Sub Lead

ഫൈസാബാദിനെ അയോധ്യയാക്കി; ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്നും ആദിത്യനാഥ്

അടുത്തയാഴ്ച നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫൈസാബാദിനെ അയോധ്യയാക്കി; ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്നും ആദിത്യനാഥ്
X

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്തയാഴ്ച നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സാധിക്കുമോ എന്ന് ചിലര്‍ തന്നോട് ചോദിച്ചു. എന്തുകൊണ്ട് സാധിക്കില്ലെന്ന് അവരോട് താന്‍ ചോദിച്ചു. ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനര്‍നാമകരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.

ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ്. നാലിന് ഫലം വരും. 150 വാര്‍ഡുകളിലാണ് മത്സരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശാനുസരണം ആഭ്യന്തര മന്ത്രി അമിത് ഷാ 370ാം അനുച്ഛേദം റദ്ദാക്കിയെന്നും ഇത് ഹൈദരാബാദിലെയും തെലങ്കാനയിലെയും ആളുകള്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച എഐഎംഐഎമ്മിന്റെ എംഎല്‍എ സത്യപ്രതിജ്ഞയ്ക്കിടെ ഹിന്ദുസ്ഥാന്‍ എന്ന വാക്ക് ഉച്ചരിക്കാന്‍ മടി കാണിച്ചതായും ആദിത്യനാഥ് പറഞ്ഞു. അവര്‍ ഹിന്ദുസ്ഥാനില്‍ ജീവിക്കും. പക്ഷെ ഹിന്ദുസ്ഥാന്റെ പേരില്‍ പ്രതിജ്ഞ എടുക്കേണ്ടി വരുമ്പോള്‍ മടിക്കും. ഇത് എഐഎംഐഎമ്മിന്റെ യഥാര്‍ഥമുഖമാണ് കാണിക്കുന്നതെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

അടുത്തയാഴ്ച നടക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈദരാബാദില്‍ റോഡ് ഷോ നടത്താന്‍ എത്തിയതായിരുന്നു ആദിത്യനാഥ്. തെലങ്കാന ബിജെപി അധ്യക്ഷനും കരിംനഗര്‍ എം.പിയുമായ ബണ്ടി സഞ്ജയും യോഗിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. ജീഡിമേട്‌ല പ്രദേശത്തു കൂടിയായിരുന്നു റോഡ് ഷോ. കഴിഞ്ഞ മാസം ദുബ്ബാക്ക നിയമസഭ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നു.

Next Story

RELATED STORIES

Share it