Articles

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി - ആ ഭൂമി ഏറ്റെടുക്കാൻ നഷ്ടപരിഹാരം എന്തിന്?

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ  ഭൂമി -  ആ ഭൂമി ഏറ്റെടുക്കാൻ  നഷ്ടപരിഹാരം എന്തിന്?
X

സാജിദാ ഷജീര്‍

ശബരിമല എയര്‍പ്പോര്‍ട്ടിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ, കണ്‍സല്‍ട്ടണ്‍സിക്കായി ലൂയി ബര്‍ഗര്‍ എന്ന കമ്പനിയെ ഏല്‍പിച്ചത്, അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തോട്, ചെറുവള്ളി എസ്‌റേററ്റ് ഭുമി സര്‍ക്കാറിന്റേതാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കണ്‍സല്‍ട്ടന്‍സി നല്‍കിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അതായത്, എയര്‍പ്പോര്‍ട്ടിന്റെ പേരില്‍ ജനം ആരോപിക്കുന്ന രീതിയില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മുപ്പതിനായിരത്തോളം ഏക്കര്‍ വരുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈയ്യിലുള്ള ഭൂമി സര്‍ക്കാറിന്റേതാണെന്ന രേഖയുണ്ടെങ്കില്‍, അത് സര്‍ക്കാറിന് കണ്ട് കെട്ടാമെന്ന് 2013 ല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് , ഉത്തരവ് പുറെപ്പെടുവിച്ചപ്പോള്‍ എറണാകുളം ജില്ല കലക്ടറും സര്‍ക്കാര്‍ സ്പഷ്യര്‍ ഓഫിസറുമായ രാജമാണിക്യം ഉത്തരവുമായി മുന്നോട്ടു പോയിരുന്നു.

ഹാരിസണ്‍ അതിനെതിരെ സ്റ്റേ വാങ്ങിയപ്പോഴും, കോടതി, ഭൂമി സര്‍ക്കാറിന്റേതല്ലന്ന് പറഞ്ഞില്ല, തെളിയിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, ഹാരിസണിനെതിരേ നടന്നു കൊണ്ടിരിക്കുന്ന കേസില്‍ നിന്നും ഗവണ്‍മെന്റ് പ്ലീഡറായിരുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ബട്ടിനെ മാറ്റുകയാണ് ചെയ്തത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കേസ് തോറ്റു കൊടുക്കാന്‍ വേണ്ടിയാണ്, തന്നെ ഈ കേസില്‍ നിന്നൊഴിവാക്കിയതെന്ന് സുശീല ആര്‍ ഭട്ട്, അന്ന് സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരുന്നു. കൂടാതെ, ഹാരിസണിന് കൈവശവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ, നികുതിയടക്കാനുള്ള സാഹചര്യമൊരുക്കുകയോ ചെയ്യരുതെന്ന രാജമാണിക്യത്തിന്റെ നിര്‍ദേശത്തെയും സര്‍ക്കാര്‍ കാറ്റില്‍ പറത്തി, കോടതിയില്‍ കേസ് നടക്കുന്ന ഭൂമിയില്‍ നിന്ന് മരം മുറിക്കുന്നതിന്ന് കണ്ണടക്കുകയും, ഭൂമിയുടെ കരം വാങ്ങി , സര്‍ക്കാര്‍ ഭൂമി ഹാരിസണിന്റേതാക്കാനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയുമാണ് ചെയ്തത്.

സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും, ഹാരിസണ്‍ മലയാളം ലിമിറ്റഡ്, ബിലീവേഴ്‌സ് ചര്‍ച്ചിന് അനധികൃതമായി വിറ്റ 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ആണ് സര്‍ക്കാര്‍ ശബരിമല എയര്‍പ്പോര്‍ട്ടുമായി ബന്ധപ്പെട്ട്, നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടി വെച്ച് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ സര്‍ക്കാര്‍ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് തര്‍ക്കഭൂമിയാണെന്നും അതിന് മറ്റൊരവകാശിയുണ്ടെന്നും തെളിയിക്കാന്‍ ഹാരിസണിനെ സഹായിക്കുന്ന നടപടിയാണുണ്ടായത്. ഇതിലൂടെ, മറ്റ് ഭൂമികളുടെ കാര്യത്തിലും ഹാരിസണിന്, തങ്ങള്‍ക്കനുകൂലമായ വാദം കോടതിയില്‍ ഉന്നയിക്കാന്‍ സാധിക്കും.സര്‍ക്കാര്‍ ഭൂമി, ഹാരിസണിന്റേതാക്കാന്‍ ഒത്താശ ചെയ്ത സര്‍ക്കാര്‍, ലൂയി ബര്‍ഗര്‍ കണ്‍സല്‍ട്ടണ്‍സി അഴിമതിയുടെ പേരില്‍ അകപ്പെടുമെന്ന് മനസ്സിലായപ്പോഴാണ് , ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാറിന്റേതാണെന്ന മലക്കം മറിച്ചില്‍ നടത്തിയത്. ഭൂരഹിതരെയും കര്‍ഷകരെയും സംഘടിപ്പിച്ചു പടുത്തുയര്‍ത്തിയ ഇടതു പക്ഷ ഭരണം, ഭൂരഹിതരെ വഞ്ചിച്ചു കൊണ്ട്, അവരുടെ ഭൂമി കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കാന്‍ നടത്തുന്ന അഭ്യാസങ്ങള്‍ ജനം തിരിച്ചറിയില്ലെന്ന് വിചാരിക്കുന്നത് അസംബന്ധമാണ്.




Next Story

RELATED STORIES

Share it