Thejas Weekly

മനപ്പാഠമല്ല ഖുര്‍ആന്‍ പഠനം

ഖുര്‍ആന്റെ ആശയം ഗ്രഹിക്കുകയും അതു കൈമാറുകയും ചെയ്യുന്നതിനു പകരം അതിന്റെ വായനയും വാക്കുകളുടെ സ്ഫുടപാരായണവും ശരിപ്പെടുത്തുകയെന്നതു ഇന്ന് പ്രധാന ദൗത്യമായി മാറിയിരിക്കുന്നു (അത് വേണ്ടവിധം ശരിപ്പെടുത്തേണ്ടത് ആവശ്യം തന്നെയാണ്).

മനപ്പാഠമല്ല ഖുര്‍ആന്‍ പഠനം
X

കെ. അബ്ദുസ്സലാം മൗലവി, പയ്യനാട്

മനുഷ്യനെ ആത്മീയവും ഭൗതികവുമായി സംസ്‌കരിക്കാനും പുരോഗതിയിലേക്ക് ഉയര്‍ത്താനും ആവശ്യമായ ഉപദേശ-നിര്‍ദേശങ്ങളും നിയമങ്ങളും വ്യവസ്ഥകളും താക്കീതുകളും ചരിത്രങ്ങളും അടങ്ങിയ ഗ്രന്ഥമാണ് ഖുര്‍ആന്‍. പൗരാണിക ഗ്രന്ഥങ്ങള്‍ പലതും അതിന്റെ ആവിര്‍ഭാവകാലത്തെ അവസ്ഥയില്‍ മാറ്റംവരുകയോ വന്നിരിക്കാമെന്നു സംശയിക്കുകയും ചെയ്യുമ്പോള്‍ ഖുര്‍ആന്‍ അതിന്റെ ആവിര്‍ഭാവകാലത്തുള്ളതിന്റെ തനിപ്പകര്‍പ്പു മാത്രമാണ് ഇന്നുമുള്ളത്.

''തീര്‍ച്ചയായും നാമാണ് ആ ഉദ്‌ബോധനം ഇറക്കിയത്. നിശ്ചയം നാം അതിനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും''

(ഹിജ്‌റ്: 9).

ഖുര്‍ആന്റെ ഉള്ളടക്കം

''മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം, നേര്‍വഴി കാണിക്കുന്നത്, സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നത്, സന്മാര്‍ഗത്തിനാവശ്യമായ സുവ്യക്തമായ തെളിവുകള്‍ വിവരിക്കുന്നത് (2:185). എല്ലാ കാര്യത്തിനും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവും മുസ്‌ലിംകള്‍ക്കു സന്തോഷവാര്‍ത്തയും (16:89).

ഖുര്‍ആനിനെ നബി (സ) ഇങ്ങനെ പരിചയപ്പെടുത്തുന്നു. ''അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ മുമ്പു നടന്നവയെക്കുറിച്ചും നിങ്ങള്‍ക്കു ശേഷം നടക്കുന്നവയെക്കുറിച്ചുള്ള വിവരവും പ്രശ്‌നങ്ങള്‍ക്കു പരിഹാരവുമുണ്ട്. അതു സത്യാസത്യങ്ങളെ വേര്‍തിരിക്കുന്നു. അത് ആളുകളെ രസിപ്പിക്കാനുള്ളതല്ല. ആഢ്യത്താല്‍ അതിനെ അവഗണിക്കുന്നവനെ അല്ലാഹു നശിപ്പിക്കും. അതില്ലാത്ത വഴിയിലൂടെ സന്മാര്‍ഗം തേടുന്നവനെ അല്ലാഹു വഴിതെറ്റിക്കും. അതു (അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന) ശക്തമായ പാശമാണ്. അത് അതീവ തന്ത്രജ്ഞനായ നാഥന്റെ ഉദ്‌ബോധനമാണ്. ഏതൊരു ഭാഷക്കാര്‍ക്കും അതു വഴങ്ങുന്നതാണ്. പണ്ഡിതന്മാര്‍ക്ക് അതിന്റെ ആസ്വാദനത്തില്‍ മടുപ്പ് വരുകയില്ല. അതിന്റെ ആവര്‍ത്തനം വിരസതയുണ്ടാക്കുകയോ ആശ്ചര്യം കുറയ്ക്കുകയോ ഇല്ല'' (തിര്‍മുദി).

വിശ്വാസി ഖുര്‍ആനെ സമീപിക്കുമ്പോള്‍

'അന്‍ഫാല്‍' അധ്യായത്തിലെ ആദ്യ മൂന്ന് സൂക്തങ്ങളില്‍ വിശ്വാസിയായിത്തീരാന്‍ അഞ്ചു ഗുണങ്ങള്‍ നിര്‍ബന്ധമായും ഒരു വ്യക്തിയില്‍ ഉണ്ടായിരിക്കണമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. ഒന്ന്, അല്ലാഹുവിനെ കുറിച്ചു (ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുമ്പോഴോ ചെയ്യേണ്ട കാര്യങ്ങള്‍ ഉപേക്ഷിക്കുകയോ അലസത കാണിക്കുമ്പോഴോ) പറയപ്പെട്ടാല്‍ മനസ്സ് നടുങ്ങും. രണ്ട്, അല്ലാഹുവിന്റെ ആയത്തുകള്‍ (ഖുര്‍ആന്‍) ഓതിക്കേള്‍പ്പിക്കുമ്പോള്‍ ഈമാന്‍ വര്‍ധിക്കും. മൂന്ന്, എന്തു കാര്യം ചെയ്യുമ്പോഴും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കും. നാല്, നമസ്‌കാരം മുറപോലെ നിര്‍വഹിക്കും. അഞ്ച്, തന്റെ ധനവും കഴിവും (അല്ലാഹു നല്‍കിയതെന്ന ബോധത്തില്‍) ചെലവഴിക്കും. ഈ അഞ്ചു ഗുണങ്ങളുള്ളവര്‍ മാത്രമേ സത്യവിശ്വാസികളാവൂ എന്ന് അല്ലാഹു മൂന്നാമത്തെ സൂക്തത്തിലൂടെ തറപ്പിച്ചു പറയുന്നു.

ഖുര്‍ആന്‍ കേള്‍ക്കുന്ന, പാരായണം ചെയ്യുന്ന വ്യക്തിയുടെ അവസ്ഥ ഈ ഖുര്‍ആന്‍ വാക്യങ്ങളുടെ ആശയത്തില്‍ എങ്ങിനെയായിരിക്കണം? അതുകൊണ്ടാണ് നബി (സ) ''ഖുര്‍ആനോട് നിങ്ങളുടെ മനസ്സ് ഇണങ്ങുമ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക, മനസ്സാന്നിധ്യമില്ലെങ്കില്‍ അതു പാരായണം ചെയ്യാതിരിക്കുക'' എന്നു പറഞ്ഞത് (ചെറിയ വ്യത്യാസത്തോടെ ബുഖാരി, മുസ്‌ലിം). ഉദ്‌ബോധനം (ഖുര്‍ആന്‍) അവഗണിക്കുന്ന വ്യക്തിക്ക് ഇടുങ്ങിയ ജീവിതമായിരിക്കും ഉണ്ടാവുകയെന്നും ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ അന്ധനായിട്ട് അവനെ കൊണ്ടുവരുമെന്നും എന്റെ ആയത്തുകള്‍ നിനക്കു ലഭിച്ചപ്പോള്‍ നീ അതിനെ വിസ്മരിച്ചതു കാരണം ഇന്നു നീയും വിസ്മരിക്കപ്പെട്ടുവെന്ന് അല്ലാഹു അവിടെവച്ചു പറയുമെന്നും ഖുര്‍ആന്‍ മുന്നറിയിപ്പു നല്‍കുന്നു. (ത്വാഹ:126).

ഖുര്‍ആനുമായി മനസ്സടുക്കുകയും സന്മാര്‍ഗം (ഹിദായത്ത്) ലഭിക്കുകയും ചെയ്ത വ്യക്തികളെക്കുറിച്ചു അല്ലാഹു പറയുന്നു. ''അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവിനെ അനുസ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതു മുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവനു വഴികാട്ടാന്‍ ആരും തന്നെയില്ല'' (39:23).

ഖുര്‍ആന്റെ പ്രധാന വ്യാഖ്യാനം ഹദീസാണ്. ഖുര്‍ആനില്‍ നമസ്‌കാരവും ഹജ്ജുമടക്കം ആരാധനാ കര്‍മങ്ങളെക്കുറിച്ചും സമഗ്ര പരാമര്‍ശങ്ങളാണ് നടത്തുന്നത്. അതിന്റെ വിശദീകരണം ഹദീസുകളാണ് പഠിപ്പിക്കുന്നത്. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനുള്ള പ്രയത്‌നമോ അതു വലിയ ബാധ്യതയാണെന്നുള്ള വിചാരമോ നബി (സ)യുടെയും സഹാബാക്കളുടെയും കാലത്ത് ഉണ്ടായിരുന്നില്ല. നബി (സ) വഫാത്താവുമ്പോള്‍ ലക്ഷക്കണക്കിനു സഹാബാക്കള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവരില്‍ ഖുര്‍ആന്‍ പൂര്‍ണമായി മനപ്പാഠമുണ്ടായിരുന്നവര്‍ കേവലം ആറുപേര്‍ മാത്രമായിരുന്നു.

മനപ്പാഠം (ഹിഫഌ)

ഖുര്‍ആന്റെ ആശയം ഗ്രഹിക്കുകയും അതു കൈമാറുകയും ചെയ്യുന്നതിനു പകരം അതിന്റെ വായനയും വാക്കുകളുടെ സ്ഫുടപാരായണവും ശരിപ്പെടുത്തുകയെന്നതു ഇന്ന് പ്രധാന ദൗത്യമായി മാറിയിരിക്കുന്നു (അത് വേണ്ടവിധം ശരിപ്പെടുത്തേണ്ടത് ആവശ്യം തന്നെയാണ്). ഖുര്‍ആനു വേണ്ടി ചെയ്യാനുള്ള ഏറ്റവും വലിയ കാര്യം അതാവരുത്. ചെറുവഞ്ചികളും ബോട്ടുകളും വലിയ കപ്പലുകളും വഴി രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് സമുദ്രം. വിലപിടിപ്പുള്ള പ്രകൃതിനിക്ഷേപങ്ങള്‍ മനുഷ്യര്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. വിപുലമായ നേട്ടങ്ങള്‍ മനുഷ്യനു നേടിയെടുക്കാനും കഴിയുന്ന സമുദ്രത്തിലെ സാധ്യതകള്‍ തിരിഞ്ഞുനോക്കാതെ കടലോരത്തു കാറ്റ് കൊണ്ടു വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എങ്ങനെയിരിക്കും? അതുപോലെയാണ് ഖുര്‍ആന്‍ അവതീര്‍ണമായ കാരണത്തിലേക്കും അതിലടങ്ങിയിട്ടുള്ള വിഷയങ്ങളിലേക്കും ശ്രദ്ധിക്കാതെയുള്ള ഖുര്‍ആന്‍ പാരായണവും പരിപാലനവും.

(തേജസ് വാരിക 2019 ആഗസ്ത് 2)

Next Story

RELATED STORIES

Share it