Big stories

രാജ്യത്ത് കൊവിഡ് കുതിച്ചുതന്നെ; പ്രതിദിന രോഗികളില്‍ ലോക റെക്കോര്‍ഡ്, 24 മണിക്കൂറിനിടെ 3.14 ലക്ഷം കേസുകള്‍

ഇന്ന് രാജ്യത്ത് 2,104 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,84,657 ആയി. ഇന്ത്യയിലെ ആകെ കൊവിഡ് രോഗികള്‍ 1,59,30,965 ആയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 22,91,428 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്.

രാജ്യത്ത് കൊവിഡ് കുതിച്ചുതന്നെ; പ്രതിദിന രോഗികളില്‍ ലോക റെക്കോര്‍ഡ്, 24 മണിക്കൂറിനിടെ 3.14 ലക്ഷം കേസുകള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകറെക്കോര്‍ഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്. കഴിഞ്ഞ ദിവസത്തെ കണക്കുകളേക്കാള്‍ 19,794 കേസുകളാണ് ഇന്ന് അധികമായി റിപോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 2,95,041 പുതിയ കേസുകളും ചൊവ്വാഴ്ച 2.59 ലക്ഷം പുതിയ കൊവിഡ് കേസുകളുമാണ് റിപോര്‍ട്ട് ചെയ്തിരുന്നത്. കൊവിഡ് 19ന്റെ തുടക്കം മുതലുള്ള ചരിത്രത്തിലാദ്യമായി ഇന്ന് രോഗികളുടെ പ്രതിദിന എണ്ണം മൂന്നുലക്ഷം കടക്കുകയും ചെയ്തു. ഇതോടെ ലോകത്തില്‍ ഒരുദിവസം റിപോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമതെത്തി.

അമേരിക്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 65,057 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. മൂന്നാംസ്ഥാനത്തുള്ള ബ്രസീലില്‍ പ്രതിദിന രോഗികളുടെ എണ്ണം 71,910 ഉം തുര്‍ക്കിയില്‍ 61,967 ഉം ഫ്രാന്‍സില്‍ 34,968 ഉം ആണ്. ഇതുവരെ പ്രതിദിന രോഗികള്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് അമേരിക്കയിലായിരുന്നു. ജനുവരിയില്‍ അമേരിക്കയില്‍ 297,430 കേസുകള്‍ രേഖപ്പെടുത്തിയതായിരുന്നു ലോക റെക്കോര്‍ഡ്. ഓരോ ദിവസം കഴിയുന്തോറും കൊവിഡ് ബാധയ്ക്ക് ശമനമില്ലാതെ കുതിപ്പില്‍തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ന് രാജ്യത്ത് 2,104 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,84,657 ആയി. ഇന്ത്യയിലെ ആകെ കൊവിഡ് രോഗികള്‍ 1,59,30,965 ആയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 22,91,428 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. 1,34,54,880 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതില്‍ ഒരുദിവസം മാത്രം 1,78,841 പേരുടെ രോഗം ഭേദമായി. കൊവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കെ രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ താറുമാറാവുന്നതായും റിപോര്‍ട്ടുകളുണ്ട്. ഡല്‍ഹിയില്‍ അടക്കം പലയിടങ്ങളിലും രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്.

ഹൈക്കോടതിയുടെ അടക്കം ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ ഓക്‌സിജന്‍ ക്വാട്ട കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. പ്രതിദിനം 378 മെട്രിക് ടണ്ണില്‍നിന്ന് 480 ആയാണ് ഓക്‌സിജന്‍ വിഹിതം വര്‍ധിപ്പിച്ചത്. മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കേരളം തുടങ്ങിയ മിക്ക രാജ്യങ്ങളിലും കൊവിഡ് വ്യാപനമേറുകയാണ്. പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. മഹാരാഷ്ട്ര വ്യാഴാഴ്ച രാത്രി 8 മുതല്‍ മെയ് 1 ന് രാവിലെ 7 വരെ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. അവശ്യസേവന വിഭാഗത്തില്‍പ്പെടുന്നവരെ മാത്രമേ പൊതുഗതാഗതത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ, എല്ലാ സര്‍ക്കാര്‍ ഓഫിസുകളും 15% ശേഷിയില്‍ പ്രവര്‍ത്തിക്കുകയും വിവാഹങ്ങളില്‍ പങ്കെടുക്കുന്നത് 25 പേരായി പരിമിതപ്പെടുത്തുകയും ചെയ്യും തുടങ്ങിയവ അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it