സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്‍' പ്രസംഗത്തിനെതിരേ വ്യാപക വിമര്‍ശനം

കോഴിക്കോട്: നാസ്തിക സമ്മേളനത്തില്‍ സിപിഎം നേതാവ് നടത്തിയ തട്ടമഴിപ്പിക്കല്‍ പ്രസംഗത്തിനെതിരേ വ്യാപക വിമര്‍ശനം. സിപിഎമ്മുമായി സഹകരിക്കുന്ന കാന്തപുരം വിഭാഗം സുന്നികളും മുന്‍ മന്ത്രിയും ഇടത് എംഎല്‍എയുമായ ഡോ. കെ ടി ജലീലും ഉള്‍പ്പെടെ വിവിധ മുസ് ലിം സംഘടകളും നേതാക്കളും പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തി. മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്നായിരുന്നു സിപിഎം നേതാവ് അഡ്വ. കെ അനില്‍കുമാറിന്റെ പരാമര്‍ശം. നാസ്തികരുടെ കൂട്ടായ്മയായ എസ്സന്‍സ് ഗ്ലോബല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലിറ്റ്മസ്-23ല്‍ ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട സെഷനില്‍ സംസാരിക്കുന്നതിനിടെയാണ് കെ അനില്‍കുമാറിന്റെ പരാമര്‍ശം. മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെണ്‍കുട്ടികളെ കാണൂ നിങ്ങള്‍. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടായെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്. വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്. സ്വതന്ത്രചിന്ത വന്നതില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മലപ്പുറത്തെ മുസ്‌ലിം പെണ്‍കുട്ടിളെ അപമാനിച്ച് നടത്തിയ പ്രസംഗം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മനുഷ്യത്വ വിരുദ്ധ തീവ്ര നവലിബറല്‍ ഫാഷിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സെന്‍സ് നടത്തിയ ലിറ്റ് മസ് പരിപാടിയില്‍ മലപ്പുറം ജില്ലയിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ മതപരമായ വേഷ വിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്‌ലിം സമുദായത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സിപിഎം തയ്യാറാവണം. മനഷ്യത്വ വിരുദ്ധ നവ ലിബറല്‍ ഫാഷിസ്റ്റ് ആശയക്കാരുടെ കൈയടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതില്‍ നിന്നും എല്ലാവരും പിന്‍മാറണം. മലപ്പുറം ജില്ലയിലുള്‍പ്പെടെ മുസ് ലിം സമുദായം വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ നേടിയെടുത്ത മുന്നേറ്റത്തെക്കുറിച്ച് ബോധ്യമുള്ള ഒരാളും ഇത്തരത്തിലുള്ള വിവരക്കേട് വിളിച്ച് പറയില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
രാഷ്ട്രീയദുഷ്ടലാക്കില്‍ കേരളത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിയ സിപിഎമ്മിന്റെ തനിനിറമാണ് ഇടയ്ക്കിടെ പുറത്തുചാടുന്നതെന്ന് ജമാഅത്തെ ഇസ് ലാമി കേരളാ അമീര്‍ പി മുജീബുറഹ്മാന്‍ പറഞ്ഞു. പുരോഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും മലപ്പുറത്തെ കുറിച്ചും സിപിഎമ്മിന്റെ നിലപാടെന്താണ്. കുറച്ചുകാലങ്ങളായി രാഷ്ട്രീയദുഷ്ടലാക്കില്‍ കേരളത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിയ സിപിഎമ്മിന്റെ തനിനിറമല്ലേ ഇടയ്ക്കിടെ ഈ പുറത്തുചാടുന്നത്?. ഒരു മതവിഭാഗത്തിന്റെ മാത്രം മതപരമായ സ്വത്വത്തോട് മാത്രമെന്തിനാണ് സിപിഎമ്മിന് ഈ അസ്‌ക്യത?. മലപ്പുറത്തെ പെണ്‍കുട്ടികളുടെ തലയിലെ തട്ടം ഒഴിവാക്കലാണോ, മലപ്പുറം ജില്ലയെക്കുറിച്ച സിപിഎമ്മിന്റെ പുരോഗമന കാഴ്ചപ്പാട്. മലപ്പുറത്തെ ചുവപ്പിക്കുമെന്ന് ആണയിട്ടു പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണോ?. പ്രവാചകന്റെ നൂറ്റാണ്ടിനെ പ്രാകൃതനൂറ്റാണ്ടെന്ന വിശേഷണം നല്‍കിയ അനുഭവം മറ്റൊരു സിപിഎം നേതാവില്‍നിന്ന് മുമ്പമുണ്ടായിട്ടുണ്ട്. മലപ്പുറം, മുസ്‌ലിം, മുസ്‌ലിം ഐഡന്റിറ്റി, പ്രവാചക നൂറ്റാണ്ട് തുടങ്ങിയ കാര്യങ്ങളെകുറിച്ചെല്ലാം വിയോജിക്കാനുള്ള സ്വാതന്ത്ര്യം സിപിഎമ്മിനുണ്ട്. സമുദായം അതിനെ സ്വാഗതം ചെയ്യും. സമുദായത്തിലെ തട്ടമിട്ട വിദ്യാസമ്പന്നരായ ഇളംതലമുറ തന്നെ ഇതിനെ സുന്ദരമായി നേരിടും. പക്ഷേ, അക്കാര്യം തുറന്നുപറയാനുള്ള ധീരത സിപിഎം കാണിക്കണമെന്നും പി മുജീബുറഹ്മാന്‍ ആവശ്യപ്പെട്ടു.
വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്നും തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും ഡോ. കെ ടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പര്‍ദ്ദയിട്ട മുസ്‌ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ട്ടിയാണ് സിപിഎം. സ്വതന്ത്രചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ട. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല. ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജല്‍പ്പനങ്ങള്‍ മുസ്‌ലിം ലീഗിന്റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണ ജോര്‍ജിനെതിരേ കെ എം ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകള്‍ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ. അനില്‍കുമാറിന്റെ അഭിപ്രായം സിപിഎമ്മിന്റേതുമല്ലെന്ന് തിരിച്ചറിയാന്‍ വിവേകമുള്ളവര്‍ക്കാവണമെന്നും ജലീല്‍ പ്രസ്താവിച്ചു. അതേസമയം, കമ്മ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ എന്നാണ് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഫേസ്ബുക്കില്‍ ചോദിച്ചു. തട്ടമിടല്‍ മാത്രല്ല, മുസ് ലിം പെണ്‍കുട്ടികളുടെ പഠന പുരോഗതിയും സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പ്രസംഗം പൂര്‍ണമായി കേള്‍ക്കുന്നവര്‍ക്ക് വായിച്ചെടുക്കാനാവും. സിപിഎം നേതാവ് അനില്‍ കുമാറിന്റെ ഈ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ല. കാലങ്ങളായി വിശ്വാസികള്‍ക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകള്‍ പദ്ധതികളാക്കി നടപ്പില്‍ വരുത്തുന്ന സിപി.മ്മിന് രണ്ടു തരം പൊളിറ്റ് ബ്യൂറോകള്‍ ഉണ്ട്. മാധ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കാനുള്ള തീരുമാനങ്ങളുമായി ഒരു സമിതിയും രഹസ്യ അജണ്ടകള്‍ക്ക് മറ്റൊന്നുമാണെന്നും ഷാജി പ്രസ്താവിച്ചു.
RELATED STORIES
കശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില്‍ മരണം 12 ആയി ; അവശ്യസാധനങ്ങള്‍ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്‍...
5 Dec 2023 1:51 PM GMTമിഷോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT