Articles

ജാബിര്‍ ഇബ്‌നു ഹയ്യാന്‍... കെമിസ്ട്രിയുടെ പിതാവായി അറിയപ്പെടുന്നൊരു സൂഫി

പ്രാചീന രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഒരു സൂഫി പണ്ഡിതനുണ്ട് ഇസ്‌ലാമിന്റെ സുവര്‍ണകാല ചരിത്രത്തില്‍. ഗീബര്‍ എന്നാണ് പാശ്ചാത്യലോകത്ത് അദ്ദേഹം അറിയപ്പെടുന്നത്. ജാബിര്‍ ഇബ്‌നു ഹയ്യാന്‍ എന്നാണ് ഗീബറിന്റെ ശരിയായ പേര്. ഇവിടെ നമ്മള്‍ സംസാരിക്കുന്നത് ഇബ്‌നു ഹയ്യാന്‍ എന്ന രസതന്ത്രജ്ഞനായിരുന്ന ആ സൂഫിയെ കുറിച്ചാണ്.

ജാബിര്‍ ഇബ്‌നു ഹയ്യാന്‍...  കെമിസ്ട്രിയുടെ പിതാവായി അറിയപ്പെടുന്നൊരു സൂഫി
X

-യാസിര്‍ അമീന്‍

ആധുനിക രസതന്ത്രത്തിന് വിത്ത് പാകിയ മേഖലയായിരുന്നു ആല്‍ക്കെമി. മനുഷ്യന് അമരത്വം നല്‍കുന്നതിനു വേണ്ടിയുള്ള വിദ്യകളും, ലഭ്യമായ ലോഹങ്ങളെ സ്വര്‍ണ്ണമാക്കി മാറ്റുന്നതിനുള്ള വിദ്യകളുമാണ് ആല്‍കെമിസ്റ്റുകള്‍ പ്രധാനമായും കണ്ടെത്താന്‍ ശ്രമിച്ചിരുന്നത്. പക്ഷെ ഇതിലെല്ലാം അവര്‍ ധയനീയമായി പരാജയപ്പെട്ടു. എന്നാല്‍, മോഡോണ്‍ കെമിസ്ട്രിയിലേക്കുള്ള ആദ്യപടിയായിരുന്നു ആല്‍ക്കെമി എന്നത്തില്‍ ഒരു ശാസ്ത്ര ചരിത്രകാരനും വിയോജിപ്പില്ല. ആല്‍ക്കെമിക്ക് ശാസ്ത്രാവബോധം നല്‍കുകയും അതുവഴി രസതന്ത്രത്തിന്റെ വികാസത്തിന് വഴിയൊരുക്കുകയും ചെയ്ത പ്രാചീന രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഒരു സൂഫി പണ്ഡിതനുണ്ട് ഇസ്‌ലാമിന്റെ സുവര്‍ണകാല ചരിത്രത്തില്‍. ഗീബര്‍ എന്നാണ് പാശ്ചാത്യലോകത്ത് അദ്ദേഹം അറിയപ്പെടുന്നത്. ജാബിര്‍ ഇബ്‌നു ഹയ്യാന്‍ എന്നാണ് ഗീബറിന്റെ ശരിയായ പേര്. ഇവിടെ നമ്മള്‍ സംസാരിക്കുന്നത് ഇബ്‌നു ഹയ്യാന്‍ എന്ന രസതന്ത്രജ്ഞനായിരുന്ന ആ സൂഫിയെ കുറിച്ചാണ്.

ആധുനിക ഇന്ധനങ്ങളുടെയും മരുന്നുകളുടെയും മറ്റുനിരവധി ആവശ്യസാധനങ്ങളുടെ കണ്ടുപിടുത്തത്തിന് അടിത്തറപാകിയ ശാസ്ത്രത്തിന്റെ ഒരു ശാഖയായ ആധുനിക രസതന്ത്രത്തിന്റെ വേരുകള്‍ പടര്‍ന്നുകിടക്കുക്കന്നത് എട്ട് മുതല്‍ പതിനാലാം നൂറ്റാണ്ട് വരെയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലാണ് ആധുനിക രസതന്ത്രത്തിന്റെ വേരുകള്‍ പടര്‍ന്നുകിടക്കുന്നത്. യൂറോപ്പില്‍ രസതന്ത്രത്തിന്റെ വികാസത്തിന് അടിത്തറപാകിയത് ജാബിര്‍ ഇബ്‌നു ഹയ്യാന്റെ കണ്ടുപിടുത്തങ്ങളായിരുന്നെന്ന് പ്രശസ്ത ജര്‍മ്മന്‍ ചരിത്രകാരനായ മാക്‌സ് മേയര്‍ഹോഫ് പറയുന്നുണ്ട്. പാശ്ചാത്യ ലോകത്ത് ഗീബര്‍ എന്നറിയപ്പെടുന്ന ജാബിര്‍ ഇബ്‌നു ഹയ്യാന്‍, ദ്രാവകം ആവിയാക്കി തണുപ്പിച്ച് ശുദ്ധീകരിക്കുക, ലായനി തണുപ്പിച്ചും ബാഷ്പീകരിച്ചും പരലുകളെവേര്‍തിരിക്കുക, ബാഷ്പീകരണം എന്നിവ ഉള്‍പ്പെടുന്ന നിരവധി പ്രക്രിയകള്‍ കണ്ടുപിടിച്ചു. അതെല്ലാം ഇന്നും ഉപയോഗിക്കുന്നുമുണ്ട്. സ്റ്റീലിന്റെ വികാസം, വിവിധ ലോഹങ്ങളുടെ കണ്ടുപിടുത്തം, വാട്ടര്‍ പ്രൂഫ് തുണിയുടെ വാര്‍ണിഷിങ്, തുണിയില്‍ ചായം പൂശല്‍, തുകല്‍ ടാനിങ്് തുടങ്ങി അദ്ദേഹം നടത്തിയ നിരവധി കണ്ടുപിടുത്തങ്ങള്‍ ആധുനിക രസതന്ത്രത്തിന്റെ വികാസത്തിന് കാരണമായിട്ടുണ്ട്. ഗ്ലാസ് നിര്‍മ്മാണത്തില്‍ മാംഗനീസ് ഡൈ ഓക്‌സൈഡ് ഉപയോഗിച്ചത്, തുരുമ്പെടുക്കുന്നത് എങ്ങനെ തടയാം, സ്വര്‍ണം അലിയിക്കുന്നതിനുള്ള അക്വാറീജിയയുടെ വികസനം, പെയിന്റുകളും ഗ്രീസുകളും തിരിച്ചറിയല്‍ തുടങ്ങിയ ഇബ്‌നു ഹയ്യാന്റെ മറ്റു കണ്ടുപിടുത്തങ്ങള്‍ കെമിക്കല്‍ എഞ്ചിനീയറിങ് മേഖലയിലെ ഏറ്റവും ജനപ്രിയ സാങ്കേതിക വിദ്യകളായി മാറി.

പുരാതന ആല്‍ക്കെമി പ്രധാനമായും വിലയേറിയ ലോഹങ്ങള്‍ തയ്യാറാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, അടിസ്ഥാന രാസരീതികളുടെ വികസനത്തിനായി തന്റെ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടാണ്് ജാബിര്‍ തന്റെ വൈദഗ്ധ്യവും നൈപുണ്യവും പ്രകടിപ്പിച്ചത്. പരീക്ഷണത്തിലൂടെയും രാസപ്രവര്‍ത്തനങ്ങളെയും അവയുടെ തത്വങ്ങളെയും കുറിച്ചുള്ള പഠനത്തിലൂടെയുമാണ് അദ്ദേഹം ഇത് ചെയ്തത്. തല്‍ഫലമായി, കെമിസ്ട്രിയെ പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും മണ്ഡലത്തില്‍ നിന്ന് ശാസ്ത്രീയ അച്ചടക്കത്തിലേക്ക് മാറ്റുന്നതില്‍ ജാബിര്‍ ഇബ്‌നു ഹയ്യാന്‍ വിജയിച്ചു.

ഇന്ന് നമ്മള്‍ അറിയുന്ന മൂലകങ്ങളുടെ, അത് ലോഹങ്ങളാവട്ടെ അല്ലാത്തവയാകട്ടെ, അവയുടെ വര്‍ഗീകരണത്തില്‍ ഇബ്‌നു ഹയ്യാന്റെ കയ്യൊപ്പുണ്ട്. സ്വാഭാവിക മൂലകങ്ങള്‍ക്കായി അദ്ദേഹം മൂന്ന് വിഭാഗങ്ങള്‍ നിര്‍ദ്ദേശിച്ചു: ഒന്ന് സ്പിരിറ്റ്: അതായത് ചൂടില്‍ ബാഷ്പീകരിക്കപ്പെടുന്ന മൂലകങ്ങള്‍ രണ്ടാമതായി മെറ്റല്‍സ്: സ്വര്‍ണ്ണം, വെള്ളി, ഈയം, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ലോഹങ്ങള്‍ മൂന്നാമതായി അദ്ദേഹം നിര്‍ദ്ദേശിച്ച ഗ്രൂപ്പ് സ്‌റ്റോന്‍സ് എന്ന അറിയപ്പെടുന്നു. പൊടിയായി മാറ്റാവുന്നവയെ ആണ് അദ്ദേഹം സ്‌റ്റോണ്‍ എന്ന് വാക്ക് കൊണ്ട് അര്‍ത്ഥമാക്കിയത്. ആധുനിക രസതന്ത്രത്തിന് വര്‍ഗ്ഗീകരണത്തിന് അദ്ദേഹം ഉപയോഗിച്ച രീതി ഇന്നും

ആധുനിക രസതന്ത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പിരിയോടിക് ടേബിളിനെ കുറിച്ച് പറയുമ്പോള്‍ പലരും മെന്‍ഡലീവിനെക്കുറിച്ച് പറയാറുണ്ടെങ്കിലും, രാസവസ്തുക്കളെ തരംതിരിക്കാനായി ഒരു പട്ടിക സൃഷ്ടിക്കാന്‍ ആദ്യം ശ്രമിച്ചത് ഇബ്‌നു ഹയ്യാനായാരിന്നു. മൂലകങ്ങളെ ലോഹങ്ങള്‍, ലോഹങ്ങളല്ലാത്തവ, വാറ്റിയെടുക്കാന്‍ കഴിയുന്ന വസ്തുക്കള്‍ എന്നിങ്ങനെ തരംതിരിക്കാനുള്ള പുരാതന ഗ്രീക്ക് ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. തന്റെ സൃഷ്ടികളില്‍ പരീക്ഷണത്തിനും കൃത്യതയ്ക്കും വലിയ പ്രാധാന്യം ജാബിര്‍ ഇബ്‌നു ഹയ്യാന്‍ നല്‍കിയിരുന്നു. 'രസതന്ത്രത്തില്‍ ഏറ്റവും അനിവാര്യമായത് നിങ്ങള്‍ പ്രായോഗിക ജോലികള്‍ ചെയ്യുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ്. കാരണം, പ്രായോഗിക പ്രവര്‍ത്തനങ്ങളൊന്നും നടത്താത്തവരോ പരീക്ഷണങ്ങള്‍ നടത്താത്തവരോ ഒരിക്കലും പാണ്ഡിത്യം നേടുകയില്ല' എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ് അദ്ദേഹത്തിന്റെ ശാസ്ത്രാവബോധം. ഇംഗ്ലീഷ് ചരിത്രകാരനായ എറിക് ജോണ്‍ ഹോള്‍മിയാര്‍ഡാണ് ഇബ്‌നു ഹയ്യാനെ രസതന്ത്രത്തിന്റെ പിതാവ് എന്ന് ആദ്യമായി വിളിച്ചത്. ഇബ്‌നു ഹയ്യാന്റെ പരീക്ഷണങ്ങള്‍ ശാസ്ത്രത്തിന്റെ അടിസ്ഥാന മാറിയെന്ന് എറിക് ജോണ്‍ പറയുന്നു. രസതന്ത്രത്തെ കുറിച്ചുള്ള ഇബ്‌നു ഹയ്യാന്റെ കൃതികള്‍ ലാറ്റിന്‍ ഭാഷയിലേക്കും നിരവധി യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. അവ യൂറോപ്യന്‍ രസതന്ത്രജ്ഞരുടെ സ്റ്റാന്‍ഡേര്‍ഡ് ടെക്സ്റ്റുകളായി. അദ്ദേഹത്തിന്റെ കൃതികളില്‍ നിന്ന് ആല്‍ക്കലി പോലുള്ള നിരവധി സാങ്കേതിക പദങ്ങള്‍ വിവിധ യൂറോപ്യന്‍ ഭാഷകളിലേക്ക് കടന്നുവന്ന് ശാസ്ത്രീയ പദാവലിയുടെ ഭാഗമായി.

ജാബിര്‍ ഇബ്‌നു ഹയ്യാനെ കുറിച്ച് പറയുമ്പോള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങള്‍. 1,300 ലധികം പുസ്തകങ്ങളും ലേഖനങ്ങളുമാണ് ഇബ്‌നു ഹയ്യാന്‍ എഴുതിയത്. അവ പ്രപഞ്ചശാസ്ത്രം മുതല്‍ രസതന്ത്രം വരെ എല്ലാം ഉള്‍ക്കൊള്ളുന്നു. അദ്ദേഹം എഴുതിയ 300 പുസ്തകങ്ങള്‍ തത്ത്വചിന്തയെക്കുറിച്ചും 300 പുസ്തകങ്ങള്‍ മെക്കാനിക്‌സിനെക്കുറിച്ചും 112 പുസ്തകങ്ങള്‍ രസതന്ത്രത്തെക്കുറിച്ചും ഉള്ളവയാണ്.

തത്ത്വചിന്ത, രസതന്ത്രം, മെക്കാനിക്‌സ് എന്നിവയ്ക്ക് പുറമെ ഭൗതികശാസ്ത്രത്തെക്കുറിച്ചും ഇബ്‌നു ഹയ്യാന്‍ എഴുയിട്ടുണ്ട്. 500ഓളം പുസ്തകങ്ങലാണ് ജാബിര്‍ ഭൗതികശാസ്ത്രത്തെ കുറിച്ച് എഴുതിയത്. 70ഒളം പുസ്തകങ്ങള്‍ രസതന്ത്രത്തിലെ അദ്ദേഹത്തിന്റെ പരീക്ഷണാത്മക കൃതികളെക്കുറിച്ചായിരുന്നു

721 ല്‍ പേര്‍ഷ്യയിലെ ടസ്സിലാണ് ജാബിര്‍ ബിന്‍ ഹയ്യാന്‍ ജനിച്ചത്. അബ്ബാസി ഭരണകൂടവും ഉമയ്യ ഭരണകൂടവും തമ്മിലുള്ള യുദ്ധത്തില്‍ ജാബിറിന്റെ പിതാവ് ഹയ്യാന്‍ അബ്ബാസികളെ പിന്തുണച്ചതിന്റെ ഫലമായി അദ്ദേഹം തൂക്കിലേറ്റപ്പെട്ടു. പിതാവിന്റെ വധശിക്ഷയെ തുടര്‍ന്ന ജാബിര്‍ കൂഫയില്‍ നിന്ന് യമനിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോയി. അവിടെ നിന്നാണ് ഖുര്‍ആനും ഗണിതവും മറ്റു ശാസ്ത്ര വിഷയങ്ങളിലും വിദ്യാഭ്യാസം നേടുന്നത്. അബ്ബാസികള്‍ ഉമയ്യ രാജവംശത്തെ അട്ടിമറിച്ചപ്പോള്‍ ഹയ്യാന്‍ അബ്ബാസികളുടെ തലസ്ഥാന നഗരമായ ബാഗ്ദാദിലേക്ക് തിരിച്ചുപോയി. പ്രശസ്ത അബ്ബാസി് ഖലീഫ ഹാറുണ്‍ റഷീദിന്റെ കൊട്ടാരത്തില്‍ അദ്ദേഹം ഒരു പ്രശസ്ത ആല്‍ക്കെമിസ്റ്റായി സേവനമനുഷ്ഠിച്ചു. ബാര്‍ഖില്‍ നിന്നുള്ള പ്രമുഖ ഇറാനിയന്‍ കുടുംബമായിരുന്ന ബരാമിക്കകളുമായി ജാബിര്‍ ഇബ്‌നു ഹയ്യാന് ശക്തമായ ബന്ധമുണ്ടായിരുന്നു. ഹാറൂണ്‍ റഷീദിന്റെ നിലനില്‍പ്പിന് ബരാമിക്കുകള്‍ ഭീഷണിയായപ്പോള്‍ കൂഫയിലേക്ക് അവരെ നാടുകടത്തി. ആ കൂട്ടത്തില്‍ ജാബിറും ഉണ്ടായിരുന്നു. 94 വര്‍ഷം അദ്ദേഹം ജീവിച്ചു. 815ല്‍ അദ്ദേഹം കൂഫയില്‍ ഇഹലോകവാസം വെടിഞ്ഞു.

സാഹിത്യത്തിലും ശാസ്ത്ര സാഹിത്യത്തിലും നിരവധി പേര്‍ ജാബിറിനെ അടയാളപ്പെടുത്തുന്നുണ്ട്. പ്രസിദ്ധ ബ്രസീലിയില്‍ നോവലിസ്റ്റ് പൗലോ കൊയ്‌ലോ അദ്ദേഹത്തിന്റെ ആല്‍ക്കമിസ്റ്റ് എന്ന നോവലില്‍ ഗെബര്‍ എന്ന പേരില്‍ ജാബിര്‍ ഇബനു ഹയ്യാനെ കുറിച്ച് പറയുന്നുണ്ട്. പ്രസിദ്ധ ബംഗാള്‍ സിനിമാ സംവിധായകന്‍ സത്യജിത് റെയ് അദ്ദേഹത്തിന്റെ പ്രഫസര്‍ ഷോന്‍കു എന്ന ചെറുകഥയില്‍ ജാബിറിനെ പരാമര്‍ശിക്കുന്നുണ്ട്. പശ്ചാത്യ സാഹിത്യത്തില്‍ നിരവധിപേര്‍ ജാബിറിനെയും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെയും കുറിച്ച് പറയുന്നുണ്ട്. ജാബിര്‍ ഇബ്‌നു ഹയ്യാന്‍ ഇനിയും വായിച്ചു തീരാത്ത ഒരു പുസ്തകമാണ്.

Next Story

RELATED STORIES

Share it