Sub Lead

11,000 കോടി ചിലവഴിച്ചിട്ടും മാലിന്യം നീങ്ങിയില്ല; ഗംഗയില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയ വീഡിയോ പങ്ക് വച്ച് വരുണ്‍ഗാന്ധി

11,000 കോടി ചിലവഴിച്ചിട്ടും മാലിന്യം നീങ്ങിയില്ല;  ഗംഗയില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയ വീഡിയോ പങ്ക് വച്ച് വരുണ്‍ഗാന്ധി
X

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ഗംഗാ നദിയെ ശുചീകരിക്കാനും പുനരുദ്ധാരണത്തിനുമായി കോടിക്കണക്കിന് രൂപ ചെലവാക്കിയിട്ടും എന്തുകൊണ്ടാണ് ഫലം കാണാനാകാത്തത് എന്ന് വരുണ്‍ ഗാന്ധി ചോദിച്ചു. ഗംഗയില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയ വീഡിയോ പങ്ക് വച്ച് ട്വിറ്ററിലായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം.

'ഗംഗ നമുക്ക് വെറും നദിയല്ല, അമ്മയാണ്. കോടിക്കണക്കിന് ദേശവാസികളുടെ ജീവിതത്തിന്റെയും മതത്തിന്റെയും നിലനില്‍പ്പിന്റെയും അടിസ്ഥാനം ഗംഗയാണ്. അതുകൊണ്ടാണ് 20,000 കോടിയുടെ ബജറ്റ് നമാമി ഗംഗയ്ക്ക് വേണ്ടി തയ്യാറാക്കിയത്. 11,000 കോടി ചെലവഴിച്ചിട്ടും മലിനീകരണം മാറിയില്ല?. ഗംഗ ജീവദാതാവാണ്, പിന്നെ എന്തിനാണ് മലിനജലം കാരണം മത്സ്യങ്ങള്‍ മരിക്കുന്നത്? ആരാണ് ഉത്തരവാദികള്‍?'. വരുണ്‍ഗാന്ധി ചോദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഗംഗാ പുനരുദ്ധാരണ പദ്ധതിയായ നമാമി ഗംഗേ പദ്ധതിയുടെ വിജയത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച വരുണ്‍ ഗാന്ധി ഗംഗാ നദിയുടെ നിലവിലെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദിയെന്നും ചോദിച്ചു. 11,000 കോടി രൂപ ചെലവഴിച്ചിട്ടും ഗംഗാ നദി മലിനമാക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള നമാമി ഗംഗേ പദ്ധതി 2014-15 ലാണ് എന്‍ ഡി എസര്‍ക്കാര്‍ ആരംഭിച്ചത്. 2015-2020 കാലയളവില്‍ പദ്ധതിക്കായി സര്‍ക്കാര്‍ 20,000 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

നിരന്തര നിരീക്ഷണത്തിന് ശേഷവും സംസ്‌കരിക്കാത്ത മലിനജലം ഗംഗാ നദിയിലേക്ക് ഒഴുകുന്നത് തുടരുകയാണ് എന്ന് കഴിഞ്ഞ ദിവസം ദേശീയ ഹരിത െ്രെടബ്യൂണല്‍ പറഞ്ഞിരുന്നു. നിയമം പാലിക്കാത്തതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയ്ക്ക് കഴിയുന്നില്ലെന്നും ദേശീയ ഹരിത െ്രെടബ്യൂണല്‍ ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ദേശീയ ഗംഗാ കൗണ്‍സിലില്‍ (എന്‍ജിസി) നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് എന്‍ജിടി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദേശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് രംഗത്തെത്തിയിട്ടുണ്ട്. അടുത്ത ഹിയറിങ് തീയതിയായ ഒക്ടോബര്‍ 14ന് മുമ്പ് നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ജിസി മെമ്പര്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

50% സംസ്‌കരിക്കാത്ത മലിനജലവും ഗണ്യമായ വ്യാവസായിക മാലിന്യങ്ങളും ഇപ്പോഴും നദിയിലോ അതിന്റെ പോഷകനദികളിലോ പുറന്തള്ളുന്നത് തുടരുകയാണ് എന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ വിശുദ്ധമായി കണക്കാക്കുന്ന ഗംഗാ നദി ശുദ്ധീകരിക്കാനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ പരിശ്രമങ്ങള്‍ ആവശ്യമായി വന്നേക്കാം.

പുതിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നത് നദിയുടെ താഴ്ന്ന ഭാഗമാണ് ഏറ്റവും മലിനമായത് എന്നാണ്. നദിയുടെ താഴ്ന്ന ഭാഗത്തെ അവസ്ഥ മോശം ഗുണനിലവാരവും മലിനജലത്തിന്റെ ഒഴുക്കും വെളിപ്പെടുത്തുന്നു. ജലഗുണനിലവാര സൂചികയും നദിയുടെ താഴ്ന്ന ഭാഗത്തെ പായല്‍ പൂത്തതും കണക്കിലെടുത്ത് മലിനീകരണത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി അളക്കുന്ന ആദ്യ പഠനമായിരുന്നു ഇത്.

ഇത്രയും വലിയ തോതില്‍ പായല്‍ പൂക്കുന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിന് സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വാട്ടര്‍ ടെക്‌നോളജി ഇനിഷ്യേറ്റീവിന്റെ ധനസഹായം ലഭിച്ചിരുന്നു. ഈ കണ്ടെത്തലുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

ലോക പൈതൃക സ്ഥലമായ സുന്ദര്‍ബന്‍സ് ഉള്‍പ്പെടെയുള്ള പ്രദേശത്തെ ജൈവവൈവിധ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഗംഗാ നദീതടത്തിന്റെ പാരിസ്ഥിതിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഗവേഷണത്തില്‍ ഏര്‍പ്പെട്ട ശാസ്ത്രജ്ഞര്‍ പറഞ്ഞു. ദക്ഷിണേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ കുളിക്കുന്ന തീര്‍ഥാടകര്‍ക്ക് ഇത് രോഗങ്ങളുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി

Next Story

RELATED STORIES

Share it