Articles

ഇന്ധനവില വർധന, അറിയപ്പെടാത്ത യാഥാർത്ഥ്യങ്ങൾ

ക്രൂഡ്‌ ഓയിലിൻ്റ വിലയിൽ ആഗോളാടിസ്ഥാനത്തിൽ ഗണ്യമായ മാറ്റങ്ങൾ സാധാരണയുണ്ടാകാറുണ്ട്. 10 വർഷം മുമ്പ് ഒരു ബാരലിന് (158.98 ലിറ്റർ) 145 ഡോളർ വിലയുണ്ടായിരുന്നത് ഇന്ന് വെറും 39 ഡോളറായി കുറഞ്ഞിട്ടുണ്ട്.

ഇന്ധനവില വർധന, അറിയപ്പെടാത്ത യാഥാർത്ഥ്യങ്ങൾ
X

വിഎം സുലൈമാൻ മൗലവി

കഴിഞ്ഞ കുറെ കാലമായി ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന ഇന്ധന വിലവർധനവാണ്. എന്നാൽ ഇതിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് ആരും എത്തി നോക്കാറില്ലന്നു മാത്രമല്ല അല്ലറ ചില്ലറ പ്രതിഷേധങ്ങൾക്കൊടുവിൽ ജനങ്ങൾ ഇതുമായി പൊരുത്തപ്പെട്ടു പോകുന്ന കാഴ്ചയാണ് പലപ്പോഴും നാം കണ്ടു കൊണ്ടിരിക്കുന്നത്.

ക്രൂഡ് ഓയിലിൽ നിന്നാണ് സാധാരണയായി പെട്രോളും ഡീസലും ഉത്പാദിപ്പിക്കപ്പെടുന്നത്. ലോകത്ത് ഉത് പാദിപ്പിക്കപ്പെടുന്ന ക്രൂഡോയിലിൻ്റെ നല്ലൊരു ശതമാനം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ക്രൂഡ് ഓയിൽ ഒരു ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ ടവറിൽ ഇൻപുട്ട് ചെയ്യുമ്പോൾ, ഉൽ‌പ്പന്നത്തിന്റെ അളവിൽ മൊത്തത്തിൽ വർധനവുണ്ടാകും. ഒരൊറ്റ ബാരൽ ക്രൂഡ് ഓയിൽ (ഏകദേശം 159 ലിറ്ററിന് തുല്യമായത് ) പരിഷ്കരിക്കപ്പെട്ടാൽ, അന്തിമ ഉൽ‌പന്നങ്ങളുടെ അളവ് പ്രാരംഭ അസംസ്കൃത എണ്ണയുടെ അളവിനേക്കാൾ കൂടുതലാണ്. 159 ലിറ്റർ അസംസ്കൃത എണ്ണയിൽ നിന്ന് 170 ലിറ്റർ ശുദ്ധീകരിച്ച പെട്രോളിയം ഉൽ‌പന്നങ്ങൾ വരെ ലഭിക്കും.

പ്രോസസ്സിംഗ് നേട്ടം എന്നറിയപ്പെടുന്ന ഒരു ഇഫക്റ്റിന്റെ ഫലമായി ശുദ്ധീകരണ പ്രക്രിയയിലൂടെ വോളിയം വർധിക്കുന്നു. കൂടാതെ സ്റ്റിൽ ഗ്യാസ്, പെട്രോളിയം കോക്ക്, ഹെവി ഫ്യൂവൽ ഓയിൽ, അസ്ഫാൽറ്റ്, ലൂബ്രിക്കന്റുകൾ , ഏവിയേഷൻ ഗ്യാസോലിൻ, നാഫ്ത , വാക്സ് എന്നിവയുൾപ്പെടെയുള്ള മറ്റ് ഉൽ‌പ്പന്നങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നു.

ക്രൂഡ്‌ ഓയിലിൻ്റ വിലയിൽ ആഗോളാടിസ്ഥാനത്തിൽ ഗണ്യമായ മാറ്റങ്ങൾ സാധാരണയുണ്ടാകാറുണ്ട്. 10 വർഷം മുമ്പ് ഒരു ബാരലിന് (158.98 ലിറ്റർ) 145 ഡോളർ വിലയുണ്ടായിരുന്നത് ഇന്ന് വെറും 39 ഡോളറായി കുറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും ഈ വിലയിലുള്ള വ്യത്യാസം പെട്രോളിൻ്റെയും സീസലിൻ്റെയും വിലയിലും പ്രതിഫലിക്കേണ്ടതാണ്. ക്രൂഡ് ഓയിലിന് 145 ഡോളർ വിലയുണ്ടായിരുന്നപ്പോൾ ഇന്ത്യയിൽ പെട്രോളിന് 65 രുപയും സീസലിന് 35 രുപയുമായിരുന്നു. എന്നാൽ ക്രൂഡ് ഓയിലിന് വെറും 39 ഡോളറായി കുറഞ്ഞിരിക്കുന്ന ഇപ്പോൾ ഇന്ത്യയിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില ഒരു പോലെയെത്തിയിരിക്കുന്നു (ഏകദേശം 80 രുപ ). ഇതിൻ്റെ പിന്നിലുള്ള മറിമായമാണ് നാം കണ്ടെത്തേണ്ടത്.

ഇറക്കുമതി നിയമപ്രകാരം ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഏതൊരു വസ്തുവിനുമെന്ന പോലെ ക്രുഡോയി ലിനും കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി അഥവാ ഇറക്കുമതി ചുങ്കം ചുമത്തുന്നു. ഈ നികുതി സംസ്ഥാന സർക്കാറുകളുമായി ജനസംഖ്യാനുപാതികമായി പങ്കു വെയ്ക്കാറുമുണ്ട്. ഇപ്രകാരം പെട്രോളിന് 2.98 രൂപയും, ഡീസലിന് 4.83 രൂപയും നികുതി ചുമത്തുന്നു. ഇതിൽ 58 ശതമാനം കേന്ദ്രത്തിനും 42 ശതമാനം സംസ്ഥാനങ്ങൾക്കും ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുന്നു. കേരളത്തിന് ഈ ഇനത്തിൽ ലഭിക്കുന്ന വിഹിതം പെട്രോളിന് ഏകദേശം 4 പൈസയും, ഡീസലിന് ഏകദേശം 6 പൈസയുമാണ്. ഇത്രയും ചെറിയ തുകയാണ് കേന്ദ്ര സർക്കാർ എക്സൈസ് നികുതിയായി ചുമത്തുന്നതെങ്കിൽ എങ്ങനെയാണ് ഈ ഭീമമായ വില വർദ്ധനവുണ്ടാകുക. ക്രൂസ് ഒയിലിൻ്റെ വില ഇന്ത്യൻ രുപയിലേക്ക് മാറ്റുമ്പോൾ ലിറ്ററിന് ഏകദേശം 19 രുപയോളംവരും. 19രുപ ലിറ്ററിന് വിലയുള്ള ക്രൂഡ് ഓയിലിൽ നിന്നും ഉത്പാദിപ്പിക്കുന്ന പെട്രോളിനും ഡീസലിനും നാം നൽകുന്നത് 80 രുപയ്ക്കു മുകളിലാണ്;

2014ൽ മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം പെട്രോളിൻ്റെയും ഡീസലിൻ്റെയും മുകളിൽ ചുമത്തിയിട്ടുള്ള അഡീഷനൽ എക്സൈസ് ഡ്യൂട്ടിയും, സ്പെഷ്യൽ അഡീഷനൽ എക്സൈസ് ഡ്യൂട്ടിയും യഥാക്രമം 18 രൂപയും 12 രൂപയുമാണ് (30 രുപ ) .കേന്ദ്ര ധനകാര്യ കമ്മീഷൻ്റെ തീരുമാനപ്രകാരം ഈ നികതി സംസ്ഥാന സർക്കാറുകളുമായി് പങ്കു വെയ്ക്കേണ്ടതുമില്ല. അതു കൊണ്ടു തന്നെ സാധാരണ ചുമത്തുന്ന നികുതിയും ഈ രണ്ടു തരത്തിലുള്ള അധിക നികുതികളും ചേർത്ത് ഏകദേശം 33 രൂപയോളം കേന്ദ്ര സർക്കാറിൻ്റെ ഖജനാവിലേക്ക് പോകുന്നു. സംസ്ഥാന സർക്കാരുകൾക്ക് കിട്ടുന്ന മേൽ പറഞ്ഞ ചില്ലറ പൈസ കടാതെ സംസ്ഥാനം ചുമത്തുന്ന മൂല്യവർദ്ധിതനികുതി (VAT) യിലൂടെ കേന്ദ്ര സർക്കാറിൻ്റെ നികുതിയിലുള്ള ഏറ്റക്കുറച്ചലിൻ്റെ ആനുപാതികമായ വർദ്ധനവും സംസ്ഥാനത്തിനു ലഭിക്കുന്നു.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള 6 വർഷക്കാലമായി പെട്രോളിൻ്റെയും സീസലിൻ്റെയും മേൽ ഘട്ടം ഘട്ടമായി ചുമത്തിയിട്ടുള്ള ഈ പ്രത്യേകമായ നികുതിയുടെ ശതമാനക്കണക്ക് അദ്ഭുതപ്പെടുത്തുന്നതാണ്. 9.48 രൂപ പെട്രോളിന് എക്സൈസ് തീരുവയുണ്ടായിരുന്നത് ഇപ്പോൾ 32.98 രൂപയായി (247 ശതമാനം വർദ്ധനവ് ) ഡീസലിന് 3.56 രുപയിൽ നിന്ന് ഇപ്പോൾ 31.83. രൂപയും ആയി (794 ശതമാനം വർദ്ധനവ് ). ഈ നികുതി വർദ്ധനവ് മുഴുവനായും കേന്ദ്ര സർക്കാറിൻ്റെ ഖജനാവിലേക്കാണ് പോകുന്നത്.

ലോകത്ത് പെട്രോളിയം ഉൽപന്നങ്ങൾക്ക് ഏറ്റവുമധികം (അടിസ്ഥാന വിലയുടെ 66 ശതമാനം) നികുതിയുള്ള രാജ്യം ഇന്ത്യയാണ്. വില വർദ്ധനവും നികുതിവർദ്ധനവും ചർച്ച ചെയ്യപ്പെടുമ്പോഴെല്ലാം കേന്ദ്ര സർക്കാരും BJP നേതൃത്വങ്ങളും നിരത്തുന്ന കാരണങ്ങൾ വളരെ രസകരമാണ്. കക്കൂസുകൾ നിർമ്മിക്കാനെന്നു പറഞ്ഞവർ ഇപ്പോൾ ഭക്ഷ്യ ആവശ്യത്തിനെന്നു പറയുന്നു. ഇവ തമ്മിലുള്ള ബന്ധം നമുക്ക് ഊഹിക്കാവുന്നതേയുള്ളു. 30 ശതമാനം ഉണ്ടായിരുന്ന കോർപറേറ്റ് നികുതി മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം 15 ശതമാനമായി കുറക്കുക യാണുണ്ടായത്.

ലോകത്ത് ഏറ്റവും വില കൂടിയ "ആന്റിലിയ" എന്ന 27 നിലയിലുള്ള 200 കോടി ഡോളർ (ഏതാണ്ട് 14000 കോടി രൂപ) മുതൽ മുടക്കുള്ള വീട്ടിൽ താമസിക്കുന്ന നാലര ലക്ഷം കോടി രൂപയുടെ സ്വത്തിൻ്റെ ഉടമ മുകേഷ് അംബാനി അടക്കമുള്ള ശതകോടീശ്വരന്മാർ അവരുടെ ലാഭത്തിൽ നിന്നും നൽകേണ്ട നികുതിയാണ് നേർ പകുതിയാക്കി കുറച്ചതും, കൂടാതെ പൊതുമേഖലാ ബാങ്കുകളിൽ നിന്നും കോടികൾ ലോണെടുത്ത് തട്ടിപ്പു നടത്തി ഇന്ത്യയെ പറ്റിച്ച്‌ രാജ്യം വിട്ട നീരവുമോദിയുടെ അമ്മാവനും രത്നവ്യാപാരിയുമായ ആൻ്റി ഗ്യാം ബാർബി ഡോസ് ദ്വീപിൽ കഴിയുന്ന മെഹുൽ ചോക്സിയുടെ കമ്പനികളായ ഗീതാഞ്ജലി ജെംസിൻ്റെ 5492 കോടി, ഗിലി ഇന്ത്യയുടെ 1447 കോടി, സ്റ്റാർ ബ്രാൻ്റിൻ്റെ 1109 കോടി, ജൂവലറി വ്യവസായി ജെതിൻ മേതയുടെ 4076 കോടി, പണം തട്ടിപ്പിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്ത സന്ദീപ് ജുൻ ജുൻ വാല, സഞ്ജയ് ജുൻ ജുൻ വാല എന്നിവരുടെ 4314 കോടി, ബാബാ രാംദേവിൻ്റെ 2000 കോടി, എന്നിവയടക്കം 68000 കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളിയതിലൂട കേർപറേറ്റുകൾ വീണ്ടും തടിച്ചു കൊഴുക്കുകയും ഇന്ത്യയുടെ ഖജനാവ് കാലിയാവുകയും അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തകയും ചെയ്യുന്നു.

ഇന്ത്യയുടെ കഴിഞ്ഞ 58 വർഷത്തെ ചരിത്രത്തിൽ ഏറ്റവും താഴ്ന്ന കോർപറേറ്റ് നികുതി വരവ് രേഖപ്പെടുത്തിയത് 2019 സാമ്പത്തിക വർഷത്തിലാണ്. ഈ കുറവ് നികത്തുന്നതിന് ബിജെപി ഗവ: പെട്രോളിയം ഉൽപനങ്ങളുടെ മേൽ അമിത നികുതി ഈടാക്കി അതിലൂടെ സാധാരണക്കാരിൽ നിന്നും കഴിഞ്ഞ 6 വർഷം കൊണ്ട് പിരിച്ചെടുത്തത് 1780056 (പതിനേഴ് ലക്ഷത്തി എൺപതിനായിരത്തി അൻപത്താറു കോടി രൂപ ) യാണ്. അതോടൊപ്പം കോർപറേറ്റ് നികുതിയിനത്തിൽ 209000 (രണ്ടു ലക്ഷത്തി ഒൻപതിനായിരം കോടി രൂപ ) യുടെ കുറവും ഉണ്ടായിട്ടുണ്ട്.

സാധാരണ എക്സൈസ് നികുതിയുടെ വിഹിതം ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങൾക്കു ലഭിക്കുമെന്നിരിക്കെ അതൊഴിവാക്കിക്കൊണ്ടാണ് ഈ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയിലൂടെ ഇന്ത്യയിലെ സാധാരണക്കാരായ പൊതു സമൂഹത്തെ കൊള്ളയടിച്ചു കൊണ്ട് കോർപറേറ്റുകളെ പ്രീണിപ്പിക്കുന്നതും സഹായിക്കുന്നതും എന്ന കാര്യം ഓർക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും ലോക സമ്പന്നൻമാരുടെ പട്ടികയിലെ അതിപ്രധാനിയുമായ മുകേഷ് അംബാനിയുടെ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ സാമ്പത്തിക വർദ്ധനവുണ്ടായത് ഇക്കഴിഞ്ഞ സാമ്പത്തിക വർഷമാണ് . ഇന്ധന വില വർദ്ധനവും jio യുമാണ് ഇതിൽ പ്രധാന ഘടകം. ഇതിൽ കേന്ദ്ര സർക്കാരിൻ്റെ പങ്ക് ആർക്കാണ് നിഷേധിക്കാനാവുക. ഇന്ത്യൻ പൊതു സമൂഹം ഈ കള്ളക്കളി മനസ്സിലാക്കുന്നില്ലന്നു മാത്രമല്ല, സംസ്ഥാനത്തിന് 32 രുപ നികുതി കിട്ടുന്നുണ്ടെന്ന വ്യാജ വാർത്ത BJP യിലെ ചില ബുദ്ധികേന്ദ്രങ്ങളെങ്കിലും നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

പെട്രോളിൻ്റെയും ഡീസലിൻ്റെയും വില നിയന്ത്രണാധികാരം സർക്കാരുകൾ പെട്രോളിയം കമ്പനികൾക്കു നൽകുകയും, കോർപറേറ്റ് നികുതി നേർ പകുതിയാക്കുകയും കോർപറേറ്റുകളുടെ ഭീമമായ കടങ്ങൾ നിരുപാതികം എഴുതിത്തള്ളുകയും ചെയ്തതിലുടെ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ തലയിൽ അമിതഭാരം അടിച്ചേൽപ്പിക്കുകയും ക്രൂഡ് ഓയിലിൻ്റെ വിലക്കുറവിൻ്റെ ആനുകൂല്യം സാധാരണ ജനങ്ങൾക്ക് നിഷേധിക്കുകയുമാണ് നരേന്ദ്ര മോഡി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്.

കേരള പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ

Next Story

RELATED STORIES

Share it