Sub Lead

'വീടുകള്‍ പൊളിക്കുന്നത് തമാശയായി മാറിയിരിക്കുന്നു'; ബുള്‍ഡോസര്‍ രാജിനെതിരേ ആഞ്ഞടിച്ച് പട്‌ന ഹൈക്കോടതി

വീടുകള്‍ പൊളിക്കുന്നത് തമാശയായി മാറിയിരിക്കുന്നു; ബുള്‍ഡോസര്‍ രാജിനെതിരേ ആഞ്ഞടിച്ച് പട്‌ന ഹൈക്കോടതി
X

പട്‌ന: ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിക്കുന്ന ബിഹാര്‍ പോലിസിന്റെ നിയമവിരുദ്ധ നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പട്‌ന ഹൈക്കോടതി രംഗത്ത്. പോലിസ് ഭൂമാഫിയയുമായി കൈകോര്‍ത്ത് തന്റെ വീട് തകര്‍ത്തെന്ന സജോഗ ദേവി എന്ന സ്ത്രീയുടെ പരാതിയിലാണ് വിമര്‍ശനം. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീട് തകര്‍ക്കുന്നത് പോലിസിന് ഒരു തമാശയോ കണ്ട് രസിക്കാനുള്ള കാഴ്ചയോ ആയി മാറിയിരിക്കുന്നു. 'ബുള്‍ഡോസര്‍ നടപടി ഇവിടെയും തുടങ്ങിയോ? നിങ്ങള്‍ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത്, സംസ്ഥാനത്തെയോ അതോ സ്വകാര്യവ്യക്തികളെയോ? വീട് പൊളിക്കുക എന്നത് ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്'- ജസ്റ്റിസ് സന്ദീപ് കുമാര്‍ പറഞ്ഞു.

അടുത്ത ഹിയറിങ്ങിന് സീനിയര്‍ പോലിസ് ഉദ്യോഗസ്ഥരെല്ലാം കോടതിയില്‍ ഹാജരാവണമെന്നും വീട് പൊളിച്ചത് തെറ്റാണെന്ന് തെളിഞ്ഞാല്‍ അതില്‍ പങ്കാളികളായ ഓരോ ഉദ്യോഗസ്ഥനും അഞ്ചുലക്ഷം രൂപ വീതം പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യം കോടതി ഉറപ്പുവരുത്തുമെന്നും ജസ്റ്റിസ് സന്ദീപ് കുമാര്‍ പറഞ്ഞു. ഭൂമാഫിയയുമായി കൈകോര്‍ത്ത് പോലിസ് അനധികൃതമായി വീട് പൊളിക്കുകയായിരുന്നെന്നാണ് പോലിസ് റിപോര്‍ട്ട് പഠിക്കുമ്പോള്‍ മനസ്സിലാവുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടു.

ഭൂമാഫിയയ്ക്ക് ഭൂമി വിട്ട് നല്‍കാത്തതിനാല്‍ പരാതിക്കാരിയായ സ്ത്രീക്കും കുടുംബത്തിനുമെതിരേ കള്ളക്കേസെടുത്തിട്ടുണ്ടെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അവര്‍ താമസിച്ചിരുന്ന ഭൂമിയില്‍നിന്ന് നിര്‍ബന്ധിപ്പിച്ച് കുടിയൊഴിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഭൂമാഫിയക്കുവേണ്ടിയാണ് ഈ കുടിയൊഴിപ്പിക്കല്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിന്റെ എഫ്‌ഐആര്‍ കോടതി തല്‍ക്കാലേത്തേക്ക് മരവിപ്പിച്ചു.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നും യുവതിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. ഒക്ടോബര്‍ 15നാണ് ഇവരുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. കുറ്റാരോപിതരായ ആളുകള്‍ക്കെതിരേ ബുള്‍ഡോസര്‍ ഉപയോഗിച്ച് നടപടി സ്വീകരിക്കുന്ന സംഭവങ്ങള്‍ യുപി, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങി പല സംസ്ഥാനങ്ങളിലുമുണ്ടായിരുന്നു. വിവിധ നിയമലംഘനങ്ങളുടെ പേരുപറഞ്ഞ് വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുക എന്നതാണ് ആദ്യനടപടി. നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ വിവിധ കോണുകളില്‍നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Next Story

RELATED STORIES

Share it