Articles

പേര് ഒരു വെറും പേരല്ല. അത് ഒരു സംസ്‌കാരത്തിന്റെ ബഹുസ്വരതയുടെ പര്യായമാണ്

പേര് ഒരു വെറും പേരല്ല. അത് ഒരു സംസ്‌കാരത്തിന്റെ ബഹുസ്വരതയുടെ പര്യായമാണ്. കുട്ടികള്‍ക്ക് പേരിടുന്നത് ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണെന്നും ഭൂരിപക്ഷം മനുഷ്യരും ജീവിതത്തില്‍ ആ പേരിടുന്ന സന്ദര്‍ഭത്തില്‍ മാത്രമാണ് സര്‍ഗാത്മകത സൂക്ഷിക്കുന്ന

പേര് ഒരു വെറും പേരല്ല. അത് ഒരു സംസ്‌കാരത്തിന്റെ ബഹുസ്വരതയുടെ പര്യായമാണ്
X

പ്രഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ്

(ഇടതുപക്ഷ സാംസ്‌കാരിക വിമര്‍ശകന്‍)


പേര് ഒരു വെറും പേരല്ല. അത് ഒരു സംസ്‌കാരത്തിന്റെ ബഹുസ്വരതയുടെ പര്യായമാണ്. കുട്ടികള്‍ക്ക് പേരിടുന്നത് ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണെന്നും ഭൂരിപക്ഷം മനുഷ്യരും ജീവിതത്തില്‍ ആ പേരിടുന്ന സന്ദര്‍ഭത്തില്‍ മാത്രമാണ് സര്‍ഗാത്മകത സൂക്ഷിക്കുന്നതെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഇന്നു സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റാനുള്ള ശ്രമം സാംസ്‌കാരിക വിമര്‍ശകര്‍ നേരത്തേ തന്നെ ചൂണ്ടിക്കാണിച്ചതുപോലെ സാംസ്‌കാരിക വംശഹത്യയുടെ ഭാഗമാണ് (രൗഹൗേൃമഹ ഴലിീരശറല). ജാതി മേല്‍ക്കോയ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ശ്രേഷ്ഠമെന്നും ജാതിമേല്‍ക്കോയ്മയ്ക്ക് അപ്പുറത്തും ഇപ്പുറത്തും നടന്ന എല്ലാ നല്ല കാര്യങ്ങളും മ്ലേച്ഛമാണെന്നും കരുതുന്ന ഒരു അശ്ലീല മാനസികാവസ്ഥയാണ് സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുമാറ്റത്തിലൂടെ ഇന്ത്യയില്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്. ജനോസൈഡ് അഥവാ വംശഹത്യ എന്നതിനൊപ്പം അതിനു മുന്നിലും പിന്നിലുമായി നടക്കുന്ന സാംസ്‌കാരിക വംശഹത്യ എന്നുള്ളത് പ്രധാനമാണ്. 'ജാതി മേല്‍ക്കോയ്മ ഒഴിച്ച് മറ്റാര്‍ക്കും ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഒരു സംഭാവനയും അര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, അര്‍പ്പിച്ചിട്ടില്ല, മുസ്‌ലിംകളടക്കമുള്ള മറ്റുള്ളവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുകയാണ് ചെയ്തത്. ഉദാഹരണമായി, കാലത്തിന്റെ കവിള്‍ത്തടത്തിലെ ഏകാന്തമായ കണ്ണുനീര്‍ തുള്ളി എന്നു രബീന്ദ്രനാഥ ടാഗൂര്‍ പ്രശംസിച്ച താജ്മഹല്‍ ഭാരതീയ സംസ്‌കാരത്തിന്റെ കളങ്കമാണ്' എന്നാണ് സംഗീത് സോം എന്ന സംഘപരിവാര പ്രതിഭ പ്രഖ്യാപിച്ചത്, എന്തു രബീന്ദ്രനാഥ ടാഗൂര്‍! സംഗീത് സോമുമാരുടെ സംഖ്യ ഇയ്യാംപാറ്റകളെപ്പോലെ പെരുകുമ്പോള്‍.

വംശഹത്യക്കൊപ്പം പരിഗണിക്കപ്പെടേണ്ട ഒരുപക്ഷേ, ഭൂരിപക്ഷം വരുന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം അതിനെക്കാള്‍ അപകടകരമായ ഒരു പരികല്‍പ്പനയാണ് മനഹത്യ (ങലിശേരശറല). വംശഹത്യയിലൂടെ ഒരു രാജ്യത്തിന്റെ മുഴുവന്‍ ജനതയെയും ഏതു ഫാഷിസ്റ്റ് തലകുത്തി നിന്നാലും മുഴുവനായും കൊന്നൊടുക്കാനാവില്ല. വംശഹത്യ ലക്ഷ്യംവയ്ക്കുന്നത് മുഴുവന്‍ മനുഷ്യരെയും കൊന്നൊടുക്കുക എന്നുള്ളതല്ല. കുറെപ്പേരെ കൊന്നൊടുക്കുക ബാക്കി വരുന്നവരെ തൊമ്മികളാക്കി ഒതുക്കുക എന്നാണ്. അങ്ങനെ തൊമ്മികളാക്കി ഒതുക്കുന്നതിന്റെ ഭാഗമാണ്, അല്ലെങ്കില്‍ മാനസികമായി അവരെ അധസ്ഥിതരാക്കുന്നതിന്റെ ഭാഗമാണ് സ്ഥലനാമങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുമാറ്റല്‍. കുത്തുബ്മിനാര്‍ വിഷ്ണു സ്തംഭമാക്കുന്നതുകൊണ്ടു വിഷ്ണുവിനോ അതുപോലെ കുത്തുബ്മിനാര്‍ രൂപകല്‍പ്പന ചെയ്ത പ്രതിഭകള്‍ക്കോ ഒരു ഗുണവും ഒരു ദോഷവും ഉണ്ടാവുന്നില്ല. കല്ലിന്മേല്‍ കല്ലുവച്ചു കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ ഏതു പേര് വിളിച്ചാലും കല്ലുകള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ നിലനില്‍ക്കും. പക്ഷേ, പ്രശ്‌നം കല്ലുകളുടെ ഉറപ്പോ കെട്ടിടത്തിന്റെ നിലനില്‍പ്പോ അല്ല. മറിച്ച് അതില്‍ പ്രവര്‍ത്തിക്കുന്ന ജീവിത കാഴ്ചപ്പാടുകളുടെ പ്രശ്‌നമാണ്. അങ്ങനെ നോക്കുമ്പോള്‍ താജ്മഹലും ചെങ്കോട്ടയും കുത്തുബ്മിനാറും തുഗ്ലക്ക് റോഡും അക്ബര്‍ റോഡും മുഗള്‍സരായ് സ്‌റ്റേഷനും എല്ലാം ഒരു സവിശേഷ ചരിത്രഘട്ടത്തിന്റെ മുദ്രകള്‍ പതിഞ്ഞതാണ്. അതിനെ മായ്ച്ചുകളയുമ്പോള്‍ എന്തിനു മായ്ക്കുന്നു എന്ന ചോദ്യം പ്രധാനമാണ്.

ഉത്തര്‍പ്രദേശിലെ മുഗള്‍സരായ് സ്‌റ്റേഷന്റെ പേര് മാറ്റി ദീനദയാല്‍ ഉപാധ്യായയുടെ പേര് കൊടുക്കുമ്പോള്‍ എന്തിനുവേണ്ടി എന്ന കാര്യം വ്യക്തവും കൃത്യവുമാണ്. അതുകൊണ്ടു പലരും കരുതുന്നതുപോലെ ഇതൊരു നിരുപദ്രവകരമായ പേര് വിപ്ലവമല്ല. മറിച്ച് നമ്മുടെ ചരിത്രത്തെ അട്ടിമറിക്കുന്ന ഒരു പ്രതിലോമ പ്രവര്‍ത്തനമാണ്. ഫാഷിസ്റ്റുകള്‍ ഓര്‍മയുള്ള മനുഷ്യരെ ഭയപ്പെടുന്നു. ഓര്‍മയുള്ള മനുഷ്യരുടെ തൊലികള്‍ക്കിടയില്‍ ചുരുട്ടിനില്‍ക്കുന്ന മുഷ്ടികളുണ്ട് എന്നതാവാം കാരണം. മറവിമനുഷ്യര്‍ ഫാഷിസത്തിന് ഊര്‍ജം നല്‍കും. അതുകൊണ്ട് ഓര്‍മകള്‍ക്കുമേല്‍ അധികാരം നടത്തുന്ന ആക്രമണത്തിന്റെ പ്രധാന ചുവടുവയ്പ്പുകളില്‍ ഒന്നാണ് ചരിത്രത്തെ തുടച്ചുനീക്കുക എന്നത്. അതും അതിലപ്പുറവുമാണ് ഇവിടെ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇരകളെ കുറ്റവാളികളാക്കിയും വാദികളെ പ്രതികളാക്കിയും മനുഷ്യാവകാശ പ്രവര്‍ത്തകരെ തടവിലിട്ടും നവ ഫാഷിസം നിര്‍വഹിക്കുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയിലാണ് പേര് മാറ്റലുകളെയും കാണേണ്ടത്. വെറും പേരല്ല, സംസ്‌കാരത്തെ നിലനിര്‍ത്തുന്ന വേരാണ് അവര്‍ മുറിച്ചുമാറ്റുന്നത്.

Next Story

RELATED STORIES

Share it