Articles

80:20: കോടതി വിധിക്കെതിരേ തിരുത്തല്‍ ശക്തിയാവാന്‍ മുസ്‌ലിം സമുദായത്തിന് കഴിയുമോ?

ഇടതു മുന്നണി ഘടക കക്ഷിയായ ഐഎന്‍എല്ലും സര്‍ക്കാരുമായും പിണറായി വിജയനുമായും അടുത്ത് നില്‍കുന്ന എപി സുന്നി നേതൃത്വവും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

80:20: കോടതി വിധിക്കെതിരേ തിരുത്തല്‍ ശക്തിയാവാന്‍ മുസ്‌ലിം സമുദായത്തിന് കഴിയുമോ?
X

പി സി അബ്ദുല്ല

പിന്നാക്ക ക്ഷേമവുമായി ബന്ധപ്പെട്ട മുസ്‌ലിം സമുദായത്തിന്റെ ഭരണ ഘടനാവകാശങ്ങള്‍ നിഷേധിക്കുന്നതാണ് 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി. മുസ്‌ലിം സംഘടനകളെല്ലാം കോടതി വിധിക്കെതിരേ പ്രതിഷേധവുമായി രംഗത്തുണ്ട്. പൗരത്വ വിവേചന നിയമത്തിനു ശേഷം ഇതാദ്യമാണ് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തു വരുന്നത്.

ഇടതു മുന്നണി ഘടക കക്ഷിയായ ഐഎന്‍എല്ലും സര്‍ക്കാരുമായും പിണറായി വിജയനുമായും അടുത്ത് നില്‍കുന്ന എപി സുന്നി നേതൃത്വവും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, 80:20 അനുപാത വിഷയത്തില്‍ ക്രൈസ്തവ സഭകളും സംഘപരിവാരവും സൃഷ്ടിച്ചെടുത്ത മുസ്‌ലിം വിരുദ്ധ പൊതുബോധത്തിന്റെ തടവിലാണ് സിപിഎമ്മും കോണ്‍ഗ്രസുമൊക്കെ എന്നത് മറച്ചു വയ്ക്കാനാവില്ല. സിപിഎം ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മുതിര്‍ന്ന സിപിഎം നേതാവും സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിയുക്തമായ സമിതിയുടെ അധ്യക്ഷനുമായിരുന്ന പാലൊളി മുഹമ്മദ് കുട്ടി ആദ്യം കോടതി വിധിക്കെതിരേ രംഗത്തു വന്നു. എന്നാല്‍, അടുത്ത മണിക്കൂറില്‍ തന്നെ പാലൊളി നിലപാടു മാറ്റി കോടതി വിധി സ്വാഗതം ചെയ്തു. വിഷയത്തില്‍ നീതിയുക്തവും ആര്‍ജ്ജവവുമുള്ള നിലപാടല്ല സിപിഎമ്മിന്റേതെന്ന് വ്യക്തമാക്കുന്നതാണ് പാലൊളിയുടെ മലക്കം മറിച്ചില്‍.

പ്രധാന കോടതി ഉത്തരവുകളോട് അടുത്ത മണിക്കൂറില്‍ തന്നെ കര്‍ക്കശമായി പ്രതികരിക്കാറുള്ള മുഖ്യ മന്ത്രി പിണറായി വിജയന്‍, 80:20 അധുപാതം റദ്ദാക്കി രണ്ടു പകല്‍ പിന്നിട്ടിട്ടും കൃത്യമായി പ്രതികരിച്ചില്ല. ഔദ്യോഗികമായും അല്ലാതെയും ഒട്ടേറെ നിയമോപദേശകര്‍ ചുറ്റുമുള്ള പിണറായി വിജയന് കോടതി വിധി മനസ്സിലാവാത്തതു കൊണ്ടല്ല ഈ ഒളിച്ചു കളിയെന്ന് വ്യക്തം.

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍ രണ്ടു നാള്‍ കൊണ്ടു തന്നെ സൂര്യനു താഴെയുള്ള ഏതാണ്ടെല്ലാ വിഷയങ്ങളിലും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, 80:20 അനുപാതം റദ്ദാക്കിയ കോടതി വിധിയില്‍ സതീശനും കൃത്യമായ അഭിപ്രായമില്ല.

ചുരുക്കത്തില്‍, പിന്നാക്ക ക്ഷേമത്തിനുള്ള ഭരണ ഘടനാ അവകാശങ്ങള്‍ കോടതി റദ്ദാക്കിയ വിഷയത്തില്‍ കേരളത്തിന്റെ പൊതു രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്ന് മുസ്‌ലിം സമുദായത്തിന് പിന്തുണ ലഭിക്കില്ല എന്ന് വ്യക്തം.

ഈ ഘട്ടത്തില്‍ മുസ്‌ലിംകളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി സമുദായം തന്നെ രംഗത്തിറങ്ങേണ്ട അവസ്ഥയാണു സംജാതമായിട്ടുള്ളത്. എന്നാല്‍, ചില മുന്‍ കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ സമുദായം എത്രത്തോളം തിരുത്തല്‍ ശക്തിയായി മാറുമെന്നതില്‍ ആരെങ്കിലും സന്ദേഹം പ്രകടിപ്പിച്ചാല്‍ കുറ്റം പറയാനാകില്ല.

ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ സവര്‍ണ സംവരണത്തിനെതിരേ പ്രഖ്യാപിക്കപ്പെട്ട പ്രക്ഷോഭങ്ങള്‍ പാതി വഴി പോലുമെത്താതെ ആവിയായിപ്പോയത് സമുദായം കണ്ടതാണ്. ലീഗും സമസ്തയുമടക്കമുള്ള സംഘടനകള്‍ക്ക് സവര്‍ണ സംവരണ വിഷയത്തില്‍ 'മതേതര' പൊതു ബോധത്തോട് സമരസപ്പെടേണ്ടി വന്നപ്പോള്‍ പിണറായിയുടേയും സിപിഎമ്മിന്റേയും സവര്‍ണ്ണ താല്‍പര്യങ്ങള്‍ക്ക് മറുവാക്കില്ലാതായി.

സ്വന്തം പാര്‍ട്ടിയുടെ മുസ്‌ലിമായ മന്ത്രിയെ അവിശ്വസിച്ച് രണ്ടാം സര്‍ക്കാരില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പിണറായി ഏറ്റെടുത്തപ്പോഴും 'മതേതര പൊതു ബോധ'ത്തിന് മുസല്ല വിരിച്ച് അത് സ്വാഗതം ചെയ്യേണ്ട ഗതികേടാണ് സമുദായ നേതൃത്വങ്ങള്‍ക്ക് വന്നു പെട്ടത്.

Next Story

RELATED STORIES

Share it