Sub Lead

വട്ടിയൂര്‍ക്കാവില്‍ 'ജാതിപ്പോര്'; ഫലം പ്രവചനാതീതം

സമദൂരംവിട്ട് യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് എന്‍എസ്എസ് പ്രചാരണത്തിനിറങ്ങിയതോടെയാണ് വട്ടിയൂര്‍ക്കാവിലെ സാഹചര്യങ്ങള്‍ മാറിമറിഞ്ഞത്. തിരുവനന്തപുരം മേയര്‍ ബ്രോ വി കെ പ്രശാന്തിന്റെ ജനപിന്തുണയില്‍ വിജയമുറപ്പിച്ച എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു എന്‍എസ്എസ്സിന്റെ പ്രഖ്യാപനം.

വട്ടിയൂര്‍ക്കാവില്‍ ജാതിപ്പോര്; ഫലം പ്രവചനാതീതം
X

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ വമ്പന്‍മാര്‍ വാഴുകയും വീഴുകയും ചെയ്ത പഴയ തിരുവനന്തപുരം നോര്‍ത്തായ ഇന്നത്തെ വട്ടിയൂര്‍ക്കാവിനെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത് സമുദായവോട്ടുകള്‍. പ്രചാരണം അവസാനമണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ സജീവചര്‍ച്ചാവിഷയമായിരിക്കുന്നത് ജാതിവോട്ടുകളാണ്. നായര്‍ സമുദായത്തിന്റെ പിന്തുണ ആര്‍ക്കാണോ അവര്‍ ജയിക്കുമെന്നതാണ് മണ്ഡലത്തിന്റെ പൊതുചിത്രം. ഹിന്ദു വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നായര്‍ സമുദായമാണ് എണ്ണത്തില്‍ മുന്നില്‍.

ഈഴവ, ദലിത് വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. സമദൂരംവിട്ട് യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് എന്‍എസ്എസ് പ്രചാരണത്തിനിറങ്ങിയതോടെയാണ് വട്ടിയൂര്‍ക്കാവിലെ സാഹചര്യങ്ങള്‍ മാറിമറിഞ്ഞത്. തിരുവനന്തപുരം മേയര്‍ ബ്രോ വി കെ പ്രശാന്തിന്റെ ജനപിന്തുണയില്‍ വിജയമുറപ്പിച്ച എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു എന്‍എസ്എസ്സിന്റെ പ്രഖ്യാപനം. കരയോഗങ്ങള്‍തോറും സമ്മേളനം വിളിച്ചാണ് യുഡിഎഫിനായി എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ രംഗത്തിറങ്ങിയിട്ടുള്ളത്.

സംസ്ഥാനത്തെ തന്നെ പ്രധാന രാഷ്ട്രീയചര്‍ച്ചയായ പരസ്യമായ വോട്ടുപിടിത്തം മണ്ഡലത്തിലുണ്ടാക്കാവുന്ന സ്വാധീനത്തെച്ചൊല്ലിയാണ് മുന്നണികളുടെ കണക്കുകൂട്ടല്‍. മൂന്നാംവട്ടവും മണ്ഡലം നിലനിര്‍ത്താനൊരുങ്ങുന്ന യുഡിഎഫിന് വട്ടിയൂര്‍ക്കാവില്‍ നിര്‍ണായകമായ എന്‍എസ്എസ് പിന്തുണ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. ആദ്യഘട്ടത്തിലെ മെല്ലെപ്പോക്ക് പിന്നിട്ട യുഡിഎഫ് അവസാനലാപ്പില്‍ പ്രചാരണത്തില്‍ മുന്നേറിയിരിക്കുകയാണ്. അതേസമയം, മേയറുടെ പ്രതിച്ഛായയും ചിട്ടയായ പ്രവര്‍ത്തനവുംകൊണ്ട് എതിര്‍ഘടകങ്ങളെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാംപ്. സമുദായനേതൃത്വത്തിന്റെ ആഹ്വാനം അണികള്‍ തള്ളുമെന്നാണ് സിപിഎം വിശ്വാസം. എതിര്‍പക്ഷത്ത് എന്‍എസ്എസ് കൂടി ഉണ്ടെന്നതുകണ്ട് അരയും തലയും മുറുക്കിയാണ് എല്‍ഡിഎഫ് പ്രചാരണം.

അതേസമയം, മണ്ഡലത്തില്‍ ബിജെപി നേരിടുന്നത് അനവധി പ്രതിസന്ധികളാണ്. എല്‍ഡിഎഫും യുഡിഎഫും പ്രചാരണരംഗത്ത് മല്‍സരിച്ച് മുന്നേറുമ്പോള്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ ക്യാംപില്‍ അതൃപ്തി പുകയുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കങ്ങള്‍ ബിജെപിയെ മണ്ഡലത്തില്‍ പിന്നിലാക്കി. വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയെയാണ് മല്‍സരരംഗത്ത് ഇറക്കിയതെന്നാണ് പാര്‍ട്ടിക്കുള്ളിലെ പ്രധാന വിമര്‍ശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടമാണ് ഇവിടെ കാഴ്ചവച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വെറും 3,259 വോട്ടിന്റെ മാത്രം വ്യത്യാസമാണുണ്ടായിരുന്നത്.

മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മല്‍സരിപ്പിച്ച് വിജയിക്കാമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. കുമ്മനമാവട്ടെ അനൗദ്യോഗികമായി മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. അവസാന നിമിഷം കുമ്മനത്തെ വെട്ടിമാറ്റി വിജയ സാധ്യത തീരെയില്ലാത്ത ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെ സ്ഥാനാര്‍ഥിയാക്കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത കടുത്ത അതൃപ്തി ഇപ്പോഴും പുകയുകയാണ്. വി മുരളീധരപക്ഷത്തിന്റെ ഇടപെടലാണ് കുമ്മനത്തെ തഴയാന്‍ കാരണമെന്നാണ് ആക്ഷേപം. ഇതെത്തുടര്‍ന്ന് ഒരുവിഭാഗം ബിജെപി നേതാക്കള്‍ അതൃപ്തി പരസ്യമാക്കി പ്രചാരണത്തില്‍നിന്നും മാറിനില്‍ക്കുകയാണ്. എന്‍എസ്എസ് യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെ നായര്‍ വോട്ടുകള്‍ ലഭിക്കില്ലെന്നും ബിജെപിക്കുറപ്പായി. എന്‍ഡിഎയുമായി ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ ബിഡിജെഎസ്സിന്റെ വോട്ടും ഉറപ്പിക്കാനാവുന്നില്ല.

ബിജെപി ക്യാംപിലെ തമ്മിലടി ഗുണകരമാവുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫും എല്‍ഡിഎഫും. മണ്ഡലത്തില്‍ ആകെ 1,95,601 വോട്ടര്‍മാര്‍മാരാണുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7,622 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ മുരളീധരന്‍ വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് 2,836 വോട്ടിന്റെ ഭൂരിപക്ഷവും വട്ടിയൂര്‍ക്കാവ് നല്‍കി. കോണ്‍ഗ്രസ് നേതാവും മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ കെ മോഹന്‍കുമാറിനെ ഉപയോഗിച്ച് ഇക്കുറിയും മണ്ഡലം പിടിക്കാമെന്നുതന്നെയാണ് യുഡിഎഫ് കരുതുന്നത്. 24 കോര്‍പറേഷന്‍ വാര്‍ഡുകള്‍ ചേര്‍ന്നതാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം. ഇതില്‍ 10 എണ്ണം ഒപ്പമുണ്ട് എന്നതാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. 9 എണ്ണം ബിജെപിക്കും അഞ്ചെണ്ണം യുഡിഎഫിനും.

Next Story

RELATED STORIES

Share it