Sub Lead

അമേരിക്കയിലെ സ്‌കൂളുകളില്‍ 'ഇസ്‌ലാമോഫോബിയ'യുടെ ഇരകളായി മുസ്‌ലിം വിദ്യാര്‍ഥികള്‍

കാലഫോര്‍ണിയ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 700 മുസ്‌ലിം വിദ്യാര്‍ഥികളുമായി നടത്തിയ അഭിമുഖത്തിലാണ് അധ്യാപകരുള്‍പ്പെടെയുള്ള സമപ്രായക്കാരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും വര്‍ധിച്ച തരത്തില്‍ ഇസ്‌ലാമോഫോബിക് ഭീഷണിയും ഉപദ്രവവും വിവേചനവും നേരിടുന്നതായി വ്യക്തമായത്.

അമേരിക്കയിലെ സ്‌കൂളുകളില്‍ ഇസ്‌ലാമോഫോബിയയുടെ ഇരകളായി മുസ്‌ലിം വിദ്യാര്‍ഥികള്‍
X

വാഷിങ്ടണ്‍: ലോകത്താകമാനം 'ഇസ്‌ലാമോഫോബിയ' വലിയ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പൊതു ഇടങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ജോലിസ്ഥലത്തും 'ഇസ്‌ലാമോഫോബിക്' ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോവുന്നത്. അമേരിക്കയിലെ പബ്ലിക് സ്‌കൂളുകളില്‍ 'ഇസ്‌ലാമോഫോബിയ' വര്‍ധിച്ചുവരുന്നതായ റിപോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അമേരിക്കന്‍ സ്‌കൂളുകളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ വലിയ തോതില്‍ 'ഇസ്‌ലാമോഫോബിയ'യുടെ ഇരകളായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (CAIR) പുറത്തുവിട്ട റിപോര്‍ട്ട് വരച്ചുകാട്ടുന്നത്. കാലഫോര്‍ണിയ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 700 മുസ്‌ലിം വിദ്യാര്‍ഥികളുമായി നടത്തിയ അഭിമുഖത്തിലാണ് അധ്യാപകരുള്‍പ്പെടെയുള്ള സമപ്രായക്കാരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും വര്‍ധിച്ച തരത്തില്‍ ഇസ്‌ലാമോഫോബിക് ഭീഷണിയും ഉപദ്രവവും വിവേചനവും നേരിടുന്നതായി വ്യക്തമായത്.

എല്ലാ പ്രായത്തിലുമുള്ള മുസ്‌ലിം വിദ്യാര്‍ഥികളെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ മുന്‍കാലങ്ങളില്‍ പുറത്താക്കുകയും മോശമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. 2001 സപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായും മറ്റ് സായുധാക്രമണങ്ങളുമായും ബന്ധപ്പെടുത്തിയാണ് മുസ് ലിം വിദ്യാര്‍ഥികളെ വേട്ടയാടുന്നതെന്ന് പഠനം നടത്തിയ കൗണ്‍സിലിന്റെ കാലഫോര്‍ണിയ ചാപ്റ്ററിന്റെ പൗരാവകാശ മാനേജിങ് അറ്റോര്‍ണി അംറ് ഷബൈക്ക് പറഞ്ഞു. മറ്റ് വിദ്യാര്‍ഥികളുടെ ഭീഷണിപ്പെടുത്തല്‍, സ്‌കൂള്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍, മതപരവും വംശീയവുമായ ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള സംഭവങ്ങളാണുണ്ടാവുന്നത്.

മതപരവും വംശീയവുമായ ഭീഷണിപ്പെടുത്തലുകളില്‍ എങ്ങനെ മധ്യസ്ഥത വഹിക്കണമെന്ന് അധ്യാപകര്‍ക്ക് വേണ്ടത്ര പരിശീലനമില്ല-ഷബൈക്ക് പറഞ്ഞു. പകുതിയോളം വിദ്യാര്‍ഥികളും അതായത് 47.1 ശതമാനം പേരും മുസ്‌ലിം ആയതിന്റെ പേരില്‍ ഭീഷണിപ്പെടുത്തലുകള്‍ക്ക് വിധേയമാവുന്നു. ഇത് ദേശീയ ശരാശരിയായ 20 ശതമാനത്തിന്റെ ഇരട്ടിയിലധികം വരും. ബോംബ് എന്ന വാക്കിന് ഞാന്‍ വലിയ ഊന്നല്‍ നല്‍കുന്നുവെന്ന് എന്നോട് പറയുന്ന അതേ വിദ്യാര്‍ഥി തന്നെയാണ് എന്നെ 2001 സപ്തംബര്‍ 11ലെ ആക്രമണത്തിന് പിന്നിലെ പ്രധാനിയായ ഉസാമ ബിന്‍ ലാദന്‍ എന്ന് വിളിച്ചിരുന്നത്- സര്‍വേയ്ക്കായി അഭിമുഖം നടത്തിയ ബ്രെന്റ്‌വുഡില്‍ നിന്നുള്ള 18 കാരിയായ ഒരു വിദ്യാര്‍ഥി പറഞ്ഞു.

55.73 ശതമാനം പേര്‍ക്കും തങ്ങളുടെ മുസ്‌ലിം ഐഡന്റിറ്റി കാരണം സ്‌കൂളില്‍ അരക്ഷിതത്വവും, ഇഷ്ടപ്പെടാത്തതും, അസ്വസ്ഥതയും അനുഭവപ്പെടുന്നതായി റിപോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ 2013ല്‍ സര്‍വേ നടത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഹിജാബിന്റെ പേരിലും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് കടുത്ത വിവേചനവും അതിക്രമവും നേരിടുന്നതായി വ്യക്തമാക്കുന്നു.

ഹിജാബ് അല്ലെങ്കില്‍ തട്ടം ധരിക്കുന്ന ഏതാണ്ട് മൂന്നിലൊന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ (30.12%) ഇത്തരത്തില്‍ വിവേചനത്തിന് ഇരയാവുന്നു. ചിലരുടെ ഹിജാബ് വലിച്ചുമാറ്റുകയോ നിന്ദ്യമായ രീതിയില്‍ സ്പര്‍ശിക്കുകയോ ചെയ്തതായി റിപോര്‍ട്ട് പറയുന്നു. മുസ്‌ലിം ആയതിന്റെ പേരില്‍ ആളുകള്‍ എന്നെ അസഭ്യം പറഞ്ഞു- റെഡ്‌വുഡ് സിറ്റിയില്‍ നിന്നുള്ള 18 വയസ്സുള്ള ഒരു യുവതി സര്‍വേയില്‍ പറഞ്ഞു. (അവര്‍) എന്നെയും ഇസ്‌ലാമിനെയും പരിഹസിച്ചു, ഒരു കാരണവുമില്ലാതെ ഒരു സഹപാഠി എന്റെ ഹിജാബ് ഊരിയെടുത്തു- യുവതി കൂട്ടിച്ചേര്‍ത്തു.

ഏകദേശം മൂന്നിലൊന്ന് വിദ്യാര്‍ഥികളും ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ഭീഷണി നേരിടുന്നതായാണ് കണക്കുകള്‍. ഇസ്‌ലാമോഫോബിക് വിവേചനങ്ങള്‍ക്കെതിരേ പ്രതികരിച്ചവരില്‍ നാലില്‍ ഒരാള്‍ക്ക് (23.50%) മോശം അനുഭവം നേരിടേണ്ടിവന്നതായാണ് റിപോര്‍ട്ട്. സ്‌കൂളിലെ അധ്യാപകന്‍, അഡ്മിനിസ്‌ട്രേറ്റര്‍, അല്ലെങ്കില്‍ സ്‌കൂളിലെ മറ്റ് മുതിര്‍ന്നവര്‍ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലികളെക്കുറിച്ചും നിന്ദ്യമായ അഭിപ്രായങ്ങള്‍ നടത്തിയാണ് പ്രതികാരം തീര്‍ത്തത്.

ഓറഞ്ച് കൗണ്ടിയില്‍ നിന്നുള്ള 16 വയസ്സുള്ള ഗോള്‍സ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനി തന്റെ അധ്യാപിക ക്ലാസിന് മുന്നില്‍ വച്ച് തന്നെ ആക്രമിച്ചതായി റിപോര്‍ട്ട് ചെയ്തു. 'ഭീകരവാദി', 'നിങ്ങള്‍ ഇവിടെ സ്ഥാനമില്ല' എന്നിങ്ങനെ പറഞ്ഞാണ് വിദ്യാര്‍ഥിനിയെ അധിക്ഷേപിച്ചത്. ഒരു ലോകമെന്ന നിലയില്‍ ഞങ്ങള്‍ വൈവിധ്യമാര്‍ന്നവരാണ്. പക്ഷേ, ഞങ്ങളെ വിഭജിച്ചിരിക്കുന്നു. മുസ്‌ലിം സ്‌കൂള്‍ കുട്ടികളോടുള്ള വിവേചനം വിശാലമായ ദേശീയവും ആഗോളവുമായ പ്രവണതകളുടെ ഭാഗമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it