Top

കരുത്തുറ്റ പ്രതിരോധമാണ് ഈരാറ്റുപേട്ട

കരുത്തുറ്റ പ്രതിരോധമാണ് ഈരാറ്റുപേട്ട
X

കെ.എന്‍ നവാസ് അലി

ഭയപ്പെടുത്തി കീഴ്‌പ്പെടുത്തല്‍ ഫാഷിസത്തിന്റെ രീതിയാണ്. യുവാക്കളെ കള്ളക്കേസില്‍ കുടുക്കി അനന്തമായി ജയിലിലടയ്ക്കുന്ന തന്ത്രം ഇന്ത്യയില്‍ ഫാഷിസ്റ്റുകള്‍ കാലങ്ങളായി പ്രയോഗിക്കുന്നുണ്ട്. വിചാരണ പോലുമില്ലാതെ നീണ്ടകാലം ജയിലിലടയ്ക്കപ്പെട്ടവരില്‍ 90 ശതമാനവും മുസ്‌ലിം-ദലിത് ആദിവാസി വിഭാഗങ്ങളാണ്. രാജ്യദ്രോഹം, ദേശവിരുദ്ധ പ്രവര്‍ത്തനം, തീവ്രവാദം എന്നിങ്ങനെയുള്ള കടുത്ത ആരോപണങ്ങളുടെ പുകമറയാണ് എന്‍.ഐ.എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ മുസ്‌ലിം സമുദായത്തിനു നേരെ പ്രയോഗിക്കാറുള്ളത്. എന്നാല്‍, ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്നതിനു ഭരണകൂടവും പോലിസും മറ്റ് അന്വേഷണ ഏജന്‍സികളും നടത്തിയ എല്ലാ ശ്രമങ്ങളെയും ധീരമായി നേരിട്ട ഒരു പ്രദേശമുണ്ട് കേരളത്തില്‍. നാട്ടിലെ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി തീവ്രവാദികളെന്നു മുദ്രകുത്തി ജയിലിലടച്ചപ്പോള്‍ മതപണ്ഡിതരുടെ നേതൃത്വത്തില്‍ ഒരു നാടും സമൂഹവും ഒന്നിച്ചു രംഗത്തിറങ്ങിയ കാഴ്ച കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ അപൂര്‍വമായി മാത്രമേ കാണാനാവൂ. ഈരാറ്റുപേട്ട എല്ലാ മഹല്ലുകള്‍ക്കും മാതൃകയാവുന്നത് അങ്ങനെയാണ്.

ഗുജറാത്ത് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്തു ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന ഈരാറ്റുപേട്ട സ്വദേശികളായ ഷിബ്‌ലി, ശാദുലി എന്നിവരുടെ മോചനത്തിനു വേണ്ടിയും 2006ലെ സ്വാതന്ത്ര്യ ദിനത്തില്‍ സെമിനാര്‍ നടത്തിയതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കപ്പെട്ടവര്‍ക്കു വേണ്ടിയും രംഗത്തിറങ്ങാന്‍ ഈരാറ്റുപേട്ട മഹല്ലും അതിനു കീഴിലെ 24 പള്ളികളുടെ ഭാരവാഹികളും പതിനായിരക്കണക്കിനു സമുദായ സ്‌നേഹികളും തയ്യാറായത് രാജ്യത്ത് മുസ്‌ലിംകള്‍ക്കു നേരെ നടക്കുന്ന ഗൂഢാലോചനകള്‍ തിരിച്ചറിയാന്‍ സാധിച്ചതുകൊണ്ടു തന്നെയാണ്. അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കുന്ന തീവ്രവാദ കേസുകളിലെ തിരക്കഥകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി കൊടും തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ നുണക്കഥകള്‍ വിശ്വസിക്കുന്നവരല്ല ഈരാറ്റുപേട്ടയിലെ ജനങ്ങള്‍. അവര്‍ക്കിടയില്‍ ജീവിക്കുന്നവരെ അവര്‍ക്കറിയാം. അവരെ തീവ്രവാദികളെന്ന് ആരോപിച്ചു പടച്ചുണ്ടാക്കുന്ന പെരും നുണകളെ അവജ്ഞയോടെ പുച്ഛിച്ചുതള്ളിക്കൊണ്ട് തന്നെയാണ് സത്യത്തിനും നീതിക്കും വേണ്ടിയുള്ള സമരത്തിന് ഈരാറ്റുപേട്ടയിലെ മനുഷ്യസ്‌നേഹികള്‍ മുന്നിട്ടിറങ്ങിയത്. ഏറ്റവുമൊടുവില്‍ കേരള ഹൈക്കോടതി പാനായിക്കുളം കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ നിരപരാധികളാണെന്നു കണ്ടെത്തി മോചിപ്പിച്ചപ്പോള്‍ ഈരാറ്റുപേട്ട മഹല്ലിന്റെ പ്രവര്‍ത്തനങ്ങളെ ശരിവയ്ക്കുന്നതു കൂടിയായി അത്.കൃത്യമായ അജണ്ടകളോടു കൂടി സൃഷ്ടിച്ചെടുക്കുന്ന തീവ്രവാദ കേസിന്റെ എല്ലാ ഫോര്‍മുലയും വെളിച്ചത്തു വന്നതു വഴി അന്വേഷണോദ്യോഗസ്ഥരും 'മംഗളം' പത്രം പോലുള്ള നുണബോംബ് വാര്‍ത്തകളുടെ കൂടാരങ്ങളും പാനായിക്കുളം കേസില്‍ നാണംകെട്ടിരിക്കുന്നു. പെരും നുണകള്‍ സത്യങ്ങളെന്ന പേരില്‍ പടച്ചെടുക്കുന്നതിനു വേണ്ടി പാനായിക്കുളം സിമി ക്യാംപ് കേസില്‍ എഫ്.ഐ.ആര്‍ പോലും മൂന്നു തവണയാണ് മാറ്റിയെഴുതിയത്. കേരളത്തെ മൊത്തം തീവ്രവാദികള്‍ കീഴടക്കിയെന്ന തരത്തില്‍ മലയാളത്തിലെ 'മ' പത്രങ്ങളും അതിന്റെ ചുവടുപിടിച്ച് ഉത്തരേന്ത്യന്‍ വിഷ നാക്കുകളും വന്‍ പ്രചാരണം നടത്തിയ ഈ കേസ് അവസാനം ഹൈക്കോടതിയുടെ മുന്നിലെത്തിയപ്പോള്‍ പോലിസിന്റെ വാദങ്ങളെല്ലാം തകര്‍ന്നടിയുകയാണുണ്ടായത്. 'രഹസ്യ യോഗം ചേര്‍ന്നതു സ്വാതന്ത്ര്യ ദിനത്തില്‍, ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പ്രത്യേകം അടയാളപ്പെടുത്തിയ രൂപരേഖ പിടിച്ചു' എന്നീ 'ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്കൊപ്പം' അറസ്റ്റിലായവര്‍ വന്‍ സ്‌ഫോടകവസ്തു ശേഖരത്തെക്കുറിച്ചു വെളിപ്പെടുത്തിയതായി സൂചന എന്ന ഭാവന നിറഞ്ഞാടുന്ന വരികളും ചേര്‍ത്താണ് 'മംഗള'ത്തിന്റെ അന്നത്തെ കൊച്ചി ലേഖകന്‍ വാര്‍ത്ത നല്‍കിയത്. 'മലയാള മനോരമ', 'മാതൃഭൂമി', 'ദേശാഭിമാനി', 'ജന്മഭൂമി' തുടങ്ങിയ പത്രങ്ങളിലും തീവ്രവാദികളെ പിടികൂടിയ വാര്‍ത്ത നിറഞ്ഞു. മിക്ക മലയാളം ചാനലുകളും പാനായിക്കുളത്ത് പിടിയിലായ ഭീകരരെക്കുറിച്ചു നിരന്തരം വാര്‍ത്തകള്‍ നല്‍കി. ഇത്തരത്തില്‍ പോലിസിന്റെയും ഭൂരിപക്ഷ വാര്‍ത്താ മാധ്യമങ്ങളുടെയും പ്രചാരണങ്ങള്‍ ആഞ്ഞുവീശിയെങ്കിലും അതിലൊന്നും ഈരാറ്റുപേട്ടയിലെ ജനങ്ങള്‍ വിശ്വസിച്ചില്ല എന്നതാണ് ഒന്നാമത്തെ പ്രത്യേകത.

ഗുജറാത്ത് സഫോടനക്കേസില്‍ പ്രതിചേര്‍ത്തു പോലിസ് പിടികൂടിയ ഈരാറ്റുപേട്ട സ്വദേശികളായ ഷിബ്‌ലി, ശാദുലി എന്നിവരെക്കുറിച്ച് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞ നുണകളൊന്നും വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുമായിരുന്നില്ല. കാരണം, അവരുടെ മുന്നില്‍ വളര്‍ന്നവരാണ് രണ്ടു പേരും. അതുപോലെ പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ മുന്‍കൂട്ടി നോട്ടീസ് അച്ചടിച്ച് 2006 ആഗസ്ത് 15ന് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സെമിനാര്‍ സിമിയുടെ തീവ്രവാദ ക്യാംപാക്കി മാറ്റി സെമിനാറിനെത്തിയവരെ പിടികൂടിയ പോലിസ് നടപടിയിലെ ഗൂഢ ലക്ഷ്യങ്ങള്‍ തിരിച്ചറിയാനും ഈരാറ്റുപേട്ടയിലുള്ളവര്‍ക്കു കഴിഞ്ഞു. തീവ്രവാദ കേസുകളില്‍ ഏതെങ്കിലും മുസ്‌ലിം യുവാക്കളെ കെണിയിലാക്കി പിടികൂടുമ്പോള്‍ ഉടനെ തന്നെ അവരുടെ കുടുംബവുമായി പോലും ബന്ധം വിച്ഛേദിക്കുന്നവര്‍ക്കും ഇരകളെക്കുറിച്ചു സംസാരിക്കാന്‍ ഭയക്കുന്ന മതപണ്ഡിതര്‍ക്കും ഈരാറ്റുപേട്ടയില്‍നിന്നു പലതും പഠിക്കാനുണ്ട്. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യം വ്യക്തമായി മനസ്സിലാക്കിയ ഒരു മഹല്ലിനു മാത്രമേ മുസ്‌ലിം സമുദായത്തിനു നേരെ നടക്കുന്ന ഗൂഢാലോചനകള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയുകയുള്ളൂ. അതിന്റെ മികച്ച ഉദാഹരണമാണ് ഈ മഹല്ല് കമ്മിറ്റി.

നീതിയുടെ കാവല്‍ക്കാര്‍

മൗലവി ഈസാ ഫാദില്‍ മമ്പഇയുടെ സഹോദരന്‍ മുഹമ്മദ് നദീര്‍ മൗലവി ചെയര്‍മാനായി 'ജസ്റ്റിസ് ഫോര്‍ ഷിബ്‌ലി, ശാദുലി, റാസിക്ക്, ഷമ്മാസ്' എന്ന ആക്ഷന്‍ കമ്മിറ്റിക്കു രൂപം നല്‍കിയാണ് ഈരാറ്റുപേട്ട മഹല്ല് മുസ്‌ലിം യുവാക്കളുടെ അന്യായ തടവിനെതിരേ രംഗത്തുവന്നത്. മഹല്ലിനു കീഴിലെ എല്ലാ പള്ളികള്‍ക്കുമായി ആക്ഷന്‍ കമ്മിറ്റി നല്‍കിയ കത്ത് മാത്രം മതി എത്ര ഉള്‍ക്കാഴ്ചയോടെയാണ് വിഷയത്തില്‍ മഹല്ല് ഇടപെട്ടതെന്നു മനസ്സിലാക്കാന്‍. ഇന്ത്യയില്‍ നടക്കുന്ന മുസ്‌ലിം വിരുദ്ധ ഭരണകൂട ഭീകരതയുടെ ഉദാഹരണമാണ് വാഗമണ്‍ സിമി ക്യാംപ് കേസും ഗുജറാത്ത് സ്‌ഫോടനക്കേസില്‍ ഷിബ്‌ലിയെയും ശാദുലിയെയും അറസ്റ്റ് ചെയ്ത നടപടിയെന്നും പറയുന്ന നോട്ടീസില്‍ 'ഇവരുടെ നീതിക്കു വേണ്ടി രംഗത്തിറങ്ങേണ്ടതു നമ്മുടെ ബാധ്യതയാണ്' എന്നു സമുദായത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. രാജ്യത്തു നടക്കുന്ന ഭരണകൂട ഭീകരതയെക്കുറിച്ച് ജുമുഅ ഖുതുബയില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കണമെന്നു സധൈര്യം ആവശ്യപ്പെട്ട കത്തില്‍ വിഷയവുമായി ബന്ധപ്പെട്ടു പൊതുസമ്മേളനം നടത്തുമെന്നും അതിനായി ഫണ്ട് ശേഖരിക്കണമെന്ന് അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഒരു ലക്ഷത്തോളം രൂപയാണ് ഒറ്റ ദിവസം കൊണ്ട് വിവിധ പള്ളികളില്‍നിന്നു പിരിഞ്ഞുകിട്ടിയത്. മഞ്ചാടിത്തുരുത്തില്‍ നടന്ന പൊതുയോഗത്തില്‍ വന്‍ജനാവലി പങ്കെടുക്കുകയും ചെയ്തു.മഹല്ല് ഇമാമുമാരായ ഇസ്മാഈല്‍ മൗലവി, സുബൈര്‍ മൗലവി, ശിഹാബ് മൗലവി, ഹാഷിര്‍ നദ്‌വി എന്നിവരുള്‍പ്പെട്ട കമ്മിറ്റിയില്‍ എല്ലാ മുസ്‌ലിം സംഘടനകളുടെ പ്രതിനിധകളുമുണ്ടായിരുന്നു. ഷിബ്‌ലിയുടെയും ശാദുലിയുടെയും മോചനത്തിനു വേണ്ടി മുമ്പു രൂപംനല്‍കിയ മുസ്‌ലിം ഏകോപന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതും നദീര്‍ മൗലവി ഉള്‍പ്പെടെയുള്ളവരായിരുന്നു. ഇതിന്റെ കണ്‍വീനറായിരുന്നു പാനായിക്കുളം കേസില്‍ അറസ്റ്റിലായ റാസിക് എ. റഹീം. ഷിബ്‌ലിയുടെയും ശാദുലിയുടെയും മോചനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും കേസിന്റെ യഥാര്‍ഥ വസ്തുതയും ബോധ്യപ്പെടുത്തുന്നതിനു മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച റാസിക്കിനെ അകത്താക്കാന്‍ പോലിസിനു ലഭിച്ച പിടിവള്ളിയായിരുന്നു പാനായിക്കുളത്തെ സ്വാതന്ത്ര്യദിന സെമിനാര്‍.

2006 ആഗസ്ത് 15ന് ആലുവ പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ പങ്ക്' എന്ന വിഷയത്തില്‍ പ്രാദേശിക സംഘടനയായ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു എന്നായിരുന്നു പോലിസ് പടച്ചുണ്ടാക്കിയ പാനായിക്കുളം സിമി ക്യാംപ് കേസില്‍ പ്രതികള്‍ക്കെതിരേയുള്ള പ്രോസിക്യൂഷന്‍ ആരോപണം. പോസ്റ്ററും നോട്ടീസും അച്ചടിച്ചു പരസ്യപ്പെടുത്തി നടത്തിയ പരിപാടിയാണ് കോടതിയില്‍ രഹസ്യ യോഗമായി അവതരിപ്പിക്കപ്പെട്ടത്. ബിനാനിപുരം പോലിസ് പരിപാടി നടക്കുന്ന ഹാളിലെത്തി 18 പേരെ കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്. ഇവരെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കാന്‍ ഒരുങ്ങവെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ പ്രകടനം നടത്തിയതോടെയാണ് കേസ് തെറ്റായ ദിശയിലേക്കു വഴിമാറിയത്. അതോടെ, സമ്മര്‍ദത്തിലായ പോലിസ് 18 പേരെയും ആലുവ ഡിവൈ.എസ്.പി ഓഫിസിലേക്കു മാറ്റുകയും അഞ്ചു പേര്‍ ഒഴികെ മറ്റു 11 പേരെ വിട്ടയക്കുകയും ചെയ്തു.

അന്ന് ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ ഇതു സ്വാതന്ത്ര്യദിന സെമിനാറായിരുന്നുവെന്നു വിലയിരുത്തിയതായി എന്‍.ഐ.എ കോടതിയില്‍ ആലുവ ഡിവൈ.എസ്.പി ആയിരുന്ന ഇ.ടി മാത്യു നല്‍കിയ സാക്ഷിമൊഴിയില്‍ പറയുന്നുണ്ട്. സി.ഐ ബാബു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായവര്‍ നിരപരാധികളാണെന്നു വ്യക്തമാവുന്ന തരത്തില്‍ ശരിയായ തരത്തിലാണ് കേസന്വേഷണം നടന്നത്. എന്നാല്‍, ആലുവ എസ്.പി ആയിരുന്ന അബ്ദുല്‍ വഹാബ് പ്രതികളെ സഹായിക്കുകയാണെന്ന തരത്തില്‍ 'മംഗളം', 'കേരള കൗമുദി', 'മനോരമ', 'മാതൃഭൂമി' പത്രങ്ങള്‍ വാര്‍ത്ത നല്‍കി. അതോടെ, വീണ്ടും അന്വേഷണത്തിനു കേരള ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു. 2008 സപ്തംബറില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മലപ്പുറം ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ഡിവൈ.എസ്.പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു സംഘം. കേസിന് തെളിവ് ചമയ്ക്കുന്ന ജോലിയാണ് മുഖ്യമായും ശശിധരന്റെ നേതൃത്വത്തില്‍ ചെയ്തത്. ആദ്യം വെറുതെവിട്ടവരെ വീണ്ടും അറസ്റ്റ് ചെയ്തു. കേസ് എന്‍.ഐ.എ ഏറ്റെടുത്തു. പ്രതികളെ സ്വാധീനിക്കാനും മാപ്പുസാക്ഷിയാക്കാനുമായിരുന്നു മറ്റെല്ലാ കേസുകളിലുമെന്നപോലെ എന്‍.ഐ.എയുടെ ശ്രമം.

ജസ്റ്റിസ് ഫോര്‍ ഷിബ്‌ലി ശാദുലി ആക്ഷന്‍ കമ്മിറ്റി

ഇത്തരം നീക്കങ്ങളെല്ലാം ഒരുഭാഗത്ത് ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുമ്പോഴാണ് നിരപരാധികളുടെ മോചനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി ഈരാറ്റുപേട്ട മഹല്ല് മുന്നോട്ടുപോയത്. മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ആദ്യം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. പിന്നീടാണ് എല്ലാ പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും ഇമാമുമാരുടെയും സഹകരണത്തോടെ 'ജസ്റ്റിസ് ഫോര്‍ ഷിബ്‌ലി ശാദുലി ആക്ഷന്‍ കമ്മിറ്റി'ക്ക് രൂപം നല്‍കിയത്. മൗലവി മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ ആയിരുന്നു ഇതിന്റെ രക്ഷാധികാരി. പ്രായത്തിന്റെ അവശതകള്‍ വകവയ്ക്കാതെ അദ്ദേഹം ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.

പൊതുപ്രവര്‍ത്തകനായ സമീറും നദീര്‍ മൗലവിയും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് 'ജസ്റ്റിസ് ഫോര്‍ ഷിബ്‌ലി ശാദുലി ആക്ഷന്‍ കമ്മിറ്റി'യുടെ ആശയം രൂപപ്പെട്ടത്. ശേഷം നദീര്‍ മൗലവി ഈരാറ്റുപേട്ട നൈനാര്‍ ജുമാമസ്ജിദ് പ്രസിഡന്റ് കെ.ഇ മുഹമ്മദ് സക്കീറുമായി വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്ന്, മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഇമാം സുബൈര്‍ മൗലവി, പുത്തന്‍പള്ളി ഇമാം ശിഹാബുദ്ദീന്‍ മൗലവി, അമാന്‍ മസ്ജിദ് ഇമാം ഹാഷിര്‍ നദ്‌വി, മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡന്റ് പി.എസ് ശഫീഖ്, പുത്തന്‍പള്ളി സെക്രട്ടറി കെ.എം ജാഫര്‍, അമാന്‍ മസ്ജിദ് പ്രസിഡന്റ് സുനില്‍ വെട്ടിക്കല്‍ എന്നിവരുമായും കൂടിയാലോചനകള്‍ നടത്തി. ഇതോടൊപ്പം മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തെയും വിവരം അറിയിച്ചു. അങ്ങനെ എല്ലാവരുടെയും പിന്തുണയോടെയാണ് 'ജസ്റ്റിസ് ഫോര്‍ ഷിബ്‌ലി, ശാദുലി, ഷമ്മാസ്, റാസിക്ക് ഫോറം' രൂപീകരിച്ചത്. ഫോറത്തിന്റെ ചെയര്‍മാനായി നദീര്‍ മൗലവിയെയും സാമൂഹിക മേഖലയിലെ സജീവ സാന്നിധ്യമായ ഹാഷിം പുളിക്കീലി (കെ.എന്‍.എം)നെ കണ്‍വീനറായും തിരഞ്ഞെടുത്തത്. സോളിഡാരിറ്റിയുടെ പ്രവര്‍ത്തകന്‍ സമീറിനെ സെക്രട്ടറിയായും ഖജാഞ്ചിയായി മൈനോറിറ്റി റൈറ്റ് വാച്ചിന്റെ നിയാസിനെയും തിരഞ്ഞെടുത്തു. 'ഈ നാട് നീതിക്കു വേണ്ടി നിലകൊള്ളുക തന്നെ ചെയ്യും' എന്ന പ്രമേയത്തിലാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആദ്യ പൊതുയോഗം നടന്നത്.

പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്‍ക്കാന്‍ ആക്ഷന്‍ ഫോറം ഭാരവാഹികളോടു പല പ്രാവശ്യം പോലിസ് ആവശ്യപ്പെട്ടു. കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുമെന്നുള്ള ഭീഷണിയും ആവര്‍ത്തിച്ചു. വഴങ്ങാതെ വന്നതോടെ സൗഹൃദം സ്ഥാപിച്ചു കെണിയില്‍ അകപ്പെടുത്താനായിരുന്നു പിന്നീടുള്ള ശ്രമം. രണ്ടു മുസ്‌ലിം പോലിസ് ഉദ്യോഗസ്ഥരെ ഇതിനായി ഈരാറ്റുപേട്ടയില്‍ നിയോഗിച്ചു. പക്ഷേ, അതൊന്നും ഫലം ചെയ്തില്ല. നിരപരാധികളുടെ മോചനം എന്ന ആവശ്യത്തില്‍ ഈരാറ്റുപേട്ട മഹല്ല് ഉറച്ചുനിന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.സി ജോര്‍ജ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലവി ഈസാ ഫാദില്‍ മമ്പഈ, ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍, റെനി ഐലിന്‍, സാദിഖ് ഉളിയില്‍, പി.കെ അബ്ദുര്‍റഹ്മാന്‍, അഡ്വ. ഷാനവാസ്, കെ.കെ കൊച്ച് തുടങ്ങി നിരവധി പേര്‍ ആക്ഷന്‍ കമ്മിറ്റിയുടെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനെത്തി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സുന്നി കാന്തപുരം വിഭാഗം, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട്, മൈനോറിറ്റി റൈറ്റ് വാച്ച്, സോളിഡാരിറ്റി, ഐ.എന്‍.എല്‍, വഹ്ദത്തെ ഇസ്‌ലാമി, എസ്.ഐ.ഒ, പി.ഡി.പി, മുസ്‌ലിംലീഗ്, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ എന്നീ സംഘടനകള്‍ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. ഏറ്റവുമൊടുവില്‍ പാനായിക്കുളം കേസിലെ എല്ലാവരെയും കേരള ഹൈക്കോടതി വെറുതെ വിട്ടപ്പോള്‍ ജയില്‍ മോചിതര്‍ക്കു നല്‍കിയ സ്വീകരണത്തില്‍ രാത്രിയായിരുന്നിട്ടും വന്‍ ജനക്കൂട്ടം പങ്കെടുക്കാനെത്തിയത് ആക്ഷന്‍ കമ്മിറ്റിയുടെ ജനപിന്തുണ തെളിയിക്കുന്നതായിരുന്നു.

ഫാഷിസത്തിന്റെ ഗൂഢതന്ത്രങ്ങള്‍ കേരളാ പോലിസിന്റെ മേല്‍വിലാസത്തില്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരേ നടക്കുമ്പോള്‍ സുന്നി, മുജാഹിദ്, ജമാഅത്ത്, വേര്‍തിരിവുകളുടെ പേരില്‍ പരസ്പരം പഴിചാരിയില്ല എന്നതാണ് ഈരാറ്റുപേട്ട മഹല്ലിന്റെ മറ്റൊരു പ്രത്യേകത. ശാഫി, ഹനഫി പള്ളികളും എല്ലാ മുസ്‌ലിം സംഘടനകളും വിഷയത്തില്‍ ഒന്നിച്ചുനിന്നു പ്രവര്‍ത്തിച്ചു. പൊതു സമ്മതനായ മുഹമ്മദ് നദീര്‍ മൗലവിയുടെ നേതൃത്വം എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നതിനാലാണ് ഇത് എളുപ്പം സാധ്യമായത്.

രാജ്യത്തിനു വേണ്ടിയുള്ള ഹജ്ജും മൊബൈല്‍ ഫോണ്‍ സമ്മാനവും

പാനായിക്കുളം കേസില്‍ നാണംകെട്ട തിരിച്ചടി നേരിട്ടെങ്കിലും എന്‍.ഐ.എയും ഇന്റലിജന്‍സ് വിഭാഗവും ഇരാറ്റുപേട്ടയില്‍ നിന്നു പിന്മാറാന്‍ ഒരുക്കമല്ല. പോലിസിന്റെ എല്ലാ കുതന്ത്രങ്ങളെയും ചെറുത്തു തോല്‍പ്പിച്ച ഇവിടത്തുകാരോടുള്ള പക പല ഉദ്യോഗസ്ഥരും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഈരാറ്റുപേട്ടയെ ബിനാനിപുരം പോലിസ് സ്‌റ്റേഷനിലെ ചിലര്‍ മിനി പാകിസ്താന്‍ എന്നു വിളിക്കുന്നതില്‍നിന്ന് ഈ പ്രദേശത്തോടുള്ള പോലിസിന്റെ സമീപനം വ്യക്തമാവും. എവിടെയെങ്കിലും ബോംബ് സ്‌ഫോടനമുണ്ടായാല്‍ ഈരാറ്റുപേട്ടയിലെ വീടുകളില്‍ പോയി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. അതേസമയം, മുസ്‌ലിം കൂട്ടായ്മകളില്‍ നുഴഞ്ഞുകയറി കേസുകളും അതിന്റെ പ്രതികളെയും സാക്ഷികളെയും സൃഷ്ടിക്കുന്ന ശ്രമങ്ങളും തുടരുന്നുണ്ട്.

ജീവിതത്തില്‍ രണ്ടു ഹജ്ജ് ചെയ്തിട്ടുണ്ടെന്നും അതിലൊന്ന് രാജ്യത്തിനു വേണ്ടിയാണെന്നും പറയുന്ന ഒരു പോലിസ് ഉദ്യോഗസ്ഥനായിരുന്നു അടുത്ത കാലംവരെ ഈരാറ്റുപേട്ടയില്‍ രഹസ്യാന്വേഷണങ്ങള്‍ക്ക് എത്തിയിരുന്നത്. മഹല്ല് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്മാറാന്‍ പലരെയും ഇയാള്‍ പ്രേരിപ്പിച്ചിരുന്നു. പോലിസ് നടപടികളെക്കുറിച്ചു ഭയപ്പെടുത്തലും പ്രധാന തന്ത്രമായിരുന്നു. മുസ്‌ലിം യുവാക്കള്‍ക്കു സൗജന്യമായി മൊബൈല്‍ ഫോണ്‍ നല്‍കി വശത്താക്കുന്ന പ്രവര്‍ത്തനവും നടക്കുന്നുണ്ട്. എന്നാല്‍, ആക്ഷന്‍ കമ്മിറ്റിയുടെ ഇടപെടല്‍ കാരണം ഇത്തരം കെണിയില്‍ ആരും കുടുങ്ങിയിട്ടില്ലെന്നു ഭാരവാഹികള്‍ പറഞ്ഞു. ചാരന്മാരെ നിയോഗിച്ചു കെണിയൊരുക്കി മുസ്‌ലിം യുവാക്കളെ കേസില്‍ കുടുക്കുന്ന ഉത്തരേന്ത്യന്‍ തന്ത്രം ഈരാറ്റുപേട്ടയിലും ആവര്‍ത്തിക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നുണ്ട്.

ഷിബ്‌ലി മുംബൈ എ.ടി.എസിന്റെ കസ്റ്റഡിയിലും ശാദുലിയും അന്‍സാറും കര്‍ണാടകയിലെ ജയിലിലുമായിരിക്കെ നടന്ന പല സംഭവങ്ങളിലും ഇരുവരെയും എന്‍.ഐ.എ പ്രതികളാക്കിയിരിക്കുന്നു. ഹൂബ്ലി കേസ് ഉള്‍പ്പെടെ കെട്ടിച്ചമയ്ക്കപ്പെട്ട പല കേസുകളിലും ഇവര്‍ നിരപരാധികളാണെന്നു കോടതികള്‍ വിധി പറഞ്ഞതാണ്. ഏറ്റവുമൊടുവില്‍ പാനായിക്കുളം കേസിലും ഇവരുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടു. പക്ഷേ, കെട്ടിച്ചമയ്ക്കപ്പെട്ട മറ്റുചില കേസുകളുടെ വിചാരണ പൂര്‍ത്തിയാവാത്തതുകൊണ്ടു ജയിലില്‍ കഴിയുകയാണ് ഇവര്‍. ഭരണകൂട ഭീകരത മുസ്‌ലിം സമുദായത്തിനു നേരെ ഉതിര്‍ക്കുന്ന ഓരോ വെടിയുണ്ടകളുടെയും ലക്ഷ്യം വ്യക്തമായി അറിയുന്ന നാടാണ് ഈരാറ്റുപേട്ട. നട്ടെല്ലുള്ള മതപണ്ഡിതര്‍ മഹല്ലിനു നേതൃത്വം നല്‍കുന്ന നാട്. ഫാഷിസം ഉറഞ്ഞുതുള്ളുന്ന സമകാലിക ഭാരതത്തില്‍ ഏതു മഹല്ലും മാതൃകയാക്കേണ്ടത് ഈരാറ്റുപേട്ടയെ തന്നെയാണ്. ഷിബ്‌ലിയും ശാദുലിയും റാസിക്കും വേറെ പല പേരുകളില്‍ പലയിടത്തുമായി ഇനിയും ആവര്‍ത്തിക്കാനുള്ളതാണ്. അതിനു സ്വാതന്ത്ര്യ ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിക്കണമെന്നു പോലുമില്ല. സാമൂഹിക മാധ്യമങ്ങളുടെ വിശാല ലോകത്തുപോലും വ്യാജ പ്രൊഫൈലുകള്‍ക്കു പിന്നിലൊളിച്ചിരുന്ന് അത്തരം വലകളൊരുക്കുന്നുണ്ട്. കെണിയിട്ട് പിടിക്കപ്പെടുന്ന മുസ്‌ലിം യുവാക്കളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ അന്താരാഷ്ട്ര, വിദേശ ബന്ധങ്ങ ളടക്കമുള്ള തെളിവുകളും തയ്യാറാക്കി കാത്തിരിക്കുകയാണ് ഫാഷിസവും കാവി മൂടിയ അന്വേഷണ സംഘങ്ങളും. അവിടെയാണ് ഈരാറ്റുപേട്ട മഹല്ലിന്റെ പ്രസക്തി വര്‍ധിക്കുന്നതും.

(തേജസ് വാരിക പ്രസിദ്ധീകരിച്ചത്)Next Story

RELATED STORIES

Share it