Articles

കരിപ്പൂര്‍ വിമാനത്താവളത്തിനെതിരേ വീണ്ടും ദുരൂഹനീക്കങ്ങള്‍

മുംബൈ കേന്ദ്രമായ ലോബികളാണ് ഇതിന് പ്രധാനമായും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്രനിലവാരമെടുത്തുകളയാനുള്ള നീക്കമാണ് തുടക്കം. ശേഷം വിമാനസര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍ അടക്കമുള്ള കാര്യങ്ങളാവും.

കരിപ്പൂര്‍ വിമാനത്താവളത്തിനെതിരേ വീണ്ടും ദുരൂഹനീക്കങ്ങള്‍
X

കെ പി ഒ റഹ്മത്തുല്ലാഹ്

മലപ്പുറം: 18 പേരുടെ ദാരുണമരണത്തിനിടയാക്കിയ വിമാനാപകടം മറയാക്കി കരിപ്പൂര്‍ വിമാനത്താവളത്തനെതിരേ വീണ്ടും ലോബികള്‍ പ്രവര്‍ത്തനം സജീവമാക്കുന്നു. മുംബൈ കേന്ദ്രമായ ലോബികളാണ് ഇതിന് പ്രധാനമായും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്രനിലവാരമെടുത്തുകളയാനുള്ള നീക്കമാണ് തുടക്കം. ശേഷം വിമാനസര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍ അടക്കമുള്ള കാര്യങ്ങളാവും. ഇതിന് വീണുകിട്ടിയ അപകടത്തെ മുന്‍നിര്‍ത്തി തന്ത്രങ്ങള്‍ മെനയും.

ആഭ്യന്തരസര്‍വീസുകള്‍ മാത്രമായോ കാര്‍ഗോ സേവനത്തിന് മാത്രമായോ ഉപയോഗപ്പെടുത്താനാവും നീക്കം. അപകടത്തില്‍ ദുഃഖത്തില്‍ പങ്കുചേരുന്നതിന് പകരം വിമാനത്താവളത്തിന്റെ അസൗകര്യങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാനാണ് ഇവര്‍ ആദ്യമേ നീക്കങ്ങള്‍ ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികള്‍ മുംബൈ വിമാനത്താവളം കേന്ദ്രീകരിച്ചായിരുന്നു വിദേശയാത്രകള്‍ നടത്തിയിരുന്നത്. അന്ന് മുതല്‍ പതിയെ തുടങ്ങിയ പാരവയ്പ്പ് ഇപ്പോള്‍ പ്രത്യക്ഷത്തില്‍തന്നെ രംഗത്തുവരുന്നുണ്ട്.

നേരത്തെ കണ്ണൂരിലേക്ക് തിരിച്ചു വിടാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. ഇത് തല്‍ക്കാലം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും അപകടത്തിന്റെ അലയൊലികള്‍ കഴിയുന്നതോടെ വീണ്ടും സജീവമാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. നവീകരണത്തിന്റെ പേരില്‍ മാസങ്ങള്‍ അടച്ചിട്ട കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയില്‍ കാര്യമായ അറ്റകുറ്റപ്പണികളൊന്നും ചെയ്തിട്ടില്ലെന്നാണ് ആരോപണമുയരുന്നത്. വിമാനം നിലത്തിറങ്ങുമ്പോള്‍തന്നെ ഇത് അറിയാനാവുമെന്നാണ് ഇവരുടെ പക്ഷം. കല്ലുകള്‍ നിറഞ്ഞ റോഡിലൂടെ പോവുന്ന രീതിയിലുള്ള ലാന്റിങ്ങാണ് കരിപ്പൂരില്‍ അനുഭവപ്പെടുന്നതത്രെ.

അറ്റകുറ്റപ്പണികള്‍ കാര്യമായി ചെയ്യാതിരിക്കുന്നത് കരിപ്പൂരിനെ മനപ്പൂര്‍വം ഭൂപടത്തില്‍നിന്നും ഇല്ലാതെയാക്കുന്നതിനുള്ള ശ്രമമായും വിലയിരുത്തപ്പെടുന്നുണ്ട്. മാത്രമല്ല, ഇന്ത്യയിലെ വിമാനങ്ങളുടെ കാലപ്പഴക്കവും അപകടത്തിന് കാരണമാണെന്നത് പരസ്യമാണ്. 25 വര്‍ഷത്തിലേറെ പഴക്കമുള്ള വിമാനം, എയര്‍ ഇന്ത്യ പോലുള്ള കമ്പനികള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നത് പോലും മറച്ചുവച്ച് കരിപ്പൂര്‍ വിമാനത്താവളത്തെ മാത്രം കുറ്റപ്പെടുത്തി തങ്ങളുടെ ലക്ഷ്യം നേടാനാണ് നീക്കം നടത്തുന്നത്. സത്യത്തില്‍ വെടക്കാക്കി തനിക്കാക്കുകയെന്ന തന്ത്രമാണ് കരിപ്പൂരിനെതിരേ പ്രവര്‍ത്തിക്കുന്ന ലോബികള്‍ ശ്രമിക്കുന്നത്.

Next Story

RELATED STORIES

Share it