Sub Lead

അമീബിക് മസ്തിഷ്‌ക ജ്വരം: ആഗസ്റ്റ് 30, 31ന് കേരളത്തിലെ എല്ലാ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

അമീബിക് മസ്തിഷ്‌ക ജ്വരം: ആഗസ്റ്റ് 30, 31ന് കേരളത്തിലെ എല്ലാ കിണറുകളും ക്ലോറിനേറ്റ് ചെയ്യും
X

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങളെ ചെറുക്കാന്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും. 'ജലമാണ് ജീവന്‍' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പഴ്സണ്‍ ടി എന്‍ സീമ പറഞ്ഞു. ആശാപ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവ എല്ലാം ഉള്‍പ്പെടുത്തി ജനകീയ കര്‍മപരിപാടിയായാണ് ജലമാണ് ജീവന്‍ ക്യാംപയിന്‍ നടപ്പാക്കുന്നത്. ഓരോ വീട്ടിലും എത്തി കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. ജലജന്യ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ടി എന്‍ സീമ പറഞ്ഞു.

പൈപ്പ് വെള്ളം ഉപയോഗിക്കുന്നവര്‍ അത് സംഭരിക്കാന്‍ ഉപയോഗിക്കുന്ന ടാങ്കുകള്‍ ക്ലോറിനേറ്റ് ചെയ്യണം. കിണറുകളില്‍ നിലവിലുള്ള ജലത്തിന്റെ അളവ് അനുസരിച്ച് ശാസ്ത്രീയമായ ക്ലോറിനേഷന്‍ പ്രവര്‍ത്തനമാണ് നടത്തുന്നത്. അതത് സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏതു രീതിയില്‍ നടത്തണമെന്നതു സംബന്ധിച്ച് വിദഗ്ധ ഉപദേശം നല്‍കും. സംസ്ഥാനത്തെ ഏകദേശം 50 ലക്ഷത്തോളം കിണറുകളിലാണ് ക്ലോറിനേഷന്‍ നടത്തുക. ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍ ഗുളിക എന്നിവ വാങ്ങുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഗ്രാമപഞ്ചായത്തുകള്‍ക്ക് 25,000 രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 50,000 രൂപയും കോര്‍പ്പറേഷനുകള്‍ക്കു പരമാവധി ഒരു ലക്ഷം രൂപയും ചെലവഴിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

4 അടി (1.2 മീറ്റര്‍) വ്യാസമുള്ളതും 3 അടി (90 സെന്റിമീറ്റര്‍) തൊടി അളവുള്ളതുമായ കിണറില്‍ ഒരു തൊടി പൊക്കത്തിലെ വെള്ളം ഏകദേശം 1,000 ലിറ്റര്‍ ആയിരിക്കും എന്നതാണ് കണക്ക്. 1,000 ലിറ്റര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യാന്‍ ഒരു ടിസ്പൂണ്‍ (2.5 ഗ്രാം) ബ്ലീച്ചിങ് പൗഡറാണ് വേണ്ടത്. എത്ര തൊടി പൊക്കത്തില്‍ വെള്ളമുണ്ട് എന്നതനുസരിച്ച് ആവശ്യമായ ബ്ലീച്ചിങ് പൗഡറിന്റെ അളവ് ക്രമീകരിക്കണം. ബ്ലീച്ചിങ് പൗഡര്‍ ഒരു ബക്കറ്റിലോ അനുയോജ്യമായ പാത്രത്തിലോ ഇട്ട ശേഷം അല്‍പം വെള്ളം ചേര്‍ത്ത് ഒരു കമ്പിന്റെ സഹായത്തോടെ ഇളക്കി കുഴമ്പ് രൂപത്തിലാക്കണം. ഈ കുഴമ്പിലേയ്ക്ക് ഏകദേശം 5 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കിയശേഷം തെളിയാന്‍ വയ്ക്കണം. തെളിഞ്ഞ ബ്ലീച്ചിങ് ലായനി മാത്രം വെള്ളം കോരുന്ന ബക്കറ്റിലേയ്ക്ക് ഒഴിച്ചു കിണറിന്റെ അടിത്തട്ടുവരെ ഇറക്കിയ ശേഷം ശക്തിയായി ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്ത് കിണറ്റിലെ വെള്ളവുമായി നന്നായി കൂട്ടിക്കലര്‍ത്തണം. ക്ലോറിനേഷന്‍ നടത്തി ഒരു മണിക്കൂറിനു ശേഷം കിണറിലെ വെള്ളം ഉപയോഗിച്ചു തുടങ്ങാം.

Next Story

RELATED STORIES

Share it