Web & Social

ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കാന്‍ നീക്കം; ബഹുരാഷ്ട്ര കമ്പനികള്‍ ആശങ്കയില്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവും ചേര്‍ന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സഹായത്തോടെ വിപിഎന്‍ സേവനങ്ങള്‍ സ്ഥിരമായി ബ്ലോക്ക് ചെയ്യണം. കുറ്റവാളികള്‍ക്ക് അഭയം നല്‍കുന്ന വിപിഎന്നുകള്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവണം.

ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കാന്‍ നീക്കം; ബഹുരാഷ്ട്ര കമ്പനികള്‍ ആശങ്കയില്‍
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ (വിപിഎന്‍) നിരോധിക്കാന്‍ ആലോചന. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിപിഎന്‍ നിരോധിക്കണമെന്ന നിര്‍ദേശം ആഭ്യന്തര കാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയാണ് നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. കുറ്റവാളികള്‍ക്ക് ഓണ്‍ലൈനില്‍ ഒളിച്ചിരിക്കാന്‍ വിപിഎന്‍ സഹായിക്കുന്നുവെന്നും അതിനാല്‍ രാജ്യത്ത് വിപിഎന്‍ സ്ഥിരമായി നിരോധിക്കുന്നതിന് ഒരു ഏകോപന സംവിധാനം വികസിപ്പിക്കണമെന്നുമാണ് കമ്മിറ്റിയുടെ ആവശ്യം. വിപിഎന്‍ സേവനങ്ങളും ഡാര്‍ക്ക് വെബും സൈബര്‍ സുരക്ഷാ മതിലുകളെ മറികടക്കാനും കുറ്റവാളികള്‍ക്ക് ഓണ്‍ലൈനില്‍ മറഞ്ഞിരിക്കാനും സഹായകമാവും.

വിപിഎന്‍ എളുപ്പം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. പല വെബ്‌സൈറ്റുകളും അത്തരം സൗകര്യങ്ങള്‍ നല്‍കുകയും അവ പരസ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവും ചേര്‍ന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സഹായത്തോടെ വിപിഎന്‍ സേവനങ്ങള്‍ സ്ഥിരമായി ബ്ലോക്ക് ചെയ്യണം. കുറ്റവാളികള്‍ക്ക് അഭയം നല്‍കുന്ന വിപിഎന്നുകള്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവണം. വിപിഎന്നിന്റെയും ഡാര്‍ക്ക് വെബിന്റെയും ഉപയോഗം തടയാന്‍ നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം, വിപിഎന്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ബഹുരാഷ്ട്ര കമ്പനികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ മിക്ക കമ്പനികളും തങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരത്തിന്റെയും നെറ്റ്‌വര്‍ക്കുകളുടെയും സംരക്ഷണത്തിനായി വിപിഎന്‍ നെറ്റ്‌വര്‍ക്കുകളെ ആശ്രയിക്കുന്നുണ്ട്. കൊവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം ജോലികള്‍ സുരക്ഷിതമാക്കുന്നതിനും വിപിഎന്‍ നെറ്റ്‌വര്‍ക്കുകളെ തന്നെയാണ് കമ്പനികള്‍ ആശ്രയിച്ചിരുന്നത്. ഈ നിര്‍ദേശം വിചിത്രവും തെറ്റായ തീരുമാനമാണെന്ന് ഇന്റര്‍നെറ്റ് പോളിസി വിദഗ്ധരും സുരക്ഷാ ഗവേഷകരും അഭിപ്രായപ്പെടുന്നത്.

വിപിഎന്‍ നിരോധനം ബഹുരാഷ്ട്ര കമ്പനികളുടെയും ഡാറ്റാ സ്ഥാപനങ്ങളുടെയും ഡാറ്റാ സുരക്ഷയെ സാരമായി ബാധിക്കും. ഐടി സ്ഥാപനങ്ങള്‍ മുതല്‍ വിദൂരമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ വരെ ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്തുന്ന എല്ലാ കമ്പനികളെയും ഇത് സാരമായി ബാധിക്കും. വിപിഎന്‍ നിരോധനം ഒരു മോശം മാതൃക സൃഷ്ടിക്കുമെന്നും ഇത് ഇന്റര്‍നെറ്റിനെ സുരക്ഷിതമായി വ്യവസായം നടത്താനുള്ള ഒരു മാധ്യമമല്ലാതാക്കിമാറ്റുമെന്നും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് അമിതാബ് സിംഗാള്‍ ബിസിനസ് ലൈനിനോട് പറഞ്ഞു.

ഇത് ബിസിനസ്സുകള്‍ക്ക് പ്രത്യേകിച്ച് വിപരീത ഫലമുണ്ടാക്കും. എല്ലാ കമ്പനികളും ഇന്ന് വിപിഎന്‍ അടിസ്ഥാനമാക്കിയുള്ള പരിഹാരം ഉപയോഗിക്കുന്നു. സുരക്ഷയുറപ്പാക്കാന്‍ ഇതിനേക്കാള്‍ മികച്ച വഴികള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. ചില സാമൂഹിക വിരുദ്ധര്‍ അവരുടെ ഐഡന്റിറ്റി മറച്ചുവയ്ക്കുന്നതിന് വിപിഎന്‍ ഉപയോഗിക്കുന്നുണ്ടെന്ന് കരുതി സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന വാദം സാധുവാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗസ്ത് 10 നാണ് രാജ്യസഭയില്‍ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചത്.

ബദല്‍ എന്ത് ?

സൈബര്‍ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്നതിനായി വിപിഎന്‍ ഉപയോഗം സമ്പൂര്‍ണമായി നിരോധിക്കുന്നതിന് പകരം തേഡ് പാര്‍ട്ടി നോ ലോഗ് വിപിഎന്‍ ആപ്പുകളെയും സോഫ്റ്റ്‌വെയറുകളെയും നിരോധിക്കുകയോ അത്തരം ആപ്ലിക്കേഷനുകള്‍ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാക്കുന്നത് തടയയുകയോ ആണ് വേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നോ ലോഗ് വിപിഎന്‍ ആപ്പുകള്‍ അത് ഉപയോഗിക്കുന്നയാളിന്റെ ഐപി ഉള്‍പ്പടെയുള്ള ഡാറ്റ ശേഖരിക്കുകയില്ല. അതുകൊണ്ട് സൈബര്‍ കുറ്റകൃത്യം നടന്നാല്‍ ഹാക്കറുടെ ഐഡന്റിറ്റിയും ഐപി വിലാസങ്ങളും ട്രാക്കുചെയ്യുന്നത് നോ ലോഗ് വിപിഎന്‍ അസാധ്യമാക്കുന്നു.

അതേസമയം, ഭൂരിഭാഗം കമ്പനികളും ഡാറ്റ ശേഖരിക്കുന്ന ഇന്‍ ഹൗസ് വിപിഎന്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഉപയോഗ വിവരങ്ങള്‍ ശേഖരിക്കപ്പെടുകയും ഒപ്പം സുരക്ഷയും അത് ഉറപ്പുവരുത്തുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ലഭ്യമായ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും അതിനുള്ള പുതിയ വഴികള്‍ കണ്ടെത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അല്ലാതെ വിപിഎന്‍ നിരോധനമല്ല വേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സൈബര്‍ സുരക്ഷ എല്ലായ്‌പ്പോഴും ഒരു വെല്ലുവിളിയായിരിക്കും. അത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ വഴികള്‍ കണ്ടെത്തുകയും വിഭവങ്ങള്‍ ഉപയോഗിക്കുകയും വേണം. അല്ലാതെ വിപിഎന്‍ നിരോധിക്കുന്നത് ഒരു മാര്‍ഗമല്ല- ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് അമിതാബ് സിംഗാള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it