Sub Lead

പുന്നപ്ര-വയലാര്‍ സമരത്തില്‍ നിന്നും ഉയര്‍ന്നുവന്ന വി എസ്

പുന്നപ്ര-വയലാര്‍ സമരത്തില്‍ നിന്നും ഉയര്‍ന്നുവന്ന വി എസ്
X

ആലപ്പുഴ: അടിത്തട്ടിലെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ എത്തുകയും കേരളത്തിന്റെ മുഖ്യമന്ത്രിയാകുകയും ചെയ്ത രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു വി എസ് അച്യുതാനന്ദന്‍. 1923 ഒക്ടോബര്‍ 23ന് പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. നാല് വയസുള്ളപ്പോള്‍ വസൂരി ബാധിച്ച് അമ്മയും 11 വയസുള്ളപ്പോള്‍ അച്ഛനും മരിച്ചു. അതോടെ വിദ്യാഭ്യാസം ഏഴാം ക്ലാസില്‍ അവസാനിച്ചു. 1940ല്‍, പതിനേഴാം വയസില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍ തൊഴിലാളിയായി. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പാടശേഖരങ്ങളിലെ കര്‍ഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളിലും ഇടപെട്ടുപോന്നു.


പിന്നീട് ചെറുകാലി കായല്‍ വരമ്പത്ത് യോഗം ചേര്‍ന്നു വര്‍ഗീസ് വൈദ്യന്‍ പ്രസിഡന്റും എസ് കെ ദാസ് ജനറല്‍ സെക്രട്ടറിയും വി എസ് അച്യുതാനന്ദന്‍ ജോയിന്റ് സെക്രട്ടറിയുമായി കര്‍ഷകത്തൊഴിലാളികളുടെ ഏഴംഗ കമ്മിറ്റി രൂപീകരിച്ചു. ശ്രീമൂലമംഗലം കായലില്‍ കൊയ്ത്ത് കാലത്ത് സമരം ആരംഭിച്ചു. ഇത് തൊഴിലാളികള്‍ക്ക് അനുകൂലമായ ഒത്തുതീര്‍പ്പില്‍ എത്തി. 1945ല്‍ യൂണിയന്റെ ആദ്യ വാര്‍ഷികം കൊല്ലം-കോട്ടയം അതിര്‍ത്തിയില്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍ കൊല്ലം പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തുടര്‍ന്ന് കോട്ടയത്താണ് പോലിസ് നടപടിക്ക് മുമ്പ് യോഗം നടത്തിയത്.

പിന്നീട് മല്‍സ്യത്തൊഴിലാളി, ചെത്ത് മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. പി കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശപ്രകാരം വിഎസിനെ കുട്ടനാട്ടില്‍ നിന്നും ആലപ്പുഴയിലേക്കു തിരിച്ചു വിളിച്ചു.അമേരിക്കന്‍ മോഡല്‍ പരിഷ്‌കാരത്തിനെതിരെ ആലിശ്ശേരിയില്‍ നടന്ന യോഗത്തില്‍ വി എസും പ്രസംഗിച്ചു. പോലിസ് വാറണ്ടിറക്കിയതിനാല്‍ കോട്ടയത്ത് ഒളിവില്‍പ്പോയി. പിന്നീട് നാട്ടില്‍ തിരിച്ചെത്തി വാര്‍ഡ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിലും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും വ്യാപൃതനായി. കളര്‍കോടത്തെയും പുന്നപ്രയിലെയും രണ്ട് ക്യാമ്പുകളായിരുന്നു ചുമതല.

1946 ഒക്ടോബര്‍ 20 മുതല്‍ 27 വരെ തീയതികളിലായി അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ തൊഴിലാളികള്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ പട്ടാളത്തോട് വിവിധ ഇടങ്ങളില്‍ ഏറ്റുമുട്ടി.29 പേര്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചു. ഒക്ടോബര്‍ 26ന് വയലാറിലേക്കുള്ള പട്ടാള മുന്നേറ്റം തടയാന്‍ മാരാരിക്കുളത്തെ തടിപ്പാലം പൊളിച്ച തൊഴിലാളികള്‍ക്ക് നേരെ നടന്ന വെടിവെയ്പില്‍ ആറ് പേര്‍ മരിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 27ന് പുന്നപ്രയിലും വയലാറിലും പട്ടാളം കൂട്ടക്കൊല നടത്തി. ആയിരത്തിലധികം പേരാണ് അന്ന് മരിച്ചത്.

പോലിസ് വെടിവയ്പ്പിനെത്തുടര്‍ന്നു വി എസ് വീണ്ടും പൂഞ്ഞാറിലേക്കു പോയി. പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടില്‍ നിന്നും ഒക്ടോബര്‍ 28ന് പാലാ പോലിസ് വി എസിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ലോക്കപ്പിന്റെ അഴികളിലൂടെ കാലുകള്‍ പുറത്തേക്ക് കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. വി എസ് മരിച്ചെന്ന് കരുതി മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യാന്‍ സഹതടവുകാര്‍ക്ക് പോലിസ് നിര്‍ദേശം നല്‍കി. കള്ളന്‍ കോരപ്പന്‍ എന്ന തടവുകാരനാണ് വി എസ്സിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ചത്.

ആലപ്പുഴയിലെ കേസില്‍ ശിക്ഷിച്ചു സെന്‍ട്രല്‍ ജയിലില്‍ അടച്ചു. 1948ല്‍ പുറത്തുവന്നപ്പോഴേക്കും പാര്‍ടി വീണ്ടും നിരോധിച്ചു കഴിഞ്ഞിരുന്നു. 1948-52 കാലത്ത് ഒളിവില്‍ കഴിഞ്ഞുകൊണ്ട് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ടിയുടെ ജില്ലാ സെക്രട്ടറിയായി. 1954ല്‍ സംസ്ഥാന കമ്മിറ്റിയംഗവും.

1956ല്‍ കേരള സംസ്ഥാന കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. പിന്നീട് പാര്‍ടിക്കുള്ളിലെ ചേരിതിരിവില്‍ 101 അംഗ ദേശീയകൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു വിഎസ്. ഇതാണ് സിപിഎം രൂപീകരണത്തിലേക്ക് നയിച്ചത്. 1980-1992 കാലത്ത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി. 1985-2009 കാലത്ത് പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. 1967, 1970 വര്‍ഷങ്ങളില്‍ അമ്പലപ്പുഴയില്‍ നിന്നും 1991-ല്‍ മാരാരിക്കുളത്തു നിന്നും 2001, 2006, 2011, 2016 എന്നീ വര്‍ഷങ്ങളില്‍ മലമ്പുഴയില്‍ നിന്നും നിയമസഭയിലേക്കു വിജയിച്ചു. 2006-2011 കാലത്ത് കേരള മുഖ്യമന്ത്രിയായി. 2016-2021 കാലയളവില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി.

Next Story

RELATED STORIES

Share it