Sub Lead

കൊവിഡ് വ്യാപനം; ഈ വര്‍ഷത്തെ കന്‍വാര്‍ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ്

കൊവിഡ് വ്യാപനം; ഈ വര്‍ഷത്തെ കന്‍വാര്‍ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ്
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈവര്‍ഷത്തെ കന്‍വാര്‍ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ്. ഇത്തരം യാത്രകള്‍ കൊവിഡ് മൂന്നാമത്തെ തരംഗത്തിന് കാരണമാവുമെന്ന ആശങ്കകള്‍ക്കിടയിലാണ് കന്‍വാര്‍ യാത്ര റദ്ദാക്കാനുള്ള മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സര്‍ക്കാരിന്റെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കൊവിഡ് ആദ്യതരംഗം രൂക്ഷമായിരിക്കെ കന്‍വാര്‍ യാത്ര കഴിഞ്ഞവര്‍ഷവും റദ്ദാക്കിയിരുന്നു. ആളുകള്‍ മരിക്കണമെന്ന് ദേവന്‍മാര്‍ പോലും ആഗ്രഹിക്കുകയില്ല. ഇപ്പോള്‍ ജീവന്‍ രക്ഷിക്കുകയാണ് മുന്‍ഗണനയെന്ന് ധാമി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യാത്ര നടക്കുമോ ഇല്ലയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, കന്‍വാര്‍ യാത്രയുമായി മുന്നോട്ടുപോവാനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ തീരുമാനം. കൊവിഡ് വ്യാപന സമയത്തെ യോഗി ആദിത്യനാഥിന്റെ കാന്‍വര്‍ യാത്രയെ പരിഹസിച്ച് പുഷ്‌കര്‍ സിങ് ധാമി നേരത്തെ രംഗത്തുവന്നിരുന്നു. ദൈവം തന്ന ജീവനെടുക്കുന്നത് ദൈവത്തിന് ഇഷ്ടപ്പെടില്ലെന്നാണ് കൊവിഡ് മരണം വര്‍ധിക്കുന്നതിനെ ധാമി വിശേഷിപ്പിച്ചത്. യാത്ര റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉത്തരാഖണ്ഡ് ചാപ്റ്റര്‍ ഇന്നലെ മുഖ്യമന്ത്രി ധാമിക്ക് കത്തയച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കാന്‍വര്‍ യാത്ര ഉപേക്ഷിക്കാന്‍ ഉത്തരാഖണ്ഡ് മുന്‍സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പുഷ്‌കര്‍ സിങ് ധാമി ചുമതലയേറ്റെടുത്തതിന് ശേഷം തീര്‍ത്ഥാടനം സംബന്ധിച്ച തീരുമാനം പുനപ്പരിശോധിക്കാനും തീരുമാനമെടുത്തു. കാന്‍വര്‍ യാത്രയില്‍ കൂടുതലും പങ്കെടുക്കുന്നത് ഹരിയാന, യുപി, മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ബി, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരാണ്. ആ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു ധാമി അറിയിച്ചിരുന്നത്.

കൊവിഡ് 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് മിനിമം ആളുകളെ പങ്കെടുപ്പിച്ച് കന്‍വാര്‍ യാത്ര നടത്താനാണ് യോഗി ആദിത്യനാഥിന്റെ തീരുമാനം. ഓരോ വര്‍ഷവും വിവിധ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് 'കന്‍വാരികള്‍' (ശിവന്റെ ഭക്തര്‍) കാല്‍നടയായോ മറ്റ് മാര്‍ഗങ്ങളിലൂടെയോ ഹരിദ്വാറിലെ ഗംഗാ നദിയില്‍നിന്ന് വെള്ളം ശേഖരിച്ച് അവരുടെ പ്രദേശങ്ങളിലെ ശിവക്ഷേത്രങ്ങളിലെത്തിക്കുന്നു. ജൂലൈ 25 ഓടെ ശ്രാവണ്‍ മാസം ആരംഭിച്ച് ആഗസ്ത് ആദ്യ വാരം വരെ തുടരുന്ന രണ്ടാഴ്ച നീണ്ടുനില്‍ക്കുന്നതാണ് യാത്ര.

Next Story

RELATED STORIES

Share it