Sub Lead

ഇസ്രായേല്‍ വിമര്‍ശനം: യുഎസ് കോണ്‍ഗ്രസില്‍ റാഷിദ ത്‌ലൈബിനെതിരേ പ്രമേയം

ഇസ്രായേല്‍ വിമര്‍ശനം: യുഎസ് കോണ്‍ഗ്രസില്‍ റാഷിദ ത്‌ലൈബിനെതിരേ പ്രമേയം
X

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരേ ലോകമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. ബധിരകര്‍ണങ്ങളിലേക്കാണെന്ന് അറിഞ്ഞിട്ടും യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വന്‍തോതില്‍ പ്രതിഷേധ റാലികള്‍ അനുദിനം ശക്തിപ്പെടുകയാണ്. പലതിനെയും പോലിസിനെ ഉപയോഗിച്ചാണ് നേരിടുന്നത്. ഇതിനിടെയാണ് യുഎസ് കോണ്‍ഗ്രസിലെ ഒരേയൊരു ഫലസ്തീന്‍ അമേരിക്കന്‍ വംശജയായ റാഷിദ ത്‌ലൈബിന്റെ അതിവൈകാരിക പ്രസംഗമുണ്ടായത്. ഇസ്രായേല്‍ അധിനിവേശത്തിനെതിരേ സംസാരിച്ചതിന് യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവില്‍ ശാസനയും വോട്ടിങും നേരിടേണ്ടിവന്ന റാഷിദ ത്‌ലൈബയുടെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ നടത്തിയ പ്രസംഗവും ഇപ്പോള്‍ അമേരിക്കന്‍ ഭരണകൂടത്തെ പിടിച്ചുലയ്ക്കുകയാണ്.


നേരത്തെയും യുഎസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു മിഷിഗണില്‍ നിന്ന് മൂന്ന് തവണ വിജയിച്ച ഫലസ്തീന്‍ അമേരിക്കന്‍ വംശജയായ റാഷിദ ത്‌ലൈബ. ഇസ്രായേല്‍ യുദ്ധം തുടങ്ങിയ ശേഷം നടത്തിയ പ്രതിഷേധത്തില്‍ ഫലസ്തിനീകളും ഗസ നിവാസികളും ഉയര്‍ത്തുന്ന നദി മുതല്‍ കടല്‍ വരെ എന്ന പ്രയോഗത്തിന്റെ പേരിലാണ് ചൊവ്വാഴ്ച രാത്രി ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പ്രമേയത്തിലൂടെ വോട്ടിങ് നടത്തിയത്. 234ല്‍ 188 വോട്ടുകളാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ഇതൊന്നും കൂസാതെയായിരുന്നു റാഷിദയുടെ വൈകാരികമായ പ്രസംഗം. പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ, താന്‍ നിശ്ശബ്ദയാവില്ലെന്ന് റാഷിദ ഉറപ്പിച്ചുപറഞ്ഞു. വെടിനിര്‍ത്തലിനുള്ള തന്റെ ആഹ്വാനങ്ങള്‍ ആവര്‍ത്തിച്ച അവര്‍ ഇസ്രായേല്‍ സര്‍ക്കാരിനെതിരായ തന്റെ വിമര്‍ശനത്തെ ന്യായീകരിക്കുകയും ഫലസ്തീന്‍ ജനതയുടെ ദുരവസ്ഥയില്‍ അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് സഭയില്‍ വികാരഭരിതയായത്. നിങ്ങള്‍ക്ക് എന്നെ അപലപിക്കാന്‍ ശ്രമിക്കാം, പക്ഷേ നിങ്ങള്‍ക്ക് എന്നെ നിശബ്ദമാക്കാന്‍ കഴിയില്ല. എന്റെ വാക്കുകള്‍ വളച്ചൊടിക്കാന്‍ അനുവദിക്കില്ല, വിറച്ചുകൊണ്ടാണെങ്കിലും ഞാന്‍ സംസാരിക്കും എന്നു പറഞ്ഞാണ് തുടങ്ങുന്നത്. 'ഞാന്‍ ഇത് പറയണമെന്ന് കരുതിയിരുന്നില്ല. പക്ഷേ ഞാന്‍ പറയുന്നു, ഫലസ്തീനികള്‍ ഡിസ്‌പോസിബിള്‍ അല്ല അഥവാ ഉപയോഗിച്ച ശേഷം വലിച്ചെറിയാനുള്ളതല്ല. ഇത്രയും പറഞ്ഞപ്പോള്‍ റാഷിദ ത്‌ലൈബയുടെ വാക്കുകള്‍ മുറിഞ്ഞു. ഒരുവേള അവള്‍ നിശബ്ദമായി. തൊണ്ടയിടറി. തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന മിനസോട്ടയിലെ ഡെമോക്രാറ്റ് പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ അവളെ ആശ്വസിപ്പിക്കാന്‍ എഴുന്നേറ്റപ്പോള്‍ കണ്ണീരൊഴുക്കുകയായിരുന്നു. ഞങ്ങളും മനുഷ്യരാണ്. മറ്റുള്ളവരെയെല്ലാം പോലെ തന്നെ. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു ഗ്രാമത്തിലാണ് തന്റെ മുത്തശ്ശിയും കുടുംബവും താമസിക്കുന്നതെന്നു പറഞ്ഞ് റാഷിദ ത്‌ലൈബ ചിത്രം ഉയര്‍ത്തിക്കാട്ടി. അവര്‍ക്കും എല്ലാ ഫലസ്തീനികള്‍ക്കും മനുഷ്യരെപ്പോലെ സ്വാതന്ത്ര്യത്തോടെയും അന്തസോടെയും ജീവിക്കണം. ഞങ്ങളെയെല്ലാവരെയും പോലെ. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമല്ല എന്നു പറഞ്ഞാണ് അവര്‍ പ്രസംഗം തുടരുന്നത്. കുട്ടികളുടെ കരച്ചിലിന് ഇസ്രായേലെന്നോ ഫലസ്തീനെന്നോ വ്യത്യാസമില്ലെന്നും റാഷിദ പറയുന്നുണ്ട്. പ്രസംഗം കേള്‍ക്കുന്ന ചില പ്രതിനിധികളും കണ്ണ് തുടയ്ക്കുന്നുണ്ട്.


2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിക്കാതെയും ഇസ്രായേല്‍ രാഷ്ട്രത്തെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്‌തെന്നാണ് പ്രധാനമായും റാഷിദയ്‌ക്കെതിരായ ആരോപണം. ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗമായ റിച്ച് മക്കോര്‍മിക് ആണ് സെന്‍സര്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ റാഷിദ ത്‌ലൈബയുടെ സ്വന്തം പാര്‍ട്ടിയിലെ 22 അംഗങ്ങളും പിന്തുണച്ചിരുന്നു. യുഎസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കലിന് ഒരു പടി താഴെയാണ് നടപടിയെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റാഷിദയ്‌ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. മസാച്യുസെറ്റ്‌സിലെ ഡെമോക്രാറ്റായ അയന്ന എസ് പ്രസ്‌ലി റാഷിദയെ ന്യായീകരിക്കുകയും പ്രമേയം പ്രകടമായ ഇസ്‌ലാമോഫോബിയയും ജനാധിപത്യ വിരുദ്ധവും തീര്‍ത്തും സമയം പാഴാക്കലുമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇസ്രായേല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സെമിറ്റിക് വിരുദ്ധമാണെന്ന ആശയം വളരെ അപകടകരമായ ഒരു മാതൃകയാണെന്നും നമ്മുടെ രാജ്യത്തുടനീളമുള്ള മനുഷ്യാവകാശങ്ങള്‍ക്കായി സംസാരിക്കുന്ന വൈവിധ്യമാര്‍ന്ന ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ഇത് ഉപയോഗിക്കുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ചിലര്‍ 'നദിയില്‍ നിന്ന് കടലിലേക്ക്' എന്ന മുദ്രാവാക്യത്തെയാണ് വിവാദമാക്കിയത്.

ഈ പ്രയോഗം ഇസ്രായേലിനെ നശിപ്പിക്കാനും ജൂതന്മാരെ കൊല്ലാനുമുള്ള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ലെന്നായിരുന്നു ഇല്ലിനോയിസില്‍ നിന്നുള്ള ജൂത ഡെമോക്രാറ്റായ ബ്രാഡ് ഷ്‌നൈഡറുടെ വാദം. പ്രമേയം ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് റാഷിദ ത്‌ലൈബിനെ പിന്തുണച്ച ജാമി റാസ്‌കിന്‍ പറഞ്ഞു.ചര്‍ച്ചയ്ക്കിടെയും ഇല്‍ഹാന്‍ ഒമര്‍ റാഷിദ ത്‌ലൈബയെ ശക്തമായി പിന്തുണച്ചെത്തി. ഞങ്ങള്‍ ഗസയെ 'പാര്‍ക്കിങ് ലോട്ടായി' മാറ്റാന്‍ പോവുകയാണെന്ന് റിപ്പബ്ലിക്കന്‍മാര്‍ പറഞ്ഞപ്പോള്‍ എവിടെയാണ് അപലപിച്ചത്. 10,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടപ്പോള്‍ അപലപിച്ചോ. മനുഷ്യത്വമില്ലായ്മയുടെ മുന്നില്‍ എല്ലാവരുടെയും അന്തസ്സിനും മനുഷ്യത്വത്തിനും വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നത് തുടരുമെന്നും ഇല്‍ഹാന്‍ ഒമര്‍ പറഞ്ഞു. വോട്ടെടുപ്പോടെ ഇല്‍ഹാന്‍ ഒമറിന് ശേഷം ഇസ്രായേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഈ വര്‍ഷം ഔദ്യോഗികമായി ശാസന നേരിടേണ്ടിവന്ന യുഎസ് കോണ്‍ഗ്രസിലെ രണ്ടാമത്തെ മുസ് ലിം അമേരിക്കന്‍ വനിതയായി റാഷിദ ത്‌ലൈബ് മാറി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ നിന്ന് ഇല്‍ഹാന്‍ ഒമറിനെ പുറത്താക്കാന്‍ റിപ്പബ്ലിക്കന്‍മാര്‍ വോട്ട് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it