'കടല്‍ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതന്‍' ചത്തുപൊങ്ങി; ഞെട്ടി വിറച്ച് ജപ്പാന്‍ ജനത

3600 അടിയോളം താഴ്ചയില്‍ കടലിന്റെ അടിത്തട്ടിനോട് ചേര്‍ന്നുള്ള ആവാസ വ്യവസ്ഥയില്‍ വളരുന്ന ഓര്‍ഫിഷ് ചത്തുപൊങ്ങിയത് ദുസ്സൂചനയാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

ടോക്കിയോ: ലോകാവസാനത്തെക്കുറിച്ച് പല കാലങ്ങളിലായി പല മിത്തുകളും പ്രചരിച്ചിട്ടുണ്ട്. ശാസ്ത്രീയമായ അടിത്തറയില്ലെങ്കില്‍ പോലും പലരും ഇത്തരം വാര്‍ത്തകളില്‍ ഭയന്ന് പോവാറുമുണ്ട്. അത്തരമൊരു മിത്താണ് ഇപ്പോള്‍ ജപ്പാന്‍കാരുടെ ഉറക്കംകെടുത്തുന്നത്.

ഓര്‍ഫിഷ് എന്ന് പേരുള്ള അപൂര്‍വ്വയിനം മത്സ്യങ്ങള്‍ ജപ്പാന്‍ തീരത്ത് ചത്തുപൊങ്ങിയിരുന്നു. ലോകാവസാനത്തിന്റെ സൂചനയാണ് ഇതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം.3600 അടിയോളം താഴ്ചയില്‍ കടലിന്റെ അടിത്തട്ടിനോട് ചേര്‍ന്നുള്ള ആവാസ വ്യവസ്ഥയില്‍ വളരുന്ന ഓര്‍ഫിഷ് ചത്തുപൊങ്ങിയത് ദുസ്സൂചനയാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.


നാല് മീറ്ററോളം നീളമുള്ള ഓര്‍ഫിഷാണ് ടോയാമയിലെ ഇമിസു തീരത്ത് ചത്തു പൊങ്ങിയത്.11 മീറ്ററോളം നീളത്തില്‍ ഇവയ്ക്ക് വളരാനാകും. അപൂര്‍വ്വമായി മാത്രമെ ഇവര്‍ സമുദ്രോപരിതലത്തില്‍ എത്താറുള്ളു.ഒരാഴ്ചയ്ക്കകം മൂന്നോളം ഓര്‍ഫിഷുകള്‍ ചത്തുപൊങ്ങിയിട്ടുണ്ട്. മല്‍സ്യബന്ധത്തിനിടെയുള്‍പ്പെടെ ഈ സീസണില്‍ ഏഴോളം ഓര്‍ഫിഷുകള്‍ ലഭിച്ചത് ജപ്പാന്‍കാരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. 'കടല്‍ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതന്‍' എന്നര്‍ത്ഥം വരുന്ന റ്യൂഗു നോ സുകായി എന്ന പേരിലാണ് ജപ്പാനില്‍ ഈ മല്‍സ്യം അറിയപ്പെടുന്നത്.

ഭൂകമ്പം, സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഓര്‍ഫിഷിന് മുന്‍കൂട്ടി അറിയാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഓര്‍ഫിഷുകള്‍ ചത്തുപാങ്ങിയതിന് പിന്നാലെ ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ജപ്പാനില്‍ സംഭവിച്ചിട്ടുണ്ടെന്നുതും ഇവരുടെ ഭീതി വര്‍ധിപ്പിക്കുന്നു. ജപ്പാനില്‍ 2011 മാര്‍ച്ചില്‍ 19.000 പേരുടെ ജീവനപഹരിച്ച ഭൂകമ്പത്തിനും സുനാമിക്കും മുന്നോടിയായി പത്തോളം ഓര്‍ഫിഷുകള്‍ ജപ്പാന്‍ തീരത്ത് ചത്തുപൊങ്ങിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന ഇവയെ മാറ്റങ്ങള്‍ ആദ്യം ബാധിക്കുമെന്നതിനാല്‍ ജപ്പാന്‍കാരുടെ 'അന്ധ വിശ്വാസ'ത്തെ ഗവേഷകര്‍ പാടെ തള്ളിക്കളയുന്നില്ല.

RELATED STORIES

Share it
Top