Sub Lead

മീടൂ ആരോപണം: നടനും സംവിധായകനുമായ നാനാ പടേക്കര്‍ കുറ്റവിമുക്തന്‍

മീടൂ ആരോപണം: നടനും സംവിധായകനുമായ നാനാ പടേക്കര്‍ കുറ്റവിമുക്തന്‍
X

മുംബൈ: മീടു ആരോപണത്തെ തുടര്‍ന്ന് പ്രശസ്ത നടനും സംവിധായകനുമായ നാനാ പടേക്കര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കി. തനുശ്രീ ദത്ത എന്ന നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് അന്ധേരി കോടതി റദ്ദാക്കിയിരിക്കുന്നത്. 2008ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2018ലാണ് പരാതി നല്‍കിയതെന്നും ഇത്രയും കാലം പരാതി വെകാന്‍ എന്തായിരുന്നു കാരണമെന്നും ജഡ്ജി എന്‍ വി ബന്‍സാല്‍ ചോദിച്ചു.

2008ല്‍ 'ഹോണ്‍ ഓക്കെ പ്ലീസ്'' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് നാനാ പടേക്കര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് തനുശ്രീ 2018ല്‍ ആരോപിച്ചത്. തുടര്‍ന്ന് ഒഷിവാര പോലിസില്‍ പരാതിയും നല്‍കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, 509 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പരാതി പറയണമെന്നാണ് സിആര്‍പിസിയിലെ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇനി കേസെടുക്കണമെങ്കില്‍ എന്തുകൊണ്ട് വൈകി എന്നു വിശദീകരിക്കണം. വിശ്വസിക്കാന്‍ കഴിയുന്ന ഒരു വിശദീകരണം നല്‍കാന്‍ തനുശ്രീക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യങ്ങള്‍ നടന്നാല്‍ അതിവേഗം പരാതി നല്‍കാനും ശിക്ഷിക്കാനുമാണ് സിആര്‍പിസിയില്‍ ലിമിറ്റേഷന്‍ ചട്ടം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, വ്യക്തമായ കാരണം നല്‍കിയാല്‍ കാലാവധി കഴിഞ്ഞാലും പരാതി നല്‍കാം. തനുശ്രീയുടെ ഭാഗത്ത് നിന്ന് വിശ്വാസ്യയോഗ്യമായ കാരണങ്ങളൊന്നും വരാത്തതിനാല്‍ കേസ് റദ്ദാക്കുകയാണെന്ന് കോടതി വിശദീകരിച്ചു.

Next Story

RELATED STORIES

Share it