Articles

ബംഗളൂരു വെടിവയ്പ്: അജണ്ട നിര്‍മിക്കുന്നതാര്?

പി അബ്ദുല്‍ മജീദ് ഫൈസി(എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ്)

ബംഗളൂരു വെടിവയ്പ്: അജണ്ട നിര്‍മിക്കുന്നതാര്?
X

ബംഗളൂരുവില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ യുടെ സഹോദരിയുടെ മകന്‍ നവീന്‍ നടത്തിയ പ്രവാചകനിന്ദയും അതേ തുടര്‍ന്നുണ്ടായ സംഘര്‍ഷവും വാര്‍ത്തകളില്‍നിന്നു നാം മനസ്സിലാക്കി. പൊടുന്നനെയുണ്ടായ പോലിസ് വെടിവയ്പില്‍ മൂന്നു മുസ്ലിം യുവാക്കള്‍ രക്തസാക്ഷികളായി. പരിക്കേറ്റവരിലൊരാള്‍ കൂടി പിന്നീട് മരിച്ചു. അനവധി പേര്‍ തടവിലായി. മുസ്ലിം യുവാക്കളെ തേടി വേട്ട തുടരുകയാണ് പോലിസ്. ബംഗളൂരുവിലെ മത, രാഷട്രീയ നേതാക്കള്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചതിപ്രകാരമാണ്:

ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് ദേശീയ പ്രസിഡന്റ് സയ്യിദ് അര്‍ശദ് മദനി: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം നിയമ പാലകരാണ്. മര്‍ദ്ദിതരെ അക്രമികളായി ചിത്രീകരിക്കുന്ന നിലപാട് സ്വീകരിക്കുന്നപക്ഷം ഞങ്ങള്‍ കോടതിയെ സമീപിക്കും. വിമര്‍ശന വിധേയമായ പ്രവാചക നിന്ദ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരേ കേസെടുക്കാതെ നീതിക്കായി ശബ്ദം ഉയര്‍ത്തിയവര്‍ക്കെതിരേ എന്തുകൊണ്ട് വെടിയുതിര്‍ത്തു?

കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍: ഇതിനുപിന്നില്‍ ബിജെപിയുടെ ഹിഡന്‍ അജണ്ടയുണ്ട്. ഞങ്ങളുടെ എംഎല്‍എ ആണ് അവിടെ. അദ്ദേഹത്തിന്റെ ഇമേജ് തകര്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. സമഗ്രമായ അന്വേഷണം വേണം.

എന്നാല്‍ ഒരന്വേഷണവും നടത്താതെ സംഭവം എസ് ഡിപിഐ ഗൂഢാലോചനയാണെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചു. അതിന് തെളിവ് സൃഷ്ടിക്കുന്നതിന് വേണ്ടി മുസമ്മില്‍ പാഷ എന്ന എസ് ഡിപിഐ ഭാരവാഹിയെ പ്രതിയാക്കി അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ കള്ളക്കഥ പൊളിക്കുന്ന വാര്‍ത്തയാണ്NDTV ചാനല്‍ പുറത്ത് വിട്ടത്. മുസമ്മില്‍ പാഷ ജനങ്ങളോട് നിയമം പാലിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോയുടെ പൂര്‍ണരൂപം തന്നെ അവര്‍ സംപ്രേഷണം ചെയ്തു. എസ് ഡിപിഐ കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് ഇല്‍യാസ് മുഹമ്മദ് തുംബെ നടത്തിയ വാര്‍ത്താസമ്മേളനം ബംഗളൂരുവിലെ മിക്കമാധ്യമങ്ങളും മതിയായ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സ്വയം സംസാരിക്കുന്ന തെളിവുകളുടെ വെളിച്ചത്തില്‍ സത്യം ബോധ്യപ്പെട്ടതു കൊണ്ടായിരുന്നു അതെന്ന് വ്യക്തമാണ്. സംഘപരിവാര മാധ്യമങ്ങള്‍ ഒഴികെയുള്ളവര്‍ ഇപ്പോള്‍ എസ് ഡിപിഐക്കെതിരേ ആരോപണമുന്നയിക്കുന്നില്ലെന്ന് മാത്രമല്ല, പോലിസിന്റെ വീഴ്ചയും ബിജെപിയുടെ ദുരുദ്ദേശ്യവും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവം സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന എസ് ഡിപിഐ ആവശ്യം ഇപ്പോള്‍ നിരവധി പേര്‍ ഏറ്റെടുത്തിട്ടുമുണ്ട്.

കേരളത്തിലെ ചില'സോഷ്യല്‍ മീഡിയ ജീവികള്‍'ക്ക് മാത്രം ഇതൊന്നും ബോധ്യമായിട്ടില്ല. അഥവാ സ്വയം ബോധിച്ചാലും അവരത് മറ്റുള്ളവരെ ബോധിപ്പിക്കുകയുമില്ല. ഇവരോടൊക്കെ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കുക മാത്രമേ നിവൃത്തിയുള്ളൂ. എന്നാല്‍ സത്യാന്വേഷികളായ സാധാരണ ജനങ്ങളുടെ അറിവിലേക്കായി ചില വസ്തുതകള്‍ ഇവിടെ പങ്ക് വയ്ക്കുകയാണ്.

പ്രവാചകനെ നിന്ദിക്കുന്ന പോസ്റ്റിട്ട നവീന്‍ ഒരു സംഘിപുത്രനാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ബിജെപിക്കാണെന്ന് പരസ്യമായി പറയുന്നതില്‍ അഭിമാനം കൊണ്ട വ്യക്തിയാണയാള്‍.നരേന്ദ്രമോദി അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലയിട്ട ദിവസം മുസ്ലിം വീടുകളില്‍ മധുരവിതരണം നടത്തി പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അയാളുടെ പോസ്റ്റ് കൂടുതല്‍ പ്രകോപനപരവും കുറ്റകരവുമാകുന്നത്. മുസ്ലിം മസ്ജിദ് ഫെഡറേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയാണ് അതിനെതിരേ പരാതി നല്‍കിയത്. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള ഒരു പ്രദേശത്ത് സമുദായ മൈത്രിക്ക് കോട്ടം തട്ടിക്കുന്ന പ്രവര്‍ത്തനം ഒരാളില്‍ നിന്നുണ്ടായാല്‍ അതിനെ ഗൗരവമായി കണ്ട് നിയമ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തമാണ് പോലിസിനുള്ളത്. പോലിസ് അതില്‍ വീഴ്ച വരുത്തിയെന്ന് മാത്രമല്ല, പരാതി നല്‍കാനായി സ്റ്റേഷനില്‍ ചെന്നവരെ അപഹസിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ് ജനങ്ങള്‍ സ്റ്റേഷനടുത്ത് തടിച്ചുകൂടി. ആരുടെയും സംഘാടനമില്ലാതെ എങ്ങനെയാണ് രാത്രി പതിനൊന്ന് മണി സമയത്ത് ആയിരത്തോളം പേര്‍ സ്റ്റേഷനടുത്ത് എത്തിച്ചേര്‍ന്നതെന്ന് സംശയിച്ചേക്കാം. ഡിജെ ഹള്ളി-താനറി റോഡിനെ കുറിച്ച് അറിയാത്തത് കൊണ്ട് മാത്രമാണ് ഈ സംശയമുണ്ടാവുന്നത്. രാത്രി വൈകിയും ജനനിബിഢമാവുന്ന ഒരു തെരുവാണിത്. രാത്രി പതിനൊന്ന് മണി അവരെ സംബന്ധിച്ചിടത്തോളം അസമയമല്ല. മുസ് ലിംകള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശവുമാണിത്.

ജനങ്ങളോട് ക്ഷമയവലംബിക്കുവാനും നിയമത്തെ അനുസരിക്കുവാനും എസ് ഡിപിഐ ഭാരവാഹിയായ മുസമ്മില്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ വെളിച്ചത്ത് വന്നിട്ടുള്ളതാണ്. സ്റ്റേഷന്‍ പരിസരത്ത് ജനക്കൂട്ടം വര്‍ധിക്കുന്നതറിഞ്ഞിട്ടും പോലിസ് നിസ്സംഗത പാലിച്ചു. കുറ്റാരോപിതനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനല്‍കി ജനങ്ങളെ പിരിച്ചുവിടാന്‍ പോലും മുതിരാതിരുന്ന പോലിസ് മറ്റു സ്റ്റേഷനുകളില്‍നിന്ന്കൂടുതല്‍ സേന എത്തിച്ചേര്‍ന്ന ഉടന്‍ വെടിവയ്പ് ആരംഭിക്കുകയായിരുന്നു. വെടിവയ്പിന് മുമ്പേ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഒന്നുമില്ലാതെയാണ് പോലിസ് വെടിവച്ചത്. നവീനിന്റെ ഫേസ്ബുക്ക് പോസ്റ്റും അതിനെതിരായ പരാതിയും അവഗണിച്ചതും, ജനങ്ങള്‍ക്കു തടിച്ചുകൂടാന്‍ അവസരം സൃഷ്ടിച്ചതും, പോലിസ് മൈക്ക് നല്‍കി ജനങ്ങളെ ഉപദേശിക്കാന്‍ എസ് ഡിപിഐ ജില്ലാ ഭാരവാഹിയായ മുസമ്മിലിനോട് നിര്‍ദ്ദേശിച്ചതും, ലാത്തിയോ ടിയര്‍ ഗ്യാസോ പ്രയോഗിക്കാതെ ജനങ്ങളുടെ നെഞ്ചിന് നേരെ വെടിവച്ചതും ഒടുവില്‍ മുസമ്മിലിനെയും പരാതി നല്‍കാനായി ചെന്നവരെയും ഉള്‍പ്പെടെ സ്റ്റേഷനിലെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചതുമെല്ലാം ഒരു കേന്ദ്രത്തിലെ ഗൂഢാലോചനയാണെന്ന് വ്യക്തം.ഡിജെ ഹള്ളിയിലെ ജനങ്ങള്‍ ഈ ഗൂഢാലോചന കൃത്യമായി തിരിച്ചറിഞ്ഞതു കൊണ്ടാണ്പ്രദേശത്തെ ക്ഷേത്രത്തിന് അവര്‍ കാവല്‍ നിന്നത്. അവരുടെ കൂര്‍മബുദ്ധിയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.

ഏതോ കേന്ദ്രത്തില്‍നിന്ന് തയ്യാറാക്കിയ തിരക്കഥയ്ക്കു അനുസരിച്ച് മാത്രം പോലിസ് പ്രവര്‍ത്തിച്ചപ്പോഴാണ് ജനങ്ങള്‍ പ്രകോപിതരായത്. മണ്ണെണ്ണയൊഴിച്ച് കത്തിക്കാനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിച്ചതാരാണ്..?. മുസ്ലിം വോട്ടര്‍മാര്‍ ഭൂരിപക്ഷമുള്ള സംവരണ മണ്ഡലത്തില്‍ മുസ്ലിം-ദലിത് വിഭജനമുണ്ടാക്കിയാല്‍ രാഷ്ട്രീയ നേട്ടമുണ്ടാവുന്നത് ബിജെപിക്ക് മാത്രമാണ്. ബിജെപിയിലെ യെദ്യൂരപ്പ വിരുദ്ധ വിഭാഗത്തിന്റെ ഇടപെടലിനെ കുറിച്ചും കോണ്‍ഗ്രസിനുള്ളിലെ എംഎല്‍എ വിരുദ്ധ ഗ്രൂപ്പിന്റെ പങ്കാളിത്തത്തെക്കുറിച്ചും സംശയങ്ങളുയര്‍ന്നിട്ടുണ്ട്. അത് പുറത്തുകൊണ്ട് വരുന്നതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന എസ് ഡിപിഐ ആവശ്യത്തെ ബിജെപി സര്‍ക്കാര്‍ തള്ളി കളഞ്ഞിരിക്കുകയാണ്.

പോലിസില്‍ നിന്ന് പക്ഷപാതപരമായ സമീപനമുണ്ടാവുമ്പോള്‍ പ്രതിഷേധമുയരുന്നത് സ്വാഭാവികമാണ്. രണ്ടുമാസം മുമ്പ് സ്ഥലം എംഎല്‍എയെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ ആസിഫ് എന്ന യുവാവിനെ പത്ത് മിനുട്ടിനകം അറസ്റ്റ് ചെയ്ത ഡിജെ ഹള്ളി പോലിസില്‍നിന്ന് തന്നെയാണ് മുഹമ്മദ് നബിയെ അവഹേളിച്ച കേസില്‍ മറിച്ചൊരു നിലപാടുണ്ടാവുന്നത്. നീതി ബോധമുള്ളവര്‍ക്കൊന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ മൗനികളായിരിക്കാനാവില്ല. അത് മാത്രമാണ് ഡിജെ ഹള്ളിയില്‍ സംഭവിച്ചത്. അവിടെ തടിച്ച് കൂടിയവരെല്ലാം എസ് ഡിപിഐ നിയന്ത്രണത്തിലുള്ള ആളുകളൊന്നുമായിരുന്നില്ല. അവരില്‍ വിവിധ രാഷ്ട്രീയക്കാരും രാഷ്ട്രീയ പക്ഷമില്ലാത്തവരും ഉണ്ടായിരുന്നു. ഇന്നുവരെ അറസ്റ്റിലായ 370 പേരില്‍ 22 പേര്‍( 6 ശതമാനം) മാത്രമാണ് എസ് ഡിപിഐ പ്രവര്‍ത്തകര്‍. പാര്‍ട്ടിയുടെ ഹെഗ്‌ഡെ നഗറിലുള്ള ഒരു ഓഫിസിന്റെ ഇന്റീരിയര്‍ വര്‍ക്ക് ചെയ്യുന്ന ആറ് ബിഹാരി തൊഴിലാളികളെ പിടിച്ചു കൊണ്ടുപോയി അറസ്റ്റ് ചെയ്തതുള്‍പ്പെടെയാണിത്. അവരില്‍ നിന്ന് കിട്ടിയ പണിയായുധങ്ങളെ മാരകായുധങ്ങളാക്കി ചിത്രീകരിച്ച് വലിയ വാര്‍ത്ത സൃഷ്ടിക്കാനും പോലിസ് ശ്രമിച്ചു. ഊണിലും ഉറക്കിലും എസ് ഡിപിഐ നിരോധനം മാത്രം സ്വപ്നം കണ്ടിരിക്കുന്ന സംഘപരിവാര ഭരണകൂടത്തില്‍നിന്ന് ഇതിലും വലിയ അനീതികളാണ് പ്രതീക്ഷിക്കേണ്ടത്.

എസ് ഡിപിഐ പ്രാദേശിക നേതാവായ മുസമ്മിലിന്റെ അറസ്റ്റിനെ ചൂണ്ടിയാണ് സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ പാര്‍ട്ടിക്ക് മേല്‍ ചുമത്താന്‍ ബിജെപി ഒരുമ്പെടുന്നത്. അതിനെ തൊണ്ട തൊടാതെ വിഴുങ്ങിയ ഒരു യൂത്ത് നേതാവ് ഫേസ് ബുക്കില്‍ കുറിച്ചത് ഇപ്രകാരമാണ്: 'ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ഇപ്പണി എസ്ഡിപിഐ ചെയ്യുന്നത്.'എന്നാല്‍ സംഭവത്തെ കുറിച്ച് ഇപ്പറഞ്ഞ ശിവകുമാറിന്റെ അഭിപ്രായം ഞാന്‍ മുകളിലുദ്ധരിച്ചിട്ടുണ്ട്. ഒരുകാര്യം കൂടി ആ നേതാവിനെ അറിയിക്കട്ടെ-താങ്കള്‍ പറഞ്ഞ 'അപ്പണി' യുടെ പേരില്‍ പോലിസിന്റെ പ്രതിപ്പട്ടികയില്‍ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും നിരവധി നേതാക്കളുണ്ട്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇര്‍ശാദ് ബേഗത്തിന്റെ ഭര്‍ത്താവ് കലീം പാഷ അവരിലൊരാളാണ്. കലാപത്തിന് പിന്നില്‍ ഇദ്ദേഹത്തിന്റെ പങ്ക് വ്യക്തമാണെന്നാണ് പോലിസ് ആരോപിച്ചിരിക്കുന്നത്(ഹിന്ദു ദിനപത്രം 14 ആഗസ്ത് 2020) പുലികേശി നഗര്‍ വാര്‍ഡ് കൗണ്‍സിലറായ കോണ്‍ഗ്രസ് നേതാവിന് വേണ്ടി പോലിസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മറ്റൊരു പ്രമുഖന്‍ ജെഡിഎസ് നേതാവ് വാജിദ് ഖാന്‍ ആണ്.

ദ ഹിന്ദു ദിനപത്രംആഗസ്ത് 14ന്'D J Halli violence: Arrest of Concillor's husband leads to more political slugfest' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോടൊപ്പമുള്ള ചില പ്രസ്താവനകള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു. -ലോക്കല്‍ കൗണ്‍സിലര്‍മാരുടെ പങ്കിനോടൊപ്പം എസ് ഡിപിഐയുടെ പങ്കും അന്വേഷിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി ബാസവ രാജ് ബൊമ്മൈ.

-ഈ സംഭവം കോണ്‍ഗ്രസ്സിന്റെ അക്രമാസക്തമായ മുഖം വെളിച്ചത്ത് കൊണ്ടുവന്നുവെന്ന് മന്ത്രി കെ സുധാകര്‍.

-മത സൗഹാര്‍ദം തകര്‍ക്കുന്ന പോസ്റ്റുകള്‍ പതിവാക്കിയിരുന്ന വ്യക്തിയാണ് നവീന്‍. അതിന്റെ പിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു.

-അറസ്റ്റ് ചെയ്യപ്പെട്ട പാഷ കോണ്‍ഗ്രസ് നേതാവാണെന്ന്കെ ജെ ജോര്‍ജ് എംഎല്‍എ മാധ്യമങ്ങളോട് സമ്മതിച്ചു.

-ആഭ്യന്തര കലഹത്തെ കുറിച്ച് സംസാരിച്ച് ഞങ്ങള്‍ക്കുമേല്‍ സംശയം ജനിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മേയര്‍ സമ്പത്ത് രാജും എംഎല്‍എ സമീര്‍ അഹ്‌മദ് ഖാനും പറഞ്ഞു.

ബംഗളൂരുവിലെ മുസ്ലിം നേതാക്കളും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ ഡിജെ ഹള്ളിയിലെ സംഘര്‍ഷം ബിജെപി അജണ്ടയാണെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. കേരളത്തിലെ ഒരു മുസ്ലിം യുവ നേതാവിനെയും ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായ ഒരു അഭിഭാഷകനെയും പോലുള്ള കേരളത്തിലെ ചില സ്വയം അവരോധിത നേതാക്കള്‍ക്ക് മാത്രം എസ് ഡിപിഐയുടെ ചോര കുടിക്കുന്നതിലാണ് കൗതുകം. ഇവരെല്ലാം സംഘപരിവാരത്തിന്റെ മെഗാഫോണായി പ്രവര്‍ത്തിക്കുന്നതിന്റെ പൊരുളാണ് പിടികിട്ടാത്തത്. ബാബരി മസ്ജിദ് വിഷയത്തിലടക്കം മുസ്ലിം സമുദായം ഒരുപക്ഷത്തും ആര്‍ എസ് എസ് മറുപക്ഷത്തും വരുമ്പോള്‍ മാത്രമാണ് ഇങ്ങനെ ചിലര്‍ക്ക് 'വിചിത്ര വിവേകം' ഉദിക്കുന്നത് !

Bnagaluru Police firing: SDPI state president P Abdul majeed faizi's FB post



Next Story

RELATED STORIES

Share it