Sub Lead

മൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നേരെ വ്യാപക വംശീയാധിക്ഷേപം

കഴിഞ്ഞ ദിവസം മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ തൊപ്പി വച്ചതിനെതിരേയും ഇത്തരത്തില്‍ വംശീയാധിക്ഷേപം നടന്നിരുന്നു.

മൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നേരെ വ്യാപക വംശീയാധിക്ഷേപം
X

എറണാകുളം: മൂവാറ്റുപുഴയില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരേ താടിവച്ചതിന്റെ പേരില്‍ വംശീയവിദ്വേഷ പ്രചാരണം വ്യാപകം. മൂവാറ്റുപുഴ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫിനെതിരേയാണ് വംശീയാധിക്ഷേപം നടക്കുന്നത്. കഴിഞ്ഞ ദിവസം ഹോട്ടലുകളില്‍ പരിശോധനക്കുശേഷം പ്രാദേശിക ചാനലിനോട് സംസാരിക്കുന്ന ദൃശ്യം ഉപയോഗിച്ചാണ് വിദ്വേഷ പ്രചാരണം നടത്തുന്നത്.


അഫ്ഗാനിസ്ഥാനില്‍ മലയാളം പറയുമോ..., ഭക്ഷണത്തില്‍ നിന്ന് താടി കിട്ടിയോ..., ഇന്‍സ്‌പെക്ടര്‍ ഒരു മിനിറ്റ് ഞാന്‍ ഇപ്പൊ വരാം എനിക്കു വാങ്ക് കൊടുക്കാന്‍ ടൈം ആയി... എന്നിങ്ങനെ തുടങ്ങുന്നു വംശീയാധിക്ഷേപം. യൂനിഫോം ഡ്രസ് കോഡിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സമൂഹത്തില്‍ അപഹാസ്യരാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും വംശീയാധിക്ഷേപത്തിന് ഇരയായ ഉദ്യോഗസ്ഥന്‍ പറഞ്ഞു.



ഇതിനെതിരേ അഭിഭാഷകനായ അഡ്വ ശ്രീജിത് പെരുമന സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നത് ബോധ്യപ്പെട്ടതോടെയാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതെന്ന് അഡ്വ. ശ്രീജിത് പെരുമന പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പോലിസ് കേസെടുത്തിട്ടില്ല.


കഴിഞ്ഞ ദിവസം മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ തൊപ്പി വച്ചതിനെതിരേയും ഇത്തരത്തില്‍ വംശീയാധിക്ഷേപം നടന്നിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നതോടെ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയടക്കം ഫേസ്ബുക്ക് പോസ്റ്റ് മുക്കിയിരുന്നു.

അതേസമയം മുസ്‌ലിംകള്‍ക്കെതിരായ സംഘടിതമായ വംശീയ വിദ്വേഷ പ്രചാരണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോഴും പോലിസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ തേജസ് ന്യൂസിനോട് പറഞ്ഞു. മുസ്‌ലിം യുവാക്കള്‍ ആര്‍എസ്എസിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ കലാപാഹ്വാനത്തിന് കേസെടുക്കുന്ന കേരള പോലിസ് ആര്‍എസ്എസ് നടത്തുന്ന ഇത്തരം സംഘടിത വംശീയാധിക്ഷേപത്തിന് ചൂട്ടുപിടിക്കുകയാണ്. ഒരു ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് കേരളീയ സമൂഹം ഇതല്ല പ്രതീക്ഷിക്കുന്നത്. വംശീയ വിദ്വേഷത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതാണ് പോലിസിന് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ധൈര്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it