Top

സംഘപരിവാര്‍ ചരിത്രസത്യങ്ങളെ പേടിക്കുന്നതെന്തു കൊണ്ട്...?

ഷാജ് ഹമീദ് മുണ്ടക്കയം അജ്മാന്‍, യുഎഇ

സംഘപരിവാര്‍ ചരിത്രസത്യങ്ങളെ പേടിക്കുന്നതെന്തു കൊണ്ട്...?
X

സംഘപരിവാര്‍ ചരിത്രസത്യങ്ങളെ പേടിക്കുന്നതെന്തുകൊണ്ട്...?

രിത്ര യാഥാര്‍ഥ്യങ്ങള്‍ സംഘപരിവാറിന് എന്നും അലര്‍ജിയാണ്. സത്യസന്ധമായ ചരിത്രം പറഞ്ഞ സിനിമകളും, പുസ്തകങ്ങളും, നാടകങ്ങളുമെന്നും വേണ്ട, എല്ലാ കലാസൃഷ്ടികളും സംഘപരിവാര്‍ സംഘടനകളുടെ രൂക്ഷമായ ആക്രമണങ്ങള്‍ക്കിരയായിട്ടുണ്ട്. എന്തുകൊണ്ടാണ് സംഘപരിവാര്‍ ആശയക്കാര്‍ ചരിത്രത്തെ ഇത്രമാത്രം ഭയക്കുകയും, വ്യാജകഥകള്‍ ചമച്ച് ചരിത്രത്തെ തങ്ങളുടെ വരുതിക്ക് ആക്കുവാനും ശ്രമിക്കുന്നത്? സ്വന്തം ചരിത്രത്തില്‍ അഭിമാനിക്കത്തക്കവണ്ണം ഒന്നുമില്ലാത്തവന്റെ അസൂയക്കും നാണക്കേടിനുമപ്പുറം, സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാജ്യത്തിന്റെ ഒരുപ്രധാനവ്യായാമം കൂടിയാണ് യഥാര്‍ഥ ചരിത്രത്തെ തിരസ്‌കരിക്കാനും, ഇല്ലാത്ത ചരിത്രത്തെ പകരമായി സൃഷ്ടിച്ചെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെചരിത്രത്തെ കുറിച്ച് ഇറങ്ങാനിരിക്കുന്ന സിനിമയുടെ പേരിലുള്ള ഹാലിളക്കത്തിന് കാരണവും മറ്റൊന്നല്ല. ദശകങ്ങളായി സംഘപരിവാറിന് കേരളത്തിലെ ഹിന്ദുക്കളില്‍ ചിലരെയെങ്കിലും ഒപ്പംകൂട്ടാന്‍ സഹായിച്ചിട്ടുള്ള കള്ളക്കഥയാണ് 1921ലെ 'മാപ്പിളലഹള' എന്ന കറവപ്പശു. സ്‌റ്റേജ് കെട്ടി മൈക്കിലൂടെ പച്ചവര്‍ഗീയത വിളമ്പി ആര്‍എസ്എസ്-ബിജെപി അക്രമികളെക്കൊണ്ട് കൊലക്കത്തിയെടുപ്പിക്കുന്ന ശശികല മുതല്‍, ഫേസ്ബുക്കില്‍ വ്യാജ ഐഡികള്‍ക്കു പിന്നില്‍ ഒളിച്ചിരുന്നുകൊണ്ട് തുച്ഛമായ പ്രതിഫലം പറ്റി നാട് മുടിപ്പിക്കുന്ന ബിജെപി ഐടി സെല്‍ പോരാളിവരെ സജീവമായി പ്രചരിപ്പിക്കുന്ന ഈ കള്ളക്കഥയാണ് 'ഹിന്ദുവിനെ ഉണര്‍ത്താന്‍' കിണഞ്ഞു ശ്രമിക്കുന്നതിന് അവരുടെപ്രധാന കൈമുതല്‍. 'കലിപൂണ്ട മാപ്പിളമാര്‍ ഹിന്ദുഭവനങ്ങളിലേക്ക് ഇരച്ചുകയറി ബലാല്‍സംഗവും കൊള്ളയും അഴിച്ചുവിട്ടു' എന്നതാണ് ഒരു ശരാശരി സംഘപരിവാര്‍ അനുഭാവി മനസ്സിലാക്കിയ 1921ലെ മലബാര്‍ വിപ്ലവം. യാതൊരു ചരിത്രവസ്തുതകളുടെയും പിന്‍ബലമില്ലാതെ, വര്‍ഗീയത മാത്രം പറഞ്ഞു തങ്ങളുടെ വോട്ടും കീശയും വീര്‍പ്പിക്കാന്‍ വേണ്ടിയാണ് ബിജെപിയും ആര്‍എസ്എസും മറ്റു പരിവാര്‍ സംഘടനകളും ഈകള്ളം തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഈപുതിയ സിനിമ പ്രഖ്യാപിച്ചതോടെ, അവര്‍ ഭയന്നതുതന്നെ സംഭവിച്ചു. യഥാര്‍ഥ ചരിത്രം ചര്‍ച്ച ചെയ്യപ്പെടുമെന്നും, കാലങ്ങളായി തങ്ങള്‍ നിര്‍മിച്ചെടുത്ത വ്യാജചരിത്രം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമെന്നും അവര്‍ ഭയപ്പെട്ടു.

അവരുടെ ഭയം അസ്ഥാനത്തായിരുന്നില്ലതാനും. ചാനലുകളില്‍ വന്നിരുന്നും, സോഷ്യല്‍ മീഡിയയിലൂടെയും സിനിമയോടുള്ള എതിര്‍പ്പിനെ ന്യായീകരിച്ച സകല ബിജെപി-ആര്‍എസ്എസ് ഹിന്ദു ഐക്യവേദി നേതാക്കളുടെയും വാദഗതികള്‍ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ പൊളിക്കപ്പെട്ടു. ഇത്പരിവാറുകാരെ കൂടുതല്‍ ആശങ്കയിലാക്കി. എത്രദുര്‍ബലമായ വാദങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു തങ്ങള്‍ മലബാര്‍ വിപ്ലവത്തെ കേവലമൊരു വര്‍ഗീയകലാപമായി ചിത്രീകരിച്ചിരുന്നതെന്നു നേതാക്കള്‍ക്ക് തന്നെ ബോധ്യമായി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കറകളഞ്ഞ ഒരു സ്വാതന്ത്ര്യസമരസേനാനി ആയിരുന്നുവെന്നും, അദ്ദേഹം ആഹ്വാനം ചെയ്തു നേതൃത്വം കൊടുത്ത സായുധസമരം ബ്രിട്ടീഷ് അധിനിവേശകര്‍ക്കെതിരെയായിരുന്നുവെന്നും, ബ്രിട്ടീഷുകാരുടെ പാദസേവകരായി വര്‍ത്തിച്ച്, കുടിയാന്മാരെ ചൂഷണംചെയ്ത ജന്മിമാരെ ഹിന്ദു-മുസ് ലിം വ്യത്യാസമില്ലാതെ അദ്ദേഹം ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കിയിരുന്നുവെന്നും, അദ്ദേഹത്തിന്റെ സംഘത്തില്‍ നേതൃസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഹിന്ദുക്കള്‍ ഉണ്ടായിരുന്നുവെന്നും മാത്രമല്ല, ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സമരത്തിന് ഹിന്ദുവിരുദ്ധ ഭാവം കൈവന്നപ്പോള്‍ അദ്ദേഹം അതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കാരണക്കാരായ മുസ് ലിംകള്‍ക്ക് കഠിനശിക്ഷകള്‍ നല്‍കയിരുന്നെന്നും, അതൊരിക്കലും ഒരു വര്‍ഗീയ കലാപമായി മാറാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം നിരന്തരം ദേശീയ സ്വാതന്ത്ര്യ സമരനേതാക്കള്‍ക്ക് ഉറപ്പുകൊടുത്തിരുന്നതായും മറ്റുമുള്ള ചരിത്രസത്യങ്ങള്‍ പുതിയ വിവാദങ്ങള്‍ക്കുശേഷം ഉണ്ടായചര്‍ച്ചകള്‍ കൊണ്ട്മാത്രം ഈ ഏതാനം ദിവസങ്ങള്‍ക്കിടയില്‍ പൊതുസമൂഹത്തിനു ബോധ്യപ്പെട്ട കാര്യങ്ങളാണ്. സംഘപരിവാര്‍ നുണപ്രചാരകരുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് ഇത്തരത്തിലുള്ള ചരിത്രസത്യങ്ങളുടെ വെളിപ്പെടല്‍. അതുകൊണ്ട് തന്നെയാണ് അലി അക്ബര്‍ എന്ന മുസ് ലം നാമധാരിയായ സംഘപ്രവര്‍ത്തകനെ മുന്നില്‍നിര്‍ത്തി മറുപടി സിനിമ പ്രഖ്യാപിച്ചതും. ചരിത്രം വളച്ചൊടിക്കുന്നവിധം രാജ്യവ്യാപകമായി സംഘപരിവാറിന് വോട്ടായും നോട്ടായും ലാഭകരമായ കലാപങ്ങളായും എന്നും മികച്ച റിസല്‍ട്ട് നല്‍കിയിട്ടുള്ള പദ്ധതിയാണ് ഇന്ത്യയുടെ മുസ് ലിം ചരിത്രത്തിന്റെ വളച്ചൊടിക്കലും തമസ്‌കരണവും.

ചരിത്രത്തിലെ മുസ് ലിം ഭരണാധികാരികളെ ഹിന്ദു വിരുദ്ധരായി ചിത്രീകരിച്ച് വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ നേടിയെടുത്ത വേരോട്ടം നിസ്സാരമായി കാണാനാവില്ല. വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി ആദ്യമായി അധികാരത്തിലേറിയപ്പോള്‍ ആദ്യംചെയ്ത കാര്യങ്ങളിലൊന്നാണു മുരളി മനോഹര്‍ ജോഷിയെന്ന കൗശലക്കാരനെ മുന്നില്‍നിര്‍ത്തി കുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളിലെ ചരിത്രം കാവിവല്‍ക്കരിച്ചത്. അങ്ങനെ റോമിലാ ഥാപ്പറിനെയും കെ എന്‍ പണിക്കരെയും പോലുള്ള പ്രഗല്‍ഭരായ ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുസ്തകങ്ങളില്‍നിന്ന് കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന യഥാര്‍ഥ ചരിത്രങ്ങള്‍ മാറി വ്യാജ, വര്‍ഗീയ ചരിത്രങ്ങള്‍ പിറവികൊണ്ടു. ധീരനായ സ്വാതന്ത്ര്യ സമര യോദ്ധാവായ ടിപ്പുസുല്‍ത്താനും, മാതൃകാ ഭരണാധികാരിയായ ഔറംഗസീബും, കലാതല്‍പരനായ ഷാജഹാന്‍ ചക്രവര്‍ത്തിയുമെല്ലാം ഹിന്ദുവിരുദ്ധരും മുസ് ലിം മതഭ്രാന്തന്‍മാരും, ചോരക്കൊതിയന്‍മാരുമായി ചിത്രീകരിക്കപ്പെട്ടു. വിശ്വാസയോഗ്യമായ ഒരുചരിത്ര രേഖകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ലാതെ തന്നെ. അങ്ങനെ, തീവ്ര മുസ് ലിംവിരുദ്ധതയും വ്യാജചരിത്രങ്ങളും കുത്തിവച്ച് പുതുതലമുറകളില്‍ ആകമാനം ഇസ് ലാമോഫോബിയ വളര്‍ത്തി അധികാരത്തിലേക്കുള്ള പടികള്‍ അരക്കിട്ടുറപ്പിച്ചു. അതിന്റെയെല്ലാം ഫലം ഇന്ന് ഇന്ത്യന്‍ മുസ് ലിംകള്‍ ബിജെപി ഭരണത്തിനുകീഴില്‍ അനുഭവിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്നു. മുഗള്‍ രാജാക്കന്‍മാരെയും, ഗാന്ധിജി, നെഹ്‌റു തുടങ്ങിയ സ്വാതന്ത്ര്യ സമരസേനാനികളെയും സോണിയ, രാഹുല്‍ ഉള്‍പ്പടെ കോണ്‍ഗ്രസിലെ പുതുതലമുറക്കാരെയും പറ്റി സോഷ്യല്‍ മീഡിയയില്‍ ഐടി സെല്ലുകാര്‍ പടച്ചുവിടുന്ന നുണക്കഥകള്‍ യാതൊരു സങ്കോചവും കൂടാതെയാണ് ബിജെപി അനുഭാവികള്‍ മുതല്‍ അവരുടെ കേന്ദ്രമന്ത്രിമാര്‍ വരെയുള്ളവര്‍ പ്രചരിപ്പിക്കുന്നത്. നുണയാണെങ്കിലും, യുക്തിക്കു നിരക്കാത്ത കാര്യങ്ങളാണെങ്കിലും ബിജെപി നേതാക്കള്‍ ഇതെല്ലം ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ നാണമില്ലാതെവിളിച്ചുകൂവുന്നു. വേദകാലത്ത് വിമാനവും ഇന്റര്‍നെറ്റും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം കണ്ടുപിടിച്ചിരുന്നതായും, ഗോമൂത്രവും കാന്‍സറിനു രുന്നാണെന്നുമൊക്കെ ഒരു ഉളുപ്പുമില്ലാതെ എഴുന്നള്ളിക്കുന്നതിനു പിന്നിലെ വികാരം, ചരിത്രത്തില്‍ അഭിമാനിക്കാന്‍ ഒന്നുമില്ലാത്തതിന്റെ കോംപ്ലക്‌സ് അല്ലാതെ മറ്റൊന്നുമല്ല.

ഇന്ത്യയുടെ മുസ് ലിം ചരിത്രം തുടച്ചുമാറ്റപ്പെടേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്. മുഗള്‍ രാജാക്കന്മാരെയെല്ലാം ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കുന്ന തീവ്രഹൈന്ദവത കുത്തിവയ്ക്കപ്പെട്ടു. ഉന്‍മത്തരായ തങ്ങളുടെ കാലാളുകളെ ഉത്തേജിപ്പിച്ച് മുസ് ലിം വംശഹത്യയ് കളമൊരുക്കാന്‍ വേണ്ടി തന്നെയാണ്. ഇന്ത്യന്‍ നഗരങ്ങളുടെ മുഗള്‍ പാരമ്പര്യം വിളിച്ചോതുന്ന പേരുകള്‍ മാറ്റി പകരം ബ്രിട്ടീഷുകാരോടു കൂറുപുലര്‍ത്തി സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സ്വന്തം നേതാക്കളുടെ പേരുകള്‍ സ്ഥാപിക്കുന്നതിനും കാരണം മറ്റൊന്നുമല്ല. ചില നാട്ടുരാജാക്കന്മാര്‍ മുഗളരോട് തോറ്റ യുദ്ധങ്ങളുടെ ചരിത്രംപോലും നേരെതിരിച്ചു പ്രചരിപ്പിച്ചിട്ടാണ് ഇത്തരത്തിലെ ചില സാഹസങ്ങള്‍. ഇന്ത്യക്ക് ഒരു പുതിയ, വ്യാജചരിത്രം സ്ഥാപിക്കുന്ന തിരക്കിലാണ് സംഘപരിവാര്‍. ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നതായും, താജ്മഹല്‍-ഹിന്ദു ക്ഷേത്രമായിരുന്നതായും ആവര്‍ത്തിച്ചുപറയുന്നതും ഇങ്ങനെയില്ലാത്ത ചരിത്രവും പാരമ്പര്യവും ചുളുവില്‍ കൈക്കലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗംമാത്രം. തോന്നുംവിധം ചരിത്രം മാറ്റിയെഴുതാന്‍ സംഘപരിവാറിനെ അനുവദിച്ചുകൂടാ. അവരുടെ കുല്‍സിത ശ്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവട്ടെ 'വാരിയംകുന്നന്‍' എന്ന സിനിമ.


Next Story

RELATED STORIES

Share it