- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെങ്ങനെ രാജ്യദ്രോഹമാവും?
രാജ്യദ്രോഹക്കുറ്റം അഥവാ 124 (എ) ചുമത്തുന്നതിനു വേണ്ടി ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ തന്നെ ഹനിക്കുകയാണ് സര്‍ക്കാര്‍. 124 (എ) എന്ന നിയമത്തെക്കുറിച്ചു പറയുമ്പോള്‍ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഖണ്ഡിക 19 (1)നെ കുറിച്ചും പറയേണ്ടി വരുന്നത് ഇതുകൊണ്ടാണ്.
അഡ്വ. കെ.പി മുഹമ്മദ് ശരീഫ്
അഭിപ്രായസ്വാതന്ത്ര്യം എന്നത് ഭരണഘടന ഓരോ പൗരനും ഉറപ്പു നല്‍കുന്ന മൗലികാവകാശമാണ്. ഭരണഘടനയുടെ ഖണ്ഡിക 19 (1)ലാണ് അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമായി പറയുന്നത്. എന്നാല്‍, രാജ്യദ്രോഹക്കുറ്റം അഥവാ 124 (എ) ചുമത്തുന്നതിനു വേണ്ടി ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ തന്നെ ഹനിക്കുകയാണ് സര്‍ക്കാര്‍. 124 (എ) എന്ന നിയമത്തെക്കുറിച്ചു പറയുമ്പോള്‍ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഖണ്ഡിക 19 (1)നെ കുറിച്ചും പറയേണ്ടി വരുന്നത് ഇതുകൊണ്ടാണ്.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന പല കേസുകളും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നവയാണ്. അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന ഹൈക്കോടതി പല കേസുകളിലായി പറഞ്ഞിട്ടുണ്ട്. നിരോധിത സംഘടനയുടെ ലഘുലേഖകള്‍ കണ്ടെത്തിയാല്‍പോലും അതു കുറ്റകൃത്യമായി പരിഗണിക്കരുതെന്ന വിധികള്‍ ഹൈക്കോടതിയില്‍നിന്നു വന്നിട്ടുണ്ട്. മാവോവാദത്തെക്കുറിച്ചു പറയുന്നത് കുറ്റകൃത്യമല്ലെന്നു മുമ്പ് കേരള ഹൈക്കോടതി ശ്യാം ബാലകൃഷ്ണന്റെ കേസില്‍ അഭിപ്രായപ്പെട്ടതാണ്. മാവോവാദിയാവുക എന്നത് ഒരു കുറ്റകൃത്യമല്ലെന്നും കേരള ഹൈക്കോടതി ഈ കേസില്‍ അഭിപ്രായപ്പെട്ടു. നമ്മുടെ ഭരണഘടനയുമായി യോജിച്ചുപോവുന്നതല്ല മാവോവാദി തത്ത്വങ്ങള്‍. എങ്കില്‍പോലും ഒരാള്‍ മാവോവാദിയാവുന്നത് കുറ്റകൃത്യമല്ലെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
ഒരു ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയെന്നതു കുറ്റകൃത്യമല്ല. അതിശക്തമായ വിമര്‍ശനം ഉയരുമ്പോള്‍ മാത്രമേ സര്‍ക്കാരുകള്‍ ശക്തിപ്പെടുകയുള്ളൂവെന്നു സുപ്രിംകോടതിതന്നെ അഭിപ്രായപ്പെട്ടതാണ്. വിമര്‍ശനം ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഇത്തരം വിമര്‍ശനങ്ങളെ 124 (എ) ചുമത്തി അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ഒരുതരം പ്രതികാര രാഷ്ട്രീയമാണ്. തങ്ങളുടെ കൂടെ നില്‍ക്കാത്ത സംഘടനകളെയും വ്യക്തികളെയും അടിച്ചമര്‍ത്തുന്നതിനാണ് ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റം ഉപയോഗിക്കുന്നത്.
ഖണ്ഡിക 19 (1) എ എന്ന വകുപ്പിലെ അഭിപ്രായസ്വാതന്ത്ര്യ നിയമത്തിനു പിന്നീട് ഭേദഗതികള്‍ വന്നിട്ടുണ്ടെങ്കിലും അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശത്തില്‍ തന്നെയാണുള്ളത്. എന്നാല്‍, എന്തും വിളിച്ചുപറയാന്‍ ഈ നിയമം അനുവാദം നല്‍കുന്നില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കു വിഘാതമാവുന്ന തരത്തില്‍, അല്ലെങ്കില്‍ ജനജീവിതത്തിനു ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള അഭിപ്രായസ്വാതന്ത്ര്യത്തിനു നിയമപരിരക്ഷ ലഭിക്കില്ല എന്നതാണ് അത്. എന്നാല്‍, ഈയിടെ ഭീമ കൊരേഗാവ് കേസില്‍ ഉള്‍പ്പെടെ അഭിപ്രായസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയാണ് ചെയ്തത്. ഇവിടെയെല്ലാം 124 (എ) വകുപ്പ് ചുമത്തിയപ്പോള്‍ ലംഘിക്കപ്പെട്ടത് വ്യക്തികള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കിയ അഭിപ്രായസ്വാതന്ത്ര്യമാണ്.
സുപ്രിംകോടതിയുടെ നിലപാട്
124 (എ) പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. 2016ലെ പ്രശാന്തഭൂഷണ്‍ കേസിലും സുപ്രിംകോടതിയില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. എന്നാല്‍, 1962ലെ കേദാര്‍നാഥ് സിങ് കേസില്‍ തന്നെ 124 (എ) ചുമത്തുന്നത് സംബന്ധിച്ചു വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സുപ്രിംകോടതി പറഞ്ഞത്. ഖണ്ഡിക 19 (1) എയില്‍ പറഞ്ഞ അഭിപ്രായസ്വാതന്ത്ര്യം പരിധികളില്ലാതെ എത്രത്തോളം ഉപയോഗിക്കാമെന്ന വാദമാണ് കേസില്‍ വന്നത്. സര്‍ക്കാരിനെ കഠിനമായി വിമര്‍ശിച്ചുള്ള പ്രസംഗങ്ങളും എഴുത്തും അക്രമത്തിനു കാരണമാവുന്നില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്നു സുപ്രിംകോടതി വളരെ വ്യക്തമായിത്തന്നെ കേദാര്‍നാഥ് കേസില്‍ പറഞ്ഞതാണ്. കേദാര്‍നാഥ് കേസിലെ ഈ സുപ്രിംകോടതി വിധി പരിശോധിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കേസുകളിലധികവും ചവറ്റുകുട്ടയിലേക്കു വലിച്ചെറിയേണ്ടതാണെന്നു മനസ്സിലാക്കാം. തമിഴ്‌നാട്ടിലെ കൂടംകുളത്ത് ആണവനിലയത്തിന്റെ മലിനീകരണത്തിനെതിരേ സമരം ചെയ്തവര്‍ക്കുമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതുപോലെ സര്‍ക്കാര്‍വിരുദ്ധ സമരങ്ങള്‍ക്കെതിരേ ഈ വകുപ്പ് ചുമത്താവുന്നതല്ല. ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരേയാണ് കൂടംകുളത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ഭിന്ദ്രന്‍വാലയുടെ പ്രസംഗങ്ങള്‍ കേട്ടതിനെതിരേ
2000ല്‍ ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ പ്രസംഗങ്ങള്‍ കാസറ്റ് ഉപയോഗിച്ചു കേട്ടവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. അതു സുപ്രിംകോടതി തള്ളി. പ്രസംഗം കാസറ്റില്‍ കേട്ടതിന്റെ അടിസ്ഥാനത്തില്‍ ആരും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ അതു രാജ്യദ്രോഹമായി പരിഗണിക്കാന്‍ പാടില്ലെന്നു സുപ്രിംകോടതി വിധിച്ചു. കുറ്റാരോപിതരെ ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതിയുടെ വിധി ദുര്‍ബലപ്പെടുത്തുകയും ചെയ്തു. 1997ല്‍ കശ്മീരിലെ സൈന്യത്തെ വിമര്‍ശിച്ചു ബിലാല്‍ അഹ്മദ് കാലു നടത്തിയ പ്രസംഗത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് അസാധുവാക്കി സുപ്രിംകോടതി നടത്തിയ വിധി ശ്രദ്ധേയമാണ്. പ്രസംഗത്തിന്റെ പേരില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ അക്രമമുണ്ടാവുകയോ അക്രമത്തിനു കാരണമാവുകയോ ചെയ്യാത്ത സ്ഥിതിക്ക് ഈ കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലെന്നാണ് സുപ്രിംകോടതി വിധിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളിലധികവും തള്ളിപ്പോയിട്ടുണ്ട്. അതേസമയം, ഇതിന്റെ പേരില്‍ തടവറയില്‍ കിടക്കേണ്ടിവരുന്നവരും ഏറെയുണ്ട്.
വിചാരണക്കുവയ്ക്കാതെ തള്ളിയ കേസുകള്‍
അന്ധമായ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ പോലിസ് ചുമത്തുന്ന രാജ്യദ്രോഹക്കുറ്റങ്ങള്‍ കോടതി വിചാരണയ്ക്കുപോലും എടുക്കാതെ തള്ളിയ സംഭവങ്ങള്‍ കേരളത്തില്‍തന്നെ നടന്നിട്ടുണ്ട്. പ്രഫ. പി. കോയയുടെ പേരില്‍ രണ്ടു പ്രാവശ്യമാണ് കേരളാ പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം 'തേജസി'ല്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ചു രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രഫ. പി. കോയക്കെതിരേ എടുത്ത കേസ് വിചാരണയ്ക്കുപോലും എടുക്കാതെയാണ് കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയത്. അതുപോലെ ഇസ്‌ലാമിക വിജ്ഞാനകോശത്തിലെ ഭൂപടത്തിലെ നിറത്തിന്റെ പേരിലും അദ്ദേഹത്തിനെതിരേ 124 (എ) ചുമത്തിയിരുന്നു. ഇതും കോടതി തള്ളുകയായിരുന്നു.
മറ്റു രാജ്യങ്ങളില്‍
മറ്റു രാജ്യങ്ങളിലൊന്നും ഇന്ത്യയിലേതുപോലെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നില്ല. യു.എസില്‍ രാജ്യദ്രോഹക്കുറ്റം വളരെ വിരളമായിട്ടാണ് ഉപയോഗിക്കുന്നത്, പ്രസിഡന്റിനെ വളരെ രൂക്ഷമായി വിമര്‍ശിച്ചാലും അവിടെ രാജ്യദ്രോഹക്കുറ്റം ചുമത്താറില്ല. വളരെ വലിയ അഭിപ്രായസ്വാതന്ത്ര്യമാണ് യു.എസിലുള്ളത്. ജര്‍മനിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഏതെങ്കിലും വംശത്തിനോ മതത്തിനോ എതിരില്‍ വംശീയവികാരം ഉയര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ്. അല്ലാതെ, സര്‍ക്കാരിനെതിരില്‍ പ്രസംഗിക്കുന്നത് രാജ്യദ്രോഹമല്ല. കാനഡയിലും യു.എസിലേതുപോലെ വളരെ വിരളമായിട്ടാണ് രാജ്യദ്രോഹക്കുറ്റം ചുമത്താറുള്ളത്. അവിടെ 20ാം നൂറ്റാണ്ടില്‍ ഒരു രാജ്യദ്രോഹക്കുറ്റം പോലും ചുമത്തിയിട്ടില്ല. നെതര്‍ലന്‍ഡ്‌സില്‍ രാജാവിനെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങളാണ് രാജ്യദ്രോഹക്കുറ്റമായി പരിഗണിക്കാറുള്ളത്. നെതര്‍ലന്‍ഡ്‌സിലെപ്പോലെ രാജഭരണമുള്ള നോര്‍വേയിലും രാജാവിനെ വിമര്‍ശിക്കുമ്പോള്‍ മാത്രമാണ് രാജ്യദ്രോഹക്കുറ്റമായി പരിഗണിക്കാറുള്ളത്. ഇന്തോനീസ്യയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് നിയമവിരുദ്ധമാണെന്നു വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രഖ്യാപിച്ചതാണ്. ഇന്ത്യയില്‍ ബ്രിട്ടിഷ് ഭരണകാലത്ത് മെക്കാളെയാണ് രാജ്യദ്രോഹ നിയമം കൊണ്ടുവന്നത്. എന്നാല്‍, മെക്കാളെയുടെ നാടായ ബ്രിട്ടനില്‍പോലും ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നിയമം നിലവിലില്ല. 2010ല്‍ ഈ നിയമം ബ്രിട്ടന്‍ ഒഴിവാക്കിയിട്ടുണ്ട്.
ഒരു നിയമം നമ്മുടെ ഭരണഘടനാ തത്ത്വത്തിനെതിരായി വരുകയാണെങ്കില്‍ ആ നിയമം അസാധുവാണ്. ഖണ്ഡിക 13ല്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പായ 124 (എ) എന്ന നിയമം ഇക്കാരണം കൊണ്ടു തന്നെ അസാധുവാണ്. മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുതരുന്ന 19 (1) എയുടെ കടക്കല്‍ കത്തിവയ്ക്കുന്നതാണ് 124 (എ) എന്ന നിയമം. മൗലികാവകാശത്തിന്റെ ലംഘനമായിട്ടാണ് 124 (എ) ഉപയോഗിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിനു രാജ്യത്ത് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതു ലംഘിച്ചു രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരായ പ്രസംഗങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും നടത്തിയാല്‍ കേസെടുക്കാന്‍ കടുത്ത വകുപ്പുകളുള്ള മറ്റു നിയമങ്ങള്‍ രാജ്യത്തുണ്ട്. അപ്പോള്‍ പിന്നെ 124 (എ) എന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വകുപ്പു തന്നെ അപ്രസക്തമാണ്.
(തേജസ് വാരിക പ്രസിദ്ധീകരിച്ചത്)
RELATED STORIES
ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം;...
15 Dec 2024 12:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMT