Articles

നൊമ്പരങ്ങളോടെ ഒരു നോമ്പും പെരുന്നാളും

ഒരു സൂക്ഷ്മ വൈറസിന്റെ ആവിര്‍ഭാവത്തില്‍ ഭൂലോക അണ്ഡകടാഹം മുഴുവന്‍ യുദ്ധമുഖത്തെന്നപോലെ വിറങ്ങലിച്ചു നിന്നപ്പോള്‍ കടന്നെത്തിയ പരിശുദ്ധ വ്രതമാസം സന്താപങ്ങളിലൂടെയാണ് കടന്നുപോയത്.

നൊമ്പരങ്ങളോടെ ഒരു നോമ്പും പെരുന്നാളും
X

അഡ്വ. പി മുഹമ്മദ് സാജിദ് (ദുബയ്, യുഎഇ)

വിശ്വാസികള്‍ക്ക് വ്രണിത ഹൃദയമായ ഒരു നോമ്പുകാലമാണ് വിടപറയുന്നത്. പുണ്യങ്ങളുടെ പൂക്കാലമായ 'റംസാന്‍' മാസവും നോമ്പും വിടപറയുമ്പോള്‍ മനസ്സിന് നഷ്ടങ്ങളുടെ കൂമ്പാരവും നൊമ്പരങ്ങളുമാണ് ഘനീഭവിക്കുന്നത്. ഉള്ളില്‍ തട്ടിയ നൊമ്പരങ്ങള്‍! ഒരു സൂക്ഷ്മ വൈറസിന്റെ ആവിര്‍ഭാവത്തില്‍ ഭൂലോക അണ്ഡകടാഹം മുഴുവന്‍ യുദ്ധമുഖത്തെന്നപോലെ വിറങ്ങലിച്ചു നിന്നപ്പോള്‍ കടന്നെത്തിയ പരിശുദ്ധ വ്രതമാസം സന്താപങ്ങളിലൂടെയാണ് കടന്നുപോയത്.

ലോകമെമ്പാടും ആരാധനാലയങ്ങള്‍ അടച്ചിടേണ്ടി വന്നതാണ് ഏറെ വേപഥുവുണര്‍ത്തിയത്. പള്ളി മിനാരങ്ങളില്‍ നിന്നുമുള്ള ആരാധനകളുടെയും അനുഗ്രഹ ഭാഷണങ്ങളുടെയും പ്രഭാഷണങ്ങളുടെയും പ്രകീര്‍ത്തനങ്ങളുടെയും മന്ത്ര ധ്വനികളുടെയും പ്രാര്‍ത്ഥനകളുടെയും ഗ്രന്ഥ പാരായണത്തിന്റെയും ഒലികള്‍ ഇല്ലാതായത് തെല്ലൊന്നുമല്ല വിശ്വാസികളുടെ മനസ്സില്‍ മുറിവ് സൃഷ്ടിച്ചത്.

ലൗകിക-മായിക സ്വപ്‌നങ്ങളില്‍ നിന്നും കപട-ജാടകളില്‍ നിന്നും തെല്ലു വേര്‍പെട്ടു നില്‍ക്കാനും മന:ശാന്തിയേകും ആരാധനാകര്‍മങ്ങളില്‍ മുഴുകാനും ഉള്‍പ്രേരണ നല്‍കുന്ന വിശുദ്ധ റംസാനാണല്ലോ വിട ചെല്ലുന്നത്? താപസ തുല്യരായി റമദാനിന്റെ അന്ത്യ ദിനരാത്രങ്ങള്‍ എക്കാലത്തും പള്ളികളില്‍ കഴിഞ്ഞ ആരാധകര്‍, സ്വന്തം വീടുകളില്‍ കര്‍മങ്ങളില്‍ കഴിയേണ്ടി വന്ന അനൗചിത്യം തീര്‍ത്തും ജീവിതകാലത്തെ ഒരു ദുരനുഭവമായിത്തന്നെ നേരിടേണ്ടി വന്നു.

യഥാര്‍ത്ഥത്തില്‍ കാരുണ്യങ്ങളുടെ കൂമ്പാരമാണ് റമദാന്‍ കാലം. ദാന പ്രക്രിയയിലെ തുല്യതയില്ലാത്ത കൊടുക്കലുകളുടെയും, വാങ്ങലുകളുടെയും അഭൂതപൂര്‍വമായ ധാരയുടെ കാലം! ധനികര്‍ക്ക് അവരുടെ സമ്പത്തിന്റെ ശുദ്ധികലശത്തിന്റെയും, അശരണര്‍ക്കു വറുതികളില്‍ നിന്നും തണലേകി അത്താണിയാവുന്ന കാലം. പക്ഷെ ഈ സമവാക്യങ്ങളെയും കൊറോണക്കാലത്തെ നിബന്ധനകള്‍ താറുമാറാക്കി.

ദേശ ദേശാന്തരങ്ങളില്ലാതെ, ഭാഷാ-വേഷ വൈജാത്യങ്ങളുമില്ലാതെ ഒരുമാസക്കാലം നോമ്പെടുക്കുന്നവര്‍, ഒരു പായയില്‍ ഒരുമിച്ചിരുന്ന് ഒരേ ആഹാരം ഒരേ സമയം സഹിഷ്ണുതയോടെ ഭക്ഷിക്കുന്ന, അനുഭൂതി പകരുന്ന അപൂര്‍വ നിമിഷാര്ധങ്ങളുടെ മാസ്മരിക കാലമാണ് കൊറോണ കവര്‍ന്നത് !സന്നദ്ധ സേവകര്‍ക്കു സഹജീവികളുടെ വിശപ്പ് തൊട്ടറിഞ്ഞു, അവരുടെ വിശപ്പകറ്റാന്‍, ഭക്ഷണ കിറ്റുകള്‍ നല്‍കാനും, ഇഫ്താര്‍ വിരുന്നുകളൊരുക്കി സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കി വിളമ്പാനുമുള്ള സ്‌നേഹ സമ്പന്നതയുടെ മാസ്മരിക കാലവുമാണ് നഷ്ടമായത്! ലോകമെമ്പാടും ഇഫ്താര്‍ കൂടാരങ്ങളും, അതിലെ ആതിഥ്യ മര്യാദകളും ഇവിടെ സ്മരണീയമാണ്. സന്നദ്ധ സംഘടനകള്‍ വഴിയും, പൗരന്മാര്‍ നേരിട്ടു തന്നെയും തയ്യാറാക്കുന്ന ആയിരക്കണക്കിന്ഇഫ്താര്‍ കൂടാരങ്ങളും, അതിലൊരുക്കുന്ന വിഭവസമൃദ്ധമായ വിരുന്നും ഭക്ഷ്യദാനവും ലോകത്തിനു തന്നെ മാതൃകയായിരുന്നു. നീണ്ട 30 നാളുകള്‍ അര്‍ഹരായ പതിനായിരങ്ങള്‍ക്ക് ആഹാരം സുഭിക്ഷമായിരുന്നു, ഇവിടങ്ങളില്‍. അനര്‍ഹരായ സമ്പന്നര്‍ പോലും, വര്‍ണ്ണ-ദേശ വ്യത്യാസമില്ലാതെ ഇഫ്താര്‍ ടെന്റുകളില്‍ എത്തിയിരുന്നത് ഒന്നിച്ചുണ്ണുന്ന ആ പരിമളം ആസ്വദിക്കാന്‍ തന്നെയായിരുന്നു.

കൂട്ടായ്മകളുടെ വിരുന്നൂട്ടായ്മയുടെയും സൗഹൃദ സമ്പര്‍ക്കങ്ങളുടെയും, സന്നദ്ധ സംഘടനകളുടെ ഉദാത്ത സേവനങ്ങളുടെയും, സഹായ സഹകരണങ്ങളുടെയും കാലം സ്മൃതിയിലാക്കി ഈ മഹാമാരിയുടെ കാലം! എങ്കിലും കൊറോണയുടെ കരാള ഹസ്തങ്ങളില്‍ പിടഞ്ഞിരുന്നവര്‍ക്കു താങ്ങായി കൈ-മെയ്യ് മറന്നു രംഗത്തിറങ്ങി പ്രവര്‍ത്തിക്കുന്നവരുടെ ഉത്തേജന കാലമായി ഈ കൊവിഡു കാലം എന്നത് എല്ലാ മനോവ്യഥകള്‍ക്കിടയിലും ഈ നോമ്പ് കാലത്തെ വേറിട്ടതാക്കുന്നു. സാമൂഹ്യ അകലം പാലിക്കണമെന്ന നിഷ്‌കര്‍ഷയില്‍ പോലും, കയ്യുറയും മുഖ കവചങ്ങളുമായി വൃത ക്ഷീണത്തിന്റെയും, അത്യുഷ്ണത്തിന്റെയും തീക്ഷണതയില്‍ പോലും കോവിഡ് ബാധിതര്‍ക്കു സഹായ ഹസ്തങ്ങളുമായി, സാന്ത്വനവുമായി സാമീപ്യമറിയിക്കുകയായിരുന്നു നിസ്വാര്‍ത്ഥ സന്നദ്ധ സേവകര്‍.

ഏറെ മനസ്സലിയിപ്പിക്കുന്നത്, നിരപരാധികളായ, ആരോഗ്യ ദൃഢഗാത്രര്‍ക്കു പോലും അപ്രതീക്ഷിതമായി ഈ കൊറോണ വൈറസിന്റെ ക്രൂര വ്യാപനത്തില്‍ ജീവന്‍ വെടിയേണ്ടി വന്നു എന്നതാണ്. ലോകമെമ്പാടും, ആബാല വൃദ്ധം എത്രയെത്ര ജീവനുകള്‍ കൊഴിഞ്ഞു. എത്ര കുടുംബങ്ങള്‍ അനാഥമായി? കഴിഞ്ഞ നോമ്പു കാലങ്ങളില്‍ ഒപ്പമുണ്ടായിരുന്ന ബന്ധു മിത്രാദികളുടെയും സുഹൃത്തുക്കളുടെയും വിയോഗം സമൂഹത്തെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്! നൊമ്പരങ്ങളുടെ കൂമ്പാരമായി ഭവിച്ച ഈ നോമ്പുകാലാനന്തരമുള്ള പെരുന്നാള്‍, രോഗ ഭീതിയില്‍ കഴിയുന്ന ഹത ഭാഗ്യരോട് ഹൃദയം ചേര്‍ത്തുവെച്ചു. ആഘോഷപ്പൊലിമയില്ലാത്ത ആര്‍ഭാടങ്ങളില്ലാത്ത ആരാധനയാക്കി മാറ്റും,പ്രാര്ഥനയാക്കി മറ്റും വിശ്വാസ സമൂഹം എന്നു പ്രതീക്ഷിക്കാം.

Next Story

RELATED STORIES

Share it