Big stories

'നല്‍കിയത് വെറും 15 സീറ്റുകള്‍'; കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് കര്‍ണാടകയിലെ മുസ് ലിം നേതാക്കള്‍

നല്‍കിയത് വെറും 15 സീറ്റുകള്‍; കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് കര്‍ണാടകയിലെ മുസ് ലിം നേതാക്കള്‍
X

ബെംഗളൂരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലപാടിനെതിരേ മുസ് ലിം നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസിന്റെ കര്‍ണാടക നേതൃത്വം തങ്ങളെ വഞ്ചിച്ചതായും മുസ് ലിം സമുദായത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നും അല്ലാത്തപക്ഷം മുസ് ലിം വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടമാകുമെന്നും കര്‍ണാടക സുന്നി ഉലമ ബോര്‍ഡ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. മുസ് ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഇതുവരെ പ്രഖ്യാപിച്ച 166 പേരുകളുടെ പട്ടികയില്‍ 11 മുസ് ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് മുസ് ലിം നേതാക്കള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അത് പാലിക്കുന്നതില്‍ പരാജയപ്പെടുകയാണ്. മുസ് ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് 25-30 ടിക്കറ്റെങ്കിലും കോണ്‍ഗ്രസ് നല്‍കണമെന്നാണ് എനിക്ക് പറയാനുള്ളത്. പാര്‍ട്ടി ഒരു മുസ് ലിം സ്ഥാനാര്‍ത്ഥിയെ ഉപമുഖ്യമന്ത്രി ആക്കണമെന്നും കര്‍ണാടക സുന്നി ഉലമ ബോര്‍ഡ് അംഗം മുഹമ്മദ് ഖാരി സുല്‍ഫിക്കര്‍ നൂറി ഇന്ത്യ ടുഡേയോട് പറഞ്ഞു.

കര്‍ണാടക സുന്നി ഉലമ ബോര്‍ഡ് യോഗം ബെംഗളൂരുവില്‍ ചേര്‍ന്ന് മുസ് ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. 'ഇതുവരെ പ്രഖ്യാപിച്ച 166 പേരുകളുടെ പട്ടികയില്‍ 11 മുസ് ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. മുസ് ലിം ആധിപത്യമുള്ള പ്രദേശങ്ങളില്‍ മാത്രം മുസ് ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കരുതെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സഅദി പറഞ്ഞു. 20ലധികം മുസ് ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കണമെന്ന് കര്‍ണാടക സുന്നി ഉലമ ബോര്‍ഡ് ആവശ്യപ്പെട്ടു. കര്‍ണാടകയിലെ മുസ് ലിംകള്‍ക്ക് മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) 2 ബി വിഭാഗത്തില്‍ നല്‍കിയിരുന്ന 4 ശതമാനം സംവരണം ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ റദ്ദാക്കുകയും രണ്ട് പ്രബല സമുദായങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തതിന് ശേഷം 'മതേതര' പാര്‍ട്ടികളൊന്നും കോടതിയെ സമീപിക്കാത്തതിലും മുസ് ലിം നേതാക്കളും നിരാശ പ്രകടിപ്പിച്ചു. 'മുസ്‌ലിം ക്വാട്ട ഇല്ലാതാക്കിയതിന് ശേഷം ബിജെപി സര്‍ക്കാര്‍ മുസ്‌ലിംകളോട് അനീതി കാണിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി 23 മുസ് ലിം സ്ഥാനാര്‍ത്ഥികള്‍ക്കെങ്കിലും ടിക്കറ്റ് നല്‍കണം. കോണ്‍ഗ്രസും ജെഡിഎസും മുസ് ലിംകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും ഓള്‍ കര്‍ണാടക സുന്നി ഉലമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മുഫ്തി ഷെരീഫ് റഹ്മാന്‍ പറഞ്ഞു. കൂടാതെ, കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിക്ക് ടിക്കറ്റ് നല്‍കരുതെന്ന് മുസ് ലിം നേതാക്കള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ആഗസ്ത് 11ന് രാത്രി അദ്ദേഹത്തിന്റെ അനന്തരവന്‍ വര്‍ഗീയ പോസ്റ്റിട്ടതിനെത്തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പ്രദേശങ്ങളില്‍ വന്‍ സംഘര്‍ഷത്തിന് കാരണമാക്കിയിരുന്നു. ഇത് പോലിസ് സ്‌റ്റേഷനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും വീടുകള്‍ കത്തിക്കാനും നിരവധി വാഹനങ്ങള്‍ നശിപ്പിക്കാനും കാരണമായി. കലാപവുമായി ബന്ധപ്പെട്ട് 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം പോലിസ് പ്രയോഗിക്കുകയും 400 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് ടിക്കറ്റില്‍ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി പുലകേശി നഗര്‍ മണ്ഡലത്തില്‍ വിജയിച്ചിരുന്നു. 2020 ആഗസ്തിലെ ഡിജെ ഹള്ളി കലാപത്തില്‍ മുസ് ലിംകള്‍ അദ്ദേഹത്തിനെതിരേ തിരിഞ്ഞതിനാല്‍ പുലകേശി നഗര്‍ സീറ്റിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി(സിഇസി) ഇതുവരെ അംഗീകരിച്ചിട്ടില്ല. കര്‍ണാടകയില്‍ മെയ് 10ന് ഒറ്റ ഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13ന് ഫലം പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it