Sub Lead

2022ല്‍ മാത്രം 82,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിച്ച് അമേരിക്ക

2022ല്‍ മാത്രം 82,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിച്ച് അമേരിക്ക
X

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി വിസകള്‍ ഇന്ത്യക്കാര്‍ക്കായി അനുവദിച്ച് അമേരിക്ക. 2022ല്‍ ഇതുവരെ 82,000 വിദ്യാര്‍ഥി വിസകളാണ് ഇന്ത്യയിലെ യുഎസ് വിദേശകാര്യ പ്രതിനിധി മന്ത്രാലയം അനുവദിച്ചത്. ഇത് മറ്റേതൊരു രാജ്യത്തേക്കാളും ഉയര്‍ന്നതാണ്. ഇതോടെ അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ 20 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളായി. ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയും ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യുഎസ് കോണ്‍സുലേറ്റുകളും ഈ വര്‍ഷം മെയ് മുതല്‍ ആഗസ്ത് വരെയുള്ള വിദ്യാര്‍ഥി വിസ അപേക്ഷകളുടെ പരിശോധനകള്‍ക്ക് പ്രാമുഖ്യം കൊടുത്ത് അവയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.

അര്‍ഹതപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും അവരവരുടെ കേഴ്‌സുകളിലേക്ക് കൃത്യസമയത്തിന് ചേരാന്‍ പറ്റുക എന്നതിനാണ് പ്രാമുഖ്യം കൊടുത്തതെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധികള്‍ പറഞ്ഞു. ''ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് വിസ ലഭിക്കുകയും അവര്‍ക്ക് യുഎസിലെ സര്‍വകലാശാലകളില്‍ എത്തിച്ചേരാന്‍ സാധിക്കുകയും ചെയ്തതില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണ്. കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥി വിസകള്‍ അനുവദിക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ അനുവദിച്ച വിദ്യാര്‍ഥി വിസകളുടെ എണ്ണം മറ്റ് വര്‍ഷങ്ങളില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതലാണ്- ഇന്ത്യയിലെ യുഎസ് ചാര്‍ജ് ഡി അഫയേഴ്‌സ് പാട്രിഷ്യ ലാസിന പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന വിദേശ രാജ്യം അമേരിക്കയാണെന്ന് വിദ്യാഭ്യാസ വിസയ്ക്കായിട്ടുള്ള അപേക്ഷകളുടെ എണ്ണത്തില്‍ നിന്ന് വ്യക്തമാണെന്ന് യുഎസ് എംബസി അധികൃതര്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നല്‍കുന്ന സംഭാവന വലുതാണ്. അമേരിക്കയില്‍ സമകാലികര്‍ക്കൊപ്പം നിന്ന് കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആഗോള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും പാട്രിഷ്യ ലാസിന വ്യക്തമാക്കി.

കണക്കുകള്‍ പ്രകാരം, 2020-2021 അധ്യയന വര്‍ഷത്തില്‍ 1,67,582 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്. വിദേശ വിദ്യാര്‍ഥികള്‍ക്കായി വാതിലുകള്‍ തുറന്നിടുക എന്നുള്ളത് സര്‍ക്കാരിന്റെ നയമാണെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു. വിദേശ വിദ്യാര്‍ഥികള്‍ക്ക് യുഎസില്‍ മികച്ച അവസരങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ മികച്ച വിദ്യാഭ്യാസം നേടുന്നതിന് തങ്ങളെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. സന്തുഷ്ടരായ ധാരാളം വിദ്യാര്‍ഥികളും രക്ഷിതാക്കളും അവിടെയുണ്ട്- കോണ്‍സുലര്‍ അഫയേഴ്‌സ് മന്ത്രി ഡോണ്‍ ഹെഫ്‌ലിന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it