Apps & Gadgets

മൊബൈല്‍ ഫോണ്‍ കേരളക്കരയിലെത്തിയിട്ട് കാല്‍ നൂറ്റാണ്ട്

മൊബൈല്‍ ഫോണ്‍ കേരളക്കരയിലെത്തിയിട്ട് കാല്‍ നൂറ്റാണ്ട്
X

കോഴിക്കോട്: മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമായി മാറിയിരിക്കുകയാണ്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തന്നെ മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. ലോകത്തിലെ ഏത് വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന നിലയിലേക്ക് മൊബൈല്‍ ഫോണ്‍ വളര്‍ന്നുകഴിഞ്ഞു. മലയാളികളുടെ കൈകളില്‍ മൊബൈല്‍ ഫോണ്‍ എത്തിയിട്ട് ഇന്നേയ്ക്ക് 25 വര്‍ഷം പിന്നിടുകയാണ്. 1996 സപ്തംബര്‍ 17നായിരുന്നു ആദ്യ മൊബൈല്‍ കേരളക്കരയിലെത്തുന്നത്. പ്രതിവര്‍ഷം അരക്കോടി മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമായി കേരളം വികസിച്ചുകഴിഞ്ഞു.

മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ ഇപ്പോഴുള്ളത് 4.5 കോടി മൊബൈല്‍ കണക്ഷനുകളാണെന്നാണ് കണക്കുകള്‍. മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള കൊച്ചിയിലെ ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ ആര്‍ ടാന്‍ഡനു ഹലോ പറഞ്ഞായിരുന്നു തുടക്കം. തകഴിക്ക് പിന്നാലെ മാധവിക്കുട്ടിയുമായും ടാന്‍ഡന്‍ മൊബൈലില്‍ വിളിച്ചു. നോക്കിയ ഹാന്‍ഡ്‌സെറ്റായിരുന്നു അന്ന് ഉപയോഗിച്ചത്. എസ്‌കോട്ടെല്‍ ആണ് സേവനദാതാവ്. കേരളത്തിലാദ്യമായി മൊബൈല്‍ സേവനം തുടങ്ങിയത് എസ്‌കോടെല്‍ ആണ്.

അന്ന് ഔട്ട്‌ഗോയിങ് കോളുകള്‍ക്ക് മിനിട്ടിന് 16.80 രൂപയായിരുന്നു നിരക്ക്. ഇന്‍കമിങ് കോളുകള്‍ക്കും ആദ്യകാലത്ത് നിരക്ക് ഈടാക്കിയിരുന്നു എന്നതാണ് മറ്റൊരു വസ്തുത. മിനിറ്റിന് 8.40 രൂപയാണ് ഇന്‍കമിങ്ങിന് നല്‍കേണ്ടിയിരുന്നത്. എസ്‌കോടെലിനെ പില്‍ക്കാലത്ത് ഐഡിയ ഏറ്റെടുത്തു. 1995 ജൂലൈ 31നായിരുന്നു ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ എത്തിയത്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി സുഖ്‌റാം ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനെ വിളിച്ചായിരുന്നു തുടക്കം. കൊല്‍ക്കത്തയിലെ സെക്രട്ടേറിയേറ്റായ 'റൈറ്റേര്‍സ് ബില്‍ഡിങ്ങില്‍' നിന്നായിരുന്നു ആ കാള്‍ പോയത്. നോക്കിയ ഫോണ്‍ ആയിരുന്നു അതും. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമായ സ്ഥലം ഡല്‍ഹിയാണ്.

ആധിപത്യം പുലര്‍ത്തി നോക്കിയ

നോക്കിയയാണ് ഹാന്‍ഡ്‌സെറ്റുകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. 1610 എന്ന മോഡല്‍ പേരുള്ള വാക്കിടോക്കി പോലുള്ള ഹാന്‍ഡ്‌സെറ്റിലാണ് തുടക്കം. കാല്‍ കിലോഗ്രാം ഭാരം. എസ്എംഎസ് അയയ്ക്കാന്‍ കഴിയില്ല. 20,000 മുതല്‍ മേലോട്ടായിരുന്നു വില. പിന്നീടുവന്ന 3310 എന്ന മോഡല്‍ ഏറെ പ്രചാരമുണ്ടാക്കി. മൊബൈലില്‍ ടോര്‍ച്ച് സൗകര്യമുള്ള 1100 മോഡലാണ് പിന്നീട് വന്നത്. ഇറങ്ങിയപ്പോള്‍ 9000 രൂപയായിരുന്നു ഇതിന്റെ വില. മോട്ടറോളയായിരുന്നു നോക്കിയയുടെ പ്രധാന എതിരാളി. 2000ല്‍ എയര്‍ടെല്‍ കേരളത്തിലെത്തി. എല്ലാവര്‍ക്കും ഒരേ താരിഫ്. സാധാരണക്കാരില്‍ അപ്പോഴും മൊബൈല്‍ സജീവമായില്ല.

ബിഎസ്എന്‍എല്‍ രംഗപ്രവേശനം

2002ല്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ രംഗത്ത്. ഇന്‍കമിങ് സൗജന്യം എന്ന ആകര്‍ഷണവുമായി ബിഎസ്എന്‍എല്‍ വിപണിയിലെത്തിയത്. ഔട്ട്‌ഗോയിങ് നിരക്ക് 16.80 രൂപയില്‍നിന്ന് 8.40 രൂപയാക്കി. അതോടെ എല്ലാ കമ്പനികളും ഇന്‍കമിങ് സൗജന്യമാക്കി. പിന്നീട് ഔട്ട്‌ഗോയിങ് നിരക്ക് മിനിറ്റിന് രണ്ടുരൂപയിലേക്ക് എല്ലാവരും താഴ്ത്തി. സോണി എറിക്‌സണ്‍, അല്‍ക്കാടെല്‍, സീമെന്‍സ് തുടങ്ങിയ ഹാന്‍ഡ് സെറ്റുകള്‍കൂടി വിപണിയിലെത്തിയെങ്കിലും നോക്കിയയുടെ ആധിപത്യം തുടര്‍ന്നു.

2002 അവസാനം പുതിയ ടെലികോം നയത്തിന്റെ തുടര്‍ച്ചയായി സേവനദാതാക്കളുടെ എണ്ണം കൂടി. രാജ്യത്ത് 420ഉം കേരളത്തില്‍ 10ഉം കമ്പനികള്‍ 2ജി സേവനവുമായി കളത്തില്‍. എസ്‌കോട്ടെല്‍, ഹച്ച്(ബിപിഎല്‍), ബിഎസ്എന്‍എല്‍, എയര്‍ടെല്‍, റിലയന്‍സ്, ടാറ്റ ഡോക്കോമോ, യൂണിനോര്‍, എയര്‍സെല്‍, എംടിഎസ് (ഡേറ്റ മാത്രം), വിഡിയോകോണ്‍ എന്നിവയാണ് കേരളത്തിലുണ്ടായിരുന്നവ. 2004ല്‍ എസ്‌കോട്ടെല്ലിനെ ഐഡിയ വാങ്ങി. 2006ല്‍ ബിപിഎലിനെ ഹച്ച് വാങ്ങി. 2007ല്‍ ഹച്ചിനെ വൊഡാഫോണ്‍ വാങ്ങി. 2017ല്‍ ഐഡിയയും വോഡാഫോണും ഒന്നായി.

ജിപിആര്‍എസ് സാങ്കേതികവിദ്യ

ജിപിആര്‍എസ് സാങ്കേതികവിദ്യ സേവനദാതാക്കള്‍ ഏര്‍പ്പെടുത്തിയതോടെ നേരിയ തോതില്‍ ഫോണില്‍ ഇന്റര്‍നെറ്റ് കിട്ടാന്‍ തുടങ്ങി. ആദ്യം ഗൂഗിള്‍ എന്ന സൈറ്റ് ഓപ്പണ്‍ ആവാന്‍ ചുരുങ്ങിയത് രണ്ടുമിനിറ്റ് എടുത്തിരുന്നു. 2005 ആയപ്പോഴേക്കും എഡ്ജ്(എന്‍ഹാന്‍സ്ഡ് ഡേറ്റ് റേറ്റ്‌സ് ഫോര്‍ ജിപിആര്‍എസ്) എന്ന സാങ്കേതികവിദ്യ വന്നു. ഡേറ്റയ്ക്ക് കുറച്ചുകൂടി വേഗം വന്നു. 2010ല്‍ 3ജി യുമായി ബിഎസ്എന്‍എല്‍ എത്തി. അപ്പോഴേക്കും കീപാഡ് ഹാന്‍ഡ് സെറ്റില്‍നിന്ന് ടച്ച് ഫോണുകളിലേക്ക് മാറ്റം.

സാംസങ് ആയിരുന്നു ഈ രംഗത്ത് മുന്നില്‍. സോണി എറിക്‌സണ്‍, ആപ്പിള്‍, വാവേ, എച്ച്ടിസി, എല്‍ജി തുടങ്ങിയ കമ്പനികള്‍ കേരളത്തിലുമെത്തി. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം തൊട്ടുപിന്നാലെ വന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ യുഗമായി. നോക്കിയയ്ക്ക് വിന്‍ഡോസ് പ്ലാറ്റ്‌ഫോമായതിനാല്‍ വിപണിയില്‍ പിന്നാക്കം പോയി. ഐഫോണ്‍ ഓപറേറ്റിങ് സിസ്റ്റവുമായി ആപ്പിളും രംഗത്ത്. 2011ല്‍ ടാറ്റ ഡോക്കോമോ സെക്കന്‍ഡ് ക്രമത്തില്‍ നിരക്ക് ഈടാക്കാന്‍ തുടങ്ങിയത് വിപ്ലവമുണ്ടാക്കി. ഡോക്കോമോയിലേക്ക് വലിയ ഒഴുക്ക്. ഇതോടെ എല്ലാ കമ്പനികളും സെക്കന്‍ഡ് പള്‍സ് നിരക്കിലേക്ക് മാറി.

പ്രീപെയ്ഡ് കണക്ഷനുകള്‍ കൂടുതല്‍ ജനപ്രിയമായി. ടവറുകളുടെ പങ്കിടല്‍ വ്യാപകമായി വന്നതും 2010ന് ശേഷം. ടവര്‍ ഉണ്ടാക്കി വാടകയ്ക്ക് കൊടുക്കുന്ന കമ്പനികളും രംഗത്തെത്തി. 2010ല്‍ 3ജിയുമായി ബിഎസ്എന്‍എല്‍ എത്തി. ഇതേ സമയത്ത് തന്നെയായിരുന്നു ടച്ച് ഫോണുകളും വിപണിയിലെത്തിയത്. സാംസങ് ആണ് ടച്ച് ഫോണില്‍ മുന്നില്‍. ഇതിനുപിന്നാലെ പ്രമുഖ കമ്പനികളായ സോണി എറിക്‌സണ്‍, ആപ്പിള്‍, വാവേ, എച്ച്ടിസി, എല്‍ ജി എന്നിവ കേരളത്തിലുമെത്തി. ഇതിനുപിന്നാലെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം എത്തി, സ്മാര്‍ട്ട്‌ഫോണിലേക്കുള്ള ചുവടുമാറ്റവും സംഭവിച്ചു.

2016ലാണ് 4ജിക്ക് തുടക്കമാകുന്നത്. ഐഡിയയും വോഡഫോണുമാണ് തുടക്കമിട്ടതെങ്കിലും ഒരു കൊല്ലം മുഴുവന്‍ സൗജന്യ ഡേറ്റ എന്ന വമ്പന്‍ ഓഫറുമായി ജിയോ വിപണി പിടിച്ചെടുത്തു. 4.5 കോടി മൊബൈല്‍ കണക്ഷനുകളില്‍ 1,67,32,881 പേര്‍ വോഡഫോണ്‍- ഐഡിയ ഉപഭോക്താക്കളാണ്, 1,08,38,814 പേര്‍ ബിഎസ്എന്‍എല്‍ 1,06,80,602 പേര്‍ ജിയോ ഉപഭോക്താക്കളുമാണ്. 68,38,692 പേര്‍ എയര്‍ടെല്‍ ഇപയോക്താക്കളാണ്.

Next Story

RELATED STORIES

Share it