Sub Lead

കൊവിഡ് കേസുകള്‍ ഉയരുന്നു: ചൈനീസ് നഗരത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍

കൊവിഡ് കേസുകള്‍ ഉയരുന്നു: ചൈനീസ് നഗരത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍
X

ബെയ്ജിങ്: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടര്‍ന്ന് വടക്കന്‍ ചൈനീസ് നഗരമായ സിയാനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നഗരത്തിലെ 1.3 കോടി ജനങ്ങളോട് കര്‍ശന ലോക്ക് ഡൗണില്‍ വീട്ടില്‍തന്നെ തുടരാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഫെബ്രുവരിയില്‍ 2022 വിന്റര്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ബെയ്ജിങ് തയ്യാറെടുക്കുന്നതിനിടെ, കൊവിഡ് വ്യാപനം തടയാന്‍ ചൈന അതീവജാഗ്രതയിലാണ്. സിയാനില്‍ ബുധനാഴ്ച 52 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഡിസംബര്‍ ഒമ്പതിന് ശേഷം ഇതുവരെ 143 കൊവിഡ് കേസുകളാണ് നഗരത്തില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ഓരോ രണ്ട് ദിവസത്തിലും ഒരു വീട്ടില്‍ ഒരാള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. വൈറസ് പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ മാസ് ടെസ്റ്റിങ്ങും ലോക്ക് ഡൗണും ഏര്‍പ്പെടുത്തി കര്‍ശനമായ സീറോ കൊവിഡ് പദ്ധതി ആവിഷ്‌കരിക്കാനാണ് ചൈനയുടെ തീരുമാനം. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തിലാവും. സിയാനിലെ ദീര്‍ഘദൂര ബസ് സ്റ്റേഷനുകള്‍ അടച്ചു. നഗരത്തിലേക്കുള്ള ഹൈവേകളില്‍ അധികൃതര്‍ രോഗനിയന്ത്രണ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സിയാന്‍ വിമാനത്താവളത്തിലേക്കുള്ള 85 ശതമാനം സര്‍വീസുകളും നിലച്ചിരിക്കുകയാണ്. അത്യാവശ്യമല്ലാത്ത ബിസിനസുകള്‍ അടച്ചുപൂട്ടി. പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. മുന്‍കരുതലെന്ന നിലയില്‍ ബാറുകള്‍, ജിമ്മുകള്‍, സിനിമാശാലകള്‍ തുടങ്ങിയ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ അധികാരികള്‍ ഇതിനകം അടച്ചിരുന്നുവെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

നിയന്ത്രണങ്ങള്‍ എത്രനാള്‍ വരെ തുടരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ചൈനയില്‍ വ്യാപിക്കുന്നത് കൊവിഡിന്റെ ഡെല്‍റ്റ വകഭേദമാണെന്നും ഒമിക്രോണിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വൈറസ് ആദ്യമായി രേഖപ്പെടുത്തിയ രാജ്യത്ത് 113,000 കേസുകളും 4,849 മരണങ്ങളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it