Big stories

സംഘപരിവാര അനുകൂല പുരാവസ്തു ഗവേഷകനെ ആദരിക്കുന്ന ചടങ്ങ് ഉപേക്ഷിച്ചു

സംഘപരിവാര അനുകൂല പുരാവസ്തു ഗവേഷകനെ ആദരിക്കുന്ന ചടങ്ങ് ഉപേക്ഷിച്ചു
X

കോഴിക്കോട്: ഫാറൂഖ് കോളജില്‍ സംഘപരിവാര അനുകൂല വിവാദ പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദിനെ ആദരിക്കാനുള്ള തീരുമാനം സംഘാടകര്‍ ഉപേക്ഷിച്ചു. കേരളത്തിലെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി അലുമ്‌നി സര്‍ സയ്യിദ് ദിനത്തോടനുബന്ധിച്ച് 19നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ബാബരി മസ്ജിദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുകയും സംഘപരിവാര വേദികളിലെ സ്ഥിരം സാന്നിധ്യവുമായ കെ കെ മുഹമ്മദിനെ ആദരിക്കുന്നതിനെതിരേ വിദ്യാര്‍ഥി സംഘടനകള്‍ വന്‍ പ്രതിഷേധമാണ് ഉര്‍ത്തിയിരുന്നത്. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന പി കെ അബ്ദുര്‍റബ്ബ് എംഎല്‍എ നേരത്തേ തന്നെ പിന്‍വാങ്ങിയിരുന്നു. അലിഗഡ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ പി കെ അബ്ദുര്‍റബ്ബ് എംഎല്‍എയെയാണ് അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. കേരള ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ആദരിക്കല്‍ ചടങ്ങിനെതിരേ കാംപസ് ഫ്രണ്ട്, എംഎസ്എഫ് തുടങ്ങി വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അയോധ്യയില്‍ ഉല്‍ഖനനം നടത്തിയ ബി ബി ലാലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കെ കെ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്നതിന് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം പ്രഫസര്‍ സെയ്ദ് അലി റിസ്‌വി തെളിവുകള്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കെ കെ മുഹമ്മദിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നത്.




Next Story

RELATED STORIES

Share it