Sub Lead

വി കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയിൽ പയ്യന്നൂരിൽ വ്യാപക പ്രതിഷേധം

ഇത് പുറത്തുകൊണ്ടുവന്ന ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിൽ പാർട്ടി പ്രതിരോധത്തിലായതിന് പിന്നാലെ അനുനയ ചർച്ചകൾക്കായി പാർട്ടി നേതൃത്വം വി കുഞ്ഞിക്കൃഷ്ണനെ ഇന്ന് വിളിപ്പിച്ചിരുന്നു.

വി കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയിൽ പയ്യന്നൂരിൽ വ്യാപക പ്രതിഷേധം
X

കണ്ണൂർ: പയ്യന്നൂരിലെ സിപിഎമ്മിൽ നടന്ന സാമ്പത്തിക ക്രമക്കേടിനെതിരായ പോരാട്ടത്തിനു നേതൃത്വം നൽകിയ ഏരിയ സെക്രട്ടറി വി കുഞ്ഞിക്കൃഷ്ണന് നടപടി നേരിടേണ്ടി വന്നെങ്കിലും അണികളും പ്രവർത്തകരും ഔദ്യോ​ഗിക പക്ഷത്തിനെതിരേ ശക്തമായി രം​ഗത്തുവന്നിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ ഉയരുന്നത്.

രക്തസാക്ഷി ധനരാജ് കുടുംബസഹായ ഫണ്ട്, സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലെ ക്രമക്കേടുകളും പൊരുത്തക്കേടുകളുമാണ് ഇന്നലെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ ചൂണ്ടിക്കാട്ടിയത്. ആരോപണ വിധേയരായ 5 പേർക്കെതിരേ നടപടിയെടുത്തപ്പോൾ, ക്രമക്കേട് പരാതി വിഭാഗീയതയിലേക്ക് വളർന്നുവെന്ന വിചിത്രമായ വാദമുന്നയിച്ചാണു ജില്ലാ നേതൃത്വം വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത്.

സിപിഎമ്മിന്റെ വിചിത്രമായ ഈ തീരുമാനത്തിനെതിരേ, മുമ്പ് സിപിഎം പുറത്താക്കിയ സാംസ്കാരിക പ്രവർത്തകൻ എം എൻ വിജയൻ മാഷിന്റെ വചനങ്ങൾ അടക്കം നിരത്തിയാണ് അണികളും പ്രവർത്തകരും നേതാക്കളും സംസ്ഥാന നേതൃത്വത്തെ പ്രതിരോധിക്കാൻ കളത്തിലിറങ്ങിയത്. അതേസമയം ഫണ്ട് വിവാദത്തിൽ പരാതി ഉന്നയിച്ച സിപിഎം ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയെന്ന വാർത്ത ചർച്ചയാകുന്നതിനിടെ ജില്ലാ നേതൃത്വം വിശദീകരണവുമായി വന്നു. പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തിക നേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നാണ് ന്യായീകരണം.

ഗൗരവമായ ജാഗ്രതക്കുറവും യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലുണ്ടായ വീഴ്ചയെന്ന് സിപിഎം നേതൃത്വം അവകാശപ്പെടുമ്പോഴും എന്തിനാണ് പിന്നെ കൂട്ടനടപടിയിലേക്ക് പാർട്ടി എത്തിച്ചേർന്നതെന്ന ചോദ്യവും അണികളിൽ നിന്നുയരുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്കും ഏരിയാ കമ്മിറ്റിയംഗമായ ടി വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയതും കെ കെ ഗംഗാധരന്‍, കെ പി മധു എന്നിവരെ ശാസിക്കാനും തീരുമാനിച്ചതും എന്തിനെന്ന ചോദ്യവും പാർട്ടി വാട്സ്ആപ്പ് ​ഗ്രൂപ്പുകളിൽ ഉയരുന്നുണ്ട്.

കണ്ണൂരിലെ സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വലിയ ഫണ്ട് തട്ടിപ്പ് പുറത്താകുന്നതും പാർട്ടിക്ക് നടപടിയെടുക്കേണ്ടി വന്നതും. ഇത് പുറത്തുകൊണ്ടുവന്ന ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിൽ പാർട്ടി പ്രതിരോധത്തിലായതിന് പിന്നാലെ അനുനയ ചർച്ചകൾക്കായി പാർട്ടി നേതൃത്വം വി കുഞ്ഞിക്കൃഷ്ണനെ ഇന്ന് വിളിപ്പിച്ചിരുന്നു. വി കുഞ്ഞിക്കൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത് പാർട്ടിയെ അക്ഷരാർത്ഥത്തിൽ അടിമുടി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വി കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും സംഭവത്തില്‍ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുമെന്നുമാണ് അതൃപ്തി പ്രകടിപ്പിച്ചവര്‍ അറിയിച്ചത്. എന്നാൽ പരാതിയുമായി പോകാന്‍ താല്‍പര്യമില്ലന്നാണ് കുഞ്ഞിക്കൃഷ്ണന്റെ നിലപാട്. നടപടിക്ക് പിന്നാലെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും കുഞ്ഞിക്കൃഷ്ണന്‍ രാജിവെച്ചു. പയ്യന്നൂരിൽ നടന്ന സാമ്പത്തിക ക്രമക്കേട് വരുംദിവസങ്ങളിൽ രേഖകൾ സഹിതം പുറത്തുവിടാൻ അദ്ദേഹം തന്നെ തയാറെടുക്കുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Next Story

RELATED STORIES

Share it