Articles

സംവരണം: സുപ്രിംകോടതി വിധി പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും; ആശങ്ക പ്രകടിപ്പിച്ച് പ്രമുഖര്‍

. പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഏതെങ്കിലും സമുദായത്തെ ചേര്‍ക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും അതുകഴിഞ്ഞാല്‍ പാര്‍ലമെന്റിനാണെന്നുമാണ് അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വിധിയില്‍ വ്യക്തമാക്കിയത്. ദേശീയ പിന്നാക്ക സമുദായ കമ്മീഷന്‍ സ്ഥാപിക്കാന്‍ കാരണമായ ഭരണഘടനയുടെ 102ാം ഭേദഗതി ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ തള്ളിക്കൊണ്ടാണ് ഭേദഗതി സുപ്രിംകോടതി ശരിവച്ചത്.

സംവരണം: സുപ്രിംകോടതി വിധി പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും; ആശങ്ക പ്രകടിപ്പിച്ച് പ്രമുഖര്‍
X

കോഴിക്കോട്: മറാത്താ സംവരണം റദ്ദുചെയ്യുന്നത് സംബന്ധമായ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വഴിവയ്ക്കുമെന്ന് വിലയിരുത്തല്‍. സാമൂഹികവും വിദ്യാഭാസപരവുമായി പിന്നാക്കമായ വിഭാഗങ്ങള്‍ക്കായുള്ള നിലവിലെ സംവരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് വിധിയെന്നാണ് ഈ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. മറാത്താ സംവരണ നിയമം റദ്ദുചെയ്തതോടൊപ്പം സംവരണ പരിധി 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയത്.

50 ശതമാനമെന്ന പരിധി ഭരണഘടനയുടെ ഒരു അനുച്ഛേദത്തിലുമില്ലാത്ത വ്യവസ്ഥയാണ്. മൈസൂര്‍ സംസ്ഥാനവും ബാലാജിയുമായുള്ള കേസിലെ വിധിയെത്തുടര്‍ന്നാണ് 50 ശതമാന പരിധി നിശ്ചയിക്കപ്പെട്ടത്. 1992ലെ ഇന്ദിരാ സാഹ്‌നി കേസില്‍ ഒമ്പതംഗ ബെഞ്ചിന്റെ വിധിയിലൂടെയും അതാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍, അസാധാരണ സാഹചര്യത്തില്‍ പരിധി മറികടക്കാമെന്നും പരാമര്‍ശങ്ങളുണ്ട്. എന്നാല്‍, 50 ശതമാനം പരമാവധി സംവരണ പരിധിയായി നിശ്ചയിച്ചത് അത് പാലിക്കാനാണെന്ന് മറാത്ത സംവരണ വിധിയില്‍ സുപ്രിംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. സാമൂഹികമായും വിദ്യാഭാസപരമായും പിന്നാക്കമായ വിഭാഗങ്ങളുടെ ഭരണഘടനാ അവകാശം ഹനിക്കപ്പെടുമോയെന്ന ആശങ്കയാണ് പിന്നാക്ക സമുദായ സംഘടനകളും സംവരണ സമുദായങ്ങളും ഉയര്‍ത്തുന്നത്.

ഹരജിയില്‍ വാദം നടക്കവെ 'സാമ്പത്തിക സംവരണം ഒഴികെയുള്ള എല്ലാ സവരണങ്ങളും അവസാനിച്ചേക്കാം' എന്ന ബെഞ്ചിന്റെ നിരീക്ഷണം നിലവിലെ ജാതി അധിഷ്ടിത സംവരണം അവസാനിപ്പിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മറാത്തകളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് വ്യക്തമായ സ്ഥിതിവിവരക്കണക്കുകളോ പഠനങ്ങളോ ഇല്ലാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 50 ശതമാനത്തിന് മുകളിലുള്ള സംവരണമാണ് സുപ്രിംകോടതി റദ്ദാക്കിയത്. 16(4) പ്രകാരമുള്ള മതിയായ പ്രാതിനിധ്യമില്ലെന്ന് തെളിയിക്കാനും മഹാരാഷ്ട്ര സര്‍ക്കാരിനും എസ്ഇബിസി കമ്മീഷനും കഴിഞ്ഞില്ല. ഇതോടെയാണ് ഇന്ദിരാ സാഹ്‌നി കേസിലെ വിധി ശരിവച്ച സുപ്രിംകോടതി മറാത്ത സംവരണം റദ്ദാക്കിയത്. മറാത്താ കേസിലെ വിധിയുടെ ചുവടുപിടിച്ച് 2019ലെ 103ാം ഭരണഘടനാ ഭേദഗതിയിലൂടെയുള്ള 10 ശതമാനം മുന്നാക്ക സാമ്പത്തിക സംവരണ തീരുമാനവും ഉത്തരവും ചട്ടങ്ങളും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

103ാം ഭരണഘടനാ ഭേദഗതി ചോദ്യംചെയ്ത ഹരജികളും സുപ്രിംകോടതിയുടെ പരിഗണനയിലാണ്. അതില്‍ വിധി വരുന്നതുവരെ സമ്പത്തിക സംവരണം ഇടത് സര്‍ക്കാര്‍ റദ്ദാക്കണമെന്നും പിന്നാക്ക സമുദായ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഏതെങ്കിലും സമുദായത്തെ ചേര്‍ക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും അതുകഴിഞ്ഞാല്‍ പാര്‍ലമെന്റിനാണെന്നുമാണ് അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വിധിയില്‍ വ്യക്തമാക്കിയത്. ദേശീയ പിന്നാക്ക സമുദായ കമ്മീഷന്‍ സ്ഥാപിക്കാന്‍ കാരണമായ ഭരണഘടനയുടെ 102ാം ഭേദഗതി ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ തള്ളിക്കൊണ്ടാണ് ഭേദഗതി സുപ്രിംകോടതി ശരിവച്ചത്.

ഇന്ദിരാ സാഹ്‌നി കേസിലെ ഒമ്പതംഗ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് എസ്ഇബിസി നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നത്. 102ാം ഭരണഘടനാ ഭേദഗതിയെത്തുടര്‍ന്ന് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നാണ് കോടതി വിധിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എസ്ഇബിസിയെ നിര്‍ണയിക്കാനും സംവരണത്തോത് നിശ്ചയിക്കാനുമുള്ള അവകാശം ദേശീയ കമ്മീഷന്റെ മറവില്‍ കേന്ദ്രം ഏറ്റെടുക്കുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദോഷകരവുമാവും. ഈ അധികാരാവകാശം കേന്ദ്രത്തിനു മാത്രമാവുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ഒരു സംസ്ഥാനത്തില്‍ പിന്നാക്കമായ സമുദായം ഇതര സംസ്ഥാനങ്ങളില്‍ മുന്നാക്കമായിരിക്കാം എന്നതുകൊണ്ടുതന്നെ സംസ്ഥാനാടിസ്ഥാനത്തില്‍ തന്നെയാണ് എസ്ഇബിസിയെ നിര്‍ണയിക്കേണ്ടതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫാഷിസ്റ്റ് സര്‍ക്കാരുകള്‍ ഇത്തരം അധികാരം രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരേയും വിനിയോഗിക്കുമെന്നതില്‍ തര്‍ക്കമില്ല. പൊതുവില്‍ സംവരണം സംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച പുതിയ വിധി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ ഭാവിയില്‍ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ത്തി സംവരണ സമുദായ, പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് നിരവധി പ്രമുഖരാണ് രംഗത്തുവന്നിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ ചുവടെ വായിക്കാം..

എന്‍ കെ അലി (മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) ജന. സെക്രട്ടറി)

കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ചടിത്തോളം അമിതാഹ്ലാദത്തിനോ പ്രതീക്ഷക്കോ വകയില്ലാത്തതാണ് മറാത്ത സംവരണവിധി. നാഗ്പൂര്‍ അജണ്ടയായ മുന്നാക്ക സവര്‍ണ സംവരണം സംബന്ധിച്ച 103ാം ഭരണഘടനാ ഭേദഗതി ചോദ്യംചെയ്ത് സുപ്രിംകോടതിയില്‍ രണ്ടുവര്‍ഷമായി കിടക്കുന്ന മുപ്പതോളം ഹരജികളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത കാലത്തോളം 102 ഉം 103 ഉം ഭരണഘടന ഭേദഗതികള്‍ ഇരുതലമൂര്‍ച്ചയുള്ള വാളാണ് പിന്നാക്കക്കാരന്റെ തലയ്ക്കുമുകളില്‍ തൂങ്ങുന്നത്. ഇത് മനസ്സിലാക്കിയും കണ്ടറിഞ്ഞും പിന്നാക്കവിഭാഗങ്ങളും പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങളും ബുദ്ധിപൂര്‍വം അവധാനതയോടെ സുപ്രിംകോടതിയെ സമീപിക്കുകയാണ് വേണ്ടത്.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എസ്ഇബിസിയെ നിര്‍ണയിക്കാനും സംവരണത്തോത് നിശ്ചയിക്കാനുമുള്ള അവകാശം ദേശീയ കമീഷന്റെ മറവില്‍ കേന്ദ്രം ഏറ്റെടുക്കുന്നത് 102ാം ഭരണഘടനാ ഭേദഗതി ശരിവയ്ക്കുന്നതും കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദോഷകരവുമാവും. ഇന്ദിരാ സാഹ്‌നി കേസിലെ ഒമ്പതംഗ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് എസ്ഇബിസി നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നത്. ഈ അധികാരാവകാശം കേന്ദ്രത്തിന് മാത്രമാവുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. ഒരു സംസ്ഥാനത്തില്‍ പിന്നാക്കമായ സമുദായം ഇതര സംസ്ഥാനങ്ങളില്‍ മുന്നാക്കമായിരിക്കാം എന്നതുകൊണ്ടുതന്നെ സംസ്ഥാനാടിസ്ഥാനത്തില്‍തന്നെയാണ് എസ്ഇബിസിയെ നിര്‍ണയിക്കേണ്ടത്. അഞ്ചംഗ വിധിയുടെ ഈ വിഷയത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും 75-80 ശതമാനം പിന്നാക്ക വിഭാഗങ്ങളുള്ളപ്പോള്‍ 50 ശതമാനമെന്ന പരിധി മറികടക്കേണ്ട അസാധാരണ സാഹചര്യം വന്നുചേരും. കേരളത്തില്‍ ജനസംഖ്യാനുപാതികമായി എസ്ഇബിസി സംവരണം പുനര്‍നിര്‍ണയിക്കുന്നതിനും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും 50 ശതമാനമെന്ന പരിധി മറികടക്കേണ്ടത് അനിവാര്യമാണ്. മറാത്താ കേസിലെ വിധിയുടെ ചുവടുപിടിച്ചും കേരളം സ്വമേധയാ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാവുമെന്ന് തോന്നുന്നില്ല. 2019ലെ 103ാം ഭരണഘടനാ ഭേദഗതിയിലൂടെയുള്ള 10 ശതമാനം മുന്നാക്ക സാമ്പത്തിക സംവരണ തീരുമാനവും ഉത്തരവും ചട്ടങ്ങളും റദ്ദാക്കുകയാണ് ആദ്യപടിയായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്.

103ാം ഭരണഘടനാ ഭേദഗതിക്ക് മുമ്പ് തന്നെ 2018 മുതല്‍ ദേവസ്വംബോര്‍ഡില്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ ഇടതുസര്‍ക്കാര്‍ ഈ വിഷയത്തില്‍ നീതി പുലര്‍ത്തേണ്ട നിര്‍ബന്ധിത സാഹചര്യമാണിപ്പോള്‍. മറാത്ത കേസിലെ താല്‍പര്യംപോലെ കേരളത്തില്‍ നിലവില്‍ വിദ്യാഭ്യാസ രംഗത്ത് ഏര്‍പ്പെടുത്തിയ പത്തുശതമാനം മുന്നാക്ക സംവരണം വകവച്ചുകൊണ്ടും 2019, 2020 വര്‍ഷങ്ങളില്‍ നടത്തിയ എംബിബിഎസ്, എംഡി, എംഎസ്, എംഡിഎസ്, എംടെക് തുടങ്ങിയവയിലെ 10 ശതമാനം സംവരണം 2021ലെ അധ്യയനവര്‍ഷം മുതല്‍ ഒഴിവാക്കിയും സുപ്രിംകോടതി വിധിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ഇ ടി മുഹമ്മദ് ബഷീര്‍ എംപി

പുതിയ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്നാക്ക സമുദായ സംവരണം സംബന്ധിച്ച് കേരള സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നയം ഉടനെ തിരുത്തി ഇതുസംബന്ധിച്ച ഉത്തരവ് റദ്ദുചെയ്യാന്‍ തയ്യാറാവണം. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭരണഘടന ഭേദഗതി സംബന്ധിച്ചു സുപ്രിം കോടതി മുമ്പാകെ കേസ് നിലവിലുള്ളപ്പോള്‍ അമിതാവേശം കാണിക്കുകയായിരുന്നു കേരള സര്‍ക്കാര്‍. സംവരണസമുദായങ്ങളുടെ സംവരണ ക്വാട്ട വെട്ടിച്ചുരുക്കി സംവരണേതര വിഭാഗങ്ങളെ സംവരണ പട്ടികയില്‍ മുമ്പിലെത്തിക്കുന്ന വിദ്യയാണ് അവരെടുത്തത്. ഈ ചതിക്കുഴി മനസ്സിലാക്കി പ്രതികരിക്കാന്‍ സംവരണ സമുദായങ്ങള്‍ക്ക് കഴിയാതെ പോയതും ഭരണഘടനാ ഭേദഗതിയില്‍ നിര്‍ദേശിച്ചതിനേക്കാള്‍ വലിയ ആനുകൂല്യങ്ങള്‍ മുന്നാക്കവിഭാഗത്തിന് നല്‍കി അവരുടെ പ്രീതി സമ്പാദിച്ചതും സര്‍ക്കാരിന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗുണമായിത്തീരുകയും ചെയ്തു.

ഇപ്പോള്‍ വന്ന സുപ്രിംകോടതി വിധിയിലൂടെ സര്‍ക്കാരിന്റെ ദുഷ്ടലാക്കിന് തിരിച്ചടിയായി. കോടതി എടുത്ത നിലപാട് ഇന്ദിരാ സാഹ്നി കേസില്‍ പുനപ്പരിശോധന ആവശ്യമില്ല എന്നതാണ്. ഇന്ദിരാ സാഹ്നി കേസില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ച ചെയ്ത കാര്യമാണ് സംവരണത്തില്‍ സാമ്പത്തികം മാനദണ്ഡം ആകാമോ എന്നത്. സാമ്പത്തിക മാനദണ്ഡവാദം നിരര്‍ഥകമാണെന്നും പാടില്ലെന്നും ഈ കേസ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കോടതി വിധിയുടെ വെളിച്ചത്തില്‍ പുതിയ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്നും അതിന് സര്‍ക്കാരില്‍ പ്രേരണ ചെലുത്തുമെന്നുമെല്ലാമുള്ള ചില വാര്‍ത്തകള്‍ കാണാനിടയായി.

ഇത് മറ്റൊരപായ സൂചനയാണ്. മുസ്‌ലിം ലീഗ് ഏതുകാലത്തും സംവരണസംരക്ഷണത്തിന് മുമ്പില്‍ നിന്നിട്ടുണ്ട്. ഭേദഗതിയുടെ കാര്യത്തിലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ ലീഗ് ഒറ്റയ്ക്ക് പൊരുതി. രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബിജെപിയുടെ വിജയസാക്ഷാത്കാരത്തിന് കൂട്ടുനിന്നപ്പോഴും ഞങ്ങള്‍ ഈ പോരാട്ടത്തിന്റെ മുന്നില്‍ നിന്നിട്ടുണ്ട്. ഇനി കേരളത്തിലായിരുന്നാലും കേന്ദ്രത്തിലായിരുന്നാലും ഈ ശക്തമായ നിലപാടില്‍ മാറ്റമുണ്ടാവില്ല.

ഇ എം അബ്ദുര്‍റഹ്മാന്‍ (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍)

ഇന്ദിരാ സാഹ്‌നി കേസിലെ വിധി സ്ഥിരപ്പെടുത്തിക്കൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി മറാത്ത സംവരണത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. സംസ്ഥാന തലത്തില്‍ നിലവിലുള്ള സമുദായസംവരണത്തെ ബാധിക്കുന്ന വിധിന്യായമാണിത്. ഇന്ദിരാ സാഹ്നി വിധി ശരിവച്ചുകൊണ്ട് സുപ്രിംകോടതി വ്യക്തമാക്കിയ ഒരുകാര്യം. ആകെ സംവരണം 50 ശതമാനമായി നിജപ്പെടുത്തിയെന്നതാണ്. അസാധാരണ സാഹചര്യത്തില്‍ പരിധി ഇളവ് അനുവദിക്കാം. മറാത്ത സംവരണത്തില്‍ ഇത് അസാധാരണ സാഹചര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടു.

102ാം ഭരണഘടനാ ഭേദഗതിയിലൂടെ പിന്നാക്കസമുദായങ്ങളെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കല്ല, കേന്ദ്രസര്‍ക്കാരിനാണെന്ന് കൂടി വ്യക്തമാക്കി. 102ാം ഭരണഘടനാ ഭേദഗതിയിലൂടെ പിന്നാക്കക്കാരെ നിശ്ചയിക്കുന്നതിനായി കേന്ദ്രതലത്തില്‍ കമ്മീഷന്‍ രൂപീകരിച്ചു. ഓരോ സംസ്ഥാനങ്ങളിലും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്ന രീതിയാണ് നിലവിലുള്ളത്. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയുന്നതിലൂടെ ഓരോ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന സംവരണ വ്യവസ്ഥയെ സാരമായി ബാധിക്കും. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ നന്നായി അറിയാന്‍ കഴിയുന്നത് അതത് സംസ്ഥാനങ്ങള്‍ക്കാണ്.

ഒരു സംസ്ഥാനത്ത് പിന്നാക്കമല്ലാത്ത സമുദായം മറ്റൊരു സംസ്ഥാനത്ത് പിന്നാക്കമാവും. അതുകൊണ്ടുതന്നെ ഇത് സംസ്ഥാനങ്ങളുടെ പരമാധികാരം കവരുന്നതും ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണത്തെ വിധി ബാധിക്കുമെന്നും ഇല്ലെന്നുമുള്ള അഭിപ്രായമുണ്ട്. സാമ്പത്തിക സംവരണം സംബന്ധിച്ച ഹരജികള്‍ തീര്‍പ്പാക്കാതെ കിടക്കുകയാണ് സുപ്രിംകോടതിയില്‍. ഇത് പ്രത്യേകം തീര്‍പ്പാക്കേണ്ടതാണെന്നാണ് വിധിയില്‍ പറഞ്ഞത്. പുതിയ വിധിന്യായത്തില്‍ അസാധാരണ സാഹചര്യത്തില്‍ മാത്രമേ സംവരണം 50 ശതമാനം കവിയാവൂ എന്ന് പറഞ്ഞതോടെ 10 ശതമാനം സാമ്പത്തിക സംവരണം എത്രത്തോളം നിയമപരമായി നിലനില്‍ക്കുമെന്ന ചോദ്യം വിധിന്യായത്തോടെ ഉയര്‍ന്നുവരുണ്ട്.

പിന്നാക്ക സമുദായ സംവരണവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണനയ്ക്ക് വരുമ്പോള്‍ സര്‍വേ നടത്തിയിട്ടുണ്ടോ, ഉദ്യോഗപ്രാതിനിധ്യം നിജപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിക്കാറുണ്ട്. മുന്നാക്ക സംവരണം നടപ്പാക്കുന്ന കാര്യത്തിലും ഈ ചോദ്യങ്ങള്‍ പ്രസക്തമാണ്. ജാതി സെന്‍സസ് നടത്തിയിട്ടുണ്ടോ, സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ വരുന്ന സമുദായങ്ങളുടെ മുന്നാക്കാവസ്ഥ, പിന്നാക്കാവസ്ഥ എത്രത്തോളമാണ്, ഉദ്യോഗപ്രാതിനിധ്യം നിലവില്‍ എങ്ങനെയാണ് എന്നിങ്ങനെ അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ സാമ്പത്തിക സംവരണത്തിന് നേരെയും വിധിന്യായം തൊടുത്തുവിടുന്നുണ്ട്.

സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡമല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യമാണ് ഭരണഘടനയുടെ 16 (4) സംവരണം ഏര്‍പ്പെടുത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സംവരണ സമുദായങ്ങളെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സാഹചര്യത്തെ അതിജീവിക്കുന്നത് സംബന്ധിച്ച് ഗൗരവതരമായ ചര്‍ച്ചകളും കൂടിയാലോചനകളും നടക്കേണ്ടതുണ്ട്. നിയമഭേദഗതിയും ഭരണഘടനാ ഭേദഗതിയും ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ സംവരണത്തെ സംരക്ഷിക്കുന്നതിനാവശ്യമായ കൂട്ടായ യത്‌നങ്ങള്‍ അനിവാര്യമായ സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്.

എം കെ ഫൈസി (എസ്ഡിപിഐ ദേശീയ പ്രസിഡന്റ്)

സാമൂഹികവും വിദ്യാഭാസപരവുമായി പിന്നാക്കമായ വിഭാഗങ്ങള്‍ക്കായുള്ള നിലവിലെ സംവരണ സംവിധാനത്തെ അപായപ്പെടുത്തുന്ന മറാത്ത സംവരണം സംബന്ധമായ സുപ്രിംകോടതിയുടെ ഏറ്റവും പുതിയ വിധി അന്യായവും നിരാശാജനകവുമാണ്. മറാത്താ സംവരണ നിയമം റദ്ദുചെയ്തതോടൊപ്പം സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നുമുള്ള ഉത്തരവ് സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സമുദായങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയും നല്‍കുന്നതല്ല. കേവലം നിരുപദ്രവകരമായ ഒരഭിപ്രായ പ്രകടനത്തിലുപരി സാമൂഹികമായും വിദ്യാഭാസപരമായും പിന്നാക്കമായ വിഭാഗങ്ങളുടെ ഭരണഘടനാ അവകാശത്തിനുമേല്‍ ദൂരവ്യാപക ഫലങ്ങളുളവാക്കുന്നതാണ്.

ഹരജിയില്‍ വാദം നടക്കവേ 'സാമ്പത്തിക സംവരണം ഒഴികെയുള്ള എല്ലാ സവരണങ്ങളും അവസാനിച്ചേക്കാം' എന്ന ബെഞ്ചിന്റെ നിരീക്ഷണം നിലവിലെ ജാതി അധിഷ്ടിത സംവരണം അവസാനിപ്പിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് നല്‍കിയ പരോക്ഷ നിര്‍ദേശമായാണ് തോന്നുന്നത്. 50 ശതമാനം പരിധി മാറ്റുകയെന്നത് തുല്യതയിലല്ലാതെ ജാതീയ ചട്ടങ്ങളില്‍പടുത്ത ഒരു സമൂഹത്തെ നിര്‍മിക്കലായിരിക്കുമെന്ന ബെഞ്ചിന്റെ അഭിപ്രായം സാമൂഹിക പിന്നാക്കത്തിന്റെ പേരില്‍ പിന്നാക്ക, പട്ടികവര്‍ഗപട്ടിക ജാതി വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണ നിഷേധത്തിന് കാരണമാവും. ദേശീയ പിന്നാക്ക സമുദായ കമ്മീഷന്‍ സ്ഥാപിക്കാന്‍ കാരണമായ ഭരണഘടനയുടെ 102ാം ഭേദഗതി ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ തള്ളിക്കൊണ്ട് ആ ഭേദഗതി സുപ്രിം കോടതി ശരിവച്ചു.

102ാം ഭരണഘടനാ ഭേദഗതിയെത്തുടര്‍ന്ന്, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നാണ് കോടതി വിധിച്ചത്. പിന്നാക്ക സമുദായങ്ങളെ നിര്‍ണയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം 102ാം ഭേദഗതി എടുത്തുകളഞ്ഞതിന് സുപ്രിംകോടതി ഇപ്പോള്‍ സാധുത നല്‍കുകയാണ് ചെയ്തിട്ടുള്ളത്. ചില സംസ്ഥാനങ്ങളിലെ പിന്നാക്കക്കാരായ സമുദായങ്ങള്‍ വേറെ ചില സംസ്ഥാനങ്ങളില്‍ മുന്നാക്കക്കാരായിരിക്കും. അതുപോലെ തിരിച്ചും.

അതുകൊണ്ടുതന്നെ അതാത് സംസ്ഥാനങ്ങള്‍ക്കാണ് അവിടങ്ങളിലെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുക. ഈ ഭേദഗതി രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് മേലുള്ള കടന്നുകയറ്റവും സംസ്ഥാനങ്ങളുടെ ഭരണഘടനാവകാശത്തിന്റെ നിഷേധവുമാണ്. ഇത് ന്യൂനപക്ഷ സമുദായത്തിന് നേരെ ദുരുപയോഗം ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുകയും ചെയ്യും. സുപ്രിംകോടതിയുടെ ഈ വിധി സംവരണ സമുദായങ്ങള്‍ക്ക് ഹാനികരമായതിനാല്‍, സംവരണ സംവിധാനത്തിന്റെ ഭാവിക്ക് ഭീഷണിയുയര്‍ത്തുന്ന ഈ നടപടി മറികടക്കാനുള്ള പോംവഴികളെക്കുറിച്ച് അര്‍ഹരായ പിന്നാക്ക സമുദായങ്ങളും അവരുടെ സംഘടനകളും കൂട്ടായി ആലോചിക്കണം.


ഡോ.എ നീലലോഹിതദാസന്‍ നാടാര്‍ (ജനതാദള്‍- എസ് ദേശീയ ജനറല്‍ സെക്രട്ടറി)

50 ശതമാനം സംവരണം സംബന്ധിച്ച് സുപ്രിംകോടതി വിധിയിലൂടെ സാമുദായികം മാത്രമല്ല, എല്ലാ സംവരണം സംബന്ധിച്ചുമുള്ള നിയമയുദ്ധത്തിന്റെ പുതിയ വാതില്‍ തുറന്നിരിക്കുകയാണ്. സുപ്രിംകോടതി വിധി പിന്നാക്ക സംവരണത്തെ ബാധിക്കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സാമ്പത്തിക സംവരണം സംബന്ധിച്ച നിയമത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതി അന്തിമതീരുമാനമെടുത്തിട്ടില്ല. സുപ്രിംകോടതി ഈ വിധി കണക്കിലെടുത്ത് തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ അതില്‍ പട്ടികജാതി- വര്‍ഗ, പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്.

യഥാര്‍ഥത്തില്‍ ഇവര്‍ക്ക് സംവരണമുണ്ടെങ്കിലും അതിന്റെആനുകൂല്യം ആ വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കിട്ടിക്കൊള്ളണമെന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി മാത്രം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ അവരെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍നിര്‍ത്തുന്നതുപോലെയാവും. അതിന്റെ അര്‍ഥം പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥിയിലേക്ക് പോവാന്‍ നാം തയ്യാറെടുക്കുകയെന്നതാണ്. സംവരണം സംബന്ധിച്ച് പുതിയ ചര്‍ച്ചകള്‍ക്കാണ് വിധി വഴിയൊരുക്കിയിരിക്കുന്നത്. ഭരണഘടനാ നിര്‍മാണ സമിതിയില്‍ പട്ടികജാതി- വര്‍ഗങ്ങളെ സംബന്ധിച്ച് തര്‍ക്കമില്ലായിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ എങ്ങനെ കണ്ടെത്തുമെന്ന ചോദ്യമുണ്ടായി. അപ്പോള്‍ പിന്നാക്കക്കാര്‍ ആരാണെന്ന് തീരുമാനിക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ ചെയ്തത്.

ക്രീമിലെയര്‍ പരിധി നിശ്ചയിക്കുന്നതിലും സുപ്രിംകോടതി ഇടപെട്ടതും ശരിയല്ല. എക്‌സിക്യൂട്ടീവിനെ ഏല്‍പ്പിച്ച കാര്യത്തില്‍ ജുഡീഷ്യറി ഇടപെടുന്നത് ശരിയായ രീതിയല്ല. സംസ്ഥാന സര്‍ക്കാരുകളില്‍തന്നെ അധികാരം നിലനിര്‍ത്തണം. ഇക്കാര്യത്തില്‍ രാഷ്ട്രപതിക്ക് അധികാരം കൊടുക്കേണ്ട കാര്യമില്ല. ഓരോ സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് പരിശോധിക്കാനും തീരുമാനമെടുക്കാനും അധികാരം സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കണം. അംബേദ്കര്‍ അങ്ങനെയാണ് പറഞ്ഞത്. രാഷ്ട്രപതിയെ ഏല്‍പ്പിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാവും. അതത് സമയത്ത് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും. മറാത്ത സംവരണം തന്നെ ഭൂരിപക്ഷ വിഭാഗത്തെ പ്രീണിപ്പിക്കാന്‍വേണ്ടി ചെയ്തതാണ്.

മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്ന ഘട്ടത്തില്‍ ജാട്ട് വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമുണ്ടായി. ജാട്ട് പിന്നാക്ക വിഭാഗമല്ല. അധികാരത്തിലിരിക്കുന്നവരുടെ താല്‍പര്യമോ ആരെയെങ്കിലും കൂടെ നിര്‍ത്താന്‍വേണ്ടി മാത്രമോ ചെയ്യേണ്ടതല്ല. ഇക്കാര്യത്തില്‍ പുതിയൊരു നിയമപോരാട്ടം തുറന്നിരിക്കുകയാണ്. സാമ്പത്തിക സംവരണം നിയമപരിശോധനയ്ക്കുശേഷം സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചശേഷം നടപ്പാക്കിയാല്‍ മതിയെന്നാണ് അഭിപ്രായം.

സുദേഷ് എം രഘു (എഴുത്തുകാരന്‍)

സംവരണം സംബന്ധിച്ച സുപ്രിംകോടതി വിധി ഭാവിയില്‍ പിന്നാക്ക വിഭാഗത്തിന് വലിയ ദോഷമായി മാറും. 50 ശതമാനം പരിധി ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യമല്ല. ഫെഡറല്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടുന്നു. പിന്നാക്കാവസ്ഥ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനു മാത്രമാക്കിയ വിധിയാണിത്. അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ താമസിയാതെ കേരളമുള്‍പ്പെടെ നേരിടേണ്ടിവരും. പിന്നാക്ക സമുദായ സംഘടനകള്‍ കാര്യമറിയാതെ സന്തോഷിക്കുകയാണ്. അവരെ എന്തുപറഞ്ഞ് മനസ്സിലാക്കുമെന്ന് ഒരു പിടിയുമില്ല.

ഇന്നലത്തെ കോടതി വിധി ഭാവിയിൽ പിന്നാക്ക വിഭാഗത്തിന് വലിയ ദോഷമായി മാറും.

50 % സീലിങ്ങ് ദലിത്- പിന്നാക്ക വിഭാഗങ്ങളുടെ...

Posted by Sudesh M Raghu on Wednesday, 5 May 2021

1. വാസ്തവത്തില്‍ സംവരണപരിധി എടുത്തുകളഞ്ഞാലേ ഓബിസികള്‍ക്ക് ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കാന്‍ സാധിക്കൂ. അക്കാര്യത്തിലുള്ള ഇന്ദിരാ സാഹ്‌നി കേസിലെ വിധി മറികടക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് പിന്നാക്കക്കാര്‍ ആദ്യം ശ്രമിക്കേണ്ടത്.

2. മതിയായ പ്രാതിനിധ്യമെന്നാല്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യമല്ലെന്ന ഇന്ദിരാ സാഹ്‌നി വിധി മറികടക്കാനും ഭരണഘടനാ ഭേദഗതി വേണ്ടതാണ്.

3. നിലവിലെ ഈ വിധി മുന്നാക്ക സംവരണത്തെ ബാധിക്കില്ല. കാരണം, 103ാം ഭരണഘടനാ ഭേദഗതി തന്നെ കൊണ്ടുവന്നിരിക്കുന്നത് നിലവിലുള്ള സംവരണത്തിനു പുറത്താണ്. would be in addition to the existing reservations എന്ന് ആ ഭേദഗതിയില്‍ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. ആ സംവരണം, ഏതെങ്കിലും വിഭാഗത്തിന്റെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ കൊണ്ടുവന്നതുമല്ല. അതിനെ ചോദ്യം ചെയ്ത് നിലവില്‍ സുപ്രിംകോടതിയില്‍ കേസുണ്ട്. അതില്‍ വിധി വരുന്നതുവരെ സര്‍ക്കാരുകള്‍ മുന്നാക്ക സംവരണക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കില്ല. 50% പരിധി ആ വിധിയിലും കോടതി ബാധകമാക്കിയാലേ ആ സംവരണത്തിന് എന്തെങ്കിലും സംഭവിക്കൂ.

4. അങ്ങനെ സംഭവിച്ചാല്‍ നിലവിലെ 50% പിന്നാക്ക സംവരണത്തിലുള്‍പ്പെടുത്തി മുന്നാക്ക സംവരണം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കാം. അത് വീണ്ടും പിന്നാക്കക്കാര്‍ക്ക് വലിയ ദോഷം ചെയ്യും.

5. കേരളത്തിലെ ഏതെങ്കിലും പിന്നാക്ക വിഭാഗത്തെ സംവരണ ലിസ്റ്റില്‍ നിന്നെടുത്തുകളയാനും ഏതെങ്കിലും വിഭാഗത്തെ സംവരണ ലിസ്റ്റില്‍ ഉള്‍പെടുത്താനുമുള്ള അധികാരം കേന്ദ്രത്തിന് (പാര്‍ലമെന്റിന്) ആണെന്നു പറഞ്ഞാല്‍ എന്തുസംഭവിക്കുമെന്ന് കേരളത്തിലെ മുസ്‌ലിംകളെങ്കിലും ചിന്തിച്ചുനോക്കുക.

അഡ്വ. സി ജെ ജോസ് (ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍)

മറാത്ത സംവരണ വിഷയത്തില്‍ സുപ്രിംകോടതി വിധി ചരിത്രപ്രധാനവും നിര്‍ണായകവുമാണ്. മറാത്ത സംവരണത്തിന്റെ ചരിത്ര വസ്തുതകളിലേക്ക് പോവുന്നില്ല. 16ാം നൂറ്റാണ്ട് മുതല്‍ തന്നെ സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ മുന്നണിയില്‍ നില്‍ക്കുകയും വമ്പിച്ച ഭൂസ്വത്തിന്റെയും സാമ്പത്തിക കേന്ദ്രീകരണത്തിന്റെയും അധികാര ഇടനാഴികളിലെ അപ്രമാദിത്വമായിരുന്ന മറാത്ത. ഇവര്‍ക്ക് 16 ശതമാനം സംവരണം നല്‍കിയ സര്‍ക്കാര്‍ നടപടിയും തുടര്‍ന്ന് 12 ശതമാനമായി നിജപ്പെടുത്തിയ ഹൈക്കോടതി വിധിയും ഭരണഘടനാ വിരുദ്ധവും സംവരണ നിയമങ്ങള്‍ക്ക് നിരക്കാത്തതുമാണ്.

ഒരിക്കലും സാമൂഹിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പിന്നാക്കാവസ്ഥയിലായിരുന്നില്ല ഇക്കൂട്ടര്‍. മറാത്തകളുടെ സംവരണം അനുവദിച്ച ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തിയ കേസില്‍ ഇപ്പോഴുണ്ടായ സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണ്. ഈ വിധി ഉടന്‍ നടപ്പാക്കണം. ഈ വിധിയിലൂടെ സുപ്രിംകോടതി സംവരണത്തിന്റെ മൗലികപ്രമാണം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ മുന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി മാത്രം നടപ്പാക്കിയ മുന്നാക്ക സമുദായ സംവരണം ഉടന്‍ റദ്ദുചെയ്യണം. ഭരണഘടനാ ഭേദഗതിയിലൂടെ മുന്നാക്ക സംവരണം നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ നെറികെട്ട നടപടിയില്‍നിന്ന് പിന്‍മാറണം. 50 ശതമാനം സംവരണം ലക്ഷ്മണ രേഖയായി കണക്കാക്കാവുന്നതല്ല.

ന്നത നീതിപീഠം പറഞ്ഞത് അസാധാരണ സാഹചര്യത്തില്‍ സംവരണ പരിധിയിക്ക് മാറ്റംവരുത്താവുന്നതാണെന്നാണ് പറഞ്ഞിട്ടുള്ളത്. സാമൂഹിക, വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ഇന്ത്യയിലെ ദലിത് ക്രൈസ്തവര്‍ക്ക് എക്‌സപ്ഷനല്‍ സര്‍ക്കംസ്റ്റാന്‍സസ്, എക്‌സ്ട്രാ ഓര്‍ഡിനറി സിറ്റുവേഷന്‍ എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തണം. ഇടത് സര്‍ക്കാര്‍ പറയുന്നത് സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ പിന്നാക്കക്കാരുടെ സംവരണം കുറയില്ലെന്നാണ്. ഇതില്‍ ആശങ്കയുണ്ട്. കോടതി വിധി അതുപോലെ എത്രയും വേഗം നടപ്പാക്കണം. സംവരണം നിയമങ്ങള്‍ക്ക് വിധേയമായാണ്.

ദുരുപയോഗപ്പെടുത്താന്‍ സമ്മതിക്കരുത്. ദലിത്, ക്രൈസ്തവര്‍ക്ക് സംവരണമില്ല. 50 ശതമാനം സംവരണമെന്നത് ലക്ഷ്മണ രേഖയല്ല. അസാധാരണ സാഹചര്യമുണ്ടെന്ന് തെളിയിച്ചാല്‍ 50 ശതമാനത്തില്‍ മാറ്റംവരുത്താന്‍ കഴിയുമെന്ന് സുപ്രിംകോടതി തന്നെ പറയുന്നുണ്ട്.

പ്രഫ. ജി മോഹന്‍ ഗോപാല്‍ (നാഷനല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍)

16 (4) വകുപ്പ് ആവശ്യപ്പെടുന്നത് മൗലികാവകാശമെന്ന നിലയില്‍ സര്‍ക്കാരിന് കീഴിലെ സേവന മേഖലകളില്‍ മതിയായ പ്രാതിനിധ്യമില്ലാത്ത പിന്നാക്കവിഭാഗത്തില്‍പെട്ട ഏതൊരു പൗരനും സംവരണം നല്‍കാമെന്നാണ്. എങ്ങനെയാണ്. ഈ മതിയായ എന്നത് കണക്കാക്കുന്നത് ഭരണഘടന നിര്‍മാണസഭയിലെ ചര്‍ച്ചകളും ധാരണയും കണ്ണാടിപോലെ തെളിഞ്ഞതായിരുന്നു. ഇക്കാര്യത്തില്‍ മതിയായ പ്രാതിനിധ്യം കണക്കാക്കേണ്ടത് ജനസംഖ്യാനുപാതിക വിഹിതം അടിസ്ഥാനമാക്കി ആവണമെന്ന്.

പക്ഷേ, ഇന്ദിരാ സാഹ്നി വിധി മുതല്‍ ന്യായാധിപന്‍മാര്‍ ഈ അളവുകോല്‍ തള്ളിക്കളയുന്നു. മറാത്താ കേസ് വിധി ജനസംഖ്യാനുപാതിക വിഹിതമെന്ന മാനദണ്ഡത്തിന്റെ നിരാകരണം ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിക്കുന്നു. മതിയായ പ്രാതിനിധ്യം കണക്കാക്കാന്‍ പകരം മാനദണ്ഡമൊന്നും ന്യായാധിപന്‍മാര്‍ നല്‍കുന്നതുമില്ല. ജനസംഖ്യാനുപാതികം എന്നതായിരിക്കും മാനദണ്ഡമെന്ന് വ്യക്തമാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യുകതന്നെ വേണം.

ഭരണഘടനയിലെ പുതിയ 342എ വകുപ്പ്, പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം പൂര്‍ണമായും ഇല്ലാതാക്കിയതായി വ്യാഖ്യാനിച്ചുള്ള തീരുമാനവും മറാത്ത സംവരണ കേസിലെ നേരിയ ഭൂരിപക്ഷ (32) വിധിയിലുണ്ട്. ഇതിനായി അവസാനവാക്ക് കേന്ദ്രസര്‍ക്കാരിന്റേതായ, ഒരുസമുദായത്തെ പട്ടികജാതിയിലോ പട്ടികവര്‍ഗത്തിലോ ഉള്‍പ്പെടുത്തുന്ന പ്രക്രിയയെ അമിതമായി ആശ്രയിച്ചിരിക്കുന്നു. 324എ വകുപ്പ് സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കവര്‍ന്നെടുക്കുന്ന ഒന്നായി വ്യാഖ്യാനിക്കരുത് എന്നാണ്.

ഒരു സമുദായത്തിന്റെ സാമൂഹിക സ്വത്വം പിന്നാക്കവിഭാഗത്തില്‍ ഉള്‍ച്ചേരുന്നുവെന്ന് നിശ്ചയിക്കാനും സ്ഥാപിക്കാനുമുള്ള അധികാരം കക്ഷിരാഷ്ട്രീയ തത്ത്വശാസ്ത്രത്തിന് അനുസരണമായി സമൂഹത്തെ രൂപപ്പെടുത്താന്‍ ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യാം. ഇത്തരം അമിതാധികാര കേന്ദ്രീകരണം ഭരണഘടനയുടെ അടിസ്ഥാനമൂല്യവും അതിന്റെ അടിത്തറയുടെതന്നെ ഭാഗവുമായ ജനാധിപത്യം, ഫെഡറലിസം എന്നീ ജീവല്‍ഘടകങ്ങളില്‍ ഉള്‍ച്ചേര്‍ന്നതുമായ ശാഖോപശാഖതത്ത്വത്തെ കടന്നാക്രമിക്കുന്നതാണ്. ആകയാല്‍ ഒരു ഭരണഘടന ഭേദഗതി മുഖേന ഈ ഭൂരിപക്ഷവിധി തിരുത്തപ്പെടേണ്ടതാണ്.


കെ സന്തോഷ്‌കുമാര്‍ (ആക്ടിവിസ്റ്റ്, എഴുത്തുകാരന്‍)

10 ശതമാനം സവര്‍ണ സംവരണം നടപ്പാക്കാന്‍ എന്ത് അസാധാരണ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് ? കോടതിയുടെ നിരീക്ഷണം 50 ശതമാനത്തിന് മുകളില്‍ സംവരണം നടപ്പാക്കുന്നത് അസാധാരണ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്നതാണ്. അതായത് മുന്നോക്കക്കാരിലെ പിന്നാക്കക്കാരുടെ (?) പിന്നാക്കാവസ്ഥ ബോധ്യപ്പെടുന്ന സവിശേഷ സാഹചര്യം. ഈ പിന്നാക്കാവസ്ഥയുടെ മാനദണ്ഡം സാമ്പത്തികം മാത്രമായിരിക്കരുത് എന്നതാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കിയ സവര്‍ണ സംവരണം പൂര്‍ണമായും റദ്ദുചെയ്യണം. ഇടതുപക്ഷ സര്‍ക്കാര്‍ യാതൊരു പഠനവുമില്ലാതെയാണ് മുന്നാക്ക സംവരണം കേരളത്തില്‍ നടപ്പാക്കിയത്. കേരളത്തില്‍ മുന്നാക്കക്കാരില്‍ എത്ര പിന്നാക്കക്കാര്‍ ഉണ്ടെന്നോ അവരുടെ പിന്നാക്കാവസ്ഥ ഏതെല്ലാം നിലയിലാണെന്നോ സര്‍ക്കാരിന് അറിയില്ല. സംസ്ഥാനങ്ങളിലെ മുന്നാക്കക്കാരുടെ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ 'പരമാവധി പത്തുശതമാനം വരെ' സംവരണം നല്‍കാമെന്നാണ് നിയമം പറയുന്നത്. അതായത് സംസ്ഥാനങ്ങളിലെ മുന്നാക്കക്കാരുടെ പിന്നാക്കാവസ്ഥക്കനുസരിച്ച് സംവരണം നല്‍കാമെന്നാണ്.

സംസ്ഥാനത്തെ മുന്നാക്കക്കാരായ നായര്‍, നമ്പൂതിരി, മറ്റ് മുന്നാക്ക ഹിന്ദുസമുദായങ്ങളുടെയും സുറിയാനി ക്രിസ്ത്യാനികളുടെയും സാമൂഹിക പിന്നാക്കാവസ്ഥ എന്തെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും പ്രാതിനിധ്യക്കുറവുണ്ടോ എന്നത് സംബന്ധിച്ച പഠനം നടത്തുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. അത്തരമൊരു പഠനം ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയിട്ടില്ല.

സുപ്രീം കോടതി വിധി കേരളത്തിനു ബാധകം : കേരള സർക്കാർ സവർണ സംവരണം റദ്ദ് ചെയ്യുക.

10 ശതമാനം സവർണ സംവരണം നടപ്പിലാക്കാൻ...

Posted by K Santhosh Kumar on Wednesday, 5 May 2021

സവര്‍ണ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് മാനദണ്ഡം നിശ്ചയിക്കാന്‍ നിയോഗിച്ച റിട്ട. ജഡ്ജി കെ ശശിധരന്‍ നായര്‍ ചെയര്‍മാനായ കമ്മീഷന്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ ആധികാരികമായ സ്ഥിതിവിവരണ കണക്കുകളോ സര്‍വേകളോ ഇല്ലായെന്നതാണ് കമ്മീഷന്‍ നേരിട്ട പ്രധാന ബുദ്ധിമുട്ട് എന്ന്. പിന്നെങ്ങനെയാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സര്‍ക്കാര്‍ കണ്ടെത്തിയത് ? ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് 10 ശതമാനം സംവരണം തന്നെ നല്‍കണമെന്ന് നിശ്ചയിച്ചത് ? അതായത്, 50 ശതമാനത്തിന് പുറത്ത് 10 ശതമാനം സവര്‍ണ സംവരണം നല്‍കാനുള്ള സവിശേഷ പിന്നാക്കാവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നില്ല.

2. പിന്നാക്കാവസ്ഥ സാമ്പത്തികം മാത്രമായിരിക്കരുത് എന്ന് പറയുമ്പോള്‍ എന്തായിരിക്കണമെന്നത് സംബന്ധിച്ച് പഠനം നടത്തണ്ടേ ?

സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ പിന്നാക്കാവസ്ഥ പഠിക്കപ്പെടണം. (അങ്ങനെ പടിക്കപ്പെടുന്ന കമ്മീഷനില്‍ സവര്‍ണ സമുദായങ്ങള്‍ മാത്രമായിരിക്കരുത്). അങ്ങനെ ഒന്ന് കേരളത്തില്‍ പഠിക്കപ്പെട്ടിട്ടില്ല.

3. സവര്‍ണ സംവരണം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം പിന്നാക്കാവസ്ഥയെ സൂചിപ്പിക്കുന്നതേയല്ല. സവര്‍ണരിലെ മിഡില്‍ ഹൈക്ലാസിനെ കണ്ടെത്താനേ ഈ മാനദണ്ഡം ഉപകരിക്കൂ. 4 ലക്ഷം വാര്‍ഷിക വരുമാനവും ഗ്രാമങ്ങളില്‍ 2.5 ഏക്കറും നഗരങ്ങളില്‍ 50 സെന്റും വരെയുള്ളവര്‍ക്ക് പത്ത് ശതമാനം സവര്‍ണ സവര്‍ണ സംവരണത്തിന് അര്‍ഹതയുണ്ടെന്ന് പറയുന്നത് സവര്‍ണരിലെ മിഡില്‍ ഹൈക്ലാസിനു വരെ സംവരണം ഉറപ്പാക്കുന്ന സവര്‍ണതന്ത്രമാണ്. ഇത് പുനപ്പരിശോധിക്കപ്പെടണം.

50 ശതമാനമേ സംവരണം പാടുള്ളൂ എന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. ഇന്ത്യയിലെ ആദിവാസികള്‍ക്കും ദലിതര്‍ക്കും ദലിത് ക്രിസ്ത്യാനികള്‍ക്കും പിന്നാക്കക്കാര്‍ക്കും മല്‍സ്യബന്ധ സമൂഹങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും മറ്റ് പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കും ജനസംഖ്യാ ആനുപാതികമായ സംവരണമാണ് നടപ്പാക്കേണ്ടത്. അത് ദീര്‍ഘകാല പദ്ധതിയുമാണ്.

Next Story

RELATED STORIES

Share it