Articles

ആഗസ്റ്റ് 9 ലോകആദിവാസി ദിനം: ഭരണകൂട ഇരകളായ ആദിവാസി ജനത

ആഗസ്റ്റ് 9 ലോകആദിവാസി ദിനം:   ഭരണകൂട ഇരകളായ ആദിവാസി ജനത
X

അമ്മിണി കെ വയനാട്

(ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ്)

ലോകമെമ്പാടുമുള്ള ആദിവാസി ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1994 ല്‍ നടത്തിയ പ്രഖ്യാപനത്തോടെയാണ് ലോക ആദിവാസി ദിനം നിലവില്‍ വന്നത്.

1995 മുതല്‍ 2004 വരെ ലോക ആദിവാസി ജനതയുടെ ദശാബ്ദമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇതോടുനുബന്ധിച്ച് ഈ ദശാബ്ദത്തിലെ എല്ലാ വര്‍ഷങ്ങളിലും ആദിവാസി ദിനം ആചരിക്കാനും യുഎന്‍ തീരുമാനിച്ചു. 2005 മുതല്‍ 2015 വരെ രണ്ടാം ആദിവാസി ദശാബ്ദമായി കൊണ്ടാടുകയും ചെയ്തു.

ആദിവാസി വിഭാഗങ്ങളെ മനസ്സിലാക്കാനും അവരുടെ പ്രശ്‌നങ്ങള്‍ അറിയാനും ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതടക്കമുള്ള പ്രചാരണ പരിപാടികള്‍ ഈ ദിനത്തോടുബന്ധിച്ച് നടത്താറുണ്ട്. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം ഇന്നും ഇവിടുത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ ഏകദേശം നാലര ലക്ഷം പേര്‍ വരും. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 1.5 ശതമാനം. സ്വന്തമായി ഉണ്ടായിരുന്ന ഭൂമി കുടിയേറ്റക്കാരാല്‍ പിടിച്ചെടുക്കപ്പെടുകയും സകലവിധമായ ചൂഷണങ്ങളാല്‍ ആദിവാസികള്‍ വംശനാശത്തില്‍ അകപ്പെട്ടു നില്‍ക്കുമ്പോള്‍ ജനാധിപത്യ സകര്‍ക്കാരുകള്‍ അതിനു കൂട്ടുനില്ക്കുന്നു എന്നു മാത്രമല്ല ചൂഷകര്‍ക്ക് അനുകൂലമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്തി ജനാധിപത്യ അവകാശങ്ങളെ തന്നെ ബലികഴിക്കുകയാണ്. ഇക്കാര്യത്തില്‍ മാറി മാറി കേരളം ഭരിക്കുന്ന ഇടത് - വലത് വിഭാഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ആദിവാസികള്‍ സര്‍ക്കാരിനും സന്നദ്ധ സംഘടനകള്‍ക്കും പണം കൊയ്യാനുള്ള വെറും ഇരകളാണ്. കാഴ്ചബഗ്ലാവില്‍ മൃഗങ്ങളെ കാണാന്‍ വരുന്നതുപോലെയാണ് ഭരണക്കാരും മറ്റുള്ളവരും ആദിവാസികളെ കാണാനെത്തുന്നത്.

ആദിവാസികള്‍ ഇന്ന് ജീവിക്കുന്നത് അത്യന്തം അരക്ഷിതാവസ്ഥയിലാണ്. അവര്‍ക്ക് ഭൂമിയില്ല, വാസയോഗ്യമായ വീടുകളില്ല, മാന്യമായ തൊഴിലും വിദ്യാഭ്യാസവുമില്ല, നരകം എന്നാല്‍ ആദിവാസി കോളനിയാണ്. പ്ലാസ്റ്റിക് പടുതകള്‍ക്കുള്ളിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. നവജാത ശിശുമരണം ഏറ്റവും കൂടുതല്‍ നടക്കുന്നത് ആദിവാസികളുടെ ഇടയിലാണ്. അരിവാള്‍ രോഗത്തിന്റെ ഇരകള്‍ കേരളത്തില്‍ ആദിവാസികള്‍ മാത്രമാണ്. പോഷകാഹാര കുറവാണ് ആദിവാസികള്‍ നേരിടുന്ന ആരോഗ്യപ്രതിസന്ധിയില്‍ മുഖ്യം. പ്രകൃതി ദുരന്തങ്ങളുടെ പ്രാഥമിക ഇരകള്‍ ആദിവാസികളാണ്. എന്നാല്‍ കോടികള്‍ ആദിവാസികളുടെ ക്ഷേമത്തിനായി ചിലവിടുമ്പോഴും അവരുടെ അവസ്ഥയ്ക്ക് ഒരു ശതമാനം പോലും മാറ്റം കാണുന്നില്ല. വനത്തിനുള്ളില്‍ ജീവിക്കുന്ന ആദിവാസികളെ എങ്ങനെ അവിടെ നിന്ന് കൂടിയിറക്കാമെന്നാണ് വനംവകുപ്പ് ആലോചിക്കുന്നത്.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളാകുന്ന ഈ വിഭാഗത്തിന്റെ പ്രശ്‌നം ഒരിക്കലും സര്‍ക്കാരിന് ചര്‍ച്ചാ വിഷയമല്ല. ജനിച്ച മണ്ണില്‍ ഇന്നും അഭായര്‍ത്ഥികളെ പോലെ നരകിച്ച് ജീവിക്കേണ്ട സ്ഥിതിവിശേഷമാണ് ഇവിടെ ഉള്ളത്. പാട്ടക്കാലവധി കഴിഞ്ഞ അനധികൃതമായ രേഖകള്‍ ഉണ്ടാക്കി കൈവശം വെച്ചിട്ടുള്ള ഭൂമി തിരിച്ചുപിടിച്ച് ആദിവാസികള്‍ക്ക് വിതരണം ചെയ്യേണ്ടത് ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ്. അതിന് ആദിവാസികള്‍ക്ക് അവകാശപ്പെട്ട വനഭൂമി പതിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വനാവകാശ നിയമം കുറ്റമറ്റ രീതിയില്‍ കേരളത്തില്‍ നടപ്പാക്കണം. ഇന്നും വനാവകാശനിയമം നടപ്പാക്കാത്ത ഒരു സംസ്ഥാനം കേരളമാണ്. ആദിവാസികളുടെ സ്വയംഭരണ പഞ്ചായത്ത് നിയമത്തിന് അടിയന്തിര പ്രാധാന്യമുണ്ട്.

സാമൂഹ്യനീതിയും ഭരണഘടനാവകാശങ്ങളും ലഭിക്കുവാന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണം എന്നാണ് കേരളം ഭരിക്കുന്ന ജനാധിപത്യ സര്‍ക്കാരിനോട് ആദിവാസി ജനത ചോദിക്കുന്നത്. ആദിവാസികളുടെ ഭൂമി തിരിച്ചു നല്‍കുക ആദിവാസികളും മനുഷരാണ് എന്ന് അംഗീകരിക്കുക, അവരെയും ജീവിക്കുവാന്‍ അനുവദിക്കുക- ഈ ആദിവാസി ദിനത്തിലും ചോദിക്കാനുള്ളത് ഇതൊക്കെത്തന്നെ.

Next Story

RELATED STORIES

Share it