Sub Lead

ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യുഎസ്

യുഎസ് ഇറാഖില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് യുഎസ് പ്രതിരോധ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യുഎസ്
X

വാഷിങ്ടണ്‍: ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍. യുഎസ് ഇറാഖില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് യുഎസ് പ്രതിരോധ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ഇറാഖില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനമൊന്നും വന്നിട്ടില്ല. സഖ്യകക്ഷികള്‍ക്കൊപ്പം ഇറാഖില്‍ ഐഎസിനെ നേരിടാന്‍ യുഎസ് ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് എസ്പര്‍ പറഞ്ഞു.

യുഎസ് സൈന്യത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് ഇറാഖില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. ഇതിനിടെ സൈന്യം പിന്മാറുന്നു എന്ന തരത്തില്‍ യുഎസ് ജനറലിന്റെ കത്ത് പുറത്തുവന്നിരുന്നു. അതേസമയം, സൈന്യം പിന്മാറുന്നു എന്ന തരത്തില്‍ പ്രചരിച്ച യുഎസ് ജനറലിന്റെ കത്ത് എസ്പര്‍ തള്ളി. ഇറാഖില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനമൊന്നുമില്ല. ആ കത്ത് എന്താണെന്ന് തനിക്കറിയില്ല. അത് എവിടെ നിന്ന് വന്നെന്ന് കണ്ടെത്താന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും എസ്പര്‍ വാഷിങ്ടണില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇറാഖില്‍ നിന്ന് യുഎസ് സൈന്യത്തെ മാറ്റുമെന്നറിയിച്ച് ഇറാഖിലെ യുഎസ് സൈന്യത്തിന്റെ ടാസ്‌ക് ഫോഴ്‌സ് മേധാവി ജനറല്‍ വില്യം എച്ച് സീലി സംയുക്ത സൈനിക ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ അമീറിന് അയച്ച കത്താണ് പുറത്തായത്. ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വിദേശ ശക്തികള്‍ രാജ്യംവിടണമെന്ന് ഇറാഖ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ മറുപടി. ഇറാഖില്‍ തങ്ങളുടെ അയ്യായിരത്തോളം സൈനികരുണ്ടെന്ന് യുഎസ് സൈന്യം അറിയിച്ചിരുന്നു.

ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയും പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാവുകയായിരുന്നു.

അതേസമയം, യുഎസ് സൈന്യം പുറത്തുപോവണമെന്നാവശ്യപ്പെട്ട ഇറാഖിനെതിരേ ഉപരോധ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വന്നിരുന്നു. ഇറാഖില്‍നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്നും അങ്ങിനെ വേണ്ടിവന്നാല്‍ ഇറാഖില്‍ വ്യോമതാവളം നിര്‍മിക്കാന്‍ യുഎസിന് ചെലവായ പണം തിരികെ നല്‍കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it