Sub Lead

''നിങ്ങളെ എന്തിനാണ് രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് ഉപയോഗിക്കുന്നത്?'' : ഇഡിയോട് സുപ്രിംകോടതി

നിങ്ങളെ എന്തിനാണ് രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് ഉപയോഗിക്കുന്നത്? : ഇഡിയോട് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മൈസൂരു അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് സമന്‍സ് അയക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. നിങ്ങളെ എന്തിനാണ് രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇഡിയോട് ചോദിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിക്കും മന്ത്രി ഭ്യാരതി സുരേഷിനും ഇഡി അയച്ച സമന്‍സ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് ഇഡി സുപ്രിംകോടതിയെ സമീപിച്ചത്. ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ മുന്നിലാണ് അപ്പീല്‍ എത്തിയത്. ഹരജി പരിഗണനയ്ക്ക് വന്നപ്പോള്‍ തന്നെ കോടതി ഇഡിക്കെതിരേ വിമര്‍ശനം ഉന്നയിച്ചു.

'' ദയവായി ഞങ്ങളെ കൊണ്ട് വായ തുറപ്പിക്കരുത്. അങ്ങനെ ചെയ്യിപ്പിച്ചാല്‍ ഇഡിയെക്കുറിച്ച് ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. മഹാരാഷ്ട്രയില്‍ ഉള്ളപ്പോള്‍ ഇഡിയെ കുറിച്ച് എനിക്കറിയാം. നിങ്ങള്‍ ഇപ്പോള്‍ രാജ്യം മുഴുവന്‍ ഈ അക്രമം നടത്തുന്നില്ല. രാഷ്ട്രീയ പോരാട്ടം വോട്ടര്‍മാരുടെ മുന്നില്‍ നടത്തൂ. നിങ്ങളെ എന്തിനാണ് രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് ഉപയോഗിക്കുന്നത്?''-ചീഫ്ജസ്റ്റിസ് ഇഡിയോട് ചോദിച്ചു. ഹൈക്കോടതി ജഡ്ജിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ല. ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്താത്തതിന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു തങ്ങളോട് നന്ദി പറയണമെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.

അതേസമയം, മറ്റൊരു കേസില്‍ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകരായ അരവിന്ദ് ദത്താറിനും പ്രതാപ് വേണുഗോപാലിനും സമന്‍സ് അയച്ചതിനും ഇഡിയെ കോടതി വിമര്‍ശിച്ചു. കേസുകളില്‍ ആരോപണവിധേയരായ വ്യക്തികള്‍ എന്താണ് സംസാരിച്ചത് പറയണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകര്‍ക്ക് ഇഡി സമന്‍സ് നല്‍കിയിരുന്നത്. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ആശയവിനിമയത്തിന് സംരക്ഷണമുണ്ടെന്ന് കോടതി പറഞ്ഞു. എങ്ങനെയാണ് ഇഡിക്ക് അഭിഭാഷകര്‍ക്ക് സമന്‍സ് അയക്കാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ വിധി പിന്നീടുണ്ടാവും.

Next Story

RELATED STORIES

Share it