Travel

കൊച്ചി അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് ക്രൂയിസ് പുനരാരംഭിക്കാന്‍ കോര്‍ഡിലിയ

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്തമാസം മുതല്‍ ക്രൂയിസ് ടൂറിസം പുനരാരംഭിക്കാന്‍ കോര്‍ഡിലിയ.കൊച്ചി, ഗോവ, ലക്ഷദ്വീപ്, ഡിയു, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് 2021 2022 സീസണിലേക്കുള്ള ബുക്കിങ്ങ് ആരംഭിച്ചു

കൊച്ചി അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് ക്രൂയിസ് പുനരാരംഭിക്കാന്‍ കോര്‍ഡിലിയ
X

കൊച്ചി:കൊവിഡ് രണ്ടാം തരംഗത്തിന് അയവു വരുന്നതോടെ സെപ്തംബര്‍ മാസം മുതല്‍ ക്രൂയിസ് ടൂറിസം പുനനരാരംഭിക്കാന്‍ കോര്‍ഡിലിയ ക്രൂയിസസ് തീരുമാനിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉപേക്ഷിച്ച കന്നിയാത്രയാണ് കോര്‍ഡിലിയ ക്രൂയിസസ് അടുത്തമാസം പുനരാരംഭിക്കുന്നത്. യാത്രകളില്‍ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ആദ്യ യാത്രയ്ക്കായി ബുക്ക് ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ ആരോഗ്യവും സുരക്ഷയും നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും വാട്ടര്‍വെയ്‌സ് ലെഷര്‍ ടൂറിസം െ്രെപവറ്റ് ലിമിറ്റഡ് സിഇഒയും പ്രസിഡന്റുമായ ജഗേന്‍ ബെയ്‌ലോം പറഞ്ഞു.

കൊച്ചി, ഗോവ, ലക്ഷദ്വീപ്, ഡിയു, ശ്രീലങ്ക എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കോര്‍ഡിലിയ ക്രൂയിസ് ടൂറിസം പുനരാരംഭിക്കുന്നത്. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞതായി കമ്പനി അറിയിച്ചു. ക്രൂ അംഗങ്ങള്‍ അതിഥികള്‍ എന്നിവര്‍ക്കായി കൊവിഡ് പ്രോട്ടോക്കാള്‍ തയാറായി കഴിഞ്ഞു. കപ്പലിലെ ജീവനക്കാര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞു. ഇവര്‍ക്കായി ദിവസേന ആരോഗ്യ പരിശോധനകളും ഉണ്ടാകും. ഓരോ മണിക്കൂര്‍ ഇടവിട്ട് സാനിട്ടൈസേഷന്‍, സാമൂഹ്യ അകലം പാലിക്കല്‍, വായു ശുചീകരണം എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് അതിഥികളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലനത്തിനായി പ്രത്യേക ആരോഗ്യ സംഘത്തെയും സജ്ജീകരിച്ചിട്ടുണ്ട്.

ചെക് ഇന്‍, ബോര്‍ഡിങ് എന്നിവ പൂര്‍ണ്ണമായും സമ്പര്‍ക്കരഹിതമാക്കിയിട്ടുണ്ട്. കൂടാതെ ബോര്‍ഡിങ്ങിന് മുന്‍പായി ആരോഗ്യ പരിശോധനയും ഉണ്ടാകും. എല്ലാ സൗകര്യങ്ങളോടെയുമുള്ള മെഡിക്കല്‍ സെന്റര്‍ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്യൂ.ആര്‍ കോഡ് അധിഷ്ഠിത ഡിജിറ്റല്‍ മെനുവും ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.എല്ലാ പ്രായക്കാര്‍ക്കും ആയാസരഹിതമായി ബുക്ക് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനമുണ്ട്.

വ്യത്യസ്തതരം രുചിക്കൂട്ടുകളുടെ വിപുലമായ ശേഖരം തന്നെയാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. എസ്സെന്‍സ് ഓഫ് ഇന്ത്യ എന്ന പേരില്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും മുംബൈ മുതല്‍ കൊല്‍ക്കൊത്ത വരെയുമുള്ള രുചി വവൈവിധ്യങ്ങള്‍ ഓണ്‍ബോര്‍ഡില്‍ ലഭ്യമാണ്. രാജ്യാന്തര ക്രൂയിസ് ടൂറിസം ഘട്ടംഘട്ടമായി തിരിച്ചു വരവിന്റെ പാതയിലാണ്. ആഗസ്റ്റ് അവസാനത്തോടെ ഒട്ടുമിക്ക ക്രൂയിസ് കമ്പനികളും യാത്രകള്‍ ഭാഗികമായി പുനഃരാരംഭിക്കാനുള്ള തയാറെടുപ്പിലാണ്. ഈ വര്‍ഷം അവസാനത്തോടെ ക്രൂയിസ് ടൂറിസം പൂര്‍ണതോതിലാകുമെന്നാണ് പ്രതീക്ഷ.

Next Story

RELATED STORIES

Share it