധികാരികള്‍ക്കും മനുഷ്യാവകാശകമ്മീഷനുകള്‍ക്കും കോടതികള്‍ക്കും മുന്നിലെത്തിച്ചു. നിരവധി പേര്‍ക്ക് ജീവിതം തിരിച്ചുകിട്ടിയ വഴി അതായിരുന്നു.

സ്റ്റാന്‍ സ്വമിയെന്ന ആ പുരോഹിതന്‍ കോര്‍പറേറ്റുകള്‍ക്ക് കണ്ണില്‍ കരടായത് മറ്റൊന്നും കൊണ്ടല്ല. അനാരോഗ്യവാനായിട്ടും കൊവിഡ് ബാധിതനായിട്ടും അദ്ദേഹത്തെ സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ചങ്ങലക്കിട്ടു. ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മുറിയില്‍ പൊടുന്നനെ ആ വാര്‍ത്ത എത്തി. സ്റ്റാന്‍സ്വാമി മരിച്ചു. നിങ്ങളുടെ ദയക്ക് കാത്തുനില്‍ക്കാതെ സ്റ്റാന്‍സ്വാമി മോചിതനായെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നമ്മുടെ നീതിന്യാസ സംവിധാനം ആത്മപരിശോധന നടത്തേണ്ട സന്ദര്‍ഭമാണ്. ഇത്.

ഭീമ കൊറെഗാവ്, എല്‍ഗാര്‍ പരിഷത്ത് കേസിലാണ് സ്റ്റാന്‍ സ്വാമിയെന്ന 84 കാരനെ പോലിസ് പ്രതിചേര്‍ത്തത്. രാജ്യത്തെ ബുദ്ധിജീവികളെയും ആക്റ്റിവിസ്റ്റുകളെയും കള്ളക്കേസില്‍ കുടുക്കി നിശ്ശബ്ദരാക്കുന്ന ഒരു ആയുധം മാത്രമാണ് കുപ്രസിദ്ധമായ ഭീമ കൊറൊഗാവ് കേസ്. രാജ്യത്തെ ഏത് മേഖലയിലെ ഏത് പ്രവര്‍ത്തകനെയും ഏത് ആശയക്കാരനെയും പൂട്ടാവുന്ന ഒരു സംവിധാനം. അതിന്റെ അവസാന ഇരയാണ് സ്റ്റാന്‍സ്വാമി. ഭീമ കൊറെഗാവില്‍ ജീവിതത്തില്‍ ഒരുക്കലും സന്ദര്‍ശിക്കാത്ത ആളാണ് സ്റ്റാന്‍ സ്വാമി. എന്നിട്ടും അദ്ദേഹം ആ കേസില്‍ ആദ്യം ജീവന്‍ നഷ്ടപ്പെടുന്ന ആളായി. തടവിലിരുന്ന ഒമ്പതു മാസക്കാലം അദ്ദേഹത്തെ ഈ കേസില്‍ ഒരിക്കല്‍ പോലും ചോദ്യം ചെയ്തിട്ടില്ല. അദ്ദേഹത്തെ തടവിലിടുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും സര്‍ക്കാരിനില്ലെന്ന് വ്യക്തം. ഇതുവഴി സ്റ്റാന്‍സ്വാമിയെ മാത്രമല്ല, സമാനമായി ചിന്തിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പും ഭീഷണിയുമാണ് ഇത്.

ഇതിനെതിരേ ജനങ്ങള്‍ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചുകൂടാ. പ്രതികരിക്കാന്‍ പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങള്‍ തടസ്സമായിക്കൂടെന്നും നാം തിരിച്ചറിയണം. സ്റ്റാന്‍സ്വാമിയുടെ മരണം ഭരണകൂട കൊലപാതകമാണെന്ന് പറയുന്നതും മറ്റൊന്നും കൊണ്ടല്ല.

Next Story

RELATED STORIES

Share it