Sub Lead

ഇനിയെന്ത് പേരിടും 'സീത'യെന്ന സിംഹിണിക്കും 'അക്ബറി'നും; എന്തും പറയുന്ന കോടതി, ഒരെതിര്‍വാദം

ഇനിയെന്ത് പേരിടും സീതയെന്ന സിംഹിണിക്കും അക്ബറിനും; എന്തും പറയുന്ന കോടതി, ഒരെതിര്‍വാദം
X
എന്‍ എം സിദ്ദീഖ്


വിശ്വഹിന്ദു പരിഷത്തിന്റെ ഹരജിയില്‍ 'സീത'യെന്ന സിംഹിണിയുടെ പേരുമാറ്റാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട കല്‍ക്കട്ട ഹൈക്കോടതി സിലിഗുരി സര്‍ക്കീട്ട് ബെഞ്ച് നീതിപീഠത്തിന്റെ 'അന്തസ്സ്' ഉയര്‍ത്തിപ്പിടിക്കുക തന്നെയാണോ?. ത്രിപുരയില്‍ നിന്ന് കൊണ്ടുവന്ന 'സീത'യെ പ്രജനനത്തിന് 'അക്ബറി'നൊപ്പം താമസിപ്പിച്ച 'മൃഗജിഹാദി'നെ ചോദ്യം ചെയ്യുന്ന അസംബന്ധ വ്യവഹാരത്തിന് ചെവികൊടുത്ത കോടതി ദോഷം പറയരുതല്ലോ, 'അക്ബറി'നെയും അസംഗതമായി തൂക്കമൊപ്പിച്ച്, സിംഹത്തിന് മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ പേരിട്ടതിനെയും വിമര്‍ശിച്ച്, 'മതേതരമൂല്യ'മുയര്‍ത്തിത്തന്നെ കേസ് കേട്ടു. സിംഹത്തിന് ആരെങ്കിലും രബീന്ദ്രനാഥ ടാഗൂര്‍ എന്ന് പേരിടുമോ എന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു. സിംഹങ്ങളുടെ പേര് മാറ്റാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചു. കോടതിയും കോമഡിയും പരസ്പരപൂരകമാണെന്ന കോടതിയലക്ഷ്യ വാക്ക് ഉച്ചരിക്കാന്‍ അഭിഭാഷകനായ എനിക്ക് അസാരം ധൈര്യക്കുറവുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്ന കോടതിയുടെ ചോദ്യം ന്യായമാണ്. സിംഹം പാല്‍തൂ ജാന്‍വറാണോ എന്ന് കഥയില്‍ ചോദ്യമില്ല, കോടതിയില്‍ ഒട്ടുമില്ല. വളര്‍ത്തുന്ന സിംഹം വളര്‍ത്തു മൃഗമാണെന്ന് ഒരുപക്ഷേ, വിധി വന്നേക്കാം.


പഴയ കേരള ഹൈക്കോടതി മന്ദിരമായ ചരിത്രപ്രസിദ്ധമായ രാംമോഹന്‍ പാലസിന് മുന്നിലെ ശ്രീകൃഷ്ണ പ്രതിമ, ജഡ്ജിമാരുടെ നിഷ്പക്ഷ മനോഭാവത്തെ സ്വാധീനിക്കുമെന്നാരോപിച്ച് ബാര്‍ അസോസിയേഷന്‍ ഹാളിന്റെ ചാരത്ത് ടൈപ്പിസ്റ്റായിരുന്ന ജോര്‍ജ് എന്നയാള്‍ പണ്ടൊരു പൊതുതാല്‍പര്യ വ്യവഹാരം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. ടി ശ്രീകൃഷ്ണ പ്രതിമ ഒരു കലാവസ്തു മാത്രമാണെന്നായിരുന്നു ഹൈക്കോതി ഡിവിഷന്‍ ബെഞ്ച് അന്ന് നിരീക്ഷിച്ച് ഹരജി തള്ളിയത്. ഇന്നാണ് ആ ഹരജി വരുന്നതെങ്കിലും അതങ്ങനെ തന്നെയായിരിക്കുമെന്ന് അനുമാനിക്കാം. പക്ഷേ, നീതിമാനായ ക്രിസ്തുവിന്റെ പ്രതിമയോ ഒരു ജൂറിസ്റ്റ് കൂടിയായ നബിയുടെ വചനഫലകമോ ആണ് പൊതുതാര്‍പ്പര്യ വ്യവഹാരത്തിന് ഇന്ന് നിദാനമാവുന്നതെങ്കില്‍ സത്യമായും അതിന്റെ വിധി ഊഹാതീതമായിരിക്കും.

ബാബരി വിധി പറഞ്ഞ ജഡ്ജിയുടെ മതിലില്‍ വന്നിരുന്നത് ഒരു കുരങ്ങനായിരുന്നില്ല, സാക്ഷാല്‍ ഹനുമാനായിരുന്നുവെന്ന് ടിയാന്റെ നൈതിക മനസ്സാക്ഷി കരുതിയതിന് തെറ്റുപറയാനാവുമോ? വിധിയെ അത് ബാധിക്കുക സ്വാഭാവികവുമാണ്. മയിലുകളില്‍ പ്രജനനം നടക്കുന്നത് ആണ്‍മയിലിന്റെ കണ്ണുനീരിലൂടെയാണെന്ന് അക്ഷരം തെറ്റാതെ വിധിയെഴുതിയ ജഡ്ജിയുടെ ശാസ്ത്രീയ ബോധത്തെ സംശയിക്കാന്‍ കഴിയുമോ?. സ്വവര്‍ഗപ്രണയത്തിലേക്ക് ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാര്‍ വഴുതിവീഴുന്ന മീരാനായരുടെ 'ഫയര്‍' എന്ന സിനിമയില്‍ ശബാനാ ആസ്മിയും നന്ദിതാദാസും അവതരിപ്പിച്ച 'രാധ', 'നീത' എന്നീ കഥാപാത്രങ്ങളുടെ പേര് യഥാക്രമം 'ശബാന', 'സൈറ' എന്നും മാറ്റണമെന്ന് പറഞ്ഞ് ശിവസേനാ നേതാവ് ബാല്‍ താക്കറെ രംഗത്ത് വന്നിരുന്നു. 'ഫയറി'ന് വേണ്ടി അന്ന് നടന്‍ ദിലീപ്കുമാര്‍ രംഗത്തെത്തിയിരുന്നു. ദിലീപ്കുമാറിന്റെ ഭാര്യയുടെ പേര് സൈറ എന്നാണ്. അന്ന് ഞാനെഴുതിയ കുറിപ്പില്‍ ഉന്നയിച്ച ചോദ്യം, ഭാര്യയെ ലൈംഗികമായി പരിഗണിക്കാത്ത ഷണ്ഡനായ മൂത്ത സഹോദരനെയും പരസ്ത്രീഗാമിയായ ഇളയ സഹോദരനെയും ശരീരം തളര്‍ന്ന് കിടപ്പിലായ മുത്തശ്ശിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്യുന്ന ഭൃത്യനെയും ശിവസൈനികര്‍ പ്രതിനിധീകരിച്ചു കൊള്ളുമോ എന്നതായിരുന്നു.


മൈനോറിറ്റി സര്‍ട്ടിഫിക്കറ്റിനപേക്ഷിച്ച മുസ്‌ലിമായ അപേക്ഷകന് വൈപ്പിനിലെ വാമനപ്രഭുവെന്ന വില്ലേജ് ഓഫിസര്‍ 'അപേക്ഷകന്‍ മുസ്‌ലിം തീവ്രവാദി വിഭാഗങ്ങളില്‍പ്പെട്ടയാളല്ല' എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ നാടാണിത്. സത്യസന്ധമായി പറയട്ടെ, എനിക്ക് ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന തോപ്പുംപടി വില്ലേജിലെ ഓഫിസര്‍ അത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കുമെങ്കില്‍ എന്ത് 'വില' കൊടുത്തും, 'തീവ്രവാദിയല്ല' എന്ന കാലിക ഇന്ത്യയിലെ ഏറ്റവും പ്രസക്തവും ജീവന്റെ വിലയുള്ളതുമായ ടി സര്‍ട്ടിഫിക്കറ്റ് ഞാന്‍ വാങ്ങിയിരിക്കും. കാരണം, കൗമാരം മുതല്‍ ജയിലനുഭവങ്ങള്‍ ഉള്ള എനിക്കറിയാം, തീവ്രവാദിയാരോപണമെന്ന അപ്പീലില്ലാത്ത കുറ്റത്തിനാണിന്ന് ഇന്ത്യന്‍ ജയിലുകളില്‍ ആയിരക്കണക്കിന് മുസ്‌ലിം യുവാക്കള്‍ കഴിയുന്നതെന്ന്.

'സീത'യ്ക്കും 'അക്ബറി'നും പുതിയ പേരുകള്‍ നല്‍കുമ്പോള്‍ നല്ല ശ്രദ്ധവേണം. കാരണം, മൃഗങ്ങള്‍ക്ക് പേരിടുന്നതില്‍ ചില കീഴ്‌വഴക്കങ്ങളുണ്ട്. പട്ടിക്ക് 'കൈസര്‍' എന്നോ 'ടിപ്പു' എന്നോ പേരിടാം. വേണമെങ്കില്‍ 'ഹൈദരെ'ന്ന് പോലുമിടാം. 'ടോമി'യെന്ന് വിളിക്കാം, പക്ഷേ 'കോശി'യെന്ന സുറിയാനിപ്പേര് ലോകത്തൊരു പട്ടിക്കും ആരുമിടില്ല. 'രാമന്‍ നായര്‍' എന്ന് ആരെങ്കിലും കാളയ്ക്ക് പേരിടുമോ? 'സുബ്രഹ്മണ്യം' എന്ന് പൂച്ചയെ വിളിക്കുമോ? അതുകൊണ്ട്, മൃഗരാജനും രാജ്ഞിയുമായ സിംഹത്തിനും സിംഹിണിക്കും പരമ്പരാഗതമായി വ്യവഹരിച്ചു പോരുന്ന വല്ല 'ദലിത്' പേരുമിട്ട് അവരെ അപമാനിക്കരുതെന്ന് എനിക്കൊരപേക്ഷയുണ്ട്.

Next Story

RELATED STORIES

Share it