Sub Lead

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ജീവപര്യന്തം ശരിവെച്ചു; കാമുകനെതിരെ തെളിവുകളില്ലെന്ന് ഹൈക്കോടതി

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ജീവപര്യന്തം ശരിവെച്ചു; കാമുകനെതിരെ തെളിവുകളില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊന്ന ഭാര്യയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. കാക്കനാട് മനക്കക്കടവ് സ്വദേശി സജിതയ്ക്ക് (39) സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ശരിവെച്ചത്. വിചാരണക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. അതേസമയം, സജിതയുടെ കാമുകനും രണ്ടാം പ്രതിയുമായിരുന്ന പാമ്പാടി സ്വദേശി ടിസണ്‍ കുരുവിളയെ (40) വെറുതേ വിട്ടത് ചോദ്യംചെയ്യുന്ന സര്‍ക്കാരിന്റെ അപ്പീലും ഹൈക്കോടതി തള്ളി.

2011 ഡിസംബര്‍ 23-ന് പുലര്‍ച്ചെയാണ് സജിതയുടെ ഭര്‍ത്താവ് കൊച്ചേരി പോള്‍ വര്‍ഗീസിനെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ കഴുത്തില്‍ മുറുക്കിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പു സജിത ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി. തുടര്‍ന്ന് മയങ്ങിയെന്ന് ഉറപ്പായശേഷം കാമുകനൊപ്പം ചേര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്തു തലയണ വച്ച് അമര്‍ത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. മരിച്ചുവെന്ന് ഉറപ്പായശേഷം കാമുകനെ പറഞ്ഞയച്ച് സജിത ബന്ധുക്കളെ വിളിക്കുകയും തൂങ്ങിമരണമാണെന്നു പറയുകയും ചെയ്തു.

തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്. സജിതയും ടിസന്‍ കുരുവിളയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസില്‍ നിര്‍ണായക തെളിവായി. കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ എട്ടും നാലും വയസുള്ള കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നു.

തൃക്കാക്കര പോലീസ് അന്വേഷണം നടത്തിയ കേസില്‍ സജിത ഒന്നാം പ്രതിയും ടിസണ്‍ രണ്ടാം പ്രതിയുമായിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സമഗ്രമായ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പ്രതിയെ ശിക്ഷിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അടക്കം വ്യക്തമാക്കുന്നുണ്ട്. സംഭവസമയത്ത് ഹരജിക്കാരി മുറിയിലുണ്ടായിരുന്നു എന്നതും നിഷേധിക്കുന്നില്ല. തുടര്‍ന്നാണ് ജീവപര്യന്തം ശിക്ഷ ശരിവെച്ചത്. എന്നാല്‍, രണ്ടാം പ്രതിയുടെ കാര്യത്തില്‍ കുറ്റകൃത്യത്തിലുള്ള പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

Next Story

RELATED STORIES

Share it