Articles

മലബാര്‍ കലാപം: സ്വാതന്ത്ര്യത്തിനായുള്ള മലയാളിയുടെ മഹത്തായ പോരാട്ടം

മൂഴികുളത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഈ പോരാട്ടത്തില്‍ വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെയുണ്ടായിരുന്നു.വാരിയന്‍ കുന്നന്റെ സേനയില്‍ നാലിലൊന്ന് ദളിതരും മറ്റുവിഭാഗക്കാരുമായിരുന്നു

മലബാര്‍ കലാപം: സ്വാതന്ത്ര്യത്തിനായുള്ള മലയാളിയുടെ   മഹത്തായ പോരാട്ടം
X

ഡിക്‌സണ്‍ ഡിസില്‍വ


ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കാര്‍ഷിക കലാപമായും വര്‍ഗ്ഗീയ കാലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ട ഒന്നാണ് മലബാര്‍ കലാപം. മലയാള നാടിന്റെ രൂപീകരണത്തിനു വേണ്ടി, സാമ്യജ്യത്വത്തിനും,ജന്മിത്വത്തിനും എതിരെ നടന്ന, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു പോരാട്ടത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കുവാന്‍ അഭിനവ ദേശസ്‌നേഹിക്കൂട്ടം കാട്ടിക്കൂട്ടുന്നതെല്ലാം രാജ്യത്തെ ഹൈന്ദവല്‍ക്കരിക്കുന്നതിന്റെ ഭാഗമായെ കാണുവാന്‍ കഴിയൂ. അതാകട്ടെ ബ്രിട്ടീഷുകാര്‍ രാജ്യത്തെ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ ഏര്‍പെട്ടിരിക്കുന്നവരെ തമ്മില്‍ വിഭജിപ്പിക്കുവാന്‍ പ്രയോഗിച്ച തന്ത്രങ്ങള്‍ അതേപടി പകര്‍ത്തുന്നു എന്നതുമാത്രമാണ്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതികൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കരുടെ പിന്മുറക്കാരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുക വയ്യ.


ലോകത്തെല്ലായിടങ്ങളിലുമുള്ള സമരങ്ങളിലും, സ്വാതന്ത്ര്യ പോരാട്ടങ്ങളും നേതൃത്വത്തിന്റെ അറിവോടെയല്ലാത്ത ചില വ്യതിചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്,ഇവിടെയും. കൊള്ളകള്‍ഉണ്ടായിട്ടുണ്ട്, നിര്‍ബന്ധിത മതംമാറ്റവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അങ്ങനെ ചെയ്തിട്ടുള്ള തന്റെ മുസ്‌ലിം അനുയായികളായ നാലുപേരെ പിടിച്ചുകൊണ്ടു വന്നു തൂക്കിലേറ്റിയ ചരിത്രവും വാരിയം കുന്നനുണ്ട്, അത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുമുള്ളതാണ്.അങ്ങനെ അറിഞ്ഞു കൊണ്ടുള്ള തിരുത്തലുകള്‍ വരുത്തിയിട്ടുമുണ്ട്.


വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കൊള്ളക്കാരനായിരുന്നോ ?


1921 മലബാര്‍ കലാപത്തില്‍ എന്തുക്കൊണ്ട് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു ?


1921 ലെ കലാപം വര്‍ഗ്ഗീയ ലഹളയോ?


ഇത്തരം ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമാണ്. അതാകട്ടെ ഒരു സിനിമയുടെ നിര്‍മ്മാണം പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയതാണ്. അതില്‍ അഭിനയിക്കുവാന്‍ തീരുമാനിച്ചയാളെ ഭീഷണി പെടുത്തി പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുന്നു, സംവിധായകനെ തീവ്രവാദിയാക്കി ചിത്രീകരിക്കുന്നു അങ്ങനെ പോകുന്നു പുകിലുകള്‍. ഒരു സിനിമ ഇറങ്ങി കാണുന്നതിന് മുമ്പേ ഭീഷണിയുമായി ഇറങ്ങി കഴിഞ്ഞു വിഷകലയും കൂട്ടരും. ഒരുകൂട്ടം ആളുകള്‍ക്ക് ഇഷ്ടമല്ലാത്തതൊന്നും അനുവദിക്കില്ല എന്നതാണ് നിലപാട്. ചരിത്രമൊന്നും ഇവറ്റകള്‍ക്ക് ബാധകമാവില്ല.


ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ പൊരുതിയ സ്വതന്ത്ര സമര സേനാനിയായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.ബ്രിട്ടിഷുകാര്‍ അദ്ദേഹത്തിനെതിരെ കൊള്ളക്കാരന്‍,കലാപകാരി, തെരുവചട്ടമ്പി എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ അന്നാളുകളില്‍ കെട്ടഴിച്ചുവിടുകയുണ്ടായി. അവരാണ് ഈ പോരാട്ടങ്ങളെ മാപ്പിള ലഹള എന്നുപേരിട്ടു വിളിച്ചത്. മലബാര്‍ ലഹളയെ മാത്രമല്ല, ഇന്ത്യയില്‍ നടന്നിട്ടുള്ള സ്വാതന്ത്ര്യ സമരങ്ങളെ എല്ലാം തന്നെ ബ്രിട്ടീഷുകാര്‍ അപമാനിക്കുന്ന തരത്തിലാണ് വിളിച്ചുകൊണ്ടിരുന്നത്.ഒന്നാം സ്വാതന്ത്ര്യ സമരത്തെ ,അന്നു നടന്ന പോരാട്ടങ്ങളെ ശിപായി ലഹള എന്നാണ് സാമ്രജ്യത്വം വിളിച്ചിരുന്നത്. സമരം ചെയ്യുന്നവരെ മുഴുവന്‍ കൊള്ളക്കാരെന്നോ, ചതിയന്മാരെന്നോ ഓരോരോ പേരുകള്‍ ബ്രിട്ടഷുകാര്‍ വിളിക്കുമായിരുന്നു . അത് വാരിയകുന്നനും നല്‍കി എന്നുമാത്രം. അവരെന്തു പറഞ്ഞോ അതാണ് സംഘപരിവാറിന് ഇന്ന് വേദവാഖ്യം എന്നു മാത്രം .


സ്വാതന്ത്ര്യ സമരസേനാനികളും,നിസാഹകരണ പ്രസ്ഥാനത്തിന്റെ കേരളത്തിലെ വാക്താക്കളുമായിരുന്ന കേളപ്പന്‍,


മാധവന്‍ നായര്‍,അബ്ദുള്‍ റഹ്മാന്‍ സാഹിബ് തുടങ്ങിയവര്‍ അഹിംസാവാദികള്‍ ആയിരുന്നെങ്കിലും മലബാര്‍ ലഹളയെ ജാതീയമായ വേര്‍തിരിഞ്ഞിട്ടുള്ള ലഹളയായിട്ടല്ല , സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടാണ് കണ്ടിട്ടുള്ളത്, പറഞ്ഞിട്ടുള്ളത്.


മൂഴികുളത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഈ പോരാട്ടത്തില്‍ വാരിയം കുന്ന് കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെയുണ്ടായിരുന്നു.വാര്യന്‍കുന്നന്റെ സേനയില്‍ നാലിലൊന്ന് ദളിതരും മറ്റുവിഭാഗക്കാരുമായിരുന്നു. സൈന്യത്തെയും, ആയുധങ്ങളെയും ഒരുക്കുവാനുള്ള സമ്പത്ത് സംഭാവന ചെയ്തത് വെട്ടിക്കാട്ട് ഭട്ടതിരിയും, പാണ്ടിയാട്ട് നാരായണന്‍ നമ്പീശനുമായിരുന്നു.


നാരായണന്‍ നമ്പീശന്‍ പാണ്ടിക്കാട്ട് സേനയുടെ നേതാവായിരുന്നു. അക്കാലത്തുള്ള ഹിന്ദു ഭൂപ്രഭുക്കന്മാരായ ഇവരൊക്കെ സഹായിച്ചിരുന്ന, നേതാക്കളായ ഒരു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെയാണ് ഇവിടെ ചിലര്‍ ജാതിയായമായി വേര്‍തിരിക്കുവാന്‍ ശ്രമിക്കുന്നത്. പോരാട്ടത്തെ സാമ്പത്തികമായി സഹായിക്കുകയും, ഒപ്പം നില്‍ക്കുകയും ചെയ്ത ബ്രഹ്മദത്തന്‍ നമ്പൂതിരിപാടിന്റെ 'ഖിലാഫത്ത് സ്മരണ' എന്ന പുസ്തകത്തില്‍ അദ്ദേഹം മലബാര്‍ ലഹളയുടെ കാര്യങ്ങളാണ് വിശദീകരിക്കുന്നത്. ഒരു ഹിന്ദു വിരുദ്ധ സമരമാണെങ്കില്‍ ഹിന്ദു വിഭാഗത്തിന്റെ മേല്‍തട്ടിലുള്ള ബ്രഹ്മദത്തന്‍ നമ്പൂതിരിപാടും വെട്ടിക്കാട്ട് നമ്പൂതിരിയും, പാണ്ടിയാട്ട് നാരായണന്‍ നമ്പീശനും എങ്ങനെയാണ് ഈ സമരത്തിന്റെ നേതൃത്വത്തില്‍ വരുന്നത്?


മറുഭാഗത്തോ... കൊണ്ടോട്ടി തങ്ങള്‍, മണ്ടാടിയില്‍ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ സമ്പന്നര്‍ ഈ സമരത്തിന് എതിരായിരുന്നു, അവര്‍ ബ്രിട്ടഷുകാര്‍ക്കൊപ്പമായിരുന്നു. വാരിയന്‍കുന്നന്‍ ഈ സമരത്തിലേക്ക് വരുന്നത് തന്നെ റാന്‍ ബഹദൂര്‍ സ്ഥാനം അലങ്കരിച്ചിരുന്ന ചെക്കൂട്ടിയുടെ തലയരിഞ്ഞിട്ടാണ്.


സമരത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള കോവിലകങ്ങള്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം തന്നെ നിലമ്പൂര്‍ കോവിലകത്തെ സമരക്കാര്‍ സംരക്ഷിച്ചിട്ടുമുണ്ട്. സാമ്രാജ്യത്വ വിരുദ്ധ സമീപനമാണ് അക്കാലത്ത് നിലമ്പൂര്‍ കോവിലകം സ്വീകരിച്ചു പോന്നിരുന്നത്. നിലമ്പൂര്‍ കോവിലകം ഭരണാധികാരമുള്ള ഹിന്ദു തറവാടായിരുന്നല്ലോ? ബിട്ടീഷ് പൊലീസുകാര്‍ എഴുതിവെച്ച വര്‍ഗ്ഗീയ സമരമെന്ന പേര് ആര്യസമാജം ഏറ്റുപറയുകയായിരുന്നു. ആര്യസമാജം,മലബാര്‍ ലഹളയെ ഹിന്ദുക്കള്‍ക്കെതിരെയുള്ള കലാപമായി രാജ്യമാകെ ചിത്രീകരിക്കുകയും, അവിടെ മരണപ്പെട്ട ഹിന്ദുക്കളായവരുടെ ചിത്രങ്ങള്‍ മാത്രമെടുത്ത് പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. ഒരു വശത്ത് ബ്രിട്ടീഷുകാരും, അവരുടെ നാവായി പ്രാര്‍ത്തിച്ച ആര്യസമാജക്കാരും ചേര്‍ന്ന് ആയിരക്കണക്കിന് അമ്പലങ്ങള്‍ തകര്‍ക്കുന്നു, ഹിന്ദുവീടുകള്‍ ആക്രമിക്കുന്നു എന്ന പ്രചാരണം അഴിച്ചുവിട്ടു, മറുഭാഗത്ത് മുസ്‌ലിം പള്ളികള്‍ തകര്‍ക്കപ്പെടുന്നു എന്ന വ്യാപകമായ പ്രചരണവും .. ബ്രിട്ടീഷുകാര്‍ക്കെതിരെ നടക്കുന്ന പോരാട്ടവീര്യം തകര്‍ക്കുവാന്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഹീന തന്ത്രം. ഇതില്‍ സ്വാതന്ത്ര്യ സമര ദേശീയ നേതാക്കളായ ഗാന്ധിജി അടക്കമുള്ളവര്‍ക്ക് തെറ്റിധാരണ വന്നിട്ടുണ്ടെല്‍ മാറ്റുക എന്ന ഉദ്ദേശത്തില്‍ വാരിയന്‍ കുന്നന്‍ ഹിന്ദുപത്രത്തില്‍ സമരത്തെ കുറിച്ചുള്ള ലേഖനം എഴുതുന്നത്. (അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍,നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്ന ലേഖനം ഹിന്ദുവില്‍ ഈ വിവാദങ്ങളുടെ പഛാത്തലത്തില്‍ കഴിഞ്ഞ ദിവസംവീണ്ടും പ്രസിദ്ധീകരിക്കുകയുണ്ടായി)


അദ്ദേഹം സ്ഥാപിച്ചത് മാപ്പിള നാടല്ല, മലയാളി രാജ്യമാണ്. ഹിന്ദുക്കളോട് വിവേചനം പാടില്ല എന്നത് മലയാളിനാടിന്റെ പ്രഖ്യാപനമായിരുന്നു. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയൊ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുന്‍പാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷ നല്‍കിയിരുന്നു. കൃത്യമായ ന്യായാന്യായങ്ങള്‍ പുറപ്പെടുവിച്ചുമിരുന്നു. ആറുമാസത്തോളം


ബ്രിട്ടീഷ് പൊലീസിനോ സേനയ്‌ക്കോ അതിര്‍ത്തികടക്കുവാന്‍ പോലുമാകാത്ത തരത്തില്‍ പ്രതിരോധം തീര്‍ത്തു. പിന്നീട് രാജ്യത്തെ മൊത്തം ബ്രിട്ടീഷ് സേനയുടെ മൂന്നിലൊന്നിനെ കൊണ്ടുവന്നിട്ടാണ് ഈ പോരാട്ടം തകര്‍ക്കാന്‍ കഴിഞ്ഞത്. അന്ന് പ്രമാണിമാരായ മുസ്ലിംങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പവും സാധാരണക്കാരായ ഹിന്ദുവും മുസ്‌ളീം വിശ്വാസികളും സമരത്തോടൊപ്പവുമായിരുന്നു. അന്ന് ഹിന്ദുക്കള്‍ക്കെതിരെ എന്ന പ്രചരണം നടക്കുമ്പോള്‍ ആരെയൊക്കെ ഹിന്ദുക്കളായി അംഗീകരിച്ചിരുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഈഴവ സമുദായത്തെ സവര്‍ണ്ണര്‍ ഹിന്ദുവായി അംഗീകരിച്ചിരുന്നില്ല, ദളിതുകളെ മനുഷ്യരായി പോലും അംഗീകരിച്ചില്ലായെന്നോര്‍ക്കണം. 1921 ല്‍ ആണ് മലബാര്‍ കലാപം. 1922 ജനുവരി20നാണ് വാരിയം കുന്നനെ വെടിവെച്ചുകൊല്ലുന്നത്. 1924 ല്‍ ആണ് വൈക്കം സത്യാഗ്രഹം നടക്കുന്നത്. 1924 ല്‍ തന്നെയാണ് സഹോദരന്‍ അയ്യപ്പന്റെ'പരിവര്‍ത്തനം' എന്ന കവിത വരുന്നത്. ഹിന്ദു എന്ന് ഇന്ന് സംഘപരിവാര്‍കാര്‍ പറയുന്ന മതത്തിലെ അനാചാരങ്ങളെയും, ബ്രഹ്മണ മേധാവിത്വത്തെ എതിര്‍ത്തുകൊണ്ടുമുള്ള കവിത വരുന്നതുപോലും വാര്യന്‍ക്കുന്നന്റെ മരണശേഷമായിരുന്നു.ഭൂ ഉടമകള്‍ മുഴുവന്‍ സവര്‍ണ്ണരായിരുന്നു. അവരും, സമ്പന്ന മുസ്‌ലിം കുടുംബങ്ങളും ബ്രിട്ടീഷുകാര്‍ക്കൊപ്പം മലബാര്‍ കലാപത്തിനെതിരായിരുന്നു.


ഇതൊക്കെ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്. സ്വാഭാവികമായും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍, സാമ്രാജ്യത്വത്തോടൊപ്പം നില്‍ക്കുന്ന സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് നേരെ സമരക്കാര്‍ ആയുധം ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ ബ്രിട്ടനെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമാണ് താനും. ഒരു സമരം നടക്കുമ്പോള്‍, എതിര്‍ച്ചെരിയില്‍ നില്‍ക്കുന്നവര്‍ ആക്രമിക്കപ്പെടും, അത് സവര്‍ണ്ണ ഹിന്ദുക്കള്‍ മാത്രമല്ല, സമ്പന്ന മുസ്‌ലിം കുടുംബങ്ങളും പെട്ടിരുന്നു. എന്തിനെയും വര്‍ഗ്ഗീയ വല്‍ക്കരിക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ്


മലബാര്‍ കലാപത്തെയും മാപ്പിള ലഹളയായിട്ടു ചിത്രീകരിക്കുന്നത്.


ഏത് ഹിന്ദുവിനെ കുറിച്ചാണ് ഇപ്പോള്‍ സംഘപരിവാര്‍ പറയുന്നത്?


ബ്രിട്ടീഷുകാര്‍ക്കൊപ്പം സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കെതിരെ നിലകൊണ്ട ജന്മിമാരായ സവര്‍ണ്ണരെയോ? ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയിലെ സ്വാതന്ത്ര്യപോരാട്ടങ്ങളെ നേരിടുവാന്‍ പ്രയാസം നേരിട്ട സമയത്തു അവര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു ഇല്ലാ കഥയാണ് ഹിന്ദുമുസ്‌ലിം വര്‍ഗ്ഗീയതയ്ക്ക് തുടക്കമിട്ടത്. അത് ഹിന്ദു സമിതികള്‍ ഏറ്റെടുക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ നിര്‍മ്മിതിയായ ചരിത്ര പുസ്തകങ്ങളാണ് ഇപ്പോഴും പ്രചാരത്തിലുള്ളത്. അവര്‍ക്ക് ഇഷ്ടപ്പെടാത്ത, അവര്‍ക്കെതിരെ പോര്‍ നയിച്ച എല്ലാവരെയും ചരിത്രപുസ്തകങ്ങളില്‍ മോശക്കാരാക്കിയിട്ടുണ്ട്. ലോകത്തിന്റെ മൂന്നിലൊന്ന് അടക്കി ഭരിച്ച ബ്രിട്ടീഷുകാര്‍ക്കെതിരെ മഹത്തായ പോരാട്ടങ്ങള്‍ നടത്തിയവരെയൊക്കെ അവര്‍ അപമാനിച്ചിട്ടുണ്ട്. അങ്ങനെയാണ് നമ്മുടെ വീടുകളില്‍ പട്ടികള്‍ക്ക് 'കൈസര്‍' എന്നും 'ടിപ്പു'വെന്നും പേരുകള്‍ വരുന്നത്. നമ്മുടെയാളുകള്‍ക്ക് വളര്‍ത്തുനായക്ക് ഈ പേരുകള്‍ എങ്ങനെയുണ്ടായി എന്നറിയില്ല. ജര്‍മ്മന്‍ ചാന്‍സലറായ കൈസറെ അപമാനിക്കുവാന്‍ ലോകം മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്ക് കൈസര്‍ എന്നു നാമകരണം ചെയ്തു. ഇവിടെ ബ്രിട്ടഷുകാര്‍ക്കെതിരെ സന്ധിയില്ലാ സമരം നയിച്ച ടിപ്പുസുല്‍ത്താനെ അവഹേളിക്കുവാന്‍ പട്ടികള്‍ക്ക് ടിപ്പു എന്ന പേരിട്ടു വിളിക്കുവാന്‍ തുടങ്ങി. .


ചരിത്രത്തില്‍ ബ്രട്ടീഷുകാര്‍ക്കൊപ്പം നിന്നവരെ മഹത്വവല്‍ക്കരിച്ചും, പോരാട്ടം നയിച്ചവരെ അപമാനിച്ചുമുള്ള രേഖപ്പെടത്തലുകലാണവര്‍ നടത്തിയിട്ടുള്ളത്. വാരിയന്‍ കുന്നന്‍ സ്വാതന്ത്ര്യ സമരസേനാനിയാണ്. അല്ലാതെ ഇപ്പോള്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നപോലെ മാപ്പിള രാജ്യം ഉണ്ടാക്കുവാന്‍ സമരം നടത്തിയ ആളല്ല. ബ്രിട്ടീഷുകാര്‍ക്ക്, അവര്‍ക്കെതിരെ സമരം നടത്തിയവരെ കൊള്ളക്കാരെന്നും,കലാപകാരികളെന്നും വിളിക്കാം.പോരാട്ടം അവര്‍ക്കെതിരേയായിരുന്നല്ലോ.. ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തിട്ടുള്ള തറവാടുകളില്‍ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്, അവിടെ കൊള്ളായടിക്കപ്പെടിക്ക പെട്ടിട്ടുണ്ട്. അതൊക്കെ ഉപയോഗിച്ചിട്ടു തന്നെയാണ് പോരാട്ടങ്ങള്‍ക്കുള്ള സമ്പത്തുണ്ടാക്കിയിട്ടുള്ളത്. അതാകട്ടെ മലബാര്‍ കലാപത്തിന് മാത്രം അവകാശപ്പെട്ട കാര്യവുമല്ല.ബിട്ടീഷുകാര്‍ക്കെതിരെ ആയുധമേന്തി സമരം നയിച്ചിട്ടുള്ള എല്ലാ പോരാട്ടങ്ങളിലും അത്തരം കഥകള്‍ കാണുവാന്‍ കഴിയും .നമ്മുടെ രക്തനക്ഷത്രമായ ഭഗത് സിംഗിനെ ബ്രിട്ടഷുകാര്‍ കൊള്ളക്കാരനും, കൊലപാതകിയുമാക്കി ചിത്രീകരിച്ചല്ലേ തൂക്കിയത്. പോരാട്ടങ്ങളുടെ ഭാഗമായി അരുതാത്തതും സംഭവിച്ചു കാണും. ബ്രിട്ടഷുകാര്‍ കൊലയാളിയെന്നും, കൊള്ളക്കാര്‍ എന്നും വിളിച്ചാക്ഷേപിച്ചവരെ നമ്മള്‍ സ്വാതന്ത്ര്യസമര സേനാനികള്‍ എന്നാണ് വിളിക്കുന്നത്. വാരിയന്‍ കുന്നനും സ്വാതന്ത്ര്യ സമരപോരാളിയാണ്.


പള്ളിക്ക് മുമ്പില്‍ പന്നിയുടെ ശവം കൊണ്ടിട്ടപ്പോള്‍ ഒരുമിച്ചു കൂടിയ ജനത്തെ തടഞ്ഞത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണ നൈപുണ്യം വെളിവാക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബ്രിട്ടീഷ്ജന്മി ദല്ലാളന്മാര്‍ ചെയ്തതാണെന്ന് ഓര്‍മ്മപ്പെടുത്തി ഇനി വരാവുന്ന നീക്കങ്ങള്‍ക്കും ഹാജി തടയിട്ടു. അമ്പലത്തിനുള്ളില്‍ പശു കിടാവിന്റെ ജഡം കൊണ്ടിട്ടപ്പോഴും ഇതേ ജാഗ്രത ഹാജി കാട്ടി. മേലാറ്റൂരിലെ നായര്‍ ജന്മിമാര്‍ ഖിലാഫത്ത് പ്രവര്‍ത്തകരോട് അനുഭാവം പുലര്‍ത്തിയവരായിരുന്നു ബ്രിട്ടീഷ് പക്ഷക്കാര്‍ ഖിലാഫത്ത് വേഷത്തില്‍ അവരെ അക്രമിക്കാനിടയുണ്ട് എന്ന ഭീതിയില്‍ മേലാറ്റൂരില്‍ ശക്തമായ പാറാവ് ഏര്‍പ്പെടുത്താന്‍ ഹാജി നിര്‍ദ്ദേശിച്ചിരുന്നതും പ്രസക്തമാണ്.


മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ള ചെയ്യുന്നതില്‍ നിന്ന് സംരക്ഷിച്ചതും, പുല്ലൂര്‍ നമ്പൂതിരിയുടെ ബാങ്ക് കൊള്ള ചെയ്ത കൊള്ളക്കാരെ കൊണ്ട് അത് തിരിച്ചു കൊടുപ്പിച്ചതും നമ്പൂതിരിക്ക് നഷ്ടപരിഹാരമായി ഖജാനയില്‍ നിന്ന് പണം നല്‍കിയതും നിലമ്പൂരിലെ കോവിലകത്തിന് കാവലായതും വിപ്ലവം വഴി തിരിച്ചു വിടാനുള്ള ബ്രിട്ടീഷ് തന്ത്രം മനസ്സിലാക്കി എന്ന മട്ടിലായിരുന്നു. ബ്രിട്ടഷുകാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് ഏറ്റുപാടുകയാണ് സംഘപരിവാറുകാര്‍. അന്യമതസ്തരായവരുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പോലും അംഗീകരിക്കുകയില്ലായെന്ന ഫാസിസ്റ്റ് സമീപനം ബ്രിട്ടീഷുകാരോടൊപ്പം നിന്നവരുടെപിന്മുറക്കാര്‍ക്ക് സ്വീകരിക്കാം. അതാകട്ടെ ജനങ്ങള്‍ അംഗീകരിക്കണമെന്നില്ല.
Next Story

RELATED STORIES

Share it